Friday, February 26, 2021

പ്രവർത്തികളിൽ പ്രകടമാകേണ്ട ജ്ഞാനം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 27

പ്രവർത്തികളിൽ പ്രകടമാകേണ്ട ജ്ഞാനം

"ജ്‌ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു."
മത്തായി 11 : 19 

യഥാർത്ഥമായ ജ്ഞാനം കൊണ്ട് നിറയപ്പെടാൻ വേണ്ടിയാണിന്നത്തെ ജ്ഞാനധ്യാനം...
എന്തിലും കുറ്റം കണ്ടുപിടിക്കുന്ന യഹൂദരുടെ വികലതയെ ഈശോ ചോദ്യം ചെയ്യുന്നു...
സ്ത്രീകളിൽ നിന്ന് ജനിച്ചവനിൽ ഏറ്റവും വലിയവൻ എന്ന് ഈശോ സാക്ഷ്യപ്പെടുത്തിയ സ്നാപകയോഹന്നാനെ അവർ പിശാചുബാധിതൻ എന്ന് വിളിച്ചു...
ഈശോയാകട്ടെ ചുങ്കക്കാരുടെ സ്നേഹിതൻ ആണെന്നായിരുന്നു അവരുടെ പരാതി...
സ്വയം ജ്ഞാനികൾ എന്നവകാശവാദം ഉയർത്തുന്നവരോട് ഈശോ ഓർമ്മിപ്പിക്കുന്നത് പ്രവർത്തികളിൽ പ്രകടമാകുന്നതും നീതികരിക്കപ്പെടുന്നതുമാണ് യഥാർത്ഥ ജ്ഞാനം എന്നാണ്...
രണ്ട് തരത്തിൽ ഇത് വ്യാഖ്യാനിക്കാം...

ഒന്ന്, ദൈവത്തിന്റെ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും മനുഷ്യാവതാരമായ ഈശോയുടെ പ്രവർത്തികൾ യഥാർത്ഥ ജ്ഞാനം വെളിവാക്കുന്നതാണ്...
അവിടുത്തെ ജ്ഞാനം പ്രത്യക്ഷമായത് കാരുണ്യം നിറഞ്ഞ സ്നേഹത്തിലായിരുന്നു... 

രണ്ട്, സ്വയം ജ്ഞാനികൾ എന്ന് വിചാരിച്ചിരുന്ന യഹൂദപ്രമാണികളുടെ ജീവിതത്തിൽ യഥാർത്ഥ ജ്ഞാനത്തിന്റെ പ്രതിഫലനമായിരുന്ന കാരുണ്യം നിറഞ്ഞ പെരുമാറ്റം അല്പം പോലും ഉണ്ടായിരുന്നില്ല...
ഈശോയെ അംഗീകരിക്കാൻ ഉള്ള വിനയം ഇല്ലാതെ എന്ത് ജ്ഞാനം? 

കാരുണ്യം നിറഞ്ഞ സ്നേഹം കൊണ്ട് ജീവിതം അർത്ഥപൂർണ്ണമാക്കുന്നവരാണ് യഥാർത്ഥ ജ്ഞാനികൾ...
ജ്ഞാനം പ്രകടമാകുന്നത് വിനയത്തിലും ശാന്തതയിലുമാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment