Wednesday, January 13, 2021

ശാന്തമാകുന്ന കടൽ

ജ്ഞാനധ്യാനം
2020 ജനുവരി 14

ശാന്തമാകുന്ന കടൽ

"അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി."
മര്‍ക്കോസ്‌ 4 : 39 

പ്രകൃതിയുടെ മേൽ അധികാരമുള്ള ദൈവമാണ് അവിടുന്ന് എന്ന് ഈശോയുടെ പ്രവർത്തി വ്യക്തമാക്കുന്നു...
ഒരു തിരയിളക്കത്തിൽ മുങ്ങി തീരമായിരുന്ന ജീവിതമായിരുന്നു ശിഷ്യരുടേത്...
യാത്ര ചെയ്‌ത വഞ്ചിയിൽ ഈശോ ഉണ്ടായിരുന്നത് കൊണ്ട് അത് സംഭവിച്ചില്ല എന്ന് മാത്രം...
എവിടേയ്ക്ക്, എങ്ങനെ യാത്ര ചെയ്യുന്നു എന്നതല്ല ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പോകുന്ന യാത്രകളിൽ ഈശോ കൂടെ ഉണ്ടോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പ്രലോഭനങ്ങളുടെയോ, പ്രതിസന്ധികളുടെയോ, സങ്കടങ്ങളുടെയോ, സംഘർഷങ്ങളുടെയോ തിരയിളക്കത്തിൽ മുങ്ങിത്താഴാതെ സംരക്ഷണം നൽകുന്നത് ഈശോയോടുള്ള കൂട്ട് മാത്രമാണ്...
മാർത്തോമാ സഭയിലെ സാജൻ അച്ചൻ രോഗിയായി തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നപ്പോൾ എഴുതിയ പാട്ട് ജ്ഞാനധ്യാനത്തെ കൂടുതൽ പ്രകാശിപ്പിക്കും...
"ഒരു മഴയും തോരാതിരുന്നിട്ടില്ല...
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല...
ഒരു രാവും പുലരാതിരുന്നിട്ടില്ല...
ഒരു നോവും കുറയാതിരുന്നിട്ടില്ല...
ഈ തിരമാലയിൽ എൻ ചെറുതോണിയിൽ
അമരത്തെൻ അരികിൽ അവനുള്ള നാൾ ! "

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment