Wednesday, March 3, 2021

ഈശോയുടെ മുമ്പിൽ ഇരിപ്പിൻ

ജ്ഞാനധ്യാനം
2021 മാർച്ച് 4

ഈശോയുടെ മുമ്പിൽ ഇരിപ്പിൻ

"പരിശുദ്‌ധാത്‌മാവിനാല്‍പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്‌: കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തു ഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
മര്‍ക്കോസ്‌ 12 : 36 

രാജാധിരാജനായ ഈശോയെ സുവിശേഷം പരിചയപ്പെടുത്തുന്നു...
ദാവീദിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുമ്പോളും ദാവീദ് പോലും കർത്താവ് എന്ന് വിളിക്കുന്നു എന്ന സാക്ഷ്യം  ഈശോയുടെ രാജത്വത്തിന്റെ പ്രകടമായ അവതരണമാണ്...
സങ്കീർത്തനത്തിൽ നിന്നും കടമെടുത്ത് മാർക്കോസ് സുവിശേഷകൻ അവതരിപ്പിക്കുന്ന ഒരു വചനത്തിലേയ്ക്ക് ജ്ഞാനധ്യാനം കേന്ദ്രീകരിക്കാം...
"ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
ശത്രുക്കളുടെ ആക്രമണം ഭയപ്പെടുന്നവർ എന്ത് ചെയ്യണം എന്നുള്ളതിന്റെ ഉത്തരമാണ് ഈ വചനം...
ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുക എന്നതാണ് ശത്രുവിനെ നേരിടാൻ ഉള്ള ഏക വഴി...
മർത്തയുടെയും മറിയത്തിന്റെയും വീട്ടിൽ വച്ച് ഈശോ "നല്ല ഭാഗം" എന്ന് വിശേഷിപ്പിച്ചതും മറിയം തെരെഞ്ഞെടുത്തതുമായ വഴി അതാണ്...
തിന്മയുടെ ശത്രു, പാപമോഹങ്ങളായി എന്റെ ഉള്ളിൽ കിടന്ന് ആത്മരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രു, ദൈവീകവഴികളിൽ നിന്നും എന്നെ അകറ്റുന്ന പിശാചാകുന്ന ശത്രു...
എല്ലാ ശത്രുക്കളെയും തോൽപ്പിക്കാൻ നമുക്ക് ദൈവത്തിന്റെ വലതുവശത്ത് ഇരിക്കാം...
നോമ്പുകാലം അവിടുത്തെ വലത്തുവശത്തിരിക്കാനുള്ള നേരമാണ്...
പിശാചാകുന്ന ശത്രുവിന്റെമേൽ വിജയം നേടാൻ സഹായിക്കുന്നത് ഈശോയുടെ മുമ്പിൽഉള്ള ഇരിപ്പാണ്...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
"ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment