Friday, May 28, 2021

അനശ്വരം

ജ്ഞാനധ്യാനം
2021 മെയ്‌ 29

അനശ്വരം

"നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു."
യോഹന്നാന്‍ 6 : 27 

നശ്വരം, അനശ്വരം എന്നിങ്ങനെയുള്ള രണ്ട് വിഭജനങ്ങൾ പരിചിതമായതാണ്...
നിലനിൽക്കുന്നതും ക്ഷയിക്കാത്തതും അവസാനമില്ലാത്തതുമായ യഥാർഥ്യങ്ങളുടെ സൂചനയാണ് അനശ്വരം എന്ന വാക്ക്...
അപ്പോൾ തീർച്ചയായും, നശ്വരം അതിന്റെയെല്ലാം മറുവശമാകുന്നു...
അനശ്വരമായ സ്വപ്‌നങ്ങൾ ഉള്ളിൽ സൂക്ഷിക്കുമ്പോളും നശ്വരമായ സംഘർഷങ്ങളിൽ കുടുങ്ങി പോകുന്ന പരാജിതരാകുന്നതിന്റെ നൊമ്പരം മനുഷ്യസഹജമാണ്...
ഈ സംഘർഷത്തിൽ നിന്നുള്ള മോചനം മനുഷ്യപുത്രനായ ഈശോ മിശിഹാ നൽകുന്ന അനശ്വരമായ നിത്യജീവന്റെ അപ്പത്തിലുണ്ട് എന്നതാണ് ജ്ഞാനധ്യാനം...
നിലനിൽക്കുന്ന യാഥാർഥ്യങ്ങളിൽ നിന്നും കണ്ണ് മറച്ച് കൊച്ചു കൊച്ചു കളിപ്പാട്ടങ്ങളിൽ മാത്രം സന്തോഷം കണ്ടെത്തുന്ന പക്വതയില്ലാത്ത നിലപാടുകൾ ആത്മീയജീവിതത്തിന്റെ ഭംഗി കെടുത്തുന്നുമുണ്ട്...
അധ്വാനിച്ച് കണ്ടെത്തേണ്ടത് നിത്യജീവന്റെ അനശ്വരതയാണ്...
വേഗം അവസാനിക്കുന്നതും  ദുർബ്ബലങ്ങളുമായ സന്തോഷങ്ങൾ നിസ്സാരങ്ങളും നശ്വരങ്ങളുമാണ് എന്ന തിരിച്ചറിവ് ഇനിയും ആഴത്തിൽ വെരുപാകിയിട്ടില്ല...
കണ്മുന്നിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ടവർ കാണാമറയത്തേയ്ക്ക് അപ്രത്യക്ഷമാകുന്ന സങ്കടങ്ങളുടെ ഈ കാലത്ത് പിടിച്ചു നിൽക്കാനുള്ള ഏകവഴി അനശ്വരമായ നിത്യജീവനിലുള്ള പ്രത്യാശയാണ്...
സങ്കടത്തിനൊപ്പം സന്ദേഹവും ഉള്ളിൽ നിറയ്ക്കുന്ന പൊരുത്തപ്പെടാനാവാത്ത വിയോഗവാർത്തകളാണ് കേൾക്കുന്നതൊക്കെയും...
ദൈവപുത്രനായ ഈശോമിശിഹാ നൽകുന്ന നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയിലല്ലാതെ നമ്മൾ എങ്ങനെ ഈ സങ്കടങ്ങളെ അതിജീവിക്കും?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment