2021 മെയ് 28
എല്ലാം നഷ്ടപ്പെട്ടവൾ
"ഈശോ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.
മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്‌ക്ക് ഏല്‍പിച്ചു കൊടുത്തു."
ലൂക്കാ 7 : 14-15
ഈശോയുടെ ദൈവരാജ്യവേലയുടെ അടയാളങ്ങൾ പലതായിരുന്നു...
രോഗികളെ സുഖപ്പെടുത്തുക, പാപങ്ങൾ മോചിക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, പ്രപഞ്ചശക്തികളുടെമേൽ അധികാരം തെളിയിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക എന്നിങ്ങനെയുള്ളതായിരുന്നു ആ അടയാളങ്ങൾ...
ജീവൻ എന്ന മഹാദാനം നൽകുന്നതും പരിപാലിക്കുന്നതും തിരികെയെടുക്കുന്നതും ജീവദാതാവായ ദൈവമാണെന്നും ആ ദൈവത്തിന്റെ പ്രിയപുത്രനാണ് താനെന്നുമുള്ള യാഥാർഥ്യം ഈശോ വെളിപ്പെടുത്തുന്നു...
നായിൻ എന്ന പട്ടണത്തിലെ വിധവയായ ഒരു അമ്മയുടെ ഏകമകനാണ് മരണത്തിന് കീഴടങ്ങിയത്...
വിധവയുടെ ഏകമകൻ അവളുടെ ഏക ആശ്രയമായിരുന്നു...
ആകെയുണ്ടായിരുന്ന ഒരാശ്രയവും ആശ്വാസവും നഷ്ടപ്പെട്ടതിന്റെ വേദനയിലും ആത്മഭാരത്തിലും നിരാശയുടെ നീർച്ചുഴിയിലേക്ക് വീണു പോയ ഒരമ്മയുടെ സങ്കടം തിരിച്ചറിയാൻ ഈശോ ഉണ്ടായിരുന്നു എന്ന സത്യം ജ്ഞാനധ്യാനത്തെ പ്രകാശപൂരിതമാക്കുന്നു...
എല്ലാം നഷ്ടപ്പെടുമ്പോൾ, ആരും ഇല്ലാതാകുമ്പോൾ, ഈശോ കൂടെയുണ്ടാകും എന്നതിന്റെ അക്ഷരസാക്ഷ്യമാണ് സുവിശേഷം...
പരിഹരിക്കാനാവാത്ത നഷ്ടങ്ങളാൽ ജീവിതം ഒറ്റപ്പെടുന്നു എന്ന് സങ്കടപ്പെടുമ്പോളും കൂടെ നടക്കുന്ന കർത്താവിനെ കാണാൻ മാത്രം കാഴ്ചയും വിശ്വാസവും ഉള്ളിൽ നിലനിർത്താനാണ് ജ്ഞാനധ്യാനം...
അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment