🥭 *ജ്ഞാനധ്യാനം* 🥭
2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣6️⃣
*സൗഖ്യം*
"അവള്‍ ഈശോയെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്‍െറ പിന്നില്‍ചെന്ന്, വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചു. അവന്‍െറ വസ്‌ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു."
മര്‍ക്കോസ് 5 : 27 - 28
ഗുരുതരമായ പ്രതിസന്ധികളിൽ ഒരാൾക്ക് ഈശോ അഭയമാകുന്നത് എപ്രകാരമാണ് എന്ന് വ്യക്തമാക്കുന്ന രണ്ട് അത്ഭുതങ്ങളാണ് വചനവായനയിലെ പ്രതിപാദ്യം.
സിനഗോഗാധികാരിയായ ജയ്‌റോസും നീണ്ട പന്ത്രണ്ട് വർഷങ്ങളായി നിലയ്ക്കാത്ത രക്തസ്രാവത്തിന്റെ പിടിയിലകപ്പെട്ട സ്ത്രീയും ഈശോയിൽ അഭയം കണ്ടെത്തുന്ന സ്ത്രീയും നമ്മുടെ വിശ്വാസജീവിതത്തിന് മാതൃകകളും വെല്ലുവിളിയും ആണ്.
സിനഗോഗാധികാരി സമൂഹത്തിൽ ഉന്നതമായ സ്ഥാനവും പ്രതാപവും ഉള്ളവനാണ്.
പല സിനഗോഗുകളുടെ ചുമതല വഹിച്ചിരുന്ന സിനഗോഗാധികാരിയും ജീവിതത്തിന്റെ ഗുരുതരമായ പ്രതിസന്ധിയിൽ ഓടിയെത്തുന്നത് ഈശോയുടെ പക്കലേക്കാണ്.
നോക്കണേ...സിനഗോഗാധികാരിക്ക് പോലും സിനഗോഗ് അഭയമാകുന്നില്ല !
ആചാരബദ്ധമായി മാത്രമോ അനുഷ്ഠാന വ്യഗ്രതയിൽ മാത്രമോ നിലനിൽക്കുന്ന ഒരു സംവിധാനവും പ്രതികൂലതകളിൽ മനുഷ്യർക്ക് അഭയമാകുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണത്.
തന്റെ ഔന്നത്ത്യവും പ്രതാപാവവും ഈശോയിലേക്കോടി വരാൻ അയാൾക്ക് തടസമായിരുന്നില്ല.
മരിക്കാറായി കിടന്ന തന്റെ കൊച്ചുമകളെ കൈക്ക് പിടിച്ച് എഴുന്നേല്പിക്കണം എന്നായിരുന്നു അയാളുടെ അഭ്യർത്ഥന.
"എന്‍െറ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേല്‍ കൈ കള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!"
മര്‍ക്കോസ് 5 : 23
രോഗത്തിന്റെ മൂർദ്ധന്യതകളിൽ കൈകൾ വച്ച് രോഗം മാറ്റി ജീവൻ പ്രദാനം ചെയ്യുന്ന ഈശോ ഇന്നും രക്ഷയുടെയും സൗഖ്യത്തിന്റെയും അടയാളമായ തിരുസഭയിൽ പ്രവർത്തനനിരതനാണ് എന്ന് വിശ്വസിക്കാം നമുക്ക്.
ജയ്‌റോസിനെ പോലെ...
പ്രതാപങ്ങളുടെ ഔന്നത്യമോ ബൗദ്ധികമായ അന്വേഷണങ്ങളുടെ ഉയർച്ചകളോ ഈശോയിലേക്കോടിയെത്താൻ തടസമായി നിലകൊള്ളരുത് എന്ന് ഓർമ്മിപ്പിക്കുന്ന ജയ്‌റോസ് വിശ്വാസവഴികളിൽ ഒരു ഉത്തേജകമാണ്.
ഒരു വ്യാഴവട്ടക്കാലം മുഴുവൻ സങ്കടത്തിന്റെ നീർച്ചുഴിയിൽ ഉലഞ്ഞു പോയ ഒരു സ്ത്രീ...
യഹൂദ മതാത്മകതയിൽ സാമൂഹിക അകലം പാലിക്കാൻ ഒരുവളെ ബാധ്യതപ്പെടുത്തുന്ന രക്തസ്രാവം എന്ന വ്യാധിയുടെ പിടിയിൽ പെട്ടവൾക്കും ഈശോ തന്നെയാണഭയം.
രക്തസ്രാവത്തെ ദൈവശാപമായിക്കണ്ട് മുദ്രകുത്തി അസുഖം ബാധിച്ചവർക്ക് ഭ്രഷ്ട് കൽപ്പിക്കുന്ന യഹൂദ മതാത്മകത മനുഷ്യരുടെ സങ്കടങ്ങൾക്ക് ഉത്തരം നൽകുന്നില്ല എന്ന് വീണ്ടും സൂചന നൽകുന്നുണ്ട് രക്തസ്രാവക്കാരിയുടെ ദാരുണാവസ്ഥ.
സമൂഹം അകലം കല്പ്പിച്ചു മാറ്റിനിർത്തിയവളെ ഈശോ വീണ്ടെടുത്ത് സമൂഹത്തിന്റെ ഭാഗമാക്കി.
ഈശോയെ, എല്ലാ പ്രതികൂലതകളിലും നിന്നിൽ അഭയം തേടാൻ മാത്രം വിനയം ഞങ്ങൾക്ക് നൽകണമേ.
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment