2021 മെയ് 30
അധിക സ്നേഹം
"അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു."
ലൂക്കാ 7 : 47
ആർക്കും കുറ്റബോധത്തിന്റെ ആത്മഭാരമില്ലാതെ സ്വാതന്ത്ര്യത്തോടെ പ്രവേശിക്കാവുന്ന സ്നേഹത്തിന്റെ ഇടമാണ് ഈശോയുടെ സാനിധ്യം...
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന് ആഴത്തിൽ സുവിശേഷം പഠിച്ച പണ്ഡിതർ നൽകുന്ന മറ്റൊരു പര്യായം പോലും പാവങ്ങളുടെ സുവിശേഷം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സുവിശേഷം, പാപികളുടെ സുവിശേഷം എന്നൊക്കെയാണ്...
എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഈശോയുടെ കരുണയുടെ മുഖം വെളിപ്പെടുത്തുന്ന ഒരുപാട് വിവരണങ്ങൾ ഉള്ളത് കൊണ്ടാണ് ആ പേരുകൾ...
പാപിനി എന്നാണ് സുവിശേഷകൻ ആ സ്ത്രീയെ വിശേഷിപ്പിക്കുന്നത്...
ഇവൾ ഏത് തരക്കാരിയാണ് എന്ന് അവൻ അറിഞ്ഞില്ലല്ലോ എന്നൊക്കെ ഭക്ഷണത്തിനു ക്ഷണിച്ച ശിമയോൻ ആത്മഗതം ചെയ്യുന്നു...
എത്ര കരുണാർദ്രമായാണ് ഈശോ അവളെ വീണ്ടെടുക്കുന്നത്...
കൂടുതൽ കടങ്ങൾ ഇളച്ചു കിട്ടുന്നവൻ കൂടുതൽ സ്നേഹിക്കുന്നു എന്ന സാമാന്യയുക്തിയിൽ ഈശോ കാര്യങ്ങൾ അവതരിപ്പിക്കുന്നു...
അവളുടെ അധികസ്നേഹത്തെ വാനോളം ഉയർത്തി മാതൃകയായി പ്രതിഷ്ഠിക്കുന്നു...
ആത്മഭാരത്തോടെ മാത്രം ഓർത്തെടുക്കാൻ സാധിക്കുന്ന കുറവുകളുടെയും പോരായ്മകളുടെയും ഭൂതകാലങ്ങളിലും ഇടർച്ചകളുടെ വാർത്തമാനകാലത്തും കുടുങ്ങി സ്വയം നീറുമ്പോൾ ഈശോയുടെ ഈ വാക്ക് തരുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല...
അനുതാപത്തിന്റെ കണ്ണുനീരും അധികസ്നേഹത്തിന്റെ ആത്മവിശ്വസാവുമാണ് ജീവിതത്തെ പുതുമയുള്ളതാക്കുന്നത്...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment