Thursday, March 4, 2021

ജീവിക്കുന്നവരുടെ ദൈവം

ജ്ഞാനധ്യാനം
2020 മാർച്ച് 5

ജീവിക്കുന്നവരുടെ ദൈവം

"അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു."
മര്‍ക്കോസ്‌ 12 : 27 

പുനരുത്ഥാനം ഇല്ല എന്ന് വിശ്വസിച്ചിരുന്ന യഹൂദഗണമായിരുന്നു സദുക്കായർ...
ആശയപരമായ വ്യത്യാസങ്ങൾ സദുക്കായരുടെയും ഫരിസേയരുടെയും പ്രബോധനങ്ങളിൽ ഉണ്ടായിരുന്നു...
പക്ഷേ, ഈശോയെ ചോദ്യം ചെയ്ത് വാക്കിൽ കുടുക്കാൻ ശ്രമിക്കുന്നതിൽ അവർ ഒന്നായിരുന്നു...
പുനരുത്ഥാനം ഇല്ല എന്ന വാദഗതി ഉന്നയിച്ചതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഉത്തരം കിട്ടുന്നതിന് വേണ്ടി ഭാവനയിൽ രൂപപ്പെടുത്തിയെടുത്ത കടംകഥ പോലെയുള്ള ഒരു ചോദ്യവുമായി അവർ ഈശോയെ സമീപിക്കുന്നു...
ഉത്ഥാനാനന്തരമുള്ള ജീവിതത്തെ ഭൂമിയിലെ നിലനില്പിനോട് താരതമ്യപ്പെടുത്തി ചിന്തിക്കുന്നവരുടെ തെറ്റ് ഈശോ ചൂണ്ടിക്കാണിക്കുന്നു...
മനുഷ്യബുദ്ധിക്കതീതമായ കാര്യങ്ങളെ തികച്ചും ഭൗമീകമായി മാത്രം മനസിലാക്കാനും വ്യാഖ്യനിക്കാനും ശ്രമിക്കുന്നത് എന്ത് മണ്ടത്തരമാണ്...
പുനരുത്ഥാനത്തിൽ ഉള്ള നിലനിൽപ്പിന്റെ അനന്യത ദൈവത്തിന്റെ മകൾ / മകൻ എന്നതാണ്...
മാനുഷീകമായി നമ്മൾ പരിചയപ്പെട്ടിട്ടുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും വ്യത്യസ്തമായ ആത്മീയമായ നിലനിൽപ്പാണ് പുനരുത്ഥാനജീവിതത്തിന്റെ സവിശേഷത എന്നത് മാത്രമാണ് കുഞ്ഞുബുദ്ധിയിൽ സൂക്ഷിക്കാവുന്ന ലളിതമായ പാഠം...
ദൈവത്തെയും ദൈവീകസത്യങ്ങളെയും ഭൗതീകമായ അളവുകോലിൽ മനസിലാക്കാൻ ശ്രമിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഒരുപോലെ തെറ്റാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment