ഓർമ്മിച്ചെടുക്കാനും ധ്യാനിക്കാനും മാതൃകയാക്കാനും മാത്രം ആഴമേറിയ സ്നേഹസാന്ദ്രതയോടെ ജീവിച്ചു കടന്നു പോയ ഒരു സി. എം. ഐ. ക്കാരന്റെ മരണയോർമ്മയാണിന്ന് !
കോയമ്പത്തൂർ പ്രേഷിത പ്രവിശ്യാ അംഗമായ സണ്ണി പാറയിൽ അച്ചന്റെ സ്വർഗീയയാത്രയുടെ ഓർമ്മ ദിനം ആണ് ഇന്ന് !
കരിമ്പ ത്രിത്വ ആശ്രമത്തിൽ മൂന്നാഴ്ചക്കാലം താമസിച്ചപ്പോൾ സണ്ണി അച്ചന്റെ ജീവിതനിലപാടുകൾ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്...
പരിശീലനത്തിന്റെ ഭാഗമായി ബിരുദവിദ്യാഭ്യാസകാലയളവിൽ പ്രൊവിൻഷ്യൽ ആയിരുന്ന സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ അച്ചനാണ് കരിമ്പയിലുള്ള കൊച്ച് സണ്ണിഅച്ചന്റെ ത്രിത്വആശ്രമത്തിൽ ( വലിയ സണ്ണി അച്ചൻ അന്ന് വെട്ടത്തൂർ ആയിരുന്നു ) താമസിക്കാൻ അവസരം ഒരുക്കിയത്...
പകരം വയ്ക്കാനില്ലാത്ത കൊച്ച് സണ്ണി അച്ചന്റെ ജീവിത നിലപാടുകൾ അന്ന് കണ്ടു നിന്നതും അടുത്തറിഞ്ഞതും ഇന്നോർമ്മിച്ചെടുക്കുന്നതും അത്ഭുതത്തോടെയാണ്...
ജീവിതം ഇനിയും ലളിതമാകണമെന്ന്, ദൈവത്തിൽ മാത്രം ആശ്രയിക്കുന്ന ജീവിത ക്രമമാണ് സന്യാസപൗരോഹിത്യം എന്നൊക്കെ നമ്മെ ഓർമ്മിപ്പിക്കാൻ ദൈവം അയച്ച ഒരു ദൂതൻ...
ഇങ്ങനെ ഒക്കെ സമർപ്പിത ജീവിതം സാധ്യമോ എന്ന് കാണുന്നവർ അമ്പരന്നു പോകും വിധം അത്ര ലളിതമായി ജീവിച്ചു നീങ്ങിയ നമ്മുടെ ഒരു സഹോദരൻ...
ആകാശപ്പറവയിലെ മക്കളെ അതിർവരമ്പുകൾ ഇല്ലാതെ സ്നേഹിച്ചു കരുതിയ നമ്മുടെ സ്വന്തം കൊച്ച് സണ്ണി അച്ചൻ...
അച്ചന്റെ മാധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കാം നമുക്കിന്ന്...
കാരണം, മാധ്യസ്ഥ്യം വഹിക്കാൻ മാത്രം സുകൃതങ്ങൾ ഈ ലോകജീവിതത്തിൽ വച്ചു തന്നെ സ്വർഗ്ഗത്തിലെ കൃപയുടെ ഭണ്ടാരത്തിൽ നിക്ഷേപിച്ച സണ്ണി അച്ചനെ നമുക്ക് അടുത്ത് അറിയാം എന്നത് തന്നെ...
അദ്ദേഹം മക്കളെ കുളിപ്പിക്കുന്നതും പരിചരിക്കുന്നതും മാത്രമല്ല അടുത്ത് കണ്ടത്...
ആശ്രമത്തിൽ മരണമടയുന്ന സഹോദരിസഹോദരങ്ങൾക്ക് അത്യവിശ്രമം കൊള്ളാനുള്ള പെട്ടി ഉണ്ടാക്കുന്നതും പൊതുശ്മശാനത്തിൽ പോയി കുഴി വെട്ടാൻ നേതൃത്വം നൽകിയതും ഒക്കെ നമ്മുടെ കൊച്ച് സണ്ണി അച്ചൻ ആയിരുന്നു...
ആശ്രമത്തിലെ മക്കളിൽ രണ്ടു പേർ ഒരു ദിവസം തന്നെ മൃതി അടഞ്ഞത് ഓർക്കുന്നു...
മറക്കാത്തതും മരിക്കാത്തതുമായ ഓർമ്മയാണ് ആ ദിനം...
സണ്ണി അച്ചൻ തന്നെ ഉണ്ടാക്കിയ പെട്ടിയിൽ മരണമടഞ്ഞവരെ കിടത്തി പ്രാർത്ഥിച്ച ശേഷം ജീപ്പിൽ കയറ്റി പൊതുശ്മശാനത്തി അടക്കം ചെയ്യാൻ പോകുമ്പോൾ സത്യസന്ധനായ ഒരു സി. എം. ഐ. സന്യാസപുരോഹിതന്റെ സാക്ഷ്യജീവിതത്തിന്റെ ആഴം കണ്ട് വിസ്മയം തോന്നി...
ഏറ്റവും ഹൃദ്യമായ ഓർമ്മ ഇനി പറയാം...
ഒരു ദിവസം വൈകിട്ട് കാപ്പി കുടിച്ചിരിക്കുമ്പോൾ സണ്ണി അച്ചൻ പറഞ്ഞു, "നാളെ മുതൽ ഭക്ഷിക്കാൻ ഉള്ളത് എവിടെ നിന്ന് കണ്ടെത്തും എന്ന് അറിയില്ല...പ്രാർത്ഥിക്കണം..."
പറഞ്ഞ് രണ്ടു മണിക്കൂർ തികയും മുമ്പ് ഒരാഴ്ചത്തേക്ക് ഉള്ള അരിയും പല വ്യഞ്ജനങ്ങളുമായി ഒരു ചേട്ടൻ എത്തി...
വൈകിട്ട് അത്താഴത്തിനിരിക്കുമ്പോൾ സണ്ണി അച്ചന്റെ വക വലിയ ഒരു ആത്മീയ രഹസ്യം കിട്ടി...
"അപ്പന് എങ്ങനെ മക്കളെ മറക്കാൻ പറ്റും?"
സ്വർഗ്ഗത്തിലെ അപ്പനായ ദൈവം ഭൂമിയിലെ മക്കളെ ( ത്രിത്വശ്രമത്തിലെ മക്കളെയും ) ഒരിക്കലും മറക്കില്ല എന്ന വിശ്വാസമാണ് ദൈവപരിപാലനയിലുള്ള വിശ്വാസം എന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തി അദ്ദേഹം താരതമ്യേന ഒരു ചെറു പ്രായത്തിൽ നമ്മെ വിട്ട് പോയി...
കരുണയും കരുതലും ഉള്ളിൽ നിറച്ചു മക്കൾക്ക് വേണ്ടി ജീവിച്ചു ജീവിച്ചു അദ്ദേഹം കടന്നു പോയി...
ജീവിക്കുന്ന വർഷത്തെക്കാൾ വർഷിക്കുന്ന ജീവിതം ആണ് പ്രധാനം എന്ന ഓർമ്മപ്പെടുത്തൽ ആണ് ആ ജീവിതം...
സണ്ണി അച്ചാ, സ്വർഗ്ഗത്തിലെ കരുണയുള്ള അപ്പനോട് ഞങ്ങൾ കൂടപ്പിറപ്പുകൾക്കായി പ്രാർത്ഥിക്കണേ...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment