Wednesday, June 2, 2021

ജീവന്റെ അപ്പം

ജ്ഞാനധ്യാനം
2021 ജൂൺ 3 

ജീവന്റെ അപ്പം

"സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌."
യോഹന്നാന്‍ 6 : 51

മനുഷ്യന്റെ കൂടെയായിരിക്കാൻ കുർബാനയായി മാറാൻ ഉള്ള ആഗ്രഹം ഈശോ കേൾവിക്കാരെ മുൻകൂട്ടി അറിയിക്കുകയാണ്...
ജീവൻ നൽകുന്ന അപ്പമായി ലോകാവസാനത്തോളം അവിടുന്ന് കൂടെയുണ്ടാകും എന്ന ഉറപ്പാണ് നമ്മുടെ ബലം...
ജീവൻ നേടാനും നിലനിർത്താനും ഈ അപ്പം ഭക്ഷിക്കേണ്ടത് അത്യാവശ്യമാണ്...
സ്വർഗ്ഗത്തിലെ മുഴുവൻ കൃപകളുടെയും അടയാളമായി വിശുദ്ധ കുർബാനകളിൽ വാഴ്ത്തപ്പെടുന്ന അപ്പം മാറുന്നതിനെക്കുറിച്ച് കൂടി ആണ് ഈശോ സംസാരിക്കുന്നത്...
ഈശോയുടെ ശരീരമാകുന്ന അപ്പം സ്വർഗത്തിൽ നിന്ന് വന്നതാണ്...
അത് ഭക്ഷിക്കുന്നവർക്ക് ജീവൻ നൽകുന്നതാണ്...
മരണസംസ്കാരത്തിനുള്ള മറുമരുന്ന് ഈ അപ്പമാണ്...
അസൂയയും അഹങ്കാരവും സ്വാർത്ഥതയും ജഡമോഹങ്ങളും വരുത്തിവയ്ക്കുന്ന മരണത്തിൽ നിന്നും മോചിതരായി ജീവനുള്ളവരായി വ്യാപാരിക്കാൻ വിശുദ്ധ കുർബാനയാകുന്ന ജീവന്റെ അപ്പം യോഗതയോടെ ഭക്ഷിക്കാം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, May 31, 2021

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

ജ്ഞാനധ്യാനം
2021 ജൂൺ 1

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

"ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌." 
യോഹന്നാന്‍ 6 : 68 

ഈശോയുടെ പ്രബോധനങ്ങളും വചനങ്ങളും കേട്ട ചിലരുടെ പ്രതികരണം അവിടുത്തെ വചനം കഠിനമാണ് എന്നായിരുന്നു...
വചനം ഗ്രഹിക്കാൻ പ്രയാസമായപ്പോൾ അവിടുത്തോടൊത്തുള്ള വാസം അവസാനിപ്പിക്കുവാൻ അവർ തീരുമാനം  എടുത്തത് എന്തൊരു ബാലിശമാണ്...
വചനം ഗ്രഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അത് വ്യാഖ്യാനിച്ചുനൽകാനും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനും സഹായിക്കുന്ന സത്യവചനത്തിന്റെ മനുഷ്യരൂപത്തെ കാണാനും തിരിച്ചറിയാനും കഴിയാതെ പോയതായിരുന്നു അവരുടെ പരാജയം...
വചനം കഠിനമാണ് എന്ന് പറഞ്ഞ് പലരും അവിടുത്തെ വിട്ട് പോകുമ്പോൾ കൂടെ നിൽക്കുന്നവരോട് ഈശോ ചോദിക്കുന്നു, "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?"
എത്ര ഹൃദയസ്പർശിയാണ് പത്രോസിന്റെ മറുപടി, "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌."
വേറെ ആരുടെയും പക്കൽ അഭയം ഇല്ലാത്തവൻ വേറെ എവിടെ പോകാൻ...
ഞങ്ങൾക്ക് മാറ്റാരുടെയും അടുത്തേയ്ക്ക് പോകണ്ട എന്ന പ്രസ്താവന അഭയമായി ഈശോ മാത്രമുള്ളവന്റെ വിശ്വാസപ്രഖ്യാപനമാണത്...
നിത്യജീവന്റെ വചനങ്ങൾ സമ്മാനിക്കുന്ന ഈശോയെ ഉപേക്ഷിക്കുന്നതാണ് ജീവിതത്തിലെ പരാജയങ്ങൾക്ക് കാരണം എന്ന തിരിച്ചറിവിലേയ്ക്കുള്ള ക്ഷണമാണ് ജ്ഞാനധ്യാനം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, May 30, 2021

ദൈവത്തിന്റെ സമയം

ജ്ഞാനധ്യാനം
2021 മെയ്‌ 31

ദൈവത്തിന്റെ സമയം

"ലാസര്‍ സംസ്‌കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന്‌ യേശു അവിടെയെത്തിയപ്പോള്‍ അറിഞ്ഞു."
യോഹന്നാന്‍ 11 : 17 

ദൈവത്തിന്റെ ഇടപെടലിന്റെ സവിശേഷതകൾ വിവരിക്കുന്ന സുവിശേഷ വിവരണമാണ് ജ്ഞാനധ്യാനത്തിനാധാരം...
രോഗബാധിതനായ ഉറ്റ സ്നേഹിതന്റെ സഹോദരിമാർ അയാളെ സൗഖ്യപ്പെടുത്താൻ വേഗം ബഥാനിയയിലെ വീട്ടിൽ എത്തണമെന്നുള്ള അപേക്ഷയുമായി ആളയച്ചിട്ടും ഈശോ രണ്ട് ദിവസം കൂടി താമസിച്ചിടത്ത് തന്നെ പാർത്തു...
"എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്‌ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു."
യോഹന്നാന്‍ 11 : 6
വീട്ടിൽ എത്തിയപ്പോൾ മർത്തായുടെ സങ്കടവും ഈശോയുടെ അസാന്നിധ്യമാണ് ഏകസഹോദരനെ കാണാമറയാത്തേയ്ക്ക് അപ്രത്യക്ഷനാക്കിയത് എന്നതായിരുന്നു...
"മര്‍ത്താ ഈശോയോട് പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു."
യോഹന്നാന്‍ 11 : 21
ദൈവത്തിന്റെ ഇടപെടലിന് അവിടുത്തേയ്ക്ക് മാത്രം അറിയുന്ന ഒരു സമയം ഉണ്ട് എന്നതാണ് തിരിച്ചറിവ്...
The delay of the Lord is never the denial of the Lord...
ദൈവം വൈകുന്നു എന്നതിന് അവിടുന്ന് നിരാകരിക്കുന്നു എന്ന് അർത്ഥമില്ല...
അപ്രതീക്ഷിതമായ പ്രതിസന്ധികളിൽ അലയാൻ വിധിക്കപ്പെടുമ്പോളും ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാനുള്ള വിനയവും സൗമ്യതയും കുലീനതയുമാണ് ജ്ഞാനധ്യാനത്തിൽ പ്രാർത്ഥിക്കുന്നത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, May 29, 2021

അധിക സ്നേഹം

ജ്ഞാനധ്യാനം
2021 മെയ്‌ 30

അധിക സ്നേഹം

"അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട്‌ അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു."
ലൂക്കാ 7 : 47 

ആർക്കും കുറ്റബോധത്തിന്റെ ആത്മഭാരമില്ലാതെ സ്വാതന്ത്ര്യത്തോടെ പ്രവേശിക്കാവുന്ന സ്നേഹത്തിന്റെ ഇടമാണ് ഈശോയുടെ സാനിധ്യം...
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന് ആഴത്തിൽ സുവിശേഷം പഠിച്ച പണ്ഡിതർ നൽകുന്ന മറ്റൊരു പര്യായം പോലും പാവങ്ങളുടെ സുവിശേഷം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സുവിശേഷം, പാപികളുടെ സുവിശേഷം എന്നൊക്കെയാണ്...
എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഈശോയുടെ കരുണയുടെ മുഖം വെളിപ്പെടുത്തുന്ന ഒരുപാട് വിവരണങ്ങൾ ഉള്ളത് കൊണ്ടാണ് ആ പേരുകൾ...
പാപിനി എന്നാണ് സുവിശേഷകൻ ആ സ്ത്രീയെ വിശേഷിപ്പിക്കുന്നത്...
ഇവൾ ഏത് തരക്കാരിയാണ് എന്ന് അവൻ അറിഞ്ഞില്ലല്ലോ എന്നൊക്കെ ഭക്ഷണത്തിനു ക്ഷണിച്ച ശിമയോൻ ആത്മഗതം ചെയ്യുന്നു...
എത്ര കരുണാർദ്രമായാണ് ഈശോ അവളെ വീണ്ടെടുക്കുന്നത്...
കൂടുതൽ കടങ്ങൾ ഇളച്ചു കിട്ടുന്നവൻ കൂടുതൽ സ്നേഹിക്കുന്നു എന്ന സാമാന്യയുക്തിയിൽ ഈശോ കാര്യങ്ങൾ അവതരിപ്പിക്കുന്നു...
അവളുടെ അധികസ്നേഹത്തെ വാനോളം ഉയർത്തി മാതൃകയായി പ്രതിഷ്ഠിക്കുന്നു...
ആത്മഭാരത്തോടെ മാത്രം ഓർത്തെടുക്കാൻ സാധിക്കുന്ന കുറവുകളുടെയും പോരായ്മകളുടെയും ഭൂതകാലങ്ങളിലും ഇടർച്ചകളുടെ വാർത്തമാനകാലത്തും കുടുങ്ങി സ്വയം നീറുമ്പോൾ ഈശോയുടെ ഈ വാക്ക് തരുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല...
അനുതാപത്തിന്റെ കണ്ണുനീരും അധികസ്നേഹത്തിന്റെ ആത്മവിശ്വസാവുമാണ് ജീവിതത്തെ പുതുമയുള്ളതാക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, May 28, 2021

അനശ്വരം

ജ്ഞാനധ്യാനം
2021 മെയ്‌ 29

അനശ്വരം

"നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു."
യോഹന്നാന്‍ 6 : 27 

നശ്വരം, അനശ്വരം എന്നിങ്ങനെയുള്ള രണ്ട് വിഭജനങ്ങൾ പരിചിതമായതാണ്...
നിലനിൽക്കുന്നതും ക്ഷയിക്കാത്തതും അവസാനമില്ലാത്തതുമായ യഥാർഥ്യങ്ങളുടെ സൂചനയാണ് അനശ്വരം എന്ന വാക്ക്...
അപ്പോൾ തീർച്ചയായും, നശ്വരം അതിന്റെയെല്ലാം മറുവശമാകുന്നു...
അനശ്വരമായ സ്വപ്‌നങ്ങൾ ഉള്ളിൽ സൂക്ഷിക്കുമ്പോളും നശ്വരമായ സംഘർഷങ്ങളിൽ കുടുങ്ങി പോകുന്ന പരാജിതരാകുന്നതിന്റെ നൊമ്പരം മനുഷ്യസഹജമാണ്...
ഈ സംഘർഷത്തിൽ നിന്നുള്ള മോചനം മനുഷ്യപുത്രനായ ഈശോ മിശിഹാ നൽകുന്ന അനശ്വരമായ നിത്യജീവന്റെ അപ്പത്തിലുണ്ട് എന്നതാണ് ജ്ഞാനധ്യാനം...
നിലനിൽക്കുന്ന യാഥാർഥ്യങ്ങളിൽ നിന്നും കണ്ണ് മറച്ച് കൊച്ചു കൊച്ചു കളിപ്പാട്ടങ്ങളിൽ മാത്രം സന്തോഷം കണ്ടെത്തുന്ന പക്വതയില്ലാത്ത നിലപാടുകൾ ആത്മീയജീവിതത്തിന്റെ ഭംഗി കെടുത്തുന്നുമുണ്ട്...
അധ്വാനിച്ച് കണ്ടെത്തേണ്ടത് നിത്യജീവന്റെ അനശ്വരതയാണ്...
വേഗം അവസാനിക്കുന്നതും  ദുർബ്ബലങ്ങളുമായ സന്തോഷങ്ങൾ നിസ്സാരങ്ങളും നശ്വരങ്ങളുമാണ് എന്ന തിരിച്ചറിവ് ഇനിയും ആഴത്തിൽ വെരുപാകിയിട്ടില്ല...
കണ്മുന്നിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ടവർ കാണാമറയത്തേയ്ക്ക് അപ്രത്യക്ഷമാകുന്ന സങ്കടങ്ങളുടെ ഈ കാലത്ത് പിടിച്ചു നിൽക്കാനുള്ള ഏകവഴി അനശ്വരമായ നിത്യജീവനിലുള്ള പ്രത്യാശയാണ്...
സങ്കടത്തിനൊപ്പം സന്ദേഹവും ഉള്ളിൽ നിറയ്ക്കുന്ന പൊരുത്തപ്പെടാനാവാത്ത വിയോഗവാർത്തകളാണ് കേൾക്കുന്നതൊക്കെയും...
ദൈവപുത്രനായ ഈശോമിശിഹാ നൽകുന്ന നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയിലല്ലാതെ നമ്മൾ എങ്ങനെ ഈ സങ്കടങ്ങളെ അതിജീവിക്കും?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, May 27, 2021

എല്ലാം നഷ്ടപ്പെട്ടവൾ

ജ്ഞാനധ്യാനം
2021 മെയ്‌ 28

എല്ലാം നഷ്ടപ്പെട്ടവൾ

"ഈശോ മുന്നോട്ടു വന്ന്‌ ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.
മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്‌ക്ക്‌ ഏല്‍പിച്ചു കൊടുത്തു."
ലൂക്കാ 7 : 14-15 

ഈശോയുടെ ദൈവരാജ്യവേലയുടെ അടയാളങ്ങൾ പലതായിരുന്നു...
രോഗികളെ സുഖപ്പെടുത്തുക, പാപങ്ങൾ മോചിക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, പ്രപഞ്ചശക്തികളുടെമേൽ അധികാരം തെളിയിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക എന്നിങ്ങനെയുള്ളതായിരുന്നു ആ അടയാളങ്ങൾ...
ജീവൻ എന്ന മഹാദാനം നൽകുന്നതും പരിപാലിക്കുന്നതും തിരികെയെടുക്കുന്നതും ജീവദാതാവായ ദൈവമാണെന്നും ആ ദൈവത്തിന്റെ പ്രിയപുത്രനാണ് താനെന്നുമുള്ള യാഥാർഥ്യം ഈശോ വെളിപ്പെടുത്തുന്നു...
നായിൻ എന്ന പട്ടണത്തിലെ വിധവയായ ഒരു അമ്മയുടെ ഏകമകനാണ് മരണത്തിന് കീഴടങ്ങിയത്...
വിധവയുടെ ഏകമകൻ അവളുടെ ഏക ആശ്രയമായിരുന്നു...
ആകെയുണ്ടായിരുന്ന ഒരാശ്രയവും ആശ്വാസവും നഷ്ടപ്പെട്ടതിന്റെ വേദനയിലും ആത്മഭാരത്തിലും നിരാശയുടെ നീർച്ചുഴിയിലേക്ക് വീണു പോയ ഒരമ്മയുടെ സങ്കടം തിരിച്ചറിയാൻ ഈശോ ഉണ്ടായിരുന്നു എന്ന സത്യം ജ്ഞാനധ്യാനത്തെ പ്രകാശപൂരിതമാക്കുന്നു...
എല്ലാം നഷ്ടപ്പെടുമ്പോൾ, ആരും ഇല്ലാതാകുമ്പോൾ, ഈശോ കൂടെയുണ്ടാകും എന്നതിന്റെ അക്ഷരസാക്ഷ്യമാണ് സുവിശേഷം...
പരിഹരിക്കാനാവാത്ത നഷ്ടങ്ങളാൽ ജീവിതം ഒറ്റപ്പെടുന്നു എന്ന് സങ്കടപ്പെടുമ്പോളും കൂടെ നടക്കുന്ന കർത്താവിനെ കാണാൻ മാത്രം കാഴ്ചയും വിശ്വാസവും ഉള്ളിൽ നിലനിർത്താനാണ് ജ്ഞാനധ്യാനം...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, March 15, 2021

നല്ല അയൽക്കാരൻ

ജ്ഞാനധ്യാനം
2021 മാർച്ച്‌ 16

നല്ല അയൽക്കാരൻ

"അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. ഈശോ പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക."
ലൂക്കാ 10 : 37 

പുരോഹിതനും ദേവാലയശുശ്രൂഷകനും പരാജയപ്പെട്ടുപോകുമ്പോൾ ഒരു സമരിയാക്കാരൻ വിജയിക്കുന്നു...
യഹൂദർ പല വിധകാരണങ്ങളാൽ അകറ്റി നിർത്തി ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്നവരാണ് സമരിയാക്കാർ...
സമരിയാക്കാരുമായി ഒരു സമ്പർക്കവും ഉണ്ടാകാതെ അവർ ശ്രദ്ധിച്ചിരുന്നു...
കുറവുകൾ കണ്ടെത്തി യഹൂദർ അകറ്റി നിർത്തിയിരുന്ന സമരിയാക്കാരിൽ ഒരുവന്റെ നന്മ യഹൂദരും അനുകരിക്കേണ്ട മാതൃകയാണ് എന്ന് ഈശോ പ്രഖ്യാപിക്കുന്നു...
യഹൂദമതത്തിന്റെ നിയമങ്ങൾ കൃത്യമായി പാലിച്ചു പോന്ന നിയമജ്ഞനും പുരോഹിതനും ദേവാലയശുശ്രൂഷകനും മുറിവേറ്റവനെ കാണാൻ സാധിച്ചില്ല...
പലവിധ കാരണങ്ങളാൽ ചുറ്റും വീണ് കിടക്കുന്ന മനുഷ്യരുടെ മുറിവുകൾ കാണാൻ സഹായിക്കാത്ത മതാത്മകത തിരുത്തപ്പെടേണ്ടത് തന്നെയാണ്...
ആരെയും നന്മയില്ലാത്തവൻ എന്നെഴുതി തള്ളരുത് എന്ന് കൂടി ഈശോയുടെ നിലപാടുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു...
നമ്മുടെ കണ്ണിൽ നന്മയില്ലാത്തവൻ ദൈവത്തിന്റെ കണ്ണിൽ കരുണയുടെ അവതാരമാകാനുള്ള സാധ്യത തള്ളിക്കളയരുത്...
മുറിവേറ്റവരെ കാണാനും പരിചരിക്കാനും സംരക്ഷിക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്ന മതാത്മകതയും ആത്മീയതയും ദൈവാരാധനയുമാണ് ഈശോയുടെ നിലപാടുകളോട് ചേർന്ന് പോകുന്നത്...
The purpose of Liturgy is to make us compassionate human beings who can heal the wounds of our fellowmen...
Any liturgy that does not elicit compassion in the heart will remain a mere ritual...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, March 14, 2021

പങ്കുവയ്ക്കപ്പെടാത്ത ധനം

ജ്ഞാനധ്യാനം
2021 മാർച്ച്‌ 15

പങ്കുവയ്ക്കപ്പെടാത്ത ധനം

"അതുകേട്ട്‌ ഈശോ പറഞ്ഞു: ഇനിയും നിനക്ക്‌ ഒരു കുറവുണ്ട്‌. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന്‌ എന്നെ അനുഗമിക്കുക."
ലൂക്കാ 18 : 22 

നിത്യജീവൻ ആഗ്രഹിക്കുന്ന ഒരു യുവാവ് ഈശോയുടെ അടുത്തെത്തി നിത്യജീവനിലേയ്ക്കുള്ള വഴി അന്വേഷിക്കുന്നു...
ദൈവം നൽകിയ പ്രമാണങ്ങളുടെ പാലനം നിത്യജീവൻ നേടാൻ അനിവാര്യമാണ്...
നിയമപാലനത്തിൽ വീഴ്ച വരുത്തുന്നില്ല എന്നാണ് യുവാവിന്റെ ഏറ്റുപറച്ചിൽ...
നിയമപാലനം മാത്രം നിത്യജീവൻ നൽകുന്നില്ല എന്നാണ് ഈശോയുടെ ഉത്തരം വെളിവാക്കുന്നത്...
എല്ലാ നിയമങ്ങളും പാലിക്കുമ്പോളും അയാളിൽ ഒരു കുറവ് അവശേഷിച്ചിരുന്നു...
പങ്ക് വയ്ക്കപ്പെടാത്ത ധനമായിരുന്നു അയാളുടെ കുറവ്...
പങ്ക് വയ്ക്കാൻ മനസ്സില്ലാത്തവർക്ക് നിത്യജീവൻ ലഭിക്കും എന്ന് കരുതാൻ വയ്യ...
ദൈവം ഓരോരുത്തർക്കും എത്രയോ വിധത്തിൽ ആണ് അവിടുത്തെ സമ്പത്ത് നൽകിയിരിക്കുന്നത്...
ധനം, കഴിവുകൾ, സമയം...
ഇങ്ങനെ പല വിധത്തിലുള്ള സമ്പത്തിന്റെ ഉടമകളാണ് നാം...
എന്തായാലും പങ്കുവയ്ക്കപ്പെടുന്നുണ്ടോ എന്നതാണ് ജ്ഞാനധ്യാനത്തിൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പങ്ക് വയ്ക്കപ്പെടാത്ത സമ്പത്ത് അനുഗ്രഹത്തേക്കാളുപരി അപകടവും കെണിയുമാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, March 9, 2021

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

ജ്ഞാനധ്യാനം
2021 മാർച്ച് 10

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

"ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌."
യോഹന്നാന്‍ 6 : 68 

ഈശോയുടെ പ്രബോധനങ്ങളും വചനങ്ങളും കേട്ട ചിലരുടെ പ്രതികരണം അവിടുത്തെ വചനം കഠിനമാണ് എന്നായിരുന്നു...
വചനം ഗ്രഹിക്കാൻ പ്രയാസമായപ്പോൾ അവിടുത്തോടൊത്തുള്ള വാസം അവസാനിപ്പിക്കുവാൻ അവർ തീരുമാനം  എടുത്തത് എന്തൊരു ബാലിശമാണ്...
വചനം ഗ്രഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അത് വ്യാഖ്യാനിച്ചുനൽകാനും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനും സഹായിക്കുന്ന സത്യവചനത്തിന്റെ മനുഷ്യരൂപത്തെ കാണാനും തിരിച്ചറിയാനും കഴിയാതെ പോയതായിരുന്നു അവരുടെ പരാജയം...
വചനം കഠിനമാണ് എന്ന് പറഞ്ഞ് പലരും അവിടുത്തെ വിട്ട് പോകുമ്പോൾ കൂടെ നിൽക്കുന്നവരോട് ഈശോ ചോദിക്കുന്നു, "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?"
എത്ര ഹൃദയസ്പർശിയാണ് പത്രോസിന്റെ മറുപടി, "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌."
വേറെ ആരുടെയും പക്കൽ അഭയം ഇല്ലാത്തവൻ വേറെ എവിടെ പോകാൻ...
ഞങ്ങൾക്ക് മാറ്റാരുടെയും അടുത്തേയ്ക്ക് പോകണ്ട എന്ന പ്രസ്താവന അഭയമായി ഈശോ മാത്രമുള്ളവന്റെ വിശ്വാസപ്രഖ്യാപനമാണത്...
നിത്യജീവന്റെ വചനങ്ങൾ സമ്മാനിക്കുന്ന ഈശോയെ ഉപേക്ഷിക്കുന്നതാണ് ജീവിതത്തിലെ പരാജയങ്ങൾക്ക് കാരണം എന്ന തിരിച്ചറിവിലേയ്ക്കുള്ള ക്ഷണമാണ് ജ്ഞാനധ്യാനം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, March 8, 2021

പിതാവിന്റെ ഇഷ്ടം

ജ്ഞാനധ്യാനം
2021 മാർച്ച്‌ 9

പിതാവിന്റെ ഇഷ്ടം

"ഈശോ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രന്‌ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു."
യോഹന്നാന്‍ 5 : 19 

പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ഈശോയുടേത്...
നസ്രത്തിലെ കൊച്ചു വീട്ടിൽ വിശുദ്ധ യൗസേപ്പ് പിതാവും പരിശുദ്ധ മറിയവും ഈശോയെ പഠിപ്പിച്ചതും ദൈവഹിതത്തിന് വിധേയപ്പെടുന്ന ജീവിതശൈലിയായിരുന്നു....
ദൈവത്തിന്റെ ഇഷ്ടം അറിയിച്ച ദൈവദൂതന്മാരുടെ വാക്കനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയ മാതാപിതാക്കളിൽ നിന്ന് തന്നെ ഈശോ ദൈവാഹിതാനുസരണത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു...
അവിടുത്തെ ജീവിതത്തിന്റെ ഊർജ്ജം പോലും പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിലായിരുന്നു...
"എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്റെ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34
ഗത്സമേനിലെ സങ്കടനേരത്തു പോലും അവിടുത്തെ അധരങ്ങളിലെ സുകൃതജപം "പിതാവേ, അങ്ങയുടെ ഇഷ്ടം എന്നിൽ നിറവേറട്ടെ" എന്നായിരുന്നു...
അതിരാവിലെ ഉണർന്ന് വിജനതയിൽ ആയിരുന്നും രാത്രിയുടെ യാമങ്ങളിൽ മലമുകളിൽ തനിച്ചായിരുന്നും ഒക്കെ അവിടുന്ന് കണ്ടെത്താൻ ശ്രമിച്ചത് പിതാവിന്റെ ഇഷ്ടമായിരുന്നു...
ദൈവഹിതം തിരിച്ചറിഞ്ഞ് അത് പൂർത്തിയാക്കാൻ സമർപ്പിക്കപ്പെടുന്ന ജീവിതങ്ങളിലാണ് ദൈവം പ്രസാദിക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, March 7, 2021

ആരുമില്ലാത്തവർ

ജ്ഞാനധ്യാനം
2021 മാർച്ച് 8

ആരുമില്ലാത്തവർ

"അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.
യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.
അവന്‍ തത്‌ക്‌ഷണം സുഖം പ്രാപിച്ച്‌ കിടക്കയെടുത്തു നടന്നു. അന്ന്‌ സാബത്ത്‌ ആയിരുന്നു."
യോഹന്നാന്‍ 5 : 7-9 

മുപ്പത്തിയെട്ട് വർഷങ്ങളായി തളർന്നു കിടന്ന ഒരാളെ തേടി ഈശോ എത്തുന്നു...
ഈശോ ജനിക്കുന്നതിനു മുമ്പേ അയാൾ തളർന്നു പോയതാണ്...
രോഗം ബാധിച്ചവർക്ക് സൗഖ്യം പകരുന്ന അത്ഭുതയുറവയുണ്ടായിരുന്ന ബെത്സയ്ദ കുളക്കരയിൽ രോഗമുക്തി ആഗ്രഹിച്ചു അയാൾ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി...
കുളത്തിലെ വെള്ളമിളകുന്ന നേരം നോക്കിയാണ് കുളത്തിൽ ഇറങ്ങേണ്ടത്...
ഏതോ ഒരു മാലാഖ വന്ന് വെള്ളം ഇളക്കുന്നതാണ് എന്നായിരുന്നു അവരുടെ വിശ്വാസം...
മാലാഖ വെള്ളം ഇളക്കുമ്പോൾ വെള്ളത്തിലേയ്ക്കിറങ്ങാൻ ഒന്ന് സഹായിക്കാൻ ആരുമില്ല എന്നതായിരുന്നു തളർവാത രോഗിയുടെ സങ്കടം...
ആരുമില്ലാത്തവർക്ക് ഈശോയുണ്ട് എന്ന് വെറുതെ പറയുന്നതല്ല എന്ന ഉറപ്പാണ് ഇന്നത്തെ ജ്ഞാനധ്യാനം നൽകുന്നത്...
കുളത്തിലെ വെള്ളമിളകുമ്പോൾ അതിലിറങ്ങുന്നത് മാത്രമാണ് സൗഖ്യം നൽകുന്നത് എന്ന് ചിന്തിക്കാനേ ആ പാവം തളർവാതരോഗിക്കായുള്ളൂ...
അയാൾ ചിന്തിക്കുന്നതിനപ്പുറമുള്ള വഴികൾ തുറന്ന് ഈശോ അയാളെ സൗഖ്യപ്പെടുത്തി...
വർഷങ്ങളായി വെള്ളമിളകുമ്പോൾ കുളത്തിലിറങ്ങാൻ ആഗ്രഹിച്ച് കിടന്നവൻ ഈശോയുടെ ഒറ്റവാക്കിൽ സൗഖ്യം നേടി...
ചില സങ്കടങ്ങളിൽ ആരുമില്ല എന്ന തോന്നലിൽ മനസ്സ് ഭാരപ്പെടുമ്പോൾ ഈശോയുടെ വരവിന് വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കണം...
ആരും സഹായത്തിനില്ലാത്ത നേരങ്ങളിൽ അവിടുന്ന് നിശ്ചയമായും സഹായത്തിനെത്തും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, March 5, 2021

പശ്ചാത്തപിച്ചവർ

ജ്ഞാനധ്യാനം
2021 മാർച്ച് 6

പശ്ചാത്തപിച്ചവർ

"എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല."
മത്തായി 21 : 32 

നിയമപാലനം കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ദൈവത്തോട് ചേർന്ന് നിന്നവർ എന്ന് സ്വയം കരുതിയിരുന്നവരായിരുന്നു യഹൂദർ...
എന്നാൽ ദൈവഹിതം അറിയിക്കാൻ വന്ന പ്രവാചകന്മാരെയും പിതാവിന്റെ മുഖം വെളിപ്പെടുത്തിയ പുത്രനായ ഈശോയെയും അംഗീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടു...
ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവീക സത്യങ്ങളോട് അവർ കാണിച്ച നിരാസം അവർക്ക് കെണിയായി മാറി...
ബലഹീനത കൊണ്ടോ അജ്ഞത കൊണ്ടോ ഒക്കെ തെറ്റുകളിൽ വീണുപോയ ചുങ്കക്കാരും വേശ്യകളും ദൈവത്തിന്റെ മുമ്പിൽ നിയമപാലകരായ യഹൂദരെക്കാൾ സ്വീകാര്യത കൈവരിക്കും എന്നാണ് ഈശോയുടെ പ്രബോധനം...
പശ്ചാത്തപിച്ച് ഈശോയിൽ വിശ്വസിക്കുന്നവർ ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത കണ്ടെത്തും എന്നാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ആദ്യം മറുതലിച്ചെങ്കിലും തെറ്റ് മനസിലാക്കി അനുതപിച്ച് പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന ഉപമയിലെ രണ്ടാമത്തെ മകന്റെ മനസ്സ് ഈശോയ്ക്ക് പ്രീതികരമായി...
വിശ്വാസത്തിൽ ആഴപെടാനുള്ള വഴിയും നിരന്തരമായ അനുതാപം തന്നെ...

✍️അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, March 4, 2021

ജീവിക്കുന്നവരുടെ ദൈവം

ജ്ഞാനധ്യാനം
2020 മാർച്ച് 5

ജീവിക്കുന്നവരുടെ ദൈവം

"അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു."
മര്‍ക്കോസ്‌ 12 : 27 

പുനരുത്ഥാനം ഇല്ല എന്ന് വിശ്വസിച്ചിരുന്ന യഹൂദഗണമായിരുന്നു സദുക്കായർ...
ആശയപരമായ വ്യത്യാസങ്ങൾ സദുക്കായരുടെയും ഫരിസേയരുടെയും പ്രബോധനങ്ങളിൽ ഉണ്ടായിരുന്നു...
പക്ഷേ, ഈശോയെ ചോദ്യം ചെയ്ത് വാക്കിൽ കുടുക്കാൻ ശ്രമിക്കുന്നതിൽ അവർ ഒന്നായിരുന്നു...
പുനരുത്ഥാനം ഇല്ല എന്ന വാദഗതി ഉന്നയിച്ചതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഉത്തരം കിട്ടുന്നതിന് വേണ്ടി ഭാവനയിൽ രൂപപ്പെടുത്തിയെടുത്ത കടംകഥ പോലെയുള്ള ഒരു ചോദ്യവുമായി അവർ ഈശോയെ സമീപിക്കുന്നു...
ഉത്ഥാനാനന്തരമുള്ള ജീവിതത്തെ ഭൂമിയിലെ നിലനില്പിനോട് താരതമ്യപ്പെടുത്തി ചിന്തിക്കുന്നവരുടെ തെറ്റ് ഈശോ ചൂണ്ടിക്കാണിക്കുന്നു...
മനുഷ്യബുദ്ധിക്കതീതമായ കാര്യങ്ങളെ തികച്ചും ഭൗമീകമായി മാത്രം മനസിലാക്കാനും വ്യാഖ്യനിക്കാനും ശ്രമിക്കുന്നത് എന്ത് മണ്ടത്തരമാണ്...
പുനരുത്ഥാനത്തിൽ ഉള്ള നിലനിൽപ്പിന്റെ അനന്യത ദൈവത്തിന്റെ മകൾ / മകൻ എന്നതാണ്...
മാനുഷീകമായി നമ്മൾ പരിചയപ്പെട്ടിട്ടുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും വ്യത്യസ്തമായ ആത്മീയമായ നിലനിൽപ്പാണ് പുനരുത്ഥാനജീവിതത്തിന്റെ സവിശേഷത എന്നത് മാത്രമാണ് കുഞ്ഞുബുദ്ധിയിൽ സൂക്ഷിക്കാവുന്ന ലളിതമായ പാഠം...
ദൈവത്തെയും ദൈവീകസത്യങ്ങളെയും ഭൗതീകമായ അളവുകോലിൽ മനസിലാക്കാൻ ശ്രമിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഒരുപോലെ തെറ്റാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, March 3, 2021

ഈശോയുടെ മുമ്പിൽ ഇരിപ്പിൻ

ജ്ഞാനധ്യാനം
2021 മാർച്ച് 4

ഈശോയുടെ മുമ്പിൽ ഇരിപ്പിൻ

"പരിശുദ്‌ധാത്‌മാവിനാല്‍പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്‌: കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തു ഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
മര്‍ക്കോസ്‌ 12 : 36 

രാജാധിരാജനായ ഈശോയെ സുവിശേഷം പരിചയപ്പെടുത്തുന്നു...
ദാവീദിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുമ്പോളും ദാവീദ് പോലും കർത്താവ് എന്ന് വിളിക്കുന്നു എന്ന സാക്ഷ്യം  ഈശോയുടെ രാജത്വത്തിന്റെ പ്രകടമായ അവതരണമാണ്...
സങ്കീർത്തനത്തിൽ നിന്നും കടമെടുത്ത് മാർക്കോസ് സുവിശേഷകൻ അവതരിപ്പിക്കുന്ന ഒരു വചനത്തിലേയ്ക്ക് ജ്ഞാനധ്യാനം കേന്ദ്രീകരിക്കാം...
"ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
ശത്രുക്കളുടെ ആക്രമണം ഭയപ്പെടുന്നവർ എന്ത് ചെയ്യണം എന്നുള്ളതിന്റെ ഉത്തരമാണ് ഈ വചനം...
ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുക എന്നതാണ് ശത്രുവിനെ നേരിടാൻ ഉള്ള ഏക വഴി...
മർത്തയുടെയും മറിയത്തിന്റെയും വീട്ടിൽ വച്ച് ഈശോ "നല്ല ഭാഗം" എന്ന് വിശേഷിപ്പിച്ചതും മറിയം തെരെഞ്ഞെടുത്തതുമായ വഴി അതാണ്...
തിന്മയുടെ ശത്രു, പാപമോഹങ്ങളായി എന്റെ ഉള്ളിൽ കിടന്ന് ആത്മരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രു, ദൈവീകവഴികളിൽ നിന്നും എന്നെ അകറ്റുന്ന പിശാചാകുന്ന ശത്രു...
എല്ലാ ശത്രുക്കളെയും തോൽപ്പിക്കാൻ നമുക്ക് ദൈവത്തിന്റെ വലതുവശത്ത് ഇരിക്കാം...
നോമ്പുകാലം അവിടുത്തെ വലത്തുവശത്തിരിക്കാനുള്ള നേരമാണ്...
പിശാചാകുന്ന ശത്രുവിന്റെമേൽ വിജയം നേടാൻ സഹായിക്കുന്നത് ഈശോയുടെ മുമ്പിൽഉള്ള ഇരിപ്പാണ്...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
"ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, March 2, 2021

സ്നേഹം

ജ്ഞാനധ്യാനം
2021 മാർച്ച് 3

സ്നേഹം

"എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയും ദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു."
മത്തായി 5 : 44-45 

മോശയുടെ നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പ്രതികാരത്തിനുവേണ്ടി ഉപയോഗിക്കുകയും വൈരാഗ്യബുദ്ധിയോടെ പെരുമാറുകയും ചെയ്തിരുന്ന യഹൂദമതത്തിന്റെ പശ്ചാത്തലത്തിലാണ് ഈശോ വ്യത്യസ്തമായ സമീപനം അവതരിപ്പിക്കുന്നത്...
ഉപദ്രവിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന പ്രതികാരബുദ്ധിക്ക് പകരം ഈശോ സ്നേഹത്തെ പ്രതിഷ്ഠിക്കുന്നു...
ശത്രുപക്ഷത്ത് നിൽക്കുന്നവനെയും സ്നേഹം കൊണ്ട് കീഴടക്കുന്ന ഉദാത്തമായ സമീപനമാണ് അവിടുത്തെ പ്രബോധനങ്ങളിൽ തെളിയുന്നതും ജീവിതം വെളിവാക്കുന്നതും...
ഉപദ്രവിക്കുന്നവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കാൻ മാത്രം വിശാലതയുള്ള  മനസ്സിന്റെ ആത്മീയ പക്വതയിലേയ്ക്കാണ് ഈശോ ക്ഷണിക്കുന്നത്...
ശത്രുപക്ഷത്ത് നിൽക്കുന്നവരെ സ്നേഹിച്ചുതുടങ്ങാതെയും പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചു തുടങ്ങാതെയും സ്വർഗ്ഗസ്ഥനായ പിതാവിന്റെ യഥാർത്ഥ സ്വഭാവമുള്ള മകനായി ഞാൻ മാറുന്നില്ല എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ ഒരു പോലെ സൂര്യനെ ഉദിപ്പിക്കുന്ന നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ ഒരുപോലെ മഴ നൽകുകയും ചെയ്യുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ സ്നേഹത്തിന്റെ വിശാലത എന്റെ ജീവിതത്തിൽ കണ്ടുതുടങ്ങുമ്പോഴാണ് ഞാൻ അവിടുത്തെ മകനായി മാറുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, March 1, 2021

ജാഗ്രത

ജ്ഞാനധ്യാനം
2021 മാർച്ച് 2

ജാഗ്രത

"സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍."
ലൂക്കാ 21 : 34 

ഈശോ അവിടുത്തെ രണ്ടാം വരവിനെക്കുറിച്ച് സംസാരിക്കുന്നു...
സൂര്യനിലും ചന്ദ്രനിലും ഭൂമിയിലും മനുഷ്യപുത്രന്റെ ആഗമനത്തിന്റെ അടയാളങ്ങളായ വ്യതിയാനങ്ങൾ കാണപ്പെടും...
മനുഷ്യപുത്രന്റെ ആഗമനത്തിൽ സംഭവിക്കുന്ന ഭൗമീകമാറ്റങ്ങൾ എന്തുമാകട്ടെ...
അവിടുത്തെ ആഗമനത്തിൽ എനിക്കുണ്ടാകേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചുള്ള പരിചിന്തനമാണ് ഇന്നത്തെ ജ്ഞാനധ്യാനം...
ഒരുക്കമില്ലാത്തവർക്ക് മനുഷ്യപുത്രന്റെ ആഗമനം കെണിയായി മാറാൻ സാധ്യതയുണ്ട്...
സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നീ തിന്മകൾക്കടിപ്പെട്ടാൽ മനസ്സ് ദുർബലമാകും...
മനസ്സിനെയും ആത്മാവിനെയും ദുർബ്ബലമാക്കുന്ന തിന്മകളിൽ നിന്നും സ്വതന്ത്രനാണ് എന്നുറപ്പുവരുത്തേണ്ടതുണ്ട്...
"സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട്‌ മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍."
ലൂക്കാ 21 : 36
മനസ്സിനെ ദുർബ്ബലമാക്കുന്ന തിന്മകളിൽ നിന്നും മോചനം നേടാൻ സദാ പ്രാർത്ഥിച്ചു ജാഗരൂകാരായിരിക്കണം എന്ന ഈശോയുടെ ഓർമ്മപ്പെടുത്തൽ നിസ്സാരമായി തള്ളിക്കളയരുത്...
ഈശോയുടെ ആഗമനത്തിൽ അവിടുത്തെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ഉള്ള കരുത്ത് ഇല്ലാതെ പോയാൽ ജീവിതം എന്തൊരു പരാജയമായിരിക്കും?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, February 28, 2021

കല്പന

ജ്ഞാനധ്യാനം
2021 മാർച്ച് 1

കല്പന

"അവന്‍ ബുദ്‌ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന്‌ അകലെയല്ല."
മര്‍ക്കോസ്‌ 12 : 34 

ആത്മാർത്ഥമായും യാഥാർഥ്യബോധത്തോടെയും ആത്മീയമാന്വേഷണം നടത്തുന്നവരോട് ഈശോ സംവാദത്തിൽ ഏർപ്പെട്ടിരുന്നു...
വാക്കിൽ കുടുക്കാനും കുറ്റം കണ്ടുപിടിക്കാനും തന്നെ സമീപിച്ചിരുന്നവരുടെ ചോദ്യങ്ങൾക്ക് അവരെക്കൊണ്ട് തന്നെ ഉത്തരം കണ്ടെത്തിക്കുന്നതും അവരുടെ കപടതയെ തുറന്ന് കാണിക്കുന്നതുമായ മറുചോദ്യങ്ങൾ കൊണ്ടാണ് ഈശോ മറുപടി കൊടുത്തത്...
എന്നാൽ യഥാർത്ഥമായ ആത്മീയമാന്വേഷണം നടത്തുന്ന ഒരു നിയമജ്ഞനോട് അവിടുന്ന് സ്നേഹപൂർവ്വം സംവദിക്കുന്നു...
ഏറ്റവും സുപ്രധാനമായ കല്പ്പന കണ്ടെത്താനായിരുന്നു അയാളുടെ ശ്രമം...
ദൈവത്തെ ആരാധിക്കുന്നതും മനുഷ്യരെ സ്നേഹിക്കുന്നതും സുപ്രധാന കല്പനയുടെ ഭാഗമാണ് എന്നോർമ്മിപ്പിച്ച ഈശോ ദൈവസ്നേഹവും പരസ്നേഹവും തുല്യമായ അനുപാതത്തിൽ പ്രതിഷ്ഠിക്കുന്നു...
മറ്റു നിയമജ്ഞരിൽ നിന്നും വ്യത്യസ്തനായി ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യമാണ് അയൽക്കാരനെ സ്നേഹിക്കുന്നതും എന്ന് തിരിച്ചറിഞ്ഞ നിയമജ്ഞനോട് ഈശോ പറയുന്നു, " താങ്കൾ ദൈവരാജ്യത്തിൽ നിന്നും അകലെയല്ല. "
ദൈവസ്നേഹത്തെ പരസ്നേഹമായി അടയാളപ്പെടുത്തുമ്പോൾ മാത്രമാണ് ഒരാൾ ദൈവരാജ്യത്തോടടുക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, February 27, 2021

ശുശ്രൂഷ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 28

ശുശ്രൂഷ

"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ."
മത്തായി 20 : 28 

ജെറുസലേമിലേയ്ക്കുള്ള യാത്രയിലാണ് ഈശോയും ശിഷ്യരും...
ജീവിതത്തിൽ അവിടുത്തെ കാത്തിരിക്കുന്ന പീഡാസഹനങ്ങളെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും അവിടുന്ന് മുൻകൂട്ടി അറിയുകയും സഹനങ്ങളെ നേരിടാൻ ഒരുങ്ങുകയും ചെയ്തിരുന്നു...
എത്ര പ്രസാദാത്മകമായിട്ടാണ് വരാനിരിക്കുന്ന സഹനങ്ങളെക്കുറിച്ച് അവിടുന്ന് സംസാരിക്കുന്നത് പോലും...
കുരിശിനെ അവിടുന്ന് ഭയപ്പെട്ടിരുന്നില്ല...
ഉയിർപ്പിന്റെ മഹത്വം മുന്നിൽ കാണാൻ സാധിച്ചത് കൊണ്ട് അവിടുന്ന് പീഡാസഹനങ്ങളെ ഭയപ്പെട്ടില്ല...
ജീവിതത്തിലെ സഹനങ്ങളെ നേരിടാൻ കരുത്ത് ലഭിക്കുന്നത് ശരീരം കൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല എന്ന ബോധ്യത്തിലാണ്...
സ്വർഗ്ഗമാകുന്ന പറുദീസാ മുന്നിൽ കണ്ട് സഹനങ്ങളെ രക്ഷകരമാക്കാൻ കൃപ പ്രാർത്ഥിക്കുകയാണ് ജ്ഞാനധ്യാനത്തിൽ...
സെബദീപുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥന കേട്ടപ്പോൾ ഈശോ നൽകുന്ന മറുപടി ശുശ്രൂഷയുടെ മാഹാത്മ്യം വെളിവാക്കുന്നു...
ഈശോയിൽ വിശ്വസിക്കുന്നവരുടെ മുഖമുദ്ര ശുശ്രൂഷിക്കാനുള്ള മനസാവണം എന്നതാണ് സുവിശേഷ ഭാഷ്യം...
ഒന്നാമൻ, വലിയവൻ എന്നിങ്ങനെയുള്ള വാക്കുകൾ ഈശോ പകരുന്ന ആത്മീയശൈലിയിൽ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല...
സഹനങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കാനുള്ള മനസ്സും അപരനെ ശുശ്രൂഷിക്കാനുള്ള വിശാലതയുമാണ് ഈശോയുടെ മുന്നിൽ ഒരാളെ വലിയവനാക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, February 26, 2021

പ്രവർത്തികളിൽ പ്രകടമാകേണ്ട ജ്ഞാനം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 27

പ്രവർത്തികളിൽ പ്രകടമാകേണ്ട ജ്ഞാനം

"ജ്‌ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു."
മത്തായി 11 : 19 

യഥാർത്ഥമായ ജ്ഞാനം കൊണ്ട് നിറയപ്പെടാൻ വേണ്ടിയാണിന്നത്തെ ജ്ഞാനധ്യാനം...
എന്തിലും കുറ്റം കണ്ടുപിടിക്കുന്ന യഹൂദരുടെ വികലതയെ ഈശോ ചോദ്യം ചെയ്യുന്നു...
സ്ത്രീകളിൽ നിന്ന് ജനിച്ചവനിൽ ഏറ്റവും വലിയവൻ എന്ന് ഈശോ സാക്ഷ്യപ്പെടുത്തിയ സ്നാപകയോഹന്നാനെ അവർ പിശാചുബാധിതൻ എന്ന് വിളിച്ചു...
ഈശോയാകട്ടെ ചുങ്കക്കാരുടെ സ്നേഹിതൻ ആണെന്നായിരുന്നു അവരുടെ പരാതി...
സ്വയം ജ്ഞാനികൾ എന്നവകാശവാദം ഉയർത്തുന്നവരോട് ഈശോ ഓർമ്മിപ്പിക്കുന്നത് പ്രവർത്തികളിൽ പ്രകടമാകുന്നതും നീതികരിക്കപ്പെടുന്നതുമാണ് യഥാർത്ഥ ജ്ഞാനം എന്നാണ്...
രണ്ട് തരത്തിൽ ഇത് വ്യാഖ്യാനിക്കാം...

ഒന്ന്, ദൈവത്തിന്റെ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും മനുഷ്യാവതാരമായ ഈശോയുടെ പ്രവർത്തികൾ യഥാർത്ഥ ജ്ഞാനം വെളിവാക്കുന്നതാണ്...
അവിടുത്തെ ജ്ഞാനം പ്രത്യക്ഷമായത് കാരുണ്യം നിറഞ്ഞ സ്നേഹത്തിലായിരുന്നു... 

രണ്ട്, സ്വയം ജ്ഞാനികൾ എന്ന് വിചാരിച്ചിരുന്ന യഹൂദപ്രമാണികളുടെ ജീവിതത്തിൽ യഥാർത്ഥ ജ്ഞാനത്തിന്റെ പ്രതിഫലനമായിരുന്ന കാരുണ്യം നിറഞ്ഞ പെരുമാറ്റം അല്പം പോലും ഉണ്ടായിരുന്നില്ല...
ഈശോയെ അംഗീകരിക്കാൻ ഉള്ള വിനയം ഇല്ലാതെ എന്ത് ജ്ഞാനം? 

കാരുണ്യം നിറഞ്ഞ സ്നേഹം കൊണ്ട് ജീവിതം അർത്ഥപൂർണ്ണമാക്കുന്നവരാണ് യഥാർത്ഥ ജ്ഞാനികൾ...
ജ്ഞാനം പ്രകടമാകുന്നത് വിനയത്തിലും ശാന്തതയിലുമാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, February 25, 2021

ചോദ്യം ചെയ്യൽ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 26

ചോദ്യം ചെയ്യൽ

"അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ്‌ നീ ഇവയൊക്കെ ചെയ്യുന്നത്‌? ഇവ പ്രവര്‍ത്തിക്കുന്നതിന്‌ ആരാണ്‌ നിനക്ക്‌ അധികാരം നല്‍കിയത്‌?"
മര്‍ക്കോസ്‌ 11 : 28 

ഈശോയെ ചോദ്യം ചെയ്യാനും അവിടുന്നിൽ കുറ്റം കണ്ടെത്താനും മാത്രമാണ് നിയമജ്ഞരും ഫരിയസപ്രമാണിമാരും അവിടുത്തെ അടുത്തെത്തിയത്...
ദൈവം മനുഷ്യനായി അവതരിച്ച് അവരുടെയിടയിൽ ജീവിച്ച് നീങ്ങുന്നത് തിരിച്ചറിയാനാവാത്ത വിധം അന്ധമായ വഴികളിലായിരുന്നു അവർ...
ദൈവീകസത്യങ്ങൾ അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുമ്പോൾ അതിനോട് പോലും പുറം തിരിഞ്ഞു നിന്നും അതിനെ ചോദ്യം ചെയ്തും അവരുടെ ആത്മീയന്ധത അവർ പ്രത്യക്ഷമാക്കി...
സ്വയം മെനഞ്ഞെടുത്ത മതസങ്കൽപ്പങ്ങളുടെ ചട്ടക്കൂടിൽ കുടുങ്ങിയതുകൊണ്ടും സ്വയം നീതീകരണത്തിന്റെ വഴികളിൽ തൃപ്തിപ്പെട്ടത് കൊണ്ടും ഈശോയിൽ അവതരിച്ച ദൈവത്തെ തിരിച്ചറിയാൻ അവർക്കയില്ല...
കൂടെ ജീവിച്ച ദൈവത്തെ കാണാനും തിരിച്ചറിയാനും സാധിക്കാതെ പോയത് എത്രയോ വലിയ ദുരന്തമാണ്...
ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തെയും ദൈവീകസത്യങ്ങളെയും ചോദ്യം ചെയ്യുമ്പോൾ ഞാനും ഫരിസയരെപ്പോലെ സ്വയം തീർത്ത കുഴിയിൽ നിപതിക്കുകയാണ്...
ദൈവത്തോടും ദൈവീകസത്യങ്ങളോടും തുറവി പുലർത്താനുള്ള വിനയത്തിന് വേണ്ടിയാണ് ജ്ഞാനധ്യാനത്തിലെ പ്രാർത്ഥന...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, February 24, 2021

വാക്ക്

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 25

വാക്ക്

"നിങ്ങളുടെ വാക്ക്‌ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനില്‍നിന്നു വരുന്നു."
മത്തായി 5 : 37 

സംസാരത്തിൽ പുലർത്തേണ്ട സുതാര്യതയും നൈർമല്യവും സത്യസന്ധതയുമാണ് ഈശോയുടെ വാക്കുകളിൽ നിഴലിക്കുന്നത്...
പാലിക്കാനാവാത്ത വാക്കുകൾ നൽകിയും നൽകുന്ന വാക്കുകൾ പാലിക്കാതെയും കബളിപ്പിക്കലുകൾ നടക്കുന്ന ലോകത്ത് ഈശോ ഉയർത്തുന്ന വെല്ലുവിളി തിരിച്ചറിയുകയാണ് ജ്ഞാനധ്യാനം...
കൊടുക്കുന്ന വാക്കുകൾ എന്ത് ത്യാഗം ചെയ്തും പാലിക്കേണ്ടതാണ്...
നിസ്സാരങ്ങളായ കാര്യസാധ്യത്തിന് വേണ്ടി യാഥാർഥ്യങ്ങളെ മറച്ചു വച്ച് പാലിക്കാൻ സാധിക്കാത്ത വാക്കുകൾ കൊടുക്കുന്നത് ദുഷ്ടനിൽ നിന്ന് വരുന്ന ദുഷ്ടത്തരം ആണെന്നാണ് ഈശോയുടെ പ്രബോധനം...
വാക്കുകളിൽ സുതാര്യത പാലിക്കാൻ സാധിക്കാതെ വരുമ്പോൾ അത് കപടതയുടെ തെളിവാകുന്നു...
നാവിനെ പരിശുദ്ധിയിൽ സൂക്ഷിച്ച് വാക്കിനെ സുതാര്യവും ദൈവകൃപനിറഞ്ഞതുമാക്കുമ്പോൾ ജീവിതം ദൈവവചനത്തിന്റെ വാസസ്ഥലമാകുന്നു...
അതെ എന്ന് പറയേണ്ടി വരുമ്പോൾ ആരെയെങ്കിലും ഭയന്ന് അല്ല എന്നോ, അല്ല എന്ന് പറയേണ്ടി വരുമ്പോൾ ആരുടെയെങ്കിലും പ്രീതി സമ്പാദിക്കാൻ അതെ എന്നോ പറയരുത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, February 23, 2021

തളർച്ച

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 24

തളർച്ച

"അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ ഈശോയുടെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട്‌ അവന്‍ തളര്‍വാതരോഗിയോട്‌ അരുളിച്ചെയ്‌തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു."
മത്തായി 9 : 2 

കൂടെയുള്ളവരുടെ വിശ്വാസം കണ്ട് ഈശോ തളർവാതരോഗിയെ സുഖമാക്കുന്നു...
പലവിധകരണങ്ങളാൽ മനസ്സും ആത്മാവും ശരീരവും തളർന്നുപോയവരെ ഈശോയുടെ പക്കൽ എത്തിക്കാൻ അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് കടമയുണ്ട്...
എഴുന്നേൽക്കാനാവാത്ത വിധം ജീവിതം തളർത്തിക്കളഞ്ഞവർക്ക് അഭയമായി ഈശോയുണ്ട്...
തളർന്നു പോയവരെ ചേർത്ത് പിടിച്ച് ഈശോയുടെ സന്നിധിയിൽ എത്തിക്കുന്ന വിശ്വാസധീരതയാണ് ജ്ഞാനധ്യാനം ഉയർത്തുന്ന വെല്ലുവിളി...
തളർന്നു കിടക്കുന്നവനോട് ഈശോ പറയുന്നത്
"മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു." എന്നതാണെന്ന് ശ്രദ്ധിക്കണം...
ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും തളർച്ചയ്ക്ക് പാപം കാരണമാകും എന്നത് വ്യക്തമാണ്...
പാപം വരുത്തിയ തളർച്ചയ്ക്ക് പ്രതിവിധിയും പരിഹാരവും ഈശോ നൽകുന്ന പാപമോചനമാണ്...
പാപമോചനത്തിന്റെ കൃപകൾ കൊണ്ട് ആത്മാവ് നിറയപ്പെടുമ്പോളാണ് തളർച്ച മാറുന്നതും ധൈര്യപൂർവ്വം എഴുന്നേറ്റ് നടക്കാൻ സാധിക്കുന്നതും....
"എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും."
1 യോഹന്നാന്‍ 1 : 9

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, February 22, 2021

അന്വേഷണം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 23

അന്വേഷണം

"ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു."
മത്തായി 7 : 8 

അന്വേഷിക്കുന്നവന്റെ വഴികളിലാണ് ദൈവം അനുഗ്രഹം ചൊരിയുന്നത് എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
മനസ്സ് മടുക്കാതെ പ്രാർത്ഥിക്കുകയും മടുപ്പ് തോന്നാതെ അധ്വാനിക്കുകയും ചെയ്യുന്നവരെയാണ് ദൈവം അനുഗ്രഹിക്കുന്നത് എന്നാണ് വചനവായനയുടെ അർത്ഥം എന്നത് വ്യക്തം...
അലസമായ വഴികളിൽ നടന്ന് നീങ്ങിയിട്ട് ദൈവാനുഗ്രഹം ആഗ്രഹിക്കുന്നതും അത്ഭുതം പ്രതീക്ഷിക്കുന്നതും എന്തൊരു ഭോഷത്തരമാണ്...
അവിടുത്തോട് ചോദിക്കുന്നവർക്കെല്ലാം കുറവില്ലാതെ ദാനങ്ങൾ നൽകുന്ന ദൈവം മനുഷ്യന്റെ അന്വേഷണത്തിന് വില കൊടുക്കുന്നു...
ചോദിക്കുക, അന്വേഷിക്കുക, മുട്ടുക എന്നീ ക്രീയാപദങ്ങൾ ആത്മീയമായ നിലനിൽപ്പിൽ ഒരാൾ പുലർത്തേണ്ടേ ജാഗ്രതയുടെയും നിരന്തരമായ അന്വേഷണത്തിന്റെയും സൂചനയാണ്...
'തന്നോട് ചോദിക്കുന്നവർക്ക് എത്രയോ നന്മകൾ അവിടുന്ന് നൽകുകയില്ല' എന്ന് മത്തായി സുവിശേഷകൻ എഴുതുമ്പോൾ ലൂക്കാ സുവിശേഷകന്റെ ഭാഷ്യം 'തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി അവിടുന്ന് പരിശുദ്ധാത്മാവിനെ നൽകുകയില്ല' എന്നാണ്...
അന്വേഷണത്തിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം പരിശുദ്ധാത്മാവിന്റെ നിറവാണ് എന്ന് കൂടി തിരിച്ചറിയുമ്പോൾ നിരന്തരമായ പ്രാർത്ഥനയുടെ പ്രാധാന്യം ആവർത്തിച്ചുറപ്പിക്കപ്പെടുന്നു.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, February 21, 2021

അകം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 22

അകം

"പുറമേനിന്ന്‌ ഉള്ളിലേക്കു കടന്ന്‌, ഒരുവനെ അശുദ്‌ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌."
മര്‍ക്കോസ്‌ 7 : 15 

ഉള്ളിന്റെ ശുദ്ധിയെക്കുറിച്ചാണ് ജ്ഞാനധ്യാനം...
ഹൃദയവിശുദ്ധിയ്ക്ക് പ്രാധാന്യം നൽകുന്ന ആത്മീയജീവിതമാണ് ഈശോയുടെ പ്രബോധനങ്ങളിൽ തെളിയുന്ന പ്രധാന പ്രമേയം...
പുറം മോടികളിൽ അഭിരമിച്ച് ഹൃദയശുദ്ധിയെ ധ്യാനിക്കാൻ മറന്നു പോയ യഹൂദ മതാത്മകതയുടെ അടിസ്ഥാന പ്രതിസന്ധി ഈശോ തുറന്ന് കാണിക്കുന്നു...
ആത്മീയ ജീവിതം പോലും നിയമപാലനങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ഒതുക്കാൻ ശ്രമിച്ച് കാരുണ്യത്തിന്റെ അടയാളങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരുന്ന ഒരു മതം തിരുത്തപ്പെടേണ്ടതാണ് എന്ന് ഈശോയുടെ വാക്കുകൾ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നു...
അത് കൊണ്ട് തന്നെ, ഹൃദയവിശുദ്ധിയെക്കുറിച്ച് പറയാൻ കിട്ടിയ അവസരങ്ങളിൽ ആഴമേറിയ പ്രബോധനങ്ങൾ കൊണ്ട് അവിടുന്ന് കേൾവിക്കാരെ പ്രബുദ്ധരാക്കി...
ഹൃദയശുദ്ധിയുള്ളവർക്കാണ് ദൈവദർശനം ലഭിക്കുന്നത് എന്ന ഈശോയുടെ വാക്കുകൾ ഓർമ്മിപ്പിച്ചാണ് മത്തായി സുവിശേഷകൻ മിശിഹാസംഭവം എഴുതി തുടങ്ങുന്നത്...
ആത്മീയമെന്ന് അപരനെ തോന്നിപ്പിക്കുന്ന എന്ത് പുറംതോടുകൾ കൊണ്ട് നാടകം കളി തുടർന്നാലും ഒരു ദിവസം ഹൃദയത്തിലെ യഥാർത്ഥ വിചാരങ്ങളുടെ കണക്കുപെട്ടിയുമായി അവിടുത്തെ മുന്നിൽ നിൽക്കേണ്ടി വരും എന്ന് തീർച്ച...
അപ്പോൾ, ശുദ്ധമായ ഒരു ഹൃദയം ഈശോയ്ക്ക് കണ്ടെത്താനാകും വിധം ഇപ്പോൾ തന്നെ ജീവിച്ച് തുടങ്ങിയേ തീരൂ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, February 20, 2021

പാറമേൽ പണിത വീട്‌

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 21

പാറമേൽ പണിത വീട്‌

"കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക."
മത്തായി 7 : 21 

സ്വർഗ്ഗരാജ്യമെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള വഴികളെക്കുറിച്ച് ഈശോ വ്യക്തമായ തിരിച്ചറിവുകൾ നൽകുന്നു...
വിളിച്ചപേക്ഷിച്ച് പ്രാർത്ഥിക്കുന്നതിന്റെ വൈകാരീകതൃപ്തിയിൽ നിന്നും ഉയർന്ന് പിതാവിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് അത് നിറവേറ്റുന്ന ആത്മീയ വഴിയാണ് സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ളത്...
ഈ തിരിച്ചറിവ് ജീവിതം കുറച്ചുകൂടി ആഴമേറിയ അന്വേഷണങ്ങളിലേയ്ക്ക് പ്രവേശിക്കാനുണ്ട് എന്ന ഓർമപ്പെടുത്തൽ സമ്മാനിക്കുന്നു...
"അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?"
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍."
ഒരായുസ്സ് മുഴുവൻ ഈശോയുടെ നാമത്തിൽ ജീവിച്ചു, പ്രാർത്ഥിച്ചു, പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുത്തു, പിശാചിനെ പുറത്താക്കി എന്നൊക്കെ സ്വയം അഭിമാനിക്കുന്നവർ കേൾക്കേണ്ടി വന്ന മറുപടി എത്ര വേദനാജനകമാണ്...
പ്രാർത്ഥനയുടെ വഴികളിലെന്ന് സ്വയം വൈകാരികതൃപ്തി കണ്ടെത്തുമ്പോളും ഈശോയുടെ ഇഷ്ടം നിറവേറ്റുന്ന ജീവിതം ഇല്ലെങ്കിൽ തിരസ്കരിക്കപ്പെടാൻ മാത്രം ആണ് സാധ്യത...
ആത്മീയജീവിതം ഒരു വീട് പണിക്ക് സമാനമാണ് എന്നാണ് ഈശോയുടെ പ്രബോധനം...
ദൈവഹിതത്തിന്റെ ലിഖിതരൂപമായ ദൈവവചനതിന്മേൽ അടിസ്ഥാനമിട്ട ഉറപ്പുള്ള ആത്മീയതയാണ് സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ള കവാടം....
അത്ഭുതം പ്രവർത്തിക്കുന്നതും പിശാചിനെ കീഴടക്കുന്നതും ആരുടെയും ആത്മീയവളർച്ചയുടെ അളവുകോലാകുന്നില്ല...അതൊക്ക ആഴമേറിയ വിശ്വാസം ഉള്ള മനുഷ്യർക്ക് വേണ്ടി ദൈവം അനുഗ്രഹം ചൊരിയുന്നതായി കരുതിയാൽ മതി...ദൈവഹിതം നിറവേറ്റുന്ന ജീവിതം മാത്രമാണ് ഒരാളുടെ ആത്മീയവളർച്ച കണ്ടെത്തേണ്ട ഏകകം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, February 10, 2021

നിവർന്നു നിൽക്കാൻ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 11

നിവർന്നു നിൽക്കാൻ

"ഈശോ അവളുടെമേല്‍ കൈകള്‍വച്ചു. തത്‌ക്‌ഷണം അവള്‍ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു."
ലൂക്കാ 13 : 13


പതിനെട്ടു വർഷമായി നിവർന്നു നിൽക്കാനാകാത്ത വിധം കൂനിപ്പോയ ഒരു സ്ത്രീ ഈശോയുടെ സാനിധ്യത്തിൽ നിവർന്നു നിൽക്കുന്നു...
പലവിധകാരണങ്ങൾ കൊണ്ട് നിവർന്നു നിൽക്കാൻ സാധിക്കാതെ കൂനിപ്പോയവർക്ക് നിവരനാകുന്നത് ഈശോയുടെ വാക്ക് കേൾക്കുമ്പോളാണ്...
അവിടുത്തെ ആശീർവാദം സ്വീകരിക്കുമ്പോളാണ്...
പ്രതികൂലതകളുടെ മുമ്പിൽ നിവർന്നു നിൽക്കാൻ ഈശോയുടെ കൂടെ നിൽക്കണം... പരിഹാസങ്ങൾ, തെറ്റിദ്ധാരണകൾ, വിട്ടുമാറാത്ത പ്രലോഭനങ്ങൾ... എല്ലാം ആത്മവിശ്വാസം കെടുത്തിക്കളയുകയും ജീവിതം കൂനിപ്പോവുകയും ചെയ്യുന്ന സങ്കടനേരങ്ങളിൽ ഈശോയുടെ സാനിധ്യത്തിൽ ആയിരിക്കാൻ നേരം കണ്ടെത്തിയേ തീരൂ...
അവിടുത്തെ വാക്ക് ആത്മാവിൽ അനുഗ്രഹമായി പതിക്കുമ്പോൾ എല്ലാ പ്രതികൂലതകളുടെയും മുമ്പിൽ ധൈര്യപൂർവ്വം നിവർന്നു നിൽക്കാൻ സാധിക്കും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, February 9, 2021

സ്വാതന്ത്ര്യം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 10

സ്വാതന്ത്ര്യം

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും."
യോഹന്നാന്‍ 8 : 32 

അടിമത്തം നൽകുന്ന ഭാരം അറിയാത്ത മനുഷ്യർ ഉണ്ടാവില്ല...
ഭൗതികമായി സ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന് സ്വയം ആശ്വസിക്കുമ്പോളും ആത്മീയ ജീവിതത്തിൽ സ്വാതന്ത്ര്യം ആവശ്യമുള്ള കുറേ മേഖലകൾ ഉണ്ട്...
പ്രലോഭനങ്ങൾ, ആന്തരികസംഘർഷങ്ങൾ, ഒറ്റപ്പെടലുകൾ, അലസത, എതിർപ്പിന്റെ ദുർസ്വഭാവം...
ഇങ്ങനെ ആത്മീയ ജീവിതം നേരിടുന്ന എല്ലാ അടിമത്തങ്ങളിൽ നിന്നും ഒരു മോചനം നേടാൻ ഉള്ള വഴിയാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
സത്യം അറിയുകയാണ് സ്വാതന്ത്ര്യം നേടാൻ ഉള്ള വഴി...
വചനമാണ് സത്യമെന്ന് ഈശോയുടെ പുരോഹിത പ്രാർത്ഥനയിൽ കണ്ടെത്തുന്നുമുണ്ട്...
അങ്ങനെയാകുമ്പോൾ വചനം അറിയുക എന്നതാണ് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി...
അറിയുക എന്നത് അഗാധമായ ബന്ധത്തിന് ബൈബിൾ ഉപയോഗിക്കുന്ന വാക്കാണ്...
ദൈവവചനത്തോട് ആഴമേറിയ ബന്ധം പുലർത്തുമ്പോളാണ് സ്വാതന്ത്ര്യം കിട്ടി തുടങ്ങുന്നത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, February 3, 2021

ദൈവസന്നിധിയിൽ ഒന്നാമൻ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 4

ദൈവസന്നിധിയിൽ ഒന്നാമൻ

"ഈശോ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം."
മര്‍ക്കോസ്‌ 9 : 35 

തങ്ങളിൽ ആരാണ് വലിയൻ എന്ന് കണ്ടെത്താൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു ശിഷ്യർ...
ഈശോയോടൊത്തുള്ള യാത്രകളിൽ പോലും ഒതുങ്ങിയും പാത്തും അവർ ആവേശപൂർവ്വം ചർച്ചകളിൽ മുഴുകിയിരുന്നത് തങ്ങളിൽ വലിയവനെ കണ്ടെത്തനാണ്...
ആദ്യ ശിഷ്യരുടെ മാത്രമല്ല, എല്ലാ കാലത്തേയും ശിഷ്യരുടെ ചർച്ചകൾ ഇങ്ങനെ തന്നെ പോകുന്നു...
വലിയവൻ ആകാനും വലിയവൻ ആണ് എന്ന് സ്വയം തെളിയിക്കാനുമുള്ള പ്രലോഭനം അത്ര ചെറുതൊന്നുമല്ല...
ലോകത്തിന്റെ വീക്ഷണമനുസരിച്ച് സ്വയം വലിപ്പം കണ്ടെത്താൻ ശ്രമിച്ച ശിഷ്യരുടെ മുഴുവൻ കണക്ക് കൂട്ടലുകളും ഈശോ തെറ്റിച്ചു...
ഈശോയുടെ കാഴ്ചപ്പാടിലെ വലിപ്പം എന്താണ് എന്ന് തിരിച്ചറിയുകയാണ് പ്രധാനം...
ശിശുവിനെപ്പോലെ നൈർമല്യം കാത്തുസൂക്ഷിക്കുക, എല്ലാവരെയും ശുശ്രൂഷിക്കാൻ മനസ്സുണ്ടാവുക...
ഇതൊക്കെയാണ് ദൈവസന്നിധിയിൽ ഒന്നാമനാകാൻ ഉള്ള ഏക വഴി...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, January 31, 2021

മഹത്വം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 1

മഹത്വം

"പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക്‌ എങ്ങനെ വിശ്വസിക്കാന്‍ കഴിയും?"
യോഹന്നാന്‍ 5 : 43 

ഈശോയ്ക്ക് യഹൂദരെക്കുറിച്ചുള്ള സങ്കടം ആണ് വചനവായനയിൽ കണ്ടെത്തുന്നത്...
ഇന്ന് ജ്ഞാനധ്യാനം നടത്തുമ്പോൾ ഈശോയ്ക്ക് എന്നെക്കുറിച്ചും ഇങ്ങനെ ഒരു സങ്കടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് തിരിച്ചറിയുന്നു...
മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുകയും ദൈവത്തിൽനിന്നുള്ള മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന അപകടകരമായതും പുരാതനമായതുമായ ആ വികലതയിൽ നിന്ന് ഞാനും മോചിതനല്ല...
മഹത്വം സ്വീകരിക്കേണ്ടത് ദൈവത്തിൽനിന്നാണ്...
ദൈവമാണ് യഥാർത്ഥത്തിൽ മഹത്വപ്പെടുത്തേണ്ടത്...
പറയുന്ന വാക്കുകളിലോ ചെയ്യുന്ന പ്രവർത്തികളിലോ നന്മയുണ്ടെങ്കിൽ അതിന്റെ മഹത്വം നൽകേണ്ടതും ദൈവത്തിനാണ്...
സ്വാർത്ഥതയും അഹന്തയും നിറഞ്ഞ സ്വയംപൂജയിൽ നിന്നാണ് മോചനം വേണ്ടത്...
മനുഷ്യരെ ബോധിപ്പിക്കാനും പ്രീതിപ്പെടുത്താനും കൈയ്യടി നേടാനുമുള്ള താത്രപ്പാടിൽ കൈമോശം വരുന്നത് ദൈവം നൽകുന്ന മഹത്വമാണ് എന്ന സത്യം തിരിച്ചറിയുന്നു...
ദൈവം മഹത്വം നൽകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് മനുഷ്യന്റെ കൈയ്യടിക്ക് പിന്നാലെ ഓടുന്ന അപക്വമായ നിലപാടുകളിൽ നിന്ന് മോചനം വേണം...
ഈശോയെ, അങ്ങെന്നെ മഹത്വപ്പെടുത്താൻ കരുതിവച്ചിരിക്കുന്ന സമയം വരെ കാത്തിരിക്കാനുള്ള ദീർഘ ക്ഷമ നൽകി എന്നെ അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, January 28, 2021

കല്ലെറിയുന്നവർ

ജ്ഞാനധ്യാനം
2021 ജനുവരി 29

കല്ലെറിയുന്നവർ

"ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു."
മത്തായി 23 : 37 

ജെറുസലേമിനെക്കുറിച്ചുള്ള ഈശോയുടെ സങ്കടമാണ് സുവിശേഷവായനയിൽ കണ്ടെത്തുന്നത്...
പ്രവാചകൻമാരെ വധിക്കുകയും അടുത്തേയ്ക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്തവൾ എന്നാണ് ജെറുസലേമിനെ ഈശോ സംബോധന ചെയ്യുന്നത്...
പ്രത്യേകജീവിതസാഹചര്യങ്ങളിൽ ദൈവഹിതം വെളിപ്പെടുത്തുകയും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് അത് വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് പ്രവാചകന്മാർ...
പ്രവാചകൻമാരെ വധിച്ചവർ എന്നതിന്റെ അർത്ഥം ദൈവഹിതം തിരസ്കരിച്ചവർ എന്ന് തന്നെയാണ്...
ദൈവത്തിന്റെ സ്വപ്‌നങ്ങൾ പങ്ക് വയ്ക്കാൻ വരുന്നവർക്കെതിരെ കല്ലെറിയാൻ മാത്രം ക്രൂരത ഉള്ളിൽ സൂക്ഷിച്ചു എന്നതായിരുന്നു ജെറുസലേമിന്റെ തെറ്റ്...
പിടക്കോഴി കുഞ്ഞുങ്ങൾക്ക് ചിറകിൻ കീഴിൽ സംരക്ഷണം നൽകുന്നത് പോലെ സുരക്ഷിതത്വം നൽകാനുള്ള ദൈവത്തിന്റെ വഴികളെപോലും അവർ തട്ടിമാറ്റി...
ഈശോയ്ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ എസ്തപ്പനോസിനെതിരെ കൂടി കല്ലെറിഞ്ഞു അവർ തങ്ങളുടെ ക്രൂരത വീണ്ടും പ്രകടമാക്കി...
സത്യപ്രവാചകൻമാരെയും അവർ അറിയിക്കുന്ന ദൈവഹിതത്തെയും സ്വീകരിക്കുന്നവർക്കാണ് ദൈവീകസംരക്ഷണം ലഭിക്കുന്നത്...
പ്രവാചകരുടെ അധരങ്ങൾ വെളിപ്പെടുത്തിയ ദൈവഹിതത്തിന്റെയും അതിന്റെ വ്യാഖ്യാനങ്ങളുടെയും എഴുത്ത് രൂപമായ ദൈവവചനം ഉള്ളിൽ സൂക്ഷിക്കുക എന്നത് മാത്രമാണ് ദൈവഹിതം തിരിച്ചറിയാനുള്ള ഏക വഴി...
ദൈവഹിതത്തിന്റെ അനാവരണത്തിനുള്ള യത്നമാണ് ജ്ഞാനധ്യാനം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, January 27, 2021

വന്നു കാണുക, കൂടെ വസിക്കുക

ജ്ഞാനധ്യാനം
2021 ജനുവരി 28

വന്നു കാണുക, കൂടെ വസിക്കുക

"ഈശോ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന്‌ അവന്‍ വസിക്കുന്നിടം കാണുകയും അന്ന്‌ അവനോടുകൂടെ താമസിക്കുകയും ചെയ്‌തു."
യോഹന്നാന്‍ 1 : 39 

അന്വേഷികളായ ശിഷ്യരുടെ കൗതുകം നിറഞ്ഞ ചോദ്യമാണ് ജ്ഞാനധ്യാനത്തിനാധാരം...
"റബ്ബി, അങ്ങ് എവിടെ ആണ് വസിക്കുന്നത്? "
ഒറ്റ വാക്കിൽ ഉത്തരമായി താമസിക്കുന്ന ഇടം പറഞ്ഞ് കൊടുക്കാമായിരുന്നു...
പക്ഷെ, അവിടുന്ന് അത് ചെയ്തില്ല...
അവിടുന്ന് വസിക്കുന്ന ഇടത്തിലേയ്ക്ക് ചോദ്യം ചോദിച്ചവരെ എത്തിക്കാൻ വേണ്ടി, "വന്നു കാണുക " എന്ന് മാത്രം മറുപടി പറഞ്ഞു...
അന്വേഷിക്കുന്നവന്റെ ഉത്തരവാദിത്വമാകുന്നു ഗുരു വസിക്കുന്ന ഇടം കണ്ടെത്തുക എന്നത്... ആത്മബന്ധത്തിന്റെ നനവുള്ള സൗഹൃദത്തിലേയ്ക്കാണ് അവിടുന്ന് അവരെ വിളിച്ചത്...
വെറുതെ വഴിയരികിൽ നിന്ന് അവിടുന്ന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചിരുന്നു എങ്കിൽ 
ശിഷ്യരുടെ ഗണത്തിൽ പത്രോസും അന്ത്രയോസും കൂട്ടുകാരനും ഉണ്ടാകുമായിരുന്നില്ല....
അവരെ കൂടെ കൂട്ടാൻ അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചത് കൊണ്ട് കൂടെ വസിക്കാൻ അവരെ ക്ഷണിച്ചു...
ഒരിക്കൽ കൂടെ വസിച്ചാൽ പിന്നെ അവിടുത്തെ എങ്ങനെ വിട്ടുപോകും?
ഒരിക്കലുമാകില്ല...
ചോദ്യങ്ങൾക്ക് ഉത്തരം വൈകുകയോ, സ്വയം ഉത്തരം കണ്ടെത്തുകയോ ചെയ്യേണ്ടി വരുമ്പോൾ അസ്വസ്ഥത വേണ്ട...
ഒരുപക്ഷെ, ഈശോവസിക്കുന്ന ഇടം കണ്ടെത്താനും അവിടുത്തെ കൂടെ വസിക്കാനും സഹായിക്കുന്ന അന്വേഷണത്തിന് മനസിനെ ബലപ്പെടുത്താൻ വേണ്ടിയാകും ചില ചോദ്യങ്ങളുടെ ഉത്തരം കൂടുതൽ സങ്കീർണ്ണമാകുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, January 26, 2021

ദാനധർമ്മം

ജ്ഞാനധ്യാനം
2021 ജനുവരി 27

ദാനധർമ്മം

"നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും."
മത്തായി 6 : 3-4 

ആത്മീയജീവിതം കൃപ നിറഞ്ഞവരാകാൻ പരിശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട അടിസ്ഥാന പഠനങ്ങളാണ് ഈശോയുടെ പ്രബോധനം...
പ്രകടനങ്ങളിലേയ്ക്കും അനുഷ്ടാനങ്ങളിലേയ്ക്കും മാത്രം ആത്മീയയതയെ പ്രതിഷ്ഠിക്കാനുള്ള മനുഷ്യന്റെ പ്രലോഭനം ആദ്യകാലം മുതലേ ഉള്ളതാണ്...
"കാണിച്ചികൂട്ടലുകളും സ്വയം നീതികരണവുമൊക്കെയായി" ആത്മീയത
ഒതുക്കപ്പെടാൻ ഉള്ള സാധ്യത മുന്നിൽ കണ്ടായിരിക്കാം ഈശോ മുന്നറിയിപ്പ് നൽകുന്നത്...
ഈശോ ജീവിച്ചിരുന്ന സമൂഹം സൃഷ്ടിച്ചെടുത്ത കപടമതാത്മകതയുടെ പൊള്ളത്തരം അവിടുന്ന് തുറന്ന് കാണിക്കുന്നു...
ആന്തരീകതയാണ് ആത്മീയതയുടെ അളവുകോൽ എന്ന സമവാക്യമാണ് ഈശോ രൂപപ്പെടുത്തുന്നത്...
അതുകൊണ്ട് തന്നെ കാലങ്ങളായി ആത്മീയതയുടെ അടയാളങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന പ്രാർത്ഥനയും ഉപവാസവും ദാനധർമ്മവും രഹസ്യത്തിൽ ആയിരിക്കണം എന്നാണ് അവിടുത്തെ ഓർമ്മപ്പെടുത്തൽ...
രഹസ്യങ്ങൾ അറിയുന്ന പിതാവിന്റെ പ്രതിഭലമായിരിക്കണം ദാനം ചെയ്യുന്നവന്റെ പ്രചോദനം...
"ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്‌? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു."
ഗലാത്തിയാ 1 : 10

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, January 13, 2021

ശാന്തമാകുന്ന കടൽ

ജ്ഞാനധ്യാനം
2020 ജനുവരി 14

ശാന്തമാകുന്ന കടൽ

"അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി."
മര്‍ക്കോസ്‌ 4 : 39 

പ്രകൃതിയുടെ മേൽ അധികാരമുള്ള ദൈവമാണ് അവിടുന്ന് എന്ന് ഈശോയുടെ പ്രവർത്തി വ്യക്തമാക്കുന്നു...
ഒരു തിരയിളക്കത്തിൽ മുങ്ങി തീരമായിരുന്ന ജീവിതമായിരുന്നു ശിഷ്യരുടേത്...
യാത്ര ചെയ്‌ത വഞ്ചിയിൽ ഈശോ ഉണ്ടായിരുന്നത് കൊണ്ട് അത് സംഭവിച്ചില്ല എന്ന് മാത്രം...
എവിടേയ്ക്ക്, എങ്ങനെ യാത്ര ചെയ്യുന്നു എന്നതല്ല ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പോകുന്ന യാത്രകളിൽ ഈശോ കൂടെ ഉണ്ടോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പ്രലോഭനങ്ങളുടെയോ, പ്രതിസന്ധികളുടെയോ, സങ്കടങ്ങളുടെയോ, സംഘർഷങ്ങളുടെയോ തിരയിളക്കത്തിൽ മുങ്ങിത്താഴാതെ സംരക്ഷണം നൽകുന്നത് ഈശോയോടുള്ള കൂട്ട് മാത്രമാണ്...
മാർത്തോമാ സഭയിലെ സാജൻ അച്ചൻ രോഗിയായി തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നപ്പോൾ എഴുതിയ പാട്ട് ജ്ഞാനധ്യാനത്തെ കൂടുതൽ പ്രകാശിപ്പിക്കും...
"ഒരു മഴയും തോരാതിരുന്നിട്ടില്ല...
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല...
ഒരു രാവും പുലരാതിരുന്നിട്ടില്ല...
ഒരു നോവും കുറയാതിരുന്നിട്ടില്ല...
ഈ തിരമാലയിൽ എൻ ചെറുതോണിയിൽ
അമരത്തെൻ അരികിൽ അവനുള്ള നാൾ ! "

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, January 7, 2021

തിന്മയ്‌ക്കെതിരെ

ജ്ഞാനധ്യാനം
2021 ജനുവരി 8

തിന്മയ്‌ക്കെതിരെ

"അവന്റെ തല കൊണ്ടുവരാന്‍ ആജ്‌ഞാപിച്ച്‌ ഒരു സേവകനെ രാജാവ്‌ ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന്‌ യോഹന്നാന്റെ തല വെട്ടിയെടുത്തു."
മര്‍ക്കോസ്‌ 6 : 27 

വിശ്വസിക്കുന്ന സത്യങ്ങൾക്കും ആരാധിക്കുന്ന ദൈവത്തിനും വേണ്ടി ധീരമായ നിലപാടുകൾ എടുത്തത് കൊണ്ട് തല നഷ്ടപ്പെട്ട ഒരു ശ്രേഷ്ഠ പ്രവാചകനാണ് സ്നാപകയോഹന്നാൻ...
ഈശോയ്ക്ക് വഴിയൊരുക്കിയവൻ...
മരുഭൂമിയിൽ വസിച്ച് ആത്മാവിൽ ശക്തിപ്പെട്ടവൻ...
ഈശോ വന്നപ്പോൾ വഴി മാറികൊടുത്തവൻ...
ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ കന്യകമറിയത്തിന്റെ  അഭിവാദനം കേട്ടപ്പോൾ അമ്മയായ എലിസബത്തിന്റെ ഉദരത്തിൽ വച്ച് തന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവൻ...
ജീവിക്കുന്ന രാജ്യത്തിന്റെ അധിപനായ രാജാവിന്റെ അശുദ്ധമായ കൂട്ടുകെട്ടിന്റെ തിന്മയെക്കെതിരെ ശബ്ധിക്കാൻ ആർജ്ജവം ഉണ്ടായിരുന്നവൻ...
തല പോകും എന്നറിഞ്ഞിട്ടും തിന്മ കണ്ടപ്പോൾ തിന്മയാണ് എന്ന് വിളിച്ചു പറയാൻ തന്റേടം ഉണ്ടായിരുന്നവൻ...
സ്‌നേപകയോഹനാന്റെ വ്യതിരിക്തമായ നിലപാടുകൾക്ക് കാരണം അദ്ദേഹത്തിന്റെ ഉള്ളിലെ പരിശുദ്ധത്മാഭിഷേകം ആയിരുന്നു എന്ന് തീർച്ചയാണ്...
ഉണ്ണീശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയുടെ അഭിവാദനം സ്വീകരിക്കാൻ മനസ്സാണെങ്കിൽ തിന്മയെ എതിർക്കാനുള്ള അഭിഷേകം ലഭിക്കും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, January 6, 2021

ജീവൻ

ജ്ഞാനധ്യാനം
2021 ജനുവരി 7

ജീവൻ

"അവളെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌ കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ."
ലൂക്കാ 7 : 13 

ഈശോയുടെ ജീവിതനിയോഗവും ദൗത്യവും ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു... 
ഈശോയുടെ പ്രഥമവും പ്രധാനവുമായ ദൗത്യമായ ദൈവാരാജ്യസ്ഥാപനത്തിന്റെ സവിശേഷമായ അടയാളങ്ങൾ അഞ്ച് തലങ്ങളിൽ ഉണ്ട് എന്നത് ആർക്കും നിഷേധിക്കാനാവാത്ത ദൈവശാസ്ത്ര വ്യാഖ്യാനം ആണ്... 

1. രോഗികളെ സുഖപ്പെടുത്തി 
2. പിശാചുക്കളെ ബഹിഷ്കരിച്ചു 
3. പ്രപഞ്ചശക്തികളുടെമേൽ അധികാരം തെളിയിച്ചു 
4. മരിച്ചവരെ ഉയിർപ്പിച്ചു 
5. പാപങ്ങൾ മോചിച്ചു 

മനുഷ്യജീവന്റെ ഉടയവനും അധികാരിയും ദൈവമാണെന്നുള്ള തിരിച്ചറിവിലേയ്ക്ക് വായനക്കാരെ നയിക്കുന്ന സുവിശേഷസാക്ഷ്യമാണ് ജ്ഞാനധ്യാനത്തിനാധാരം...
നായിനിലെ വിധവയുടെ ഏക മകനെ ഉയിർപ്പിച്ച് ഈശോ അവിടുത്തെ വാക്ക് കൊണ്ട് മരണത്തെ തോൽപ്പിക്കുന്നു...
മൃതിയടഞ്ഞ ജീവിതാവസ്ഥകളിൽ വ്യാപാരിക്കുന്നവർ മിശിഹായെ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ക്രിയാത്മകമായ രൂപാന്തരീകരണമാണ് പ്രകടമാകുന്നത്...
തണുത്തുറഞ്ഞു പോയ എന്റെ സ്നേഹം, മൃതിയടഞ്ഞ എന്റെ വിശ്വാസം, ജീവൻ നഷ്ടപ്പെട്ട പ്രാർത്ഥനാജീവിതം, മരണമടഞ്ഞ ബന്ധങ്ങൾ, ജീവനില്ലാത്ത എന്റെ ബോധ്യങ്ങളും നിലപാടുകളും, കളഞ്ഞു പോയ നൈർമല്യം...
എല്ലാം ഉയിർക്കപ്പെടേണ്ടതുണ്ട്...
ഒന്നേ ഉള്ളൂ പരിഹാരമാർഗ്ഗം...
മിശിഹായെ കണ്ടെത്തുക...
അവിടുത്തെ മുമ്പിൽ ഇരിക്കുക...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.