Thursday, May 28, 2020

സഹനം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *മെയ്‌* 2️⃣9️⃣


"എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും."
മത്തായി 24 : 13

 *സഹനം* 

1. *ശുദ്ധീകരിക്കുന്ന സഹനം* 

ശുദ്ധീകരണത്തിലേക്ക് നയിക്കുന്ന സഹനാനുഭവങ്ങൾ ആത്മീയജീവിതത്തിലെ അനിവാര്യതയാണ് എന്ന സൂചനകൾ നൽകുന്ന ഏതാനും ദൈവവചനങ്ങൾ... 

a. "ഞാന്‍ എന്‍െറ കരം നിനക്കെതിരായി ഉയര്‍ത്തും. ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്‌ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും."
ഏശയ്യാ 1 : 25

b. "ഞാന്‍ നിന്നെ ശുദ്‌ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. കഷ്‌ട തയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധനചെയ്‌തു."
ഏശയ്യാ 48 : 10

c. "ഞാന്‍ അവരെ ചൂളയില്‍ ഉരുക്കി ശുദ്‌ധീകരിക്കും; എന്‍െറ ജനത്തോടു ഞാന്‍ മറ്റെന്താണു ചെയ്യുക?
ജറെമിയാ 9 : 7

d. "എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു; സഹനത്തിന്‍െറ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും."
പ്രഭാഷകന്‍ 2 : 5

സ്വർണം അഗ്നിയിൽ ശുദ്ധിചെയ്യപ്പെടുന്നത് പോലെഅശുദ്ധിയുടെ വിലകെട്ട ലോഹങ്ങളെ ഉരുക്കികളയാൻ ദൈവമനുവദിക്കുന്ന സഹനവഴികളെ നമുക്ക് തടയാതിരിക്കാം !

2. *സഹനം ദൈവകൃപകളെ ഇരട്ടിയാക്കുന്നു* 

ഇപ്പോൾ ഉള്ള ചില നന്മകൾ, ചില സുകൃതങ്ങൾ, ചില കൃപകൾ ഒക്കെ ഇരട്ടിയാക്കി തിരികെ തരുന്നതിനു മുമ്പ് ദൈവം സഹനം അനുവദിക്കാം... 
സഹനത്തെക്കുറിച്ചുള്ള ധ്യാനത്തിൽ ജോബിനെ മറക്കാൻ ആവില്ലല്ലോ... 
ജോബിന്റെ പുസ്തകം ആരംഭിക്കുമ്പോൾ ജോബിനുള്ളതിനേക്കാൾ ഐശ്വര്യവും ധന്യതയും ഇരട്ടിയായ ഭൗതികനന്മകളും പുസ്തകം അവസാനിക്കുമ്പോൾ അദ്ദേഹത്തിന് സ്വന്തമാണ് എന്ന് താഴെ കാണുന്ന വചനങ്ങളുടെ താരതമ്യത്തിൽ വ്യക്തമാണ്...

a. "പൗരസ്‌ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന അവന്‌ ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറു ജോടി കാളകളും അഞ്ഞൂറു പെണ്‍കഴുതകളും എണ്ണമറ്റ ദാസന്‍മാരും ഉണ്ടായിരുന്നു."
ജോബ്‌ 1 : 3

b. "ജോബ്‌ തന്‍െറ സ്‌നേഹിതന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്‌ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ്‌ തിരിയെക്കൊടുത്തു. അവിടുന്ന്‌ അത്‌ ഇരട്ടിയായിക്കൊടുത്തു.
കര്‍ത്താവ്‌ അവന്‍െറ ശേഷി ച്ചജീവിതം മുന്‍പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവന്‌ പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍ കാളകളും, ആയിരം പെണ്‍കഴുതകളും ഉണ്ടായി."
ജോബ്‌ 42 : 10-12

ഒന്നാം അധ്യായത്തിനും നാല്പത്തിരണ്ടാം അധ്യായത്തിനും ഇടയിൽ നുറുങ്ങി പൊടിഞ്ഞ ജോബിനെ ഐശ്വര്യത്തിന്റെയും ധന്യതയുടെയും ഭൗതീകനന്മകളുടെയും സമൃദ്ധി കാത്തിരിപ്പുണ്ടായിരുന്നു... 😊
വിചാരണത്തടവിൽ എന്നത് പോലെ ഭാര്യയുടെയും സ്നേഹിതരുടെയും പരിഹാസശരങ്ങൾ ഏറ്റു വാങ്ങി വെന്തുരുകി, ജനിച്ച ദിനത്തെക്കുറിച്ച് ഓർമ്മിക്കാൻ പോലും ഇഷ്ടപെടാത്ത നിരാശാബോധത്തിൽ കൂടി കടന്നു പോയപ്പോൾ പാവം ജോബ് അറിഞ്ഞിട്ടുണ്ടാവുമോ, ഇരട്ടിയാകുന്ന ദൈവകൃപയുടെ സമൃദ്ധി തന്നെ കാത്തിരിപ്പുണ്ട് എന്ന്...

പൗലോസ് ശ്ലീഹ അത് ഭംഗിയായി പറഞ്ഞ് തരുന്നുണ്ട്... 

"നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു."
റോമാ 8 : 18
 
3. *സഹനം നമ്മെ പൂർണ്ണരാക്കുന്നു* 

a. "തന്‍െറ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും."
1 പത്രോസ് 5 : 10

b. "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും."
യോഹന്നാന്‍ 12 : 24

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവഴികളെ ധ്യാനിക്കുമ്പോൾ ഒക്കെ ഓർമ്മിച്ചെടുക്കുന്ന ഈ വചനങ്ങൾ സഹനധ്യാനത്തെ ദീപ്തമാക്കും... 

അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ  ഒരു പുസ്തകം ഒരുപാട് ഇഷ്ടമാണ്... 

ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ മതിൽക്കെട്ടിനുള്ളിൽ  മാത്രം ഒതുങ്ങിയ  ഒരായുസ്സിൻറെ മുഴുവൻ  വ്യഥകളും ഉൾപ്പോരുകളും  നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ്  ആ പുസ്തകം...
ബലിയായി തീരുന്ന ഒരു കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം... 

അവരുടെ നടുവിനെ  നീറ്റിയ വേദനകളും  സഹനത്തിൻറെ
വിയർപ്പുകളും ചുംബിച്ച കുരിശുകളും  നിശബ്ദ രാത്രികളിലെ  കണ്ണീരും
ചേർന്നു പുസ്തകത്താളുകളെ ബലിയുടെ ഗന്ധമുള്ളതാക്കുന്നു...

നമ്മുടെ റോമുളൂസച്ചൻറെ ഓർമ്മക്കുറിപ്പിൻറെ പേര് ''സ്നേഹ ബലി  അഥവാ അൽഫോൻസാ ''...

ഇത്ര കണ്ടു സൗമ്യമായി വ്യസനങ്ങളെയും തേങ്ങലുകളെയും  നേരിട്ട ഒരായുസ്സിന്  സ്നേഹബലി
എന്നല്ലാതെ  മറ്റെന്തുപേര് നൽകും ?


ഈശോയെ, ഉത്തരം കിട്ടാത്ത സഹനവഴികളിൽ യാത്ര ചെയ്യുമ്പോൾ സ്വയം വിശുദ്ധീകരിക്കപ്പെടാനും 
ദൈവകൃപകൾ ഇരട്ടിക്കപ്പെടാനും 
വിശുദ്ധിയിൽ പൂർണ്ണരാകാനും അങ്ങ് ഞങ്ങളെ ഒരുക്കുകയാണ് എന്ന ജ്ഞാനം നൽകി അനുഗ്രഹിക്കണമേ... 


✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment