Monday, March 8, 2021

പിതാവിന്റെ ഇഷ്ടം

ജ്ഞാനധ്യാനം
2021 മാർച്ച്‌ 9

പിതാവിന്റെ ഇഷ്ടം

"ഈശോ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രന്‌ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു."
യോഹന്നാന്‍ 5 : 19 

പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ഈശോയുടേത്...
നസ്രത്തിലെ കൊച്ചു വീട്ടിൽ വിശുദ്ധ യൗസേപ്പ് പിതാവും പരിശുദ്ധ മറിയവും ഈശോയെ പഠിപ്പിച്ചതും ദൈവഹിതത്തിന് വിധേയപ്പെടുന്ന ജീവിതശൈലിയായിരുന്നു....
ദൈവത്തിന്റെ ഇഷ്ടം അറിയിച്ച ദൈവദൂതന്മാരുടെ വാക്കനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയ മാതാപിതാക്കളിൽ നിന്ന് തന്നെ ഈശോ ദൈവാഹിതാനുസരണത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു...
അവിടുത്തെ ജീവിതത്തിന്റെ ഊർജ്ജം പോലും പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിലായിരുന്നു...
"എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്റെ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34
ഗത്സമേനിലെ സങ്കടനേരത്തു പോലും അവിടുത്തെ അധരങ്ങളിലെ സുകൃതജപം "പിതാവേ, അങ്ങയുടെ ഇഷ്ടം എന്നിൽ നിറവേറട്ടെ" എന്നായിരുന്നു...
അതിരാവിലെ ഉണർന്ന് വിജനതയിൽ ആയിരുന്നും രാത്രിയുടെ യാമങ്ങളിൽ മലമുകളിൽ തനിച്ചായിരുന്നും ഒക്കെ അവിടുന്ന് കണ്ടെത്താൻ ശ്രമിച്ചത് പിതാവിന്റെ ഇഷ്ടമായിരുന്നു...
ദൈവഹിതം തിരിച്ചറിഞ്ഞ് അത് പൂർത്തിയാക്കാൻ സമർപ്പിക്കപ്പെടുന്ന ജീവിതങ്ങളിലാണ് ദൈവം പ്രസാദിക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment