2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣2️⃣
*വിശ്വാസം എന്ന ദൈവീകപുണ്യം*
"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്."
യോഹന്നാന്‍ 6 : 47
തന്നിൽ വിശ്വസിക്കുന്നവർക്ക് ഈശോ വാഗ്ദാനം ചെയ്യുന്ന അതിശ്രേഷ്ഠമായ സമ്മാനമാണ് നിത്യജീവൻ...
വിശ്വാസം എന്ന വാക്കിന് ബൈബിൾ ഉപയോഗിക്കുന്ന ഹീബ്രു പദം "Emunah" എന്നതാണ്...
"ആമേൻ" എന്ന സുറിയാനി വാക്കും വിശ്വാസത്തിന്റെ ആഴമേറിയ പ്രത്യുത്തരത്തെ സൂചിപ്പിക്കുന്നതാണ്...
പരിപൂർണ സമർപ്പണം, അർപ്പണം, അനുസരിക്കുന്ന വിധേയത്വം എന്നൊക്കെ ആണ് വിശ്വാസത്തിന്റെ ദൈവശാസ്ത്ര വ്യാഖ്യാനം...
വിശ്വാസത്തിന്റെ വഴികളിൽ യാത്ര ചെയ്യുന്നവർക്ക് എഴുതപ്പെട്ട ദൈവവചനം വാഗ്ദാനം ചെയ്യുന്ന കൃപകളാണ് നമ്മുടെ ധ്യാന വിചാരം...
1. *വിശ്വസിക്കുന്നവർക്ക് പൊള്ളൽ ഏൽക്കില്ല*
ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്‌നിയില്‍നിന്നു രക്‌ഷിക്കപ്പെട്ടു."
1 മക്കബായര്‍ 2 : 59
ഏകസത്യ ദൈവത്തെ ആരാധിച്ചതിന്റെ പേരിൽ രാജാവിനെ വണങ്ങാത്തത്തിന്റെ പേരിൽ തീച്ചൂളയിൽ എറിയപ്പെട്ട മൂന്ന് യുവാക്കൾ അഗ്നിയുടെ പൊള്ളൽ ഏൽക്കാതെ രക്ഷപെട്ടത് അവരുടെ ആഴത്തിലുള്ള വിശ്വാസം കൊണ്ടായിരുന്നു...
പ്രതിസന്ധികളുടെയും ഒറ്റപെടലിന്റെയും പരിഹാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും തീച്ചൂളയിൽ പൊള്ളൽ ഏൽക്കാതെ രക്ഷപെടാൻ ഉള്ള പ്രതിവിധി ദൈവവിശ്വാസം എന്ന പുണ്യമാണ്...
2. *വിശ്വസിക്കുന്നവർക്ക് തിന്മയുടെ പോറൽ ഏൽക്കില്ല*
"അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്‍െറ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല."
ദാനിയേല്‍ 6 : 23
ദൈവത്തിൽ ആശ്രയിച്ച ദാനിയേലിനു ഒരു പോറൽ പോലും ഏറ്റില്ല എന്നാണ് എഴുതപ്പെട്ട തിരുലിഖിത ഭാഷ്യം...
പ്രലോഭനങ്ങളുടെയും സഹനങ്ങളുടെയും ഞെരുക്കങ്ങളുടെയും സിംഹക്കുഴികൾ ആത്മീയ യാത്രയിൽ ആർക്കും അന്യമല്ല...
എവിടെ വീണാലും ആരെറിഞ്ഞാലും ഒരു പോറൽ പോലും ഏൽക്കാതെ കാത്തുപാലിക്കുന്ന ദൈവപരിപാലന അനുഭവിക്കാൻ വിശ്വാസം എന്ന സുകൃതം കൂടിയേ തീരൂ....
3. *വിശ്വസിക്കുന്നവർ മുങ്ങിത്താഴില്ല*
"അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?"
മര്‍ക്കോസ് 4 : 40
പ്രതിസന്ധികളുടെയും പരിഹാസസരങ്ങളുടെയും അപ്രതീക്ഷിത അനുഭവങ്ങളുടെയും തിരയിളക്കത്തിലും കൊടുങ്കാറ്റിലും മുങ്ങി താഴ്ന്നു പോകാതെ പിടിച്ചു നിർത്തുന്ന സുകൃതമാണ് വിശ്വാസം...
അപ്പസ്തോലന്മാർ പ്രാർത്ഥിച്ചതുപോലെ നമുക്കും പ്രാർത്ഥിക്കാം, " അപ്പോള്‍ അപ്പസ്‌തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!"
ലൂക്കാ 17 : 5
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment