Sunday, March 7, 2021

ആരുമില്ലാത്തവർ

ജ്ഞാനധ്യാനം
2021 മാർച്ച് 8

ആരുമില്ലാത്തവർ

"അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.
യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.
അവന്‍ തത്‌ക്‌ഷണം സുഖം പ്രാപിച്ച്‌ കിടക്കയെടുത്തു നടന്നു. അന്ന്‌ സാബത്ത്‌ ആയിരുന്നു."
യോഹന്നാന്‍ 5 : 7-9 

മുപ്പത്തിയെട്ട് വർഷങ്ങളായി തളർന്നു കിടന്ന ഒരാളെ തേടി ഈശോ എത്തുന്നു...
ഈശോ ജനിക്കുന്നതിനു മുമ്പേ അയാൾ തളർന്നു പോയതാണ്...
രോഗം ബാധിച്ചവർക്ക് സൗഖ്യം പകരുന്ന അത്ഭുതയുറവയുണ്ടായിരുന്ന ബെത്സയ്ദ കുളക്കരയിൽ രോഗമുക്തി ആഗ്രഹിച്ചു അയാൾ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി...
കുളത്തിലെ വെള്ളമിളകുന്ന നേരം നോക്കിയാണ് കുളത്തിൽ ഇറങ്ങേണ്ടത്...
ഏതോ ഒരു മാലാഖ വന്ന് വെള്ളം ഇളക്കുന്നതാണ് എന്നായിരുന്നു അവരുടെ വിശ്വാസം...
മാലാഖ വെള്ളം ഇളക്കുമ്പോൾ വെള്ളത്തിലേയ്ക്കിറങ്ങാൻ ഒന്ന് സഹായിക്കാൻ ആരുമില്ല എന്നതായിരുന്നു തളർവാത രോഗിയുടെ സങ്കടം...
ആരുമില്ലാത്തവർക്ക് ഈശോയുണ്ട് എന്ന് വെറുതെ പറയുന്നതല്ല എന്ന ഉറപ്പാണ് ഇന്നത്തെ ജ്ഞാനധ്യാനം നൽകുന്നത്...
കുളത്തിലെ വെള്ളമിളകുമ്പോൾ അതിലിറങ്ങുന്നത് മാത്രമാണ് സൗഖ്യം നൽകുന്നത് എന്ന് ചിന്തിക്കാനേ ആ പാവം തളർവാതരോഗിക്കായുള്ളൂ...
അയാൾ ചിന്തിക്കുന്നതിനപ്പുറമുള്ള വഴികൾ തുറന്ന് ഈശോ അയാളെ സൗഖ്യപ്പെടുത്തി...
വർഷങ്ങളായി വെള്ളമിളകുമ്പോൾ കുളത്തിലിറങ്ങാൻ ആഗ്രഹിച്ച് കിടന്നവൻ ഈശോയുടെ ഒറ്റവാക്കിൽ സൗഖ്യം നേടി...
ചില സങ്കടങ്ങളിൽ ആരുമില്ല എന്ന തോന്നലിൽ മനസ്സ് ഭാരപ്പെടുമ്പോൾ ഈശോയുടെ വരവിന് വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കണം...
ആരും സഹായത്തിനില്ലാത്ത നേരങ്ങളിൽ അവിടുന്ന് നിശ്ചയമായും സഹായത്തിനെത്തും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment