2021 ഫെബ്രുവരി 22
അകം
"പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്‌ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്‌ധനാക്കുന്നത്."
മര്‍ക്കോസ് 7 : 15
ഉള്ളിന്റെ ശുദ്ധിയെക്കുറിച്ചാണ് ജ്ഞാനധ്യാനം...
ഹൃദയവിശുദ്ധിയ്ക്ക് പ്രാധാന്യം നൽകുന്ന ആത്മീയജീവിതമാണ് ഈശോയുടെ പ്രബോധനങ്ങളിൽ തെളിയുന്ന പ്രധാന പ്രമേയം...
പുറം മോടികളിൽ അഭിരമിച്ച് ഹൃദയശുദ്ധിയെ ധ്യാനിക്കാൻ മറന്നു പോയ യഹൂദ മതാത്മകതയുടെ അടിസ്ഥാന പ്രതിസന്ധി ഈശോ തുറന്ന് കാണിക്കുന്നു...
ആത്മീയ ജീവിതം പോലും നിയമപാലനങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ഒതുക്കാൻ ശ്രമിച്ച് കാരുണ്യത്തിന്റെ അടയാളങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരുന്ന ഒരു മതം തിരുത്തപ്പെടേണ്ടതാണ് എന്ന് ഈശോയുടെ വാക്കുകൾ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നു...
അത് കൊണ്ട് തന്നെ, ഹൃദയവിശുദ്ധിയെക്കുറിച്ച് പറയാൻ കിട്ടിയ അവസരങ്ങളിൽ ആഴമേറിയ പ്രബോധനങ്ങൾ കൊണ്ട് അവിടുന്ന് കേൾവിക്കാരെ പ്രബുദ്ധരാക്കി...
ഹൃദയശുദ്ധിയുള്ളവർക്കാണ് ദൈവദർശനം ലഭിക്കുന്നത് എന്ന ഈശോയുടെ വാക്കുകൾ ഓർമ്മിപ്പിച്ചാണ് മത്തായി സുവിശേഷകൻ മിശിഹാസംഭവം എഴുതി തുടങ്ങുന്നത്...
ആത്മീയമെന്ന് അപരനെ തോന്നിപ്പിക്കുന്ന എന്ത് പുറംതോടുകൾ കൊണ്ട് നാടകം കളി തുടർന്നാലും ഒരു ദിവസം ഹൃദയത്തിലെ യഥാർത്ഥ വിചാരങ്ങളുടെ കണക്കുപെട്ടിയുമായി അവിടുത്തെ മുന്നിൽ നിൽക്കേണ്ടി വരും എന്ന് തീർച്ച...
അപ്പോൾ, ശുദ്ധമായ ഒരു ഹൃദയം ഈശോയ്ക്ക് കണ്ടെത്താനാകും വിധം ഇപ്പോൾ തന്നെ ജീവിച്ച് തുടങ്ങിയേ തീരൂ...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment