Monday, June 1, 2020

നിഷ്കളങ്കത

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣1️⃣

"യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു."
മത്തായി 11 : 25

 *നിഷ്കളങ്കത* 

ബുദ്ധിമാന്മാരിലും വിവേകികളിലും നിന്ന് മറച്ചു വച്ച ദൈവീകസത്യങ്ങൾ ശിശുക്കളുടെ നൈർമല്യവും നിഷ്കളങ്കതയും ഉള്ളവർക്ക് വെളിപ്പെടുത്തുന്ന ദൈവപിതാവിന്റെ കരുണയെ ഈശോ വാഴ്ത്തുന്നു !
ശിശുക്കളുടെ നൈർമല്യവും നിഷ്കളങ്കതയും എത്ര ധ്യാനവിഷയമാക്കിയാലും മതിയാവുകയില്ല... 
ആത്മീയജീവിതത്തിന്റെ വളർച്ച നിഷ്കളങ്കതയിലും നൈർമല്യത്തിലുമുള്ള വളർച്ച ആണ്... 
പ്രായം കൂടും തോറും നഷ്ടപ്പെട്ടുപോകുന്നതും ഈ നൈർമല്യവും നിഷ്കളങ്കതയും തന്നെ ആണ് എന്നതാണ് ദുഃഖസത്യം... 
ശിശുവിനെപ്പോലെ വിസ്മയം കൊള്ളാനും അത്ഭുതത്തോടെ കാര്യങ്ങളെ നോക്കികാണാനുമുള്ള നിഷ്കളങ്ക മനസ്സ് കൈമോശം വന്നതാണ് ആത്മീയജീവിതത്തിന്റെ  പ്രകാശം നഷ്ടമാകാൻ ഒരു പരിധി വരെ കാരണം... 
അഹന്തയുടെയും അറിവിന്റെയും കരിനിഴൽ വീണ് വീണ് വളരും തോറും എന്നിലെ നൈർമല്യത്തിന്റെ ശുദ്ധി കരിന്തിരി കത്തി തുടങ്ങിയിരിക്കുന്നു... 
(ചതഞ്ഞ ഞാങ്ങണ ഓടിക്കാതെയും പുകയുന്ന തിരി കെടുത്താതെയും വീണ്ടെടുക്കുന്നവന്റെ കരുണയാണ് ഏക ആശ്രയം... 
കൈമോശം വന്നതൊക്കെയും തിരികെ തരുന്ന ഈശോയുടെ തിരുഹൃദയമാണ് അഭയം... )

നിഷ്കളങ്ക ഹൃദയർക്ക് സ്വർഗ്ഗത്തിലെ ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്ന നിതാന്തമായ ദൈവീക സത്യങ്ങളുടെ ആഴം അറിയാൻ കൊച്ചുത്രേസിയാ പുണ്യവതിയെ ഓർത്ത് ധ്യാനിച്ചാൽ മതി... 
വെറും ഇരുപത്തിനാല് വയസ് മാത്രം ഒരു കന്യകാലയത്തിന്റെ മതിൽ കെട്ടുകൾക്കുള്ളിൽ ജീവിച്ച് ആത്മീയ ശിശുത്വത്തെ കുറിച്ച് പഠിപ്പിച്ച് ഒരു ആയുസ്സ് മുഴുവൻ ധ്യാനിച്ചാൽ തീരാത്ത ആത്മീയ രഹസ്യങ്ങൾ വെളിപ്പെടുത്തി കടന്നു പോയ ഒരു സന്യാസിനി... 
വിശദ്ധരുടെ ഗണത്തിൽ മാത്രമല്ല അവൾ എണ്ണപ്പെടുന്നത്... 
വേദപാരംഗതയും കൂടിയാണ് നമ്മുടെ ചെറുപുഷ്പം... 
കത്തോലിക്കാതിരുസഭയിൽ മുപ്പത്താറോളം  വേദപാരംഗതർ ഉണ്ട്... 
വി. അൻസലെം, വി. അഗസ്റ്റിൻ, വി. അൽഫോൻസ് ലിഗോരി, വി. തോമസ് അക്വിനാസ്, വി. അപ്രേം, വി. ബേസിൽ, വി. ജെറോം,  വി. കാതറിൻ ഓഫ് സിയന്ന, വി. അമ്മത്രേസ്യ, വി. യോഹന്നാൻ ക്രൂസ്... പരിചിതമായ ചില പേരുകൾ ഒരു താരതമ്യത്തിന് പരാമർശിച്ചതാണ്.... 
അഗ്രഗണ്യമായ ദൈവശാസ്ത്രവിചിന്തനങ്ങൾ കൊണ്ടും ബൈബിൾ വാഖ്യാനങ്ങൾ കൊണ്ടും അതുല്യസംഭാവനകൾ ചെയ്ത ഈ വിശുദ്ധരോടൊപ്പം വേദപാരംഗതരുടെ കൂട്ടത്തിൽ വി. കൊച്ചുത്രേസ്യയും ഉണ്ട് എന്നറിയുമ്പോൾ നാം അത്ഭുതപ്പെടുന്നു... 
ദൈവശാസ്ത്രവിഷയങ്ങളിൽ പഠനത്തിലൂടെയോ ഗവേഷണത്തിലൂടെയോ, എഴുത്തുകളിലൂടെയോ വിലമതിക്കപ്പെടുന്ന സംഭാവനകൾ  നല്കിയിട്ടുള്ളവർ ആണ് വേദപാരംഗതർ... 
അവരുടെ കൂടെ ഒരു കുഞ്ഞ് "നവമാലിക"യുമായി കൊച്ചുത്രേസ്യ പുണ്യവതി... 
വലിയ ജ്ഞാനികളുടെ കൂടെ എണ്ണപ്പെടാൻ മാത്രം അവൾ യോഗ്യയായത് നിഷ്കളങ്കതയും നൈർമല്യവും ഒന്ന് കൊണ്ട് മാത്രമാണ് എന്നത് സംശയമില്ലാത്ത സത്യമാണ്... 

സിറോ മലബാർ സഭയുടെ പരിശുദ്ധകുർബാനയിൽ വിശുദ്ധകുർബാന സ്വീകരണത്തിന് മുമ്പ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനക്ക് മുമ്പുള്ള അപേക്ഷ അർത്ഥവത്താണ്... 
"... പ്രസന്നവദനരും നിഷ്കളങ്കരും നിർമ്മലരുമായി വ്യാപാരിക്കുവാൻ അനുഗ്രഹിക്കണമേ... "
ദൈവത്തെ 'അപ്പാ' എന്ന് വിളിക്കാൻ വേണ്ട അവശ്യനന്മകൾ ആണവ... 
നിർമ്മലഹൃദയം, നിഷ്കളങ്കത, പ്രസന്ന വദനത... 

"പുത്രസ്വീകാര്യത്തിന്‍െറ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്‌."
റോമാ 8 : 15

ദൈവാത്മാവേ, ദൈവത്തെ അപ്പനടുത്ത സ്നേഹത്തോടെ സമീപിക്കാൻ ഉള്ള നിഷ്കളങ്ക ഹൃദയം നൽകണേ.... 



✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment