2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣7️⃣
*കരുണാസ്പർശം *
"ഈശോ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ."
മര്‍ക്കോസ് 1 : 41
ഒരു കുഷ്ഠരോഗി ഈശോയുടെ മുന്നിൽ മുട്ടുകുത്തി കരയുകയാണ്, "അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും." കുഷ്ഠം ദൈവശാപമായിക്കണ്ടിരുന്ന പഴയനിയമ പശ്ചാത്തലം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.
സ്വയം അശുദ്ധൻ എന്ന് പ്രഖ്യാപിച്ച് സമൂഹത്തിൽ നിന്നും സ്വയം അകലം പാലിക്കാൻ കുഷ്ഠരോഗിയെ കടപ്പെടുത്തുന്ന നിയമങ്ങൾ പരാമർശിക്കാൻ വേണ്ടി മാത്രം പഴയനിയമത്തിൽ പല അധ്യായങ്ങൾ ഉണ്ട്.
ഒന്നിച്ചു മരുഭൂമിയുടെ ആവാസഭൂമികയിൽ താമസിക്കുമ്പോൾ പകരപ്പെടാൻ സാധ്യതയുള്ള ഒരു രോഗത്തെ ചെറുക്കാൻ വേണ്ടി സമൂഹം നിശ്ചയിച്ച സാമൂഹിക അകലം പാലിക്കലിനെ മതത്തിന്റെ ചട്ടക്കൂട്ടിൽ പൊതിഞ്ഞു കുഷ്ഠരോഗത്തെ ദൈവശാപമായി കണ്ട യഹൂദ മതാത്മകതയുടെ കരുണ വറ്റിപ്പോയ നിലപാടുകളെ ഈശോ തിരുത്തുകയാണ്.
രോഗം പകരാതിരിക്കാൻ അകലം പാലിക്കണം എന്നത് വിവേകമാണ് എന്നംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ ഒരാളെ ബാധിച്ച കുഷ്ഠരോഗത്തിന്റെ കെടുതികൾ അയാളുടെ സാമൂഹിക ആത്മീയ ജീവിതത്തിൽ ഉണ്ടാക്കുന്ന അപകർഷതയുടെയും നിരാശാബോധത്തിന്റെയും അളവ് ചെറുതല്ല എന്ന് മനസിലാക്കാൻ യഹൂദർ മറന്നുപോയിരുന്നു എന്നത് സുവിശേഷവായനയിൽ വ്യക്തമാകുന്നുണ്ട്.
അതുകൊണ്ട് തന്നെ രോഗം പിടിപെട്ട ശേഷം ഇന്നോളം ആരും അയാളെ ഒന്ന് ചേർത്ത് നിർത്തിയിട്ടില്ല എന്നതാണ് കുഷ്ഠരോഗിയുടെ ആത്മനൊമ്പരം.
പക്ഷെ, ഒരാളെ സ്പർശിക്കുന്നതോ ഒരാളുടെ സ്പർശനം ആഗ്രഹിക്കുന്നതോ അചിന്തനീയമായതുകൊണ്ട് ഈശോയുടെ മുന്നിലുള്ള അയാളുടെ അപേക്ഷ പോലും "അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും" എന്നാണ്. എത്ര സൂക്ഷ്മതയോടെയാണ് സുവിശേഷകൻ ഈശോയുടെ പ്രവർത്തി അടയാളപ്പെടുത്തുന്നത് എന്ന് മനസിലാക്കണം. "ഈശോ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ."
ഒന്നു ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന അവന്റെ മനസ്സ് ഈശോ തിരിച്ചറിഞ്ഞപ്പോൾ തന്നെ കുഷ്ഠത്തിന്റെ പാടുകൾ മാഞ്ഞു തുടങ്ങി.
വേദനിക്കുന്നവരെ ചേർത്തു നിർത്തുമ്പോൾ തന്നെ സൗഖ്യത്തിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങുന്നു. ഒറ്റപ്പെടലിന്റെ വേദനയിൽ സ്വയം ഇല്ലാതാകുന്നവരെയും അറിയാത്ത കാരണങ്ങളുടെ പേരിൽ വേദനകൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവരെയും കുറച്ച് കൂടി ചേർത്തു നിർത്തേണ്ടതുണ്ട് എന്ന തിരിച്ചറിവ് എങ്കിലും ഉള്ളിൽ പതിഞ്ഞിരുന്നെങ്കിൽ !
ഈശോയെ, സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോകുന്നവരെയും ചേർത്തു നിർത്തി സൗഖ്യപ്പെടുത്തുന്ന അങ്ങയുടെ കരുണയുള്ള മനസ്സ് എനിക്കും നൽകുമോ?
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment