Saturday, May 30, 2020

പരിശുദ്ധാത്മാവ്

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *മെയ്‌* 3️⃣1️⃣

"ദൈവം അയച്ചവന്‍ ദൈവത്തിന്‍െറ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്‌മാവിനെ കൊടുക്കുന്നത്‌."
യോഹന്നാന്‍ 3 : 34

 *പരിശുദ്ധാത്മാവ്* 

രൂപരഹിതവും ശൂന്യവുമായ ഭൂമിയിൽ ജലപ്പരപ്പിന് മീതെ ചലിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെ ചൈതന്യം...
സൃഷ്ടികർമ്മത്തിൽ പ്രവർത്തനനിരതമായിരുന്ന ദൈവാത്മാവ്... 
(ഉൽപ്പത്തി 1: 2)

കിഴക്കൻ കാറ്റായി വന്ന് ചെങ്കടലിനെ വകഞ്ഞു മാറ്റിയ ദൈവശക്തി... (പുറപ്പാട് 14: 21)

ഏശയ്യാ പ്രവചിച്ച കര്‍ത്താവിന്‍െറ ആത്‌മാവ്‌,  ജ്‌ഞാനത്തിന്‍െറയും വിവേകത്തിന്‍െറയും ആത്‌മാവ്‌, ഉപദേശത്തിന്‍െറയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്‍െറയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌...
(ഏശയ്യാ 11 : 2)

ജോയൽ പ്രവചനത്തിൽ  പുത്രീപുത്രൻമാർക്ക്  പ്രവചനവും വൃദ്‌ധന്മാര്‍ക്ക്  സ്വപ്‌നങ്ങളും യുവാക്കള്‍ക്ക്  ദര്‍ശനങ്ങളും സമ്മാനിക്കുന്ന ദൈവത്തിന്റെ ആത്മാവ്...  
(ജോയേല്‍ 2 : 28)

രക്ഷകനായ ഈശോമിശിഹാ തന്നിൽ വിശ്വസിക്കുന്നവർക്ക് വാഗ്‌ദാനം ചെയ്തിരിക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്... 
(യോഹന്നാൻ 14: 16)

ഈശോയുടെ പെസഹാരഹസ്യത്തിന്റെ പൂർത്തിയിൽ സെഹിയോൻ മാളികയിൽ പ്രാർത്ഥനാനിരതരായിരുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെയും ശ്ലീഹന്മാരുടെയും മേൽ ആവസിച്ച ദൈവാത്മാവ്... 
കാറ്റായി വീശുകയും കനലായി ജ്വലിക്കുകയും ചെയ്ത പരിശുദ്ധാത്മാവ്...
രക്ഷയുടെ അടയാളമായി ഈശോ ഭൂമിയിൽ സ്ഥാപിച്ച തിരുസഭയുടെ തുടക്കത്തിൽ സജീവമായി നിലകൊണ്ട റൂഹാ... 
(അപ്പതോലാപ്രവർത്തനങ്ങൾ 2 :1- 13)

കൂദാശകളിലൂടെ ഈശോയുടെ രക്ഷണീയകർമ്മം ഇന്നും തിരുസഭയിൽ അനസ്യൂതം തുടരുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ്... 

വരദാനഫലങ്ങളുടെ സമൃദ്ധികൊണ്ട് സഭയിൽ സുവിശേഷവേല തുടരുന്ന ദൈവാത്മാവ്... 

യോഹന്നാൻ സുവിശേഷകൻ പരിചയപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ പങ്കിനെക്കുറിച്ചാണ് നമ്മുടെ ധ്യാനം.... 



1. *ഈശോ പറഞ്ഞവ പഠിപ്പിക്കുകയും , ഓർമ്മിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ്...* 


"എന്നാല്‍, എന്‍െറ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും."
യോഹന്നാന്‍ 14 : 26

ഈശോ പറഞ്ഞതൊക്കെയും പഠിക്കാനും ഓർമ്മിച്ചെടുക്കാനും പരിശുദ്ധാത്മാവ് കൂടെ വേണം... 
ഈശോ പറഞ്ഞതൊക്കെയും  സംലഭ്യമാകുന്നത് എഴുതപ്പെട്ട ദൈവവചനത്തിൽ ആണല്ലോ...  തിരുലിഖിതത്തെക്കുറിച്ചുള്ള ജ്ഞാനത്തിലേക്ക് പരിശുദ്ധാത്മാവ് നമ്മെ കൂട്ടികൊണ്ട് പോകും... 

2. *പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും* 

"അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"
യോഹന്നാന്‍ 16 : 8


ദൈവമനുഷ്യബന്ധങ്ങളിലെ വിള്ളൽ ആണ് പാപം... 
പാപം ഉണ്ടാക്കുന്ന ആ വിള്ളൽ പരിഹരിക്കാൻ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്...

ദൈവമനുഷ്യബന്ധങ്ങളുടെ സമ്പൂർണ്ണതയാണ് നീതി... 
ദൈവത്തോടും മനുഷ്യരോടും ഉള്ള ബന്ധം പവിത്രമാക്കുന്നത് പരിശുദ്ധാത്മാവാണ്... 

ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ കണക്ക് കൊടുക്കേണ്ടി വരുന്ന ന്യായവിധിയെക്കുറിച്ച്  ബോധ്യം നൽകുന്നതും പരിശുദ്ധാത്മാവാണ്... 


3. *സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവ്* 

"സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍െറ പൂര്‍ണതയിലേക്കു നയിക്കും."
യോഹന്നാന്‍ 16 : 13

സത്യത്തിന്റെ പൂർണ്ണത വചനത്തിന്റെ പൂർണ്ണതയാണ്... 

"അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം."
യോഹന്നാന്‍ 17 : 17


വചനത്തിന്റെ പൂർണ്ണത ദൈവഹിതത്തിന്റെ പൂർണ്ണതയാണ്... 

"അങ്ങ്‌ ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!"
ജ്‌ഞാനം 9 : 17


വിശുദ്ധ ചാവറപിതാവിന്റെ അന്തിമവചസ്സുകൾ അർത്ഥവത്താണ്... 

"ദിവ്യകാരുണ്യത്തിൽ ഏഴുന്നെള്ളി ഇരിക്കുന്ന ഈശോയെ മുഴു ഹൃദയത്തോടെ സ്നേഹിക്കുവിൻ... പ്രവാചകവചനങ്ങൾ പോലെ ഈശോയുടെ ഹൃദയത്തിൽ നിന്ന് ആയുസ്സിന്റെ ജലം കോരി എടുക്കുവിൻ "

ഈ പന്തക്കുസ്തയിൽ ഈശോയുടെ തിരുഹൃദയത്തിൽ നിന്ന് നമുക്ക് ആയുസ്സിന്റെ ജലമായ പരിശുദ്ധാത്മാവിനെ കോരിയെടുക്കാം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment