2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣8️⃣
*പഴകിപ്പോകാത്ത പണസഞ്ചി*
"നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്‌ക്കുവിന്‍. ഒടുങ്ങാത്തനിക്‌ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്‌ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല."
ലൂക്കാ 12 : 33
ആത്മീയ ജീവിതത്തിന്റെ വളർച്ചക്ക് ഉപകരിക്കുന്ന ചില അടിസ്ഥാന പ്രബോധനങ്ങൾ നൽകി ഈശോ ശിഷ്യരെ പ്രബുദ്ധരാക്കുകയാണ്.
വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത പ്രാഥമികാവശ്യങ്ങളാണ്. എന്തിനെക്കുറിച്ചൊക്കെ ആകുലത വേണ്ട എന്ന് ഈശോ പറയുന്നുവോ, ആ ഗണത്തിൽ പ്രാഥമിക ആവശ്യങ്ങളിൽപ്പെടുന്ന ഭക്ഷണവും വസ്ത്രവും പ്രത്യക്ഷപ്പെടുന്നു എന്നത് കൗതുകകരം മാത്രമല്ല, ധ്യാനമർഹിക്കുന്ന കാര്യം കൂടിയാണ്. ഇതെല്ലാം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ് എന്ന യാഥാർഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ പ്രാഥമിക ആവശ്യങ്ങൾ പോലും ആകുലതയ്ക്ക് കാരണമാകരുത് എന്നാണ് ഈശോ പറഞ്ഞ് തരുന്നത് എന്ന് വ്യക്തമാണ്. ജീവിതം കുറച്ച് കൂടി ഉന്നതമായ ആത്മീയ യാഥാർഥ്യങ്ങളിൽ വേരുറയ്‌ക്കേണ്ടതുണ്ട് എന്ന് സ്വയം ഓർമ്മപ്പെടുത്താനാണ് ഈ ധ്യാനം. ജീവിതത്തെ വെറും ഭൗതീകമായ ചട്ടക്കൂടിൽ മാത്രം ഒതുക്കുന്ന അതിഭൗതീക വാദത്തിന്റെയും നിരീശ്വരചിന്താഗതികളുടെയും യുക്തിവാദത്തിന്റെയും നടുവിൽ ക്രിസ്തീയമായ നിലനിൽപ്പിന്റെ അർത്ഥം വെളിപ്പെടുത്തുന്ന ജീവിതസാക്ഷ്യത്തിന് സ്വയം സജ്ജരാകാൻ ഒരുപക്ഷെ ഈ ധ്യാനം സഹായകരമായേക്കാം.
ലളിതമായ രൂപകങ്ങൾ ഉപയോഗിച്ച് ആഴമേറിയ ദൈവീകസത്യങ്ങൾ കൈമാറുന്ന പ്രബോധനരീതി ഈശോ ഇവടെയും അവലംബിക്കുന്നു. വിതയ്ക്കുകയോ കൊയ്യുകയോ ശേഖരിക്കുകയോ ചെയ്യാത്ത ആകാശാക്കിളികളും മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്ന വയൽപ്പൂവുകളും ആണ് കണ്ടുപഠിക്കാൻ ഈശോ കാണിച്ചുതരുന്ന അടയാളങ്ങൾ. ഒന്നും ശേഖരിക്കുന്നില്ലെങ്കിലും ഒരു കുറവും കൂടാതെ ആകാശക്കിളികളെ പരിപാലിക്കുകയും വയൽപ്പൂക്കളെ അലങ്കരിക്കുകയും ചെയ്യുന്ന ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുത്ത നമ്മെ അതിലും അത്ഭുതകരമായി പരിപാലിക്കും എന്ന ഉറപ്പും തിരിച്ചറിവും സ്വന്തമാക്കാനാണ് നമ്മുടെ ജ്ഞാനധ്യാനം.
ദൈവത്തെ പിതാവായി തിരിച്ചറിയാത്തതാണ് അനാവശ്യമായ ആകുലതയ്ക്കും അതിരുകടന്ന വ്യഗ്രതയ്ക്കും കാരണം എന്ന് ഈശോയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. "ഈ ലോകത്തിന്‍െറ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം."
ലൂക്കാ 12 : 30
ആവശ്യമുള്ളതൊക്കെ ഭംഗിയായി ക്രമപ്പെടുത്തിത്തരുന്ന പിതാവായ ദൈവത്തിന്റെ സംരക്ഷിച്ച് കരുതുന്ന സ്നേഹം കുറച്ചു കൂടി തിരിച്ചറിയേണ്ടതുണ്ട്.
അന്വേഷണങ്ങളുടെ നിരയിൽ പ്രഥമമായും പ്രധാനമായും ദൈവരാജ്യത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യണം എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു.
സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കാൻ മറക്കരുത് എന്ന ഗൗരവപ്രാധാന്യമുള്ള ഉപദേശത്തോടെയാണ് ഈശോ ഈ പ്രബോധനം അവസാനിപ്പിക്കുന്നത്. പങ്കുവയ്ക്കപ്പെടാത്ത ധനം അനുഗ്രഹമല്ല, അപകടമാണ് എന്ന് പല പ്രബോധനങ്ങളിൽ ഈശോ വ്യക്തമാക്കുന്നത് ഇവടെയും ആവർത്തിക്കുന്നു. ദാനം ചെയ്യുക എന്ന സുകൃതം സ്വർഗ്ഗത്തിൽ നിക്ഷേപമായി മാറും എന്ന ആത്മീയ സത്യം കൂടി ഉള്ളിൽ സൂക്ഷിക്കാം. വിശുദ്ധ ചാവറപ്പിതാവ് പറഞ്ഞ നാല് സ്നേഹിതരുടെ കഥ ഓർമ്മിക്കാം. ശരീരം, ലോകം, ബന്ധുക്കൾ എന്നിങ്ങനെ മൂന്ന് സ്നേഹിതരും നിസ്സഹായരാകുന്നിടത്ത് ചെയ്തു കൂട്ടിയ സുകൃതങ്ങളാകുന്ന അവസാനത്തെ സ്നേഹിതൻ ഒരാളുടെ രക്ഷക്കെത്തുന്നു. എത്രയോ സത്യമാണത്. ശ്വാസം നിലച്ചു കഴിഞ്ഞാൽ പിന്നെ സ്വർഗ്ഗയാത്രയിൽ സഹായകരമാകുന്നത് സുകൃതങ്ങളുടെ നിക്ഷേപം മാത്രമാണ്. "കൃപയുടെ ഭണ്ഡാരം" ( treasury of grace) എന്ന ഒരു ആത്മീയ യാഥാർഥ്യം കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പരിചയപ്പെടുത്തുന്നുണ്ട്. ഈശോയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും പുണ്യങ്ങളുടെ നിക്ഷേപലായത്തിലെ കൃപാവര സമൃദ്ധിയുടെ യോഗ്യതയാലാണ് ഒരു വിശ്വാസി ദണ്ഡവിമോചനം പോലും പ്രാപിക്കുന്നത്. കൃപയുടെ ഭണ്ഡാരത്തിലെ സുകൃതങ്ങളുടെ നിക്ഷേപം വർധിപ്പിക്കുമ്പോൾ പാപത്തിന്റെ കാലിക ശിക്ഷയിൽ നിന്നുള്ള വിമുക്തിക്ക് അത് കാരണമാകും എന്നു കൂടി ഓർമ്മിച്ചു വയ്ക്കാം. പഴകി പോകാത്തതും ചിതലരിക്കാത്തതുമായ സുകൃതങ്ങളുടെ നിക്ഷേപമാണ് യഥാർത്ഥ നിക്ഷേപം എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment