Saturday, February 20, 2021

പാറമേൽ പണിത വീട്‌

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 21

പാറമേൽ പണിത വീട്‌

"കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക."
മത്തായി 7 : 21 

സ്വർഗ്ഗരാജ്യമെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള വഴികളെക്കുറിച്ച് ഈശോ വ്യക്തമായ തിരിച്ചറിവുകൾ നൽകുന്നു...
വിളിച്ചപേക്ഷിച്ച് പ്രാർത്ഥിക്കുന്നതിന്റെ വൈകാരീകതൃപ്തിയിൽ നിന്നും ഉയർന്ന് പിതാവിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് അത് നിറവേറ്റുന്ന ആത്മീയ വഴിയാണ് സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ളത്...
ഈ തിരിച്ചറിവ് ജീവിതം കുറച്ചുകൂടി ആഴമേറിയ അന്വേഷണങ്ങളിലേയ്ക്ക് പ്രവേശിക്കാനുണ്ട് എന്ന ഓർമപ്പെടുത്തൽ സമ്മാനിക്കുന്നു...
"അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?"
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍."
ഒരായുസ്സ് മുഴുവൻ ഈശോയുടെ നാമത്തിൽ ജീവിച്ചു, പ്രാർത്ഥിച്ചു, പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുത്തു, പിശാചിനെ പുറത്താക്കി എന്നൊക്കെ സ്വയം അഭിമാനിക്കുന്നവർ കേൾക്കേണ്ടി വന്ന മറുപടി എത്ര വേദനാജനകമാണ്...
പ്രാർത്ഥനയുടെ വഴികളിലെന്ന് സ്വയം വൈകാരികതൃപ്തി കണ്ടെത്തുമ്പോളും ഈശോയുടെ ഇഷ്ടം നിറവേറ്റുന്ന ജീവിതം ഇല്ലെങ്കിൽ തിരസ്കരിക്കപ്പെടാൻ മാത്രം ആണ് സാധ്യത...
ആത്മീയജീവിതം ഒരു വീട് പണിക്ക് സമാനമാണ് എന്നാണ് ഈശോയുടെ പ്രബോധനം...
ദൈവഹിതത്തിന്റെ ലിഖിതരൂപമായ ദൈവവചനതിന്മേൽ അടിസ്ഥാനമിട്ട ഉറപ്പുള്ള ആത്മീയതയാണ് സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ള കവാടം....
അത്ഭുതം പ്രവർത്തിക്കുന്നതും പിശാചിനെ കീഴടക്കുന്നതും ആരുടെയും ആത്മീയവളർച്ചയുടെ അളവുകോലാകുന്നില്ല...അതൊക്ക ആഴമേറിയ വിശ്വാസം ഉള്ള മനുഷ്യർക്ക് വേണ്ടി ദൈവം അനുഗ്രഹം ചൊരിയുന്നതായി കരുതിയാൽ മതി...ദൈവഹിതം നിറവേറ്റുന്ന ജീവിതം മാത്രമാണ് ഒരാളുടെ ആത്മീയവളർച്ച കണ്ടെത്തേണ്ട ഏകകം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment