2021 ഫെബ്രുവരി 23
അന്വേഷണം
"ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു."
മത്തായി 7 : 8
അന്വേഷിക്കുന്നവന്റെ വഴികളിലാണ് ദൈവം അനുഗ്രഹം ചൊരിയുന്നത് എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
മനസ്സ് മടുക്കാതെ പ്രാർത്ഥിക്കുകയും മടുപ്പ് തോന്നാതെ അധ്വാനിക്കുകയും ചെയ്യുന്നവരെയാണ് ദൈവം അനുഗ്രഹിക്കുന്നത് എന്നാണ് വചനവായനയുടെ അർത്ഥം എന്നത് വ്യക്തം...
അലസമായ വഴികളിൽ നടന്ന് നീങ്ങിയിട്ട് ദൈവാനുഗ്രഹം ആഗ്രഹിക്കുന്നതും അത്ഭുതം പ്രതീക്ഷിക്കുന്നതും എന്തൊരു ഭോഷത്തരമാണ്...
അവിടുത്തോട് ചോദിക്കുന്നവർക്കെല്ലാം കുറവില്ലാതെ ദാനങ്ങൾ നൽകുന്ന ദൈവം മനുഷ്യന്റെ അന്വേഷണത്തിന് വില കൊടുക്കുന്നു...
ചോദിക്കുക, അന്വേഷിക്കുക, മുട്ടുക എന്നീ ക്രീയാപദങ്ങൾ ആത്മീയമായ നിലനിൽപ്പിൽ ഒരാൾ പുലർത്തേണ്ടേ ജാഗ്രതയുടെയും നിരന്തരമായ അന്വേഷണത്തിന്റെയും സൂചനയാണ്...
'തന്നോട് ചോദിക്കുന്നവർക്ക് എത്രയോ നന്മകൾ അവിടുന്ന് നൽകുകയില്ല' എന്ന് മത്തായി സുവിശേഷകൻ എഴുതുമ്പോൾ ലൂക്കാ സുവിശേഷകന്റെ ഭാഷ്യം 'തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി അവിടുന്ന് പരിശുദ്ധാത്മാവിനെ നൽകുകയില്ല' എന്നാണ്...
അന്വേഷണത്തിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം പരിശുദ്ധാത്മാവിന്റെ നിറവാണ് എന്ന് കൂടി തിരിച്ചറിയുമ്പോൾ നിരന്തരമായ പ്രാർത്ഥനയുടെ പ്രാധാന്യം ആവർത്തിച്ചുറപ്പിക്കപ്പെടുന്നു.
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment