2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣9️⃣
*തിരുഹൃദയം*
"എന്നാല്‍, പടയാളികളിലൊരുവന്‍ അവന്‍െറ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു."
യോഹന്നാന്‍ 19 : 34
അവസാനതുള്ളി രക്തവും സ്നേഹിതർക്കുവേണ്ടി ചിന്തിയ ആത്മസമർപ്പണത്തിന്റെ അടയാളം...
ദൈവകൃപയുടെയും കരുണയുടെയും നിലയ്ക്കാത്ത പ്രവാഹം...
പ്രാരഭകൂദാശകളായ മാമ്മോദിസായുടെയും വിശുദ്ധ കുർബാനയുടെയും ഉറവയും ഉറവിടവും...
സ്നേഹത്തിന്റെ കൂദാശയും രക്ഷയുടെ അടയാളവുമായ തിരുസഭയുടെ പ്രഭവകേന്ദ്രം...
ഈശോയുടെ തിരുഹൃദയം...
സ്നേഹത്തിന് ഇനിയും പുതിയ നിർവ്വചനങ്ങൾ കൊടുത്ത് ജീവിതം കുറച്ച് കൂടി ശുദ്ധി ചെയ്യണം എന്നുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലാണ് തിരുഹൃദയം...
കരുണയും അനുകമ്പയും ആർദ്രതയും നിറഞ്ഞ ആഭിമുഖ്യങ്ങളാണ് ഈശോയുടെ തിരുഹൃദയത്തിന്റെ പരമവും പ്രധാനവുമായ സവിശേഷതകൾ...
വിവിധങ്ങളായ സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും നെരിപ്പോടിൽ നീറുന്നവർക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും സുരക്ഷിതമായ അഭയകേന്ദ്രമാണ് ഈശോയുടെ തിരുഹൃദയം...
ജനക്കൂട്ടത്തോട് ഈശോയ്ക്ക് തോന്നിയ "അനുകമ്പ"യും അന്ധരായ വഴി യാത്രക്കാരോട് തോന്നിയ "ഉള്ളലിവും" എല്ലാം തിരുഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന കൃപാസമൃദ്ധിയുടെ അടയാളമാണ്...
ദൈവത്തിന്റെ സ്വഭാവസവിശേഷതകളെ വിവരിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ഹീബ്രു പദങ്ങൾ "Hesed, Hnn, Rahamim" എന്നൊക്കെയാണ്...
കരുണാർദ്രമായ സ്നേഹം, അനുകമ്പാർദ്രമായ സ്നേഹം എന്നൊക്കെയാണതിനർത്ഥം...
The unbounded mercy and compassionate love of God is manifested in the Sacred Heart of Jesus.
"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം."
മത്തായി 11 : 28-29
ഏത് സംഘർഷങ്ങളിലും ഓടിയടുക്കാനും അഭയം പ്രാപിക്കാനും ഒരു സുരക്ഷിതസങ്കേതം ഉണ്ട് എന്നതാണ് തിരുഹൃദയത്തിരുന്നാളിന്റെ സുവിശേഷം...
തിരുഹൃദയത്തിൽ അഭയം പ്രാപിച്ചു ഈശോയുടെ കരുണയിൽ സ്വയം ശുദ്ധി ചെയ്യുന്നവർ കരുണ നിറഞ്ഞ നിലപാടുകൾ കൊണ്ട് നീതി അനുഷ്‌ഠിക്കേണ്ടതുണ്ട് എന്ന് മറന്നു കൂടാ...
10000 താലന്ത് കടപ്പെട്ട എന്റെ കടമിളച്ചു നൽകിയ ഈശോയുടെ കരുണയാണ് ജീവിതത്തിന്റെ നിലനിൽപ്പിനാധാരം എന്ന് അതിവേഗം മറന്ന് വെറും 100 ദനാറ കടപ്പെട്ടവനെ കൂച്ചുവിലങ്ങിടുന്ന എന്റെ കരുണ വറ്റിപ്പോയ നിലപാടുകൾ അവിടുത്തെ നീതിയുടെ തുലാസിൽ അളക്കപ്പെടുമെന്ന തിരിച്ചറിവും തിരുഹൃദയം നൽകുന്നു...
ഈശോ പറഞ്ഞത് പരിശുദ്ധാത്മാവ് വീണ്ടും ഓർമ്മിപ്പിക്കുന്നു, "നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍."
ലൂക്കാ 6 : 36
തിരുഹൃദയസ്‌നേഹത്തിന്റെ മഹിമയോർത്ത് എഴുതിയ ഗാനത്തിന്റെ വരികൾ വീണ്ടും ഓർമ്മയിൽ നിറയുന്നു...
സ്നേഹാമൃതം പൊഴിയും തിരുഹൃദയം
മുറിവിൽ ജ്വാല തെളിയും തിരുഹൃദയം
കാരുണ്യ പുഴയൊഴുകും തിരുഹൃദയം
ഈശോ തൻ ഹൃദയം തിരുഹൃദയം
മേനി തകർന്നിട്ടും തളരാതെ നീങ്ങി നീ
സൗഖ്യത്തിൻ കൂടാരം തീർത്തു
ചോര പൊടിഞ്ഞിട്ടും മനം പതറാതെ നീ
ആത്മാവിൽ അൾത്താര തീർത്തു
മുറിവുകളേറ്റിട്ടും മുറിപ്പെടുത്താതെ നീ
നീക്കുമെൻ മുറിവുണക്കി
ഹൃദയ രക്തത്തിൽ കഴുകിയെൻ ജീവിതം
കനിവിന്റെ കുർബാനയാക്കൂ...
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment