Tuesday, March 2, 2021

സ്നേഹം

ജ്ഞാനധ്യാനം
2021 മാർച്ച് 3

സ്നേഹം

"എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയും ദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു."
മത്തായി 5 : 44-45 

മോശയുടെ നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പ്രതികാരത്തിനുവേണ്ടി ഉപയോഗിക്കുകയും വൈരാഗ്യബുദ്ധിയോടെ പെരുമാറുകയും ചെയ്തിരുന്ന യഹൂദമതത്തിന്റെ പശ്ചാത്തലത്തിലാണ് ഈശോ വ്യത്യസ്തമായ സമീപനം അവതരിപ്പിക്കുന്നത്...
ഉപദ്രവിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന പ്രതികാരബുദ്ധിക്ക് പകരം ഈശോ സ്നേഹത്തെ പ്രതിഷ്ഠിക്കുന്നു...
ശത്രുപക്ഷത്ത് നിൽക്കുന്നവനെയും സ്നേഹം കൊണ്ട് കീഴടക്കുന്ന ഉദാത്തമായ സമീപനമാണ് അവിടുത്തെ പ്രബോധനങ്ങളിൽ തെളിയുന്നതും ജീവിതം വെളിവാക്കുന്നതും...
ഉപദ്രവിക്കുന്നവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കാൻ മാത്രം വിശാലതയുള്ള  മനസ്സിന്റെ ആത്മീയ പക്വതയിലേയ്ക്കാണ് ഈശോ ക്ഷണിക്കുന്നത്...
ശത്രുപക്ഷത്ത് നിൽക്കുന്നവരെ സ്നേഹിച്ചുതുടങ്ങാതെയും പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചു തുടങ്ങാതെയും സ്വർഗ്ഗസ്ഥനായ പിതാവിന്റെ യഥാർത്ഥ സ്വഭാവമുള്ള മകനായി ഞാൻ മാറുന്നില്ല എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ ഒരു പോലെ സൂര്യനെ ഉദിപ്പിക്കുന്ന നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ ഒരുപോലെ മഴ നൽകുകയും ചെയ്യുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ സ്നേഹത്തിന്റെ വിശാലത എന്റെ ജീവിതത്തിൽ കണ്ടുതുടങ്ങുമ്പോഴാണ് ഞാൻ അവിടുത്തെ മകനായി മാറുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment