2021 ജനുവരി 29
കല്ലെറിയുന്നവർ
"ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു."
മത്തായി 23 : 37
ജെറുസലേമിനെക്കുറിച്ചുള്ള ഈശോയുടെ സങ്കടമാണ് സുവിശേഷവായനയിൽ കണ്ടെത്തുന്നത്...
പ്രവാചകൻമാരെ വധിക്കുകയും അടുത്തേയ്ക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്തവൾ എന്നാണ് ജെറുസലേമിനെ ഈശോ സംബോധന ചെയ്യുന്നത്...
പ്രത്യേകജീവിതസാഹചര്യങ്ങളിൽ ദൈവഹിതം വെളിപ്പെടുത്തുകയും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് അത് വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് പ്രവാചകന്മാർ...
പ്രവാചകൻമാരെ വധിച്ചവർ എന്നതിന്റെ അർത്ഥം ദൈവഹിതം തിരസ്കരിച്ചവർ എന്ന് തന്നെയാണ്...
ദൈവത്തിന്റെ സ്വപ്‌നങ്ങൾ പങ്ക് വയ്ക്കാൻ വരുന്നവർക്കെതിരെ കല്ലെറിയാൻ മാത്രം ക്രൂരത ഉള്ളിൽ സൂക്ഷിച്ചു എന്നതായിരുന്നു ജെറുസലേമിന്റെ തെറ്റ്...
പിടക്കോഴി കുഞ്ഞുങ്ങൾക്ക് ചിറകിൻ കീഴിൽ സംരക്ഷണം നൽകുന്നത് പോലെ സുരക്ഷിതത്വം നൽകാനുള്ള ദൈവത്തിന്റെ വഴികളെപോലും അവർ തട്ടിമാറ്റി...
ഈശോയ്ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ എസ്തപ്പനോസിനെതിരെ കൂടി കല്ലെറിഞ്ഞു അവർ തങ്ങളുടെ ക്രൂരത വീണ്ടും പ്രകടമാക്കി...
സത്യപ്രവാചകൻമാരെയും അവർ അറിയിക്കുന്ന ദൈവഹിതത്തെയും സ്വീകരിക്കുന്നവർക്കാണ് ദൈവീകസംരക്ഷണം ലഭിക്കുന്നത്...
പ്രവാചകരുടെ അധരങ്ങൾ വെളിപ്പെടുത്തിയ ദൈവഹിതത്തിന്റെയും അതിന്റെ വ്യാഖ്യാനങ്ങളുടെയും എഴുത്ത് രൂപമായ ദൈവവചനം ഉള്ളിൽ സൂക്ഷിക്കുക എന്നത് മാത്രമാണ് ദൈവഹിതം തിരിച്ചറിയാനുള്ള ഏക വഴി...
ദൈവഹിതത്തിന്റെ അനാവരണത്തിനുള്ള യത്നമാണ് ജ്ഞാനധ്യാനം...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment