Wednesday, January 27, 2021

വന്നു കാണുക, കൂടെ വസിക്കുക

ജ്ഞാനധ്യാനം
2021 ജനുവരി 28

വന്നു കാണുക, കൂടെ വസിക്കുക

"ഈശോ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന്‌ അവന്‍ വസിക്കുന്നിടം കാണുകയും അന്ന്‌ അവനോടുകൂടെ താമസിക്കുകയും ചെയ്‌തു."
യോഹന്നാന്‍ 1 : 39 

അന്വേഷികളായ ശിഷ്യരുടെ കൗതുകം നിറഞ്ഞ ചോദ്യമാണ് ജ്ഞാനധ്യാനത്തിനാധാരം...
"റബ്ബി, അങ്ങ് എവിടെ ആണ് വസിക്കുന്നത്? "
ഒറ്റ വാക്കിൽ ഉത്തരമായി താമസിക്കുന്ന ഇടം പറഞ്ഞ് കൊടുക്കാമായിരുന്നു...
പക്ഷെ, അവിടുന്ന് അത് ചെയ്തില്ല...
അവിടുന്ന് വസിക്കുന്ന ഇടത്തിലേയ്ക്ക് ചോദ്യം ചോദിച്ചവരെ എത്തിക്കാൻ വേണ്ടി, "വന്നു കാണുക " എന്ന് മാത്രം മറുപടി പറഞ്ഞു...
അന്വേഷിക്കുന്നവന്റെ ഉത്തരവാദിത്വമാകുന്നു ഗുരു വസിക്കുന്ന ഇടം കണ്ടെത്തുക എന്നത്... ആത്മബന്ധത്തിന്റെ നനവുള്ള സൗഹൃദത്തിലേയ്ക്കാണ് അവിടുന്ന് അവരെ വിളിച്ചത്...
വെറുതെ വഴിയരികിൽ നിന്ന് അവിടുന്ന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചിരുന്നു എങ്കിൽ 
ശിഷ്യരുടെ ഗണത്തിൽ പത്രോസും അന്ത്രയോസും കൂട്ടുകാരനും ഉണ്ടാകുമായിരുന്നില്ല....
അവരെ കൂടെ കൂട്ടാൻ അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചത് കൊണ്ട് കൂടെ വസിക്കാൻ അവരെ ക്ഷണിച്ചു...
ഒരിക്കൽ കൂടെ വസിച്ചാൽ പിന്നെ അവിടുത്തെ എങ്ങനെ വിട്ടുപോകും?
ഒരിക്കലുമാകില്ല...
ചോദ്യങ്ങൾക്ക് ഉത്തരം വൈകുകയോ, സ്വയം ഉത്തരം കണ്ടെത്തുകയോ ചെയ്യേണ്ടി വരുമ്പോൾ അസ്വസ്ഥത വേണ്ട...
ഒരുപക്ഷെ, ഈശോവസിക്കുന്ന ഇടം കണ്ടെത്താനും അവിടുത്തെ കൂടെ വസിക്കാനും സഹായിക്കുന്ന അന്വേഷണത്തിന് മനസിനെ ബലപ്പെടുത്താൻ വേണ്ടിയാകും ചില ചോദ്യങ്ങളുടെ ഉത്തരം കൂടുതൽ സങ്കീർണ്ണമാകുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment