Tuesday, June 30, 2020

ഫലം കാത്തിരിക്കുന്ന ദൈവം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂലൈ* 1️⃣

 *ഫലം കാത്തിരിക്കുന്ന ദൈവം* 

"സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന്‌ തന്‍െറ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു."
മര്‍ക്കോസ്‌ 12 : 2

പതിവുപോലെ ഉപമകൾ വഴിയാണ് ഈശോ വലിയ ദൈവീക രഹസ്യങ്ങൾ കൈമാറുന്നത്.
"ഈശോ അവരോട്‌ ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്‌ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ അവിടെനിന്നു പോയി."
മര്‍ക്കോസ്‌ 12 : 1
മുന്തിരിത്തോട്ടത്തിന് ഉടമസ്ഥൻ കൊടുക്കുന്ന കരുതലും കാവലുമാണ് വ്യക്തമാകുന്നത്. 
ഈശോയെ രക്ഷകനായി അംഗീകരിച്ചേറ്റുപറയാൻ വിസമ്മതിച്ച യഹൂദ ജനതയാണ് മുത്തിരിത്തോട്ടം എന്നത് ലിഖിത വ്യാഖ്യാനമാണ്. 

മുന്തിരിത്തോട്ടത്തിന് കൊടുക്കാവുന്ന വ്യഖ്യാന സാദ്ധ്യതകൾ ഏറെയാണ്. 
പൗരോഹിത്യജീവിതം, സന്യാസ ജീവിതം, ദാമ്പത്യ ജീവിതം, അധ്യാപനം, ക്രിസ്തീയ ജീവിതം... എല്ലാം പിതാവായ ദൈവം അതീവ ജാഗ്രതയോടെ കരുതി പരിപാലിക്കുന്ന മുന്തിരിത്തോട്ടം തന്നെ. നമ്മൾ അതിന്റെ കാവൽക്കാർ മാത്രം. ഫലം പ്രതീക്ഷിച്ച് ഉടമസ്ഥൻ വരുമ്പോൾ ഫലം കണ്ടെത്താനാകും വിധം വിശ്വസ്തതയുടെ അളവ് എനിക്കില്ല എന്നതാണ് ദുഃഖസത്യം. 

ഫലം പുറപ്പെടുവിക്കേണ്ട ജീവിതത്തെക്കുറിച്ചുള്ള വചന സൂചനകൾ ആണ് നാം കണ്ടെത്തുന്നത്. 

1. *ദൈവം എന്റെ ജീവിതത്തിൽ നിന്നും ഫലം പ്രതീക്ഷിക്കുന്നു.* 

"നല്ല മനുഷ്യന്‍ തന്‍െറ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു."
ലൂക്കാ 6 : 45

2. *കൂടുതൽ ഫലം പ്രതീക്ഷിക്കുന്ന ദൈവം ജീവിതം വെട്ടിയൊരുക്കുന്നു.* 

"...എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു."
യോഹന്നാന്‍ 15 : 2 b

3. *പ്രതീക്ഷിച്ച ഫലം പുറപ്പെടുവിക്കുന്നില്ലെങ്കിൽ വെട്ടി നീക്കപ്പെടാൻ സാധ്യതയുണ്ട്.* 

"എന്‍െറ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു."
യോഹന്നാന്‍ 15 : 2 a

4. *ദൈവം പ്രതീക്ഷിക്കുന്ന ഫലം സത്പ്രവർത്തികൾ തന്നെ.* 

"അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ."
മത്തായി 5 : 16

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, June 29, 2020

ഇടറിപ്പോകുമ്പോൾ

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂൺ* 3️⃣0️⃣

 *ഇടറിപ്പോകുമ്പോൾ* 

"ഈശോ പറഞ്ഞു: എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍."
മത്തായി 11 : 6

'വരാനിരിക്കുന്ന മിശിഹാ നീ തന്നെയോ?' എന്ന് ഈശോയോട് ചോദിക്കാൻ പറഞ്ഞ് സ്നാപകയോഹന്നാൻ തന്റെ ശിഷ്യരെ ഈശോയുടെ പക്കലേക്ക് അയക്കുന്നു... 
സ്നാപകനാണോ ശിഷ്യർക്കാണോ ഈ സംശയം ഉണ്ടായത് എന്ന് വ്യകതമല്ല... 
സ്നാപകന്റെ സംശയം തന്റെ ശിഷ്യർ വഴി ഈശോയെ അറിയിക്കുന്നതാകാം... 
അല്ലെങ്കിൽ, ശിഷ്യരുടെ സംശയം മാറ്റാൻ അവരെ ഈശോയുടെ പക്കലേക്ക് സ്നാപകൻ പറഞ്ഞ് വിടുന്നതും ആകാം... 
അതിന്റെ വിശദാംശങ്ങളെക്കാൾ ഈശോയുടെ മറുപടി ആണ് നമ്മുടെ ധ്യാനവിചാരം... 

"ഈശോ പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക.
അന്‌ധന്മാര്‍ കാഴ്‌ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്‌ഠരോഗികള്‍ ശുദ്‌ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍."
മത്തായി 11 : 4-6

ഈശോയുടെ ജീവിതനിയോഗവും ദൗത്യവും ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു... 
ഈശോയുടെ പ്രഥമവും പ്രധാനവുമായ ദൗത്യമായ ദൈവാരാജ്യസ്ഥാപനത്തിന്റെ സവിശേഷമായ അടയാളങ്ങൾ അഞ്ച് തലങ്ങളിൽ ഉണ്ട് എന്നത് ആർക്കും നിഷേധിക്കാനാവാത്ത ദൈവശാസ്ത്ര വ്യാഖ്യാനം ആണ്... 

1. രോഗികളെ സുഖപ്പെടുത്തി 
2. പിശാചുക്കളെ ബഹിഷ്കരിച്ചു 
3. പ്രപഞ്ചശക്തികളുടെമേൽ അധികാരം തെളിയിച്ചു 
4. മരിച്ചവരെ ഉയിർപ്പിച്ചു 
5. പാപങ്ങൾ മോചിച്ചു 

മുകളിൽ പ്രസ്താവിച്ച അഞ്ച് കാര്യങ്ങൾ ഈശോയുടെ ദൈവരാജ്യവേലയുടെ സവിശേഷമായ അടയാളങ്ങളാണ് എന്ന സത്യത്തിൽ സുവിശേഷം വായിക്കുന്ന ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.

"വരാനിരിക്കുന്ന മിശിഹാ നീ തന്നെയോ? " എന്നത് സ്നാപകന്റെ സംശയം ആണോ ശിഷ്യരുടെ സംശയം ആണോ എന്ന് വ്യക്തമല്ല. 
സംശയം ആരുടേതായാലും അല്പനേരത്തേക്ക് ഈശോയിലുള്ള വിശ്വസത്തിൽ ഉള്ള ഇടർച്ചയാണ് അത് വെളിപ്പെടുത്തുന്നത്. 
ഇടറിപ്പോകുമ്പോൾ ഈശോ പറഞ്ഞ് കൊടുക്കുന്ന ഉത്തരമാണ് ധ്യാനവിഷയം. ദൈവാരാജ്യവേലയുടെ അടയാളങ്ങളെ ധ്യാനിക്കുക എന്നതാണ് വിശ്വാസത്തിൽ ഇടറിപ്പോകുമ്പോൾ പ്രതിവിധി ആയിട്ട് ഈശോ പറഞ്ഞു തരുന്നത്. 
ഈശോയുടെ നാമത്തിൽ ജീവിതത്തിൽ കൈവരിച്ച സൗഖ്യവും പാപമോചനവും തിന്മകളുടെമേലുള്ള വിജയവും ധ്യാനിക്കുമ്പോൾ ഇടർച്ചകളെ തോൽപ്പിക്കാനാകുന്നു. 
വ്യക്തി ജീവിതത്തിലെ ദൈവരാജ്യ അടയാളങ്ങൾ ഒന്ന് എണ്ണിയെടുക്കാം. 
തിരുസഭയിൽ ഈശോ ഇന്നും തുടരുന്ന ദൈവരാജ്യവേലയുടെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ജീവിതം എത്ര ശൂന്യമാകുമായിരുന്നു എന്ന് ചിന്തിച്ചാലും മതി.

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, June 28, 2020

പാറമേൽ പണിയപ്പെട്ട സഭ

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣9️⃣

 *പാറമേൽ പണിയപ്പെട്ട സഭ* 

"ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല."
മത്തായി 16 : 18

പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും രക്ഷയുടെ അടയാളമായ തിരുസഭയുടെ പ്രകടമായ തുടക്കത്തെക്കുറിച്ചുള്ള ഈശോയുടെ പ്രവചനതുല്യമായ വാക്കുകളുമാണ് നമ്മുടെ ധ്യാനം. 
കേസറിയ ഫിലിപ്പി പ്രദേശത്തിന്റെ മതപരമായ പ്രത്യേകതകളുടെ പശ്ചാത്തലം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. 
പുരാതനകാലം മുതൽ തന്നെ പാൻ എന്ന പ്രകൃതി ദേവനെ ആരാധിക്കാൻ ഗ്രീക്കുകാരും റോമക്കാരും ഒത്തുചേർന്നിരുന്നത് കേസറിയ ഫിലിപ്പിയിൽ ആണ് എന്നത് ജോസേഫൂസിനെപ്പോലെയുള്ള യഹൂദ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്ന ചരിത്രവസ്തുതയാണ്. 
ഹേറോദേസ് പണികഴിപ്പിച്ച അഗസ്റ്റസ് സീസറിന്റെ നാമത്തിലുള്ള സീസറിനെ ആരാധിക്കാനുള്ള ആരാധനാലയവും കേസറിയ ഫിലിപ്പിയിൽ ഉണ്ടായിരുന്നു. ഹേറോദേസിന്റെ മകൻ ഭരണാധികാരിയായപ്പോൾ അദ്ദേഹം ഈ പട്ടണം പുനർനിർമ്മിച്ച് ചക്രവർത്തിയുടെയും തന്റെയും നാമത്തിൽ കേസറിയ ഫിലിപ്പി എന്ന് പുനർനാമകരണം ചെയ്തു. ചുരുക്കത്തിൽ, കേസറിയ ഫിലിപ്പി രാജാരാധനയുടെയും ( Emperor Cult) വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു. ഇവിടെ വച്ചാണ് പത്രോസ് ശ്ലീഹായുടെ വിശ്വാസ പ്രഘോഷണവും തിരുസഭാ സ്ഥാപനത്തെക്കുറിച്ചുള്ള ഈശോയുടെ വാക്കുകളും എന്ന് തിരിച്ചറിയാനാണ് കേസറിയ ഫിലിപ്പിയുടെ മതപരമായ പ്രത്യേകതകൾ സൂചിപ്പിച്ചത്. 

"ഞാൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത് ?" എന്ന ഈശോയുടെ ഒരു ചോദ്യത്തിൽ നിന്നാണ് ഒരുപാട് ആത്മീയ സത്യങ്ങൾ കൈമാറുന്ന ഈ സുവിശേഷവിവരണം ആരംഭിക്കുന്നത്. 
സ്നാപക യോഹന്നാൻ, ജെറമിയ, ഏലിയാ, പ്രവാചകരിൽ ഒരുവൻ എന്നിങ്ങനെയുള്ള ജനങ്ങളുടെ വിലയിരുത്തലുകൾ ശിഷ്യർ അവതരിപ്പിക്കുമ്പോൾ അവരോർത്തിണ്ടാവുകയില്ല ഈ ചോദ്യം വ്യകതിപരമായി നേരിടേണ്ടി വരും എന്ന്. 
"ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? "
ഉള്ളിനെ തൊടുന്ന വ്യക്തിപരമായ മറുപടികൾ കണ്ടെത്തേണ്ട ചില ചോദ്യങ്ങളിൽ നിന്നാണ് ആത്മീയ ജീവിതം അതിന്റെ ആഴങ്ങൾ തേടുന്നത്. 
കേസറിയ ഫിലിപ്പിയിലെന്നപോലെ വ്യത്യസ്തങ്ങളായ വിഗ്രഹങ്ങളും രാജാരാധനയുടെ വ്യതിരക്തമായ രൂപങ്ങളും ഉയിരെടുക്കുന്ന സമാനമായ പശ്ചാത്തലത്തിൽ ഈശോയുടെ കൂടെ നടക്കുന്നു എന്ന് അഭിമാനം കൊള്ളുന്നവർ ഈ ചോദ്യത്തിന്റെ ഉത്തരം വീണ്ടും കണ്ടെത്തേണ്ടതുണ്ട്.
"ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? "
"നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്" എന്ന പത്രോസ് ശ്ലീഹായ്ക്ക് ലഭിച്ച സ്വർഗീയ വെളിപാട് ഹൃദയം കൊണ്ടേറ്റുപറയുന്നത് ക്രിസ്തീയമായ നിലനില്പിന്റെ ആവശ്യകതയാണ് എന്നും തിരിച്ചറിയാം. 

ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായായി ഈശോയെ തിരിച്ചറിയാൻ ഒരാൾക്കാകുന്നത് സ്വർഗ്ഗസ്ഥനായ പിതാവ് വെളിപ്പെടുത്തുന്നത് കൊണ്ടാണ് എന്ന് ഒരിക്കലും നഷ്ടപ്പെടാത്ത അവബോധമാകണം. 
"എന്നെ അയച്ച പിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍െറ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല."
യോഹന്നാന്‍ 6 : 44
ഈ വചനം കൂടി ചേർത്ത് ധ്യാനിക്കുമ്പോൾ അത് വ്യകതമാകുന്നു. 
ഈശോയെ തിരിച്ചറിയാൻ പിതാവിന്റെ സഹായം കൂടിയേ തീരൂ. 
ഈശോയുടെ പക്കലെത്താൻ പിതാവിന്റെ ആകർഷണം കൂടിയേ തീരൂ. 

ഈശോയെ, സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നൽകി അങ്ങ് ഉയർത്തിയ തിരുസഭയിൽ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായായ അങ്ങയെ ആരാധിക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ... 
വിഗ്രഹാരാധനയുടെയും രാജാരാധനയുടെയും അസമത്വങ്ങൾ ഉടലെടുക്കുമ്പോഴും അങ്ങയുടെ നാമത്തെ ഏറ്റു പറയാനുള്ള ധൈര്യം നൽകണമേ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, June 27, 2020

പഴകിപ്പോകാത്ത പണസഞ്ചി

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣8️⃣

 *പഴകിപ്പോകാത്ത പണസഞ്ചി* 

"നിങ്ങളുടെ സമ്പത്തു വിറ്റ്‌ ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്‌ക്കുവിന്‍. ഒടുങ്ങാത്തനിക്‌ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്‌ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല."
ലൂക്കാ 12 : 33

ആത്മീയ ജീവിതത്തിന്റെ വളർച്ചക്ക് ഉപകരിക്കുന്ന ചില അടിസ്ഥാന പ്രബോധനങ്ങൾ നൽകി ഈശോ ശിഷ്യരെ പ്രബുദ്ധരാക്കുകയാണ്. 
വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത പ്രാഥമികാവശ്യങ്ങളാണ്. എന്തിനെക്കുറിച്ചൊക്കെ ആകുലത വേണ്ട എന്ന് ഈശോ പറയുന്നുവോ, ആ ഗണത്തിൽ പ്രാഥമിക ആവശ്യങ്ങളിൽപ്പെടുന്ന ഭക്ഷണവും വസ്ത്രവും പ്രത്യക്ഷപ്പെടുന്നു എന്നത് കൗതുകകരം മാത്രമല്ല, ധ്യാനമർഹിക്കുന്ന കാര്യം കൂടിയാണ്. ഇതെല്ലാം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ് എന്ന യാഥാർഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ പ്രാഥമിക ആവശ്യങ്ങൾ പോലും ആകുലതയ്ക്ക് കാരണമാകരുത് എന്നാണ് ഈശോ പറഞ്ഞ് തരുന്നത് എന്ന് വ്യക്തമാണ്. ജീവിതം കുറച്ച് കൂടി ഉന്നതമായ ആത്മീയ യാഥാർഥ്യങ്ങളിൽ വേരുറയ്‌ക്കേണ്ടതുണ്ട് എന്ന് സ്വയം ഓർമ്മപ്പെടുത്താനാണ് ഈ ധ്യാനം. ജീവിതത്തെ വെറും ഭൗതീകമായ ചട്ടക്കൂടിൽ മാത്രം ഒതുക്കുന്ന അതിഭൗതീക വാദത്തിന്റെയും നിരീശ്വരചിന്താഗതികളുടെയും യുക്തിവാദത്തിന്റെയും നടുവിൽ ക്രിസ്തീയമായ നിലനിൽപ്പിന്റെ അർത്ഥം വെളിപ്പെടുത്തുന്ന ജീവിതസാക്ഷ്യത്തിന് സ്വയം സജ്ജരാകാൻ ഒരുപക്ഷെ ഈ ധ്യാനം സഹായകരമായേക്കാം. 

ലളിതമായ രൂപകങ്ങൾ ഉപയോഗിച്ച് ആഴമേറിയ ദൈവീകസത്യങ്ങൾ കൈമാറുന്ന പ്രബോധനരീതി ഈശോ ഇവടെയും അവലംബിക്കുന്നു. വിതയ്ക്കുകയോ കൊയ്യുകയോ ശേഖരിക്കുകയോ ചെയ്യാത്ത ആകാശാക്കിളികളും മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്ന വയൽപ്പൂവുകളും ആണ് കണ്ടുപഠിക്കാൻ ഈശോ കാണിച്ചുതരുന്ന അടയാളങ്ങൾ. ഒന്നും ശേഖരിക്കുന്നില്ലെങ്കിലും ഒരു കുറവും കൂടാതെ ആകാശക്കിളികളെ പരിപാലിക്കുകയും വയൽപ്പൂക്കളെ അലങ്കരിക്കുകയും ചെയ്യുന്ന ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുത്ത നമ്മെ അതിലും അത്ഭുതകരമായി പരിപാലിക്കും എന്ന ഉറപ്പും തിരിച്ചറിവും സ്വന്തമാക്കാനാണ് നമ്മുടെ ജ്ഞാനധ്യാനം. 
ദൈവത്തെ പിതാവായി തിരിച്ചറിയാത്തതാണ് അനാവശ്യമായ ആകുലതയ്ക്കും അതിരുകടന്ന വ്യഗ്രതയ്ക്കും കാരണം എന്ന് ഈശോയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. "ഈ ലോകത്തിന്‍െറ ജനതകളാണ്‌ ഇതെല്ലാം അന്വേഷിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഇതെല്ലാം ആവശ്യമാണെന്ന്‌ നിങ്ങളുടെ പിതാവിനറിയാം."
ലൂക്കാ 12 : 30
ആവശ്യമുള്ളതൊക്കെ ഭംഗിയായി ക്രമപ്പെടുത്തിത്തരുന്ന പിതാവായ ദൈവത്തിന്റെ സംരക്ഷിച്ച് കരുതുന്ന സ്നേഹം കുറച്ചു കൂടി തിരിച്ചറിയേണ്ടതുണ്ട്. 
അന്വേഷണങ്ങളുടെ നിരയിൽ പ്രഥമമായും പ്രധാനമായും ദൈവരാജ്യത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യണം എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു. 

സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കാൻ മറക്കരുത് എന്ന ഗൗരവപ്രാധാന്യമുള്ള ഉപദേശത്തോടെയാണ് ഈശോ ഈ പ്രബോധനം അവസാനിപ്പിക്കുന്നത്. പങ്കുവയ്ക്കപ്പെടാത്ത ധനം അനുഗ്രഹമല്ല, അപകടമാണ് എന്ന് പല പ്രബോധനങ്ങളിൽ ഈശോ വ്യക്തമാക്കുന്നത് ഇവടെയും ആവർത്തിക്കുന്നു. ദാനം ചെയ്യുക എന്ന സുകൃതം സ്വർഗ്ഗത്തിൽ നിക്ഷേപമായി മാറും എന്ന ആത്മീയ സത്യം കൂടി ഉള്ളിൽ സൂക്ഷിക്കാം. വിശുദ്ധ ചാവറപ്പിതാവ് പറഞ്ഞ നാല് സ്നേഹിതരുടെ കഥ ഓർമ്മിക്കാം. ശരീരം, ലോകം, ബന്ധുക്കൾ എന്നിങ്ങനെ മൂന്ന് സ്നേഹിതരും നിസ്സഹായരാകുന്നിടത്ത് ചെയ്തു കൂട്ടിയ സുകൃതങ്ങളാകുന്ന അവസാനത്തെ സ്നേഹിതൻ ഒരാളുടെ രക്ഷക്കെത്തുന്നു. എത്രയോ സത്യമാണത്. ശ്വാസം നിലച്ചു കഴിഞ്ഞാൽ പിന്നെ സ്വർഗ്ഗയാത്രയിൽ സഹായകരമാകുന്നത് സുകൃതങ്ങളുടെ നിക്ഷേപം മാത്രമാണ്. "കൃപയുടെ ഭണ്ഡാരം" ( treasury of grace) എന്ന ഒരു ആത്മീയ യാഥാർഥ്യം കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പരിചയപ്പെടുത്തുന്നുണ്ട്. ഈശോയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും പുണ്യങ്ങളുടെ നിക്ഷേപലായത്തിലെ കൃപാവര സമൃദ്ധിയുടെ യോഗ്യതയാലാണ് ഒരു വിശ്വാസി ദണ്ഡവിമോചനം പോലും പ്രാപിക്കുന്നത്. കൃപയുടെ ഭണ്ഡാരത്തിലെ സുകൃതങ്ങളുടെ നിക്ഷേപം വർധിപ്പിക്കുമ്പോൾ പാപത്തിന്റെ കാലിക ശിക്ഷയിൽ നിന്നുള്ള വിമുക്തിക്ക് അത് കാരണമാകും എന്നു കൂടി ഓർമ്മിച്ചു വയ്ക്കാം. പഴകി പോകാത്തതും ചിതലരിക്കാത്തതുമായ സുകൃതങ്ങളുടെ നിക്ഷേപമാണ് യഥാർത്ഥ നിക്ഷേപം എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, June 26, 2020

കരുണാസ്പർശം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣7️⃣

 *കരുണാസ്പർശം * 

"ഈശോ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്‌; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ."
മര്‍ക്കോസ്‌ 1 : 41

ഒരു കുഷ്ഠരോഗി ഈശോയുടെ മുന്നിൽ മുട്ടുകുത്തി കരയുകയാണ്, "അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും." കുഷ്ഠം ദൈവശാപമായിക്കണ്ടിരുന്ന പഴയനിയമ പശ്ചാത്തലം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. 
സ്വയം അശുദ്ധൻ എന്ന് പ്രഖ്യാപിച്ച് സമൂഹത്തിൽ നിന്നും സ്വയം അകലം പാലിക്കാൻ കുഷ്ഠരോഗിയെ കടപ്പെടുത്തുന്ന നിയമങ്ങൾ പരാമർശിക്കാൻ വേണ്ടി മാത്രം പഴയനിയമത്തിൽ പല അധ്യായങ്ങൾ ഉണ്ട്. 
ഒന്നിച്ചു മരുഭൂമിയുടെ ആവാസഭൂമികയിൽ താമസിക്കുമ്പോൾ പകരപ്പെടാൻ സാധ്യതയുള്ള ഒരു രോഗത്തെ ചെറുക്കാൻ വേണ്ടി സമൂഹം നിശ്ചയിച്ച സാമൂഹിക അകലം പാലിക്കലിനെ മതത്തിന്റെ ചട്ടക്കൂട്ടിൽ പൊതിഞ്ഞു കുഷ്ഠരോഗത്തെ ദൈവശാപമായി കണ്ട യഹൂദ മതാത്മകതയുടെ കരുണ വറ്റിപ്പോയ നിലപാടുകളെ ഈശോ തിരുത്തുകയാണ്. 

രോഗം പകരാതിരിക്കാൻ അകലം പാലിക്കണം എന്നത് വിവേകമാണ് എന്നംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ ഒരാളെ ബാധിച്ച കുഷ്ഠരോഗത്തിന്റെ കെടുതികൾ അയാളുടെ സാമൂഹിക ആത്മീയ ജീവിതത്തിൽ ഉണ്ടാക്കുന്ന അപകർഷതയുടെയും നിരാശാബോധത്തിന്റെയും അളവ് ചെറുതല്ല എന്ന് മനസിലാക്കാൻ യഹൂദർ മറന്നുപോയിരുന്നു എന്നത് സുവിശേഷവായനയിൽ വ്യക്തമാകുന്നുണ്ട്. 

അതുകൊണ്ട് തന്നെ രോഗം പിടിപെട്ട ശേഷം ഇന്നോളം ആരും അയാളെ ഒന്ന് ചേർത്ത് നിർത്തിയിട്ടില്ല എന്നതാണ് കുഷ്ഠരോഗിയുടെ ആത്മനൊമ്പരം. 
പക്ഷെ, ഒരാളെ സ്പർശിക്കുന്നതോ ഒരാളുടെ സ്പർശനം ആഗ്രഹിക്കുന്നതോ അചിന്തനീയമായതുകൊണ്ട് ഈശോയുടെ മുന്നിലുള്ള അയാളുടെ അപേക്ഷ പോലും "അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും" എന്നാണ്. എത്ര സൂക്ഷ്മതയോടെയാണ് സുവിശേഷകൻ ഈശോയുടെ പ്രവർത്തി അടയാളപ്പെടുത്തുന്നത് എന്ന് മനസിലാക്കണം. "ഈശോ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്‌; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ." 

ഒന്നു ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന അവന്റെ മനസ്സ് ഈശോ തിരിച്ചറിഞ്ഞപ്പോൾ തന്നെ കുഷ്ഠത്തിന്റെ പാടുകൾ മാഞ്ഞു തുടങ്ങി. 
വേദനിക്കുന്നവരെ ചേർത്തു നിർത്തുമ്പോൾ തന്നെ സൗഖ്യത്തിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങുന്നു. ഒറ്റപ്പെടലിന്റെ വേദനയിൽ സ്വയം ഇല്ലാതാകുന്നവരെയും അറിയാത്ത കാരണങ്ങളുടെ പേരിൽ വേദനകൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവരെയും കുറച്ച് കൂടി ചേർത്തു നിർത്തേണ്ടതുണ്ട് എന്ന തിരിച്ചറിവ് എങ്കിലും ഉള്ളിൽ പതിഞ്ഞിരുന്നെങ്കിൽ !

ഈശോയെ, സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോകുന്നവരെയും ചേർത്തു നിർത്തി സൗഖ്യപ്പെടുത്തുന്ന അങ്ങയുടെ കരുണയുള്ള മനസ്സ് എനിക്കും നൽകുമോ?

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, June 25, 2020

സൗഖ്യം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣6️⃣

 *സൗഖ്യം* 

"അവള്‍ ഈശോയെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്‍െറ പിന്നില്‍ചെന്ന്‌, വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചു. അവന്‍െറ വസ്‌ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന്‌ അവള്‍ വിചാരിച്ചിരുന്നു."
മര്‍ക്കോസ്‌ 5 : 27 - 28

ഗുരുതരമായ പ്രതിസന്ധികളിൽ ഒരാൾക്ക് ഈശോ അഭയമാകുന്നത് എപ്രകാരമാണ് എന്ന് വ്യക്തമാക്കുന്ന രണ്ട് അത്ഭുതങ്ങളാണ് വചനവായനയിലെ പ്രതിപാദ്യം. 
സിനഗോഗാധികാരിയായ ജയ്‌റോസും നീണ്ട പന്ത്രണ്ട് വർഷങ്ങളായി നിലയ്ക്കാത്ത രക്തസ്രാവത്തിന്റെ പിടിയിലകപ്പെട്ട സ്ത്രീയും ഈശോയിൽ അഭയം കണ്ടെത്തുന്ന സ്ത്രീയും നമ്മുടെ വിശ്വാസജീവിതത്തിന് മാതൃകകളും വെല്ലുവിളിയും ആണ്. 

സിനഗോഗാധികാരി സമൂഹത്തിൽ ഉന്നതമായ സ്ഥാനവും പ്രതാപവും ഉള്ളവനാണ്. 
പല സിനഗോഗുകളുടെ ചുമതല വഹിച്ചിരുന്ന സിനഗോഗാധികാരിയും ജീവിതത്തിന്റെ ഗുരുതരമായ പ്രതിസന്ധിയിൽ ഓടിയെത്തുന്നത് ഈശോയുടെ പക്കലേക്കാണ്. 
നോക്കണേ...സിനഗോഗാധികാരിക്ക് പോലും സിനഗോഗ് അഭയമാകുന്നില്ല !
ആചാരബദ്ധമായി മാത്രമോ അനുഷ്ഠാന വ്യഗ്രതയിൽ മാത്രമോ നിലനിൽക്കുന്ന ഒരു സംവിധാനവും പ്രതികൂലതകളിൽ മനുഷ്യർക്ക് അഭയമാകുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണത്. 
തന്റെ ഔന്നത്ത്യവും പ്രതാപാവവും ഈശോയിലേക്കോടി വരാൻ അയാൾക്ക് തടസമായിരുന്നില്ല. 
മരിക്കാറായി കിടന്ന തന്റെ കൊച്ചുമകളെ കൈക്ക് പിടിച്ച് എഴുന്നേല്പിക്കണം എന്നായിരുന്നു അയാളുടെ അഭ്യർത്ഥന. 
"എന്‍െറ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്‌, അവളുടെമേല്‍ കൈ കള്‍വച്ച്‌, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!"
മര്‍ക്കോസ്‌ 5 : 23
രോഗത്തിന്റെ മൂർദ്ധന്യതകളിൽ കൈകൾ വച്ച് രോഗം മാറ്റി ജീവൻ പ്രദാനം ചെയ്യുന്ന ഈശോ ഇന്നും രക്ഷയുടെയും സൗഖ്യത്തിന്റെയും അടയാളമായ തിരുസഭയിൽ പ്രവർത്തനനിരതനാണ് എന്ന് വിശ്വസിക്കാം നമുക്ക്.
ജയ്‌റോസിനെ പോലെ... 
പ്രതാപങ്ങളുടെ ഔന്നത്യമോ ബൗദ്ധികമായ അന്വേഷണങ്ങളുടെ ഉയർച്ചകളോ ഈശോയിലേക്കോടിയെത്താൻ തടസമായി നിലകൊള്ളരുത് എന്ന് ഓർമ്മിപ്പിക്കുന്ന ജയ്‌റോസ് വിശ്വാസവഴികളിൽ ഒരു ഉത്തേജകമാണ്. 

ഒരു വ്യാഴവട്ടക്കാലം മുഴുവൻ സങ്കടത്തിന്റെ നീർച്ചുഴിയിൽ ഉലഞ്ഞു പോയ ഒരു സ്ത്രീ... 
യഹൂദ മതാത്മകതയിൽ സാമൂഹിക അകലം പാലിക്കാൻ ഒരുവളെ ബാധ്യതപ്പെടുത്തുന്ന രക്തസ്രാവം എന്ന വ്യാധിയുടെ പിടിയിൽ പെട്ടവൾക്കും ഈശോ തന്നെയാണഭയം. 
രക്തസ്രാവത്തെ ദൈവശാപമായിക്കണ്ട് മുദ്രകുത്തി അസുഖം ബാധിച്ചവർക്ക് ഭ്രഷ്ട് കൽപ്പിക്കുന്ന യഹൂദ മതാത്മകത മനുഷ്യരുടെ സങ്കടങ്ങൾക്ക് ഉത്തരം നൽകുന്നില്ല എന്ന് വീണ്ടും സൂചന നൽകുന്നുണ്ട് രക്തസ്രാവക്കാരിയുടെ ദാരുണാവസ്ഥ. 
സമൂഹം അകലം കല്പ്പിച്ചു മാറ്റിനിർത്തിയവളെ ഈശോ വീണ്ടെടുത്ത് സമൂഹത്തിന്റെ ഭാഗമാക്കി. 

ഈശോയെ, എല്ലാ പ്രതികൂലതകളിലും നിന്നിൽ അഭയം തേടാൻ മാത്രം വിനയം ഞങ്ങൾക്ക് നൽകണമേ.

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, June 24, 2020

ദൈവത്തെ അള്ളിപ്പിടിക്കുന്നവർ

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂൺ*2️⃣5️⃣

 *ദൈവത്തെ അള്ളിപ്പിടിക്കുന്നവർ* 

"ഈശോ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്‍െറ മകളെ വിട്ടുപോയിരിക്കുന്നു."
മര്‍ക്കോസ്‌ 7 : 29

വചനധ്യാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കാര്യങ്ങളുടെ വ്യക്തതയ്ക്കുവേണ്ടി പൊതുവായ ഒരു നിരീക്ഷണം ആവശ്യമാണ്. 
ഈശോയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു അഭിധാനം "നിലവിളിക്കുന്നവരുടെ നിലവിളികൾക്ക് ഉത്തരം കൊടുക്കുന്ന ദൈവം" എന്നതാണ്. 
പാപത്തിന്റെയും രോഗത്തിന്റെയും തിന്മയുടെ ആധിപത്യങ്ങളുടെയും കൊണ്ടക്കൊളുത്തിൽ കുടുങ്ങിപ്പോയവർക്ക് രക്ഷ പ്രദാനം ചെയ്യുക എന്നതാണ് അവിടുത്തെ ദൗത്യം പരസ്യജീവിതത്തിന്റെ ആരംഭത്തിൽ തന്നെ ഈശോ വ്യക്തമാക്കുന്നുണ്ട്. 
"കര്‍ത്താവിന്‍െറ ആത്‌മാവ്‌ എന്‍െറ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും
കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു."
ലൂക്കാ 4 : 18 - 19

ഈശോയുടെ ജീവിതത്തെ വിശുദ്ധ മത്തായി സുവിശേഷകൻ സംഗ്രഹിക്കുന്നത് കൂടി ഓർമ്മയിൽ കൊണ്ട് വരാം.
"ഈശോ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു."
മത്തായി 9 : 35
രോഗത്താൽ വേദനിക്കുന്നവരോടും വേദനിച്ചു നിലവിളിക്കുന്നവരോടും ഈശോയ്ക്ക് എന്നും എപ്പോഴും അനുകമ്പയും ഉള്ളലിവും മാത്രമായിരുന്നു.

ഉള്ളലിവും അനുകമ്പയും മാത്രം ഹൃദയത്തിൽ സൂക്ഷിച്ച ഈശോ സിറോ ഫിനീഷ്യൻ വംശജയായ സ്ത്രീയോട് മാത്രം എന്തുകൊണ്ട് വ്യത്യസ്തമായ സമീപനം പുലർത്തുന്നു? 
ഈ ചോദ്യതിന്നുത്തരം കണ്ടെത്തുകയാണ് നമ്മുടെ ധ്യാനവിചാരങ്ങളുടെ ലക്ഷ്യം. 

ആത്മീയ ജീവിതത്തിലെ പ്രാർത്ഥനാജീവിതത്തിനും വിശ്വാസവളർച്ചയ്ക്കും പ്രധാനമായും മൂന്ന് തലങ്ങളുണ്ട് എന്നൊരു നിരീക്ഷണമുണ്ട്. 

 *ഒന്നാമത്തേത്* , പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്ന തലമാണ്. 
സൊദോം ഗൊമോറയ്ക്ക് വേണ്ടി മാധ്യസ്ഥ്യം യാചിക്കുന്ന അബ്രഹാം ഇതിനുദാഹരണമാണ്. 
അപേക്ഷകളും യാചനകളും ദൈവസന്നിധിയിൽ മക്കളുടെ സ്വാതന്ത്ര്യത്തോടെ അർപ്പിക്കുന്നത് പ്രാർത്ഥനാജീവിതത്തിലെ ഒരു തലം തന്നെയാണ്.
ഈശോ പറഞ്ഞ വാക്കുകൾ അതിനെ ഉറപ്പിക്കുന്നു. 
"നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും."
യോഹന്നാന്‍ 16 : 23
പ്രാർത്ഥനാവഴിയിലെ പ്രാരംഭ തലം മാത്രമാണ് അത് എന്ന തിരിച്ചറിവിൽ മറ്റു ചില ആഴമേറിയ വഴികൾ കൂടി നാം കണ്ടെത്തുകയാണ്. 

പ്രാർത്ഥനാജീവിതത്തിലെ, *രണ്ടാമത്തെ തലം* നമ്മുടെ പ്രാർത്ഥനകളെ ദൈവം മൗനം കൊണ്ട് നേരിടുന്ന ഒരു തലമാണ്. 
ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന അബ്രാഹത്തിന്റെയും സാറായുടെയും ജീവിതത്തെ നീണ്ട എട്ട് പതിറ്റാണ്ടുകളിൽ മൗനം കൊണ്ട് നേരിട്ട ദൈവത്തെ പതിയെ സ്നേഹിച്ചു തുടങ്ങേണ്ടതുണ്ട്. 
പ്രാർത്ഥനകൾ കേൾക്കപ്പെടുന്ന നേരങ്ങളിൽ ഉള്ള ആനന്ദം ദൈവീകമൗനത്തിന് മുന്നിലും കാത്തുസൂക്ഷിക്കണം എന്നർത്ഥം. ദീർഘമായ മൗനത്തിനൊടുവിൽ അതിശ്രേഷ്ഠമായ നന്മകൾ അവിടുന്ന് കരുതി വയ്ക്കുന്നുണ്ട് എന്നത് തന്നെ കാരണം. 

 *മൂന്നാമത്തേതും അവസാനത്തേതുമായ ഒരു തലം* നമ്മുടെ കുഞ്ഞുബുദ്ധിക്കതീതമാണ് എന്ന സത്യം അംഗീകരിച്ചു കൊണ്ടുതന്നെ ഒരു തിരിച്ചറിവ് ആയിട്ടെങ്കിലും അത് ഉള്ളിൽ സൂക്ഷിക്കാം. 
ദൈവം ശത്രുപക്ഷത്താണോ എന്ന് ചിന്തിച്ചു പോകാവുന്ന തരത്തിലുള്ള ദൈവീകപ്രതികരണങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് പ്രാർത്ഥനാവഴികളിലെ മൂന്നാമത്തെ തലം. സഹനവഴികളിൽ നൊന്തുരുകിയ ജോബും മകന്റെ പാടുപീഡകൾ കണ്ട് ഉള്ളിൽ സങ്കടങ്ങളുടെ കടൽ ആർത്തിരമ്പിയപ്പോളും ദൈവത്തെ മുറുകെപിടിച്ച പരിശുദ്ധ മറിയവും കുരിശിൽ കിടന്ന് "ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ ഉപേക്ഷിച്ചത്? " എന്ന് കരഞ്ഞു നിലവിളിക്കുന്ന ഈശോയും ഈ മൂന്നാമത്തെ തലത്തിലാണ്. 

കാനാൻകാരിയും ഈ മൂന്നാമത്തെ തലത്തിലാണ്. 
അപ്രതീക്ഷിതമായ ദൈവീകപ്രതികരണങ്ങൾ നേരിടേണ്ടി വരുമ്പോളും വീണ്ടും ദൈവത്തെ അള്ളിപ്പിടിച്ച് ആത്മീയജീവിതയാത്ര തുടരുന്ന ആഴമേറിയ വിശ്വാസജീവിതത്തിന്റെ തലം... 
സൂക്ഷിച്ചു നോക്കൂ... 
സഹനവഴികളിലും ദൈവത്തെ മുറുകെപ്പിടിച്ച ജോബിന്റെയും കുരിശിൻ താഴെ നിൽക്കുന്ന പരിശുദ്ധ മറിയത്തിന്റെയും കുരിശിൽ കിടന്ന് നിലവിളിച്ചു പ്രാർത്ഥിക്കുന്ന ഈശോയുടെയും ഒക്കെ മുഖഛായ ഉണ്ട് കേട്ടോ കാണാൻകാരിക്ക് !

ഈശോയെ, നിന്റെ മൗനത്തിന്റെ അർത്ഥം തിരിച്ചറിയാൻ മാത്രം പക്വത എനിക്കും തരുമോ?

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, June 23, 2020

മലമുകളിൽ തനിച്ച്

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣4️⃣

മലമുകളിൽ തനിച്ച് 

"ഈശോ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച്‌ ആയിരുന്നു."
മത്തായി 14 : 23

സുവിശേഷത്തിൽ ഈശോയുടെ ഭൗമീക ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ അതീവ സ്നേഹ സാന്ദ്രമായ ഒന്നാണ് പ്രാർത്ഥിക്കുന്ന ഈശോയെക്കുറിച്ചുള്ളത്. മനുഷ്യനായി അവതരിച്ച ദൈവവചനമായ ഈശോയും പ്രാർത്ഥിച്ചിരുന്നു എന്നത് എത്ര സുന്ദരമായ വായനയും ഓർമ്മയും തിരിച്ചറിവുമാണ്. ഈശോയുടെ പ്രാർത്ഥനയുടെ ആഴം ഒറ്റ വാക്യത്തിൽ വ്യക്തമാകുന്നത് ഹെബ്രായ ലേഖന കർത്താവാണ്. 
"തന്‍െറ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍െറ ദൈവഭയംമൂലം അവന്‍െറ പ്രാര്‍ഥന കേട്ടു."
ഹെബ്രായര്‍ 5 : 7
പിതാവിനോടൊത്തായിരിക്കാൻ ഈശോ നേരം കണ്ടെത്തി എന്നതിനെക്കുറിച്ചാണ് നമ്മുടെ ധ്യാനം. 
ചിലപ്പോൾ മലമുകളിൽ, മറ്റുചിലപ്പോൾ വിജനതയിൽ, വേറെ ചിലപ്പോൾ മരുഭൂമിയിൽ അതിരാവിലെയും രാത്രിനേരങ്ങളിൽ വൈകിയും ഒക്കെ ഈശോ പ്രാർത്ഥിക്കാൻ നേരം കണ്ടെത്തിയിരുന്നു. 
പിതാവിനോടൊത്തായിരുന്ന നേരമായിരുന്നു ഈശോയുടെ ഊർജ്ജസ്രോതസ്സ് എന്ന് തിരിച്ചറിയാൻ അധികം വിഷമമില്ല. 
ഈശോയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സുവിശേഷത്തിൽ അവതരിപ്പിക്കപ്പെടുന്നത് പ്രാർത്ഥനയോട് ബന്ധപ്പെടുത്തിയാണ്. 
മാമോദീസയ്ക്ക് മുമ്പും അപ്പസ്തോലന്മാരെ തെരെഞ്ഞെടുക്കുന്നതിനു മുമ്പും രൂപാന്തരീകരണ വേളയിലും ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് മുമ്പും ഗത്സെമെൻ തോട്ടത്തിലെ ആത്മസംഘർഷത്തിലും കുരിശിൽ കിടന്നും ഒക്കെ പ്രാർത്ഥിക്കുന്ന ഈശോ നമുക്ക് എന്നും മാതൃകയും വെല്ലുവിളിയുമാണ്. പ്രാർത്ഥനയുടെ ആത്മബലം തന്നെയാണ് ഈശോയുടെ ഊർജസ്രോതസ്സ് എന്നത് സംശയമില്ലാത്ത സത്യമാണ്. 
ഏകാന്തതയിൽ തനിച്ചായിരുന്ന് പിതാവിനോട് സംസാരിക്കുമ്പോൾ ജീവിതത്തിന് കൈവരുന്ന ഫലപ്രാപ്തി സുവിശേഷത്തിലെ വചനങ്ങൾ നന്നായി വ്യക്തമാക്കുന്നുണ്ട്. 

ശിഷ്യർ യാത്ര ചെയ്ത വഞ്ചി തിരമാലകളിൽ പെട്ടുലയുന്നു... 
ശിഷ്യർ ഭയചകിതരാകുന്നു... 
"കാറ്റ്‌ പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട്‌ അതു വല്ലാതെ ഉലഞ്ഞു."
മത്തായി 14 : 24

ഏകാന്തതയിൽ തനിച്ചായിരിക്കുന്ന ഈശോചെയ്യുന്ന പ്രവർത്തികൾ ഒന്ന് എണ്ണിയെടുക്കാം... 

1. ശിഷ്യരുടെ വള്ളം തിരമാലകളിൽ പെട്ടുലയുന്നത് തിരിച്ചറിയുന്നു...

2. വെള്ളത്തിനു മീതെ നടന്ന് ശിഷ്യരുടെ അടുത്തെത്തുന്നു... 

3. തിരകളെ ശാസിച്ച് ശിഷ്യരെ രക്ഷിക്കുന്നു... 

പ്രാർത്ഥിക്കുന്നവന്റെ കരുത്താണ് മുകളിൽ അക്കമിട്ട മൂന്ന് കാര്യങ്ങളും... പ്രായോഗികമായി ഇങ്ങനെ വ്യാഖ്യാനിച്ചു വ്യക്തത വരുത്താം...
പ്രാർത്ഥിക്കുന്നവന്റെ കരുത്ത്...

1. പ്രലോഭനങ്ങളുടെയും പ്രതിസന്ധികളുടെയും തിരയിളക്കങ്ങൾ വേഗം തിരിച്ചറിയാനാകുന്നു. 

2. പ്രതിസന്ധികളുടെയോ തെറ്റിദ്ധാരണകളുടെയോ തിരയിളക്കങ്ങൾ സംഹാര താണ്ഡവമാടുന്ന ജലസാഗരത്തിനു മീതെ നെഞ്ച് വിരിച്ച് നടന്ന് നീങ്ങാനാകുന്നു. 

3. അശുദ്ധിയുടെ തിരയിളക്കത്തിൽ മുങ്ങിത്താഴുന്നവരെ കൈ പിടിച്ചുയർത്താനാകുന്നു. 

ഏകാന്തതയിൽ പിതാവിനോടൊത്ത് തനിച്ചിരിക്കുന്നവന്റെ ആത്മബലത്തെ തോൽപ്പിക്കാൻ മാത്രം ഭീകരമായ ഒരു തിരയിളക്കവും ഇവിടെ ഇല്ല !!!

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, June 22, 2020

നല്ല ഭാഗം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣3️⃣


 *നല്ല ഭാഗം* 

"കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല."
ലൂക്കാ 10 : 41-42

ജെറുസലേമിലേക്കുള്ള യാത്രയായിട്ടാണ് ഈശോയുടെ ജീവിതത്തെ ( മിശിഹാ രഹസ്യസത്തെ ) ലൂക്കാ സുവിശേഷകൻ അവതരിപ്പിക്കുന്നത്... 
ഈശോയുടെ രക്ഷണീയ കർമ്മത്തിലെ സവിശേഷമായ ജീവിതസംഭവങ്ങളായ പെസഹാരഹസ്യങ്ങൾ ( സഹന മരണ ഉത്ഥാനം ) അരങ്ങേറുന്നത് ജറുസലേമിൽ ആണ്... 
ജെറുസലേമിലേക്കുള്ള യാത്രയുടെ മധ്യത്തിൽ ആണ് ഈശോ മർത്തായുടെയും മറിയത്തിന്റെയും വീട്ടിൽ പ്രവേശിക്കുന്നത്... 

സഹോദരിമാരായ മർത്തായുടെയും മറിയത്തിന്റെയും സവിശേഷതകളാണ് നമ്മുടെ ധ്യാനവിഷയം... 
മർത്തായെക്കുറിച്ച് പറയാൻ വചനം ഉപയോഗിക്കുന്ന വിശേഷണങ്ങൾ ഒന്ന് പരിചയപ്പെടാം... 

 *മർത്തായേക്കുറിച്ച് സുവിശേഷകൻ* 

1. പല വിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നവൾ 
2. ശുശ്രൂഷക്കായി തനിച്ചായിപ്പോയി എന്ന് പരാതി പറയുന്നവൾ 

 *മർത്തായെക്കുറിച്ച് ഈശോ* 

1. പലതിനെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നവൾ 
2. അസ്വസ്ഥതപ്പെടുന്നവൾ 

*മറിയത്തെക്കുറിച്ച് സുവിശേഷകൻ* : കർത്താവിന്റെ വചനം കേട്ട് പാദാന്തികത്തിൽ ഇരുന്നവൾ 

 *മറിയത്തെക്കുറിച്ച് ഈശോ* : ഒരിക്കലും എടുക്കപ്പെടാത്ത നല്ല ഭാഗം തെരെഞ്ഞെടുത്തവൾ 

ഈ താരതമ്യം ഒരു ധ്യാനമാക്കി രൂപാന്തരപ്പെടുത്താം... 

മർത്താ സ്വയം തെരഞ്ഞെടുത്തതാണ് ശുശ്രൂഷയുടെ വഴി.
വ്യഗ്രചിത്തയാകും വിധം അവൾ അതിൽ വ്യാപൃതയും ആയിരുന്നു.
വ്യഗ്രതയുടെ അളവ് കൂടി കൂടി തനിച്ചായിപ്പോയി എന്ന മാനസികസംഘർഷത്തിലാണവൾ.
അത് തിരിച്ചറിയുന്ന ഈശോ അവളോട് പറയുന്നത് "നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമാണ് " എന്നാണ്.
അപ്പോൾ ശുശ്രൂഷയല്ല പ്രശ്നം, പിന്നെയോ ശുശ്രൂഷയിൽ നിന്നുയിർക്കൊള്ളുന്ന ഉത്കണ്ഠയും അസ്വസ്ഥതയുമാണ്. ഈശോയുടെ ജീവിതത്തിന്റെ ഉന്നതമായ നിയോഗമായി സുവിശേഷം വെളിപ്പെടുത്തുന്നത് അനേകർക്ക് മോചനദ്രവ്യമായി സ്വയം നൽകുന്ന ശുശ്രൂഷ തന്നെയാണ്. "മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45
എന്നിട്ടും ശുശ്രൂഷകളിൽ വ്യാപൃതയായിരുന്ന മർത്താ തിരുത്തപ്പെടുന്നതിന്റെ കാരണം ധ്യാനിക്കുമ്പോൾ ഈശോയുടെ പാദാന്തികത്തിൽ ഇരിക്കാൻ മറന്നുള്ള ശുശ്രൂഷകളും ജോലികളും കൊണ്ടുവരുന്ന ഉത്കണ്ഠകളും അസ്വസ്ഥതകളും അപകടകരമാണ് എന്ന് സമ്മതിക്കേണ്ടി വരുന്നു. 
ഒരു ശുശ്രൂഷയും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കുന്നതിന് പകരമാകില്ല എന്ന ആത്മീയ സത്യം വെളിപ്പെടുത്തുന്നതാണ് ഈ വചനഭാഗം... 
വ്യഗ്രചിത്തമായ മനസ്സുമായി ഓടി നടന്നു ജോലിചെയ്യുമ്പോളും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കാൻ കൂടി നേരം കണ്ടെത്താതെയാകുമ്പോൾ ഞാനും മർത്തായെപ്പോലെ തനിച്ചാണ് എന്ന സംഘർഷത്തിലും ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും ആത്മാനൊമ്പരത്തിലും തപ്പി തടയുന്നു... 
മറിയത്തെപ്പോലെ വീണ്ടും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് അവിടുത്തെ വചനങ്ങൾ കേട്ട് തുടങ്ങുക എന്നത് മാത്രമാണ് ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും വ്യഗ്രതയുടെയും മർത്താ സിൻഡ്രോമിൽ നിന്ന് രക്ഷപെടാനുള്ള വഴി...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവാറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
" ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, June 21, 2020

കരുണ

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣1️⃣

 *കരുണ* 

"നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍."
ലൂക്കാ 6 : 36


ദൈവത്തിന്റെ സ്വഭാവസവിശേഷതകളെ വിവരിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ഹീബ്രു പദങ്ങൾ "Hesed, Hnn, Rahamim" എന്നൊക്കെയാണ്... 
കരുണാർദ്രമായ സ്നേഹം, അനുകമ്പാർദ്രമായ സ്നേഹം എന്നൊക്കെയാണതിനർത്ഥം... 
പഴനിയമത്തിന്റെ പൊതുവായ ഒരു വിഭജനത്തിൽ പഞ്ചഗ്രന്ഥി, സങ്കീർത്തനങ്ങൾ, പ്രവാചകഗ്രന്ഥങ്ങൾ എന്നിങ്ങനെ ഒരു തരംതിരിക്കൽ നമുക്ക് അന്യമല്ല... 
അത് കൊണ്ട് തന്നെ പഞ്ചഗ്രന്ഥിയിലും സങ്കീർത്തനങ്ങളിലും പ്രവാചഗ്രന്ഥങ്ങളിലും ദൈവത്തിന്റെ സ്വഭാവസവിശേഷതയെ പരിചയപ്പെടുത്തുന്ന ഓരോ വചനം മാത്രം നമുക്ക് ധ്യാനവിചാരത്തിന് ഉപയോഗപ്പെടുത്താം... 

 *പഞ്ചഗ്രന്ഥി പരിചയപ്പെടുത്തുന്ന ദൈവം* 

"അവിടുന്ന്‌ ഇപ്രകാരം ഉദ്‌ഘോഷിച്ചുകൊണ്ട്‌ അവന്‍െറ മുന്‍പിലൂടെ കടന്നു പോയി: കര്‍ത്താവ്‌, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്‌തതയിലും അത്യുദാരന്‍."
പുറപ്പാട്‌ 34 : 6

 *സങ്കീർത്തനങ്ങളിലെ ദൈവം* 

"എന്നാല്‍ കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്‌; അങ്ങു ക്‌ഷമാശീലനും സ്‌നേഹസമ്പന്നനും വിശ്വസ്‌തനുമാണ്‌."
സങ്കീര്‍ത്തനങ്ങള്‍ 86 : 15

 *പ്രവാചകഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്ന ദൈവം* 

"യോനാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ടു പറഞ്ഞു: അവിടുന്ന്‌ ദയാലുവും കാരുണ്യവാനും ക്‌ഷമാശീലനും സ്‌നേഹനിധിയും ശിക്‌ഷിക്കുന്നതില്‍ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു."
യോനാ 4 : 2

പിതാവായ ദൈവത്തിന്റെ മുഖം വെളിപ്പെടുത്തിയ ഈശോയുടെ ജീവിതവും കരുണാർദ്രമായിരുന്നു...
അപരന്റെ വേദന തിരിച്ചറിയുന്ന സംവേദനക്ഷമതയായി കരുണയെ നമുക്ക് വ്യാഖ്യാനിക്കാം... 
അപ്പോൾ ഉറപ്പിക്കാം... 
എല്ലാ ദൈവീകവെളിപാടുകളുടെയും പൂർണ്ണതയായ ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം കരുണയുള്ള ഒരു പിതാവിന്റെ മുഖമാണ്... 
ആൻഡ്രിയ റ്റോർണിയല്ലി എന്ന ഇറ്റാലിയൻ ജേർണലിസ്റ് ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ അഭിമുഖത്തിന്റെ പുസ്തകരൂപത്തിന്റെ പേര് "The Name of God is Mercy " എന്നാണ്... 
പറഞ്ഞ് വരുന്നത് എളുപ്പം മനസ്സിലാക്കാവുന്ന ഒരു സത്യമാണ്... 
കരുണ കാണിക്കുക എന്നത് മാത്രമാണ് ദൈവത്തിന്റെ മക്കൾ ആയി രൂപാന്തരപ്പെടുക എന്ന കുലീനമായ ധർമ്മത്തിലേക്കുള്ള ഒരേ ഒരു വഴി... 
അപ്പന്റെ സ്വഭാവസവിശേഷതകൾ ജീവിതത്തിൽ അടയാളപ്പെടുത്തുമ്പോൾ മാത്രമാണല്ലോ മക്കൾ സ്വയം തിരിച്ചറിവിലേക്ക് വളരുന്നതും മക്കൾ ആണ് എന്ന സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്നതും... 
ദൈവത്തിന്റെ മക്കൾ എന്ന നിലനിൽപ്പിന്റെ കുലീനതയും ആനന്ദവും തീരിച്ചറിയുന്ന ആന്തരീക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാൻ പിതാവിന്റെ അടിസ്ഥാന സ്വഭാവസവിശേഷതയായ "കരുണ" സ്വന്തമാക്കേണ്ടത് അനിവാര്യമാണ് എന്നർത്ഥം... 

സ്വർഗ്ഗരാജ്യമെന്ന നിത്യസമ്മാനത്തിന് നമ്മെ അർഹരാക്കി തീർക്കുന്ന മഹനീയ കർമ്മങ്ങൾ കാരുണ്യപ്രവർത്തികൾ ആണ് എന്ന് ഈശോയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്... 

"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌."
മത്തായി 25 : 40

നമ്മൾ വിശ്വസിക്കുന്ന ദൈവവും മുറിവേറ്റമനുഷ്യരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന തിരിച്ചറിവാണ് ക്രിസ്തീയജീവിതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ നിലനിൽപ്പിനാധാരം... 
എത്ര ലളിതമായിട്ടാണ് ഈ സത്യം വിശുദ്ധ ചാവറപിതാവ് പറഞ്ഞു തരുന്നത്, "അന്യനുപകാരം ചെയ്യാത്ത ദിനം നിന്റെ ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ എണ്ണപ്പെടില്ല."

കരുണ കാണിക്കുക എന്ന ദൈവത്തിന്റെ സ്വഭാവഗുണത്തിലും സുവിശേഷജീവിതത്തിന്റെ ഏകകത്തിലും എന്റെ ജീവിതം അളക്കപ്പെടുമ്പോൾ സ്വർഗ്ഗമെന്ന നിത്യസമ്മാനത്തിനും കരുണയുള്ള ദൈവത്തിന്റെ കരുണ കാണിച്ച മക്കൾ എന്ന അഭിധാനത്തിനും നാം യോഗ്യരാകുമോ? 

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, June 20, 2020

അനുസരണം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣0️⃣

 *അനുസരണം* 

"പിന്നെ ഈശോ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്‍െറ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു."
ലൂക്കാ 2 : 51

ദൈവവചനത്തിന് മാംസം ധരിക്കാൻ ഇടം കൊടുത്ത പരിശുദ്ധ മറിയം ദൈവീകരഹസ്യങ്ങൾ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു... 
ദൈവീകരഹസ്യങ്ങൾ കാത്തു സൂക്ഷിച്ച ആ ഹൃദയത്തെ 'വിമലഹൃദയം' എന്ന് തിരുസഭ പേര് വിളിക്കുന്നു... 
മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ച ദൈവപുത്രനായ ഈശോയുടെ അനുസരണവും അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചിട്ടുണ്ട്... 
വിധേയനായി ജീവിച്ച ദൈവപുത്രന്റെ മനോഭാവങ്ങളും അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചിട്ടുണ്ട് എന്ന് ന്യായമായി അനുമാനിക്കാം... 
പിതാവിന്റെ ഹിതം തേടുന്ന പുത്രന്റെ അനുസരണം അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചതുകൊണ്ട് അമ്മയുടെ ഹൃദയത്തിൽ സംഗ്രഹിക്കപ്പെട്ടതും ധ്യാനവിഷയമായിരുന്നതുമായ പുത്രന്റെ അനുസരണമാണ് നമ്മുടെയും ധ്യാനം... 
മാതാപിതാക്കൾക്ക് വിധേയനായി ജീവിക്കുക എന്ന പിതാവിന്റെ ഹിതമാണ് ഈശോ അനുവർത്തിക്കുന്നത്...
ഈ ധ്യാനത്തിൽ അനുസരണം എന്നത് ദൈവഹിതം പൂർത്തിയാക്കാൻ ഒരാൾ സ്വീകരിക്കുന്ന നിലപാടുകളുടെ ആകെത്തുകയാണ് എന്ന ലളിതമായ നിർവചനം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട് 

ഈശോയുടെ വിധേയത്വമനോഭാവത്തിന്റെ മൂന്ന് വ്യത്യസ്തമായ തലങ്ങളിലേക്ക് കടക്കാം... 

1. *പിതാവിന്റെ ഹിതം ഭക്ഷണം പോലെ ഊർജ്ജം പകരുന്നതായിരുന്നു...* 

"ഈശോ പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34

വിശപ്പിനും മീതെ പിതാവിന്റെ ഇഷ്ടത്തെ പ്രതിഷ്ഠിക്കുന്ന ഈശോ... 
എനിക്കാകട്ടെ വിശപ്പുകൾ തീർത്തിട്ട് ദൈവഹിതം ധ്യാനിക്കാനും തിരിച്ചറിയാനും പൂർത്തിയാക്കാനും നേരം ഒട്ടുമില്ല താനും... 
ദൈവഹിതം പൂർത്തിയാകാൻ തടസം നിൽക്കുന്ന എന്നിലെ വിശപ്പുകളെ കീഴടക്കാൻ പറ്റിയിരുന്നെങ്കിൽ !

2. *ഈശോ സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു...* 

"പുത്രനായിരുന്നിട്ടും, തന്‍െറ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു."
ഹെബ്രായര്‍ 5 : 8

ചില ഒറ്റപ്പെടലുകളുടെയും തെറ്റിദ്ധാരണകളുടെയും സഹനവഴികൾ ദൈവഹിതം പൂർത്തിയാകാൻ കാരണം ആകുമെങ്കിൽ കുതറി മാറാതെ ആ സഹനവഴികൾ സ്വീകരിക്കുന്നതാണുത്തമം... 

3. *സ്വയം താഴ്ത്തി ഈശോ അനുസരണം അഭ്യസിച്ചു...* 

"മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി.ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു."
ഫിലിപ്പി 2 : 8 - 9

ചില പരിഹാസശരങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കുരിശുമരണങ്ങൾക്കും മുമ്പിൽ താഴ്ന്നു കൊടുക്കുന്നത് ദൈവഹിതം പൂർത്തിയാകാൻ ഇടയാകുന്നു എങ്കിൽ അങ്ങനെയാവട്ടെ... 
എല്ലാം എവിടെയും സ്വയം തെളിയിക്കേണ്ടതില്ല എന്നർത്ഥം... 
ദൈവം ഉയർത്തുന്ന കാലത്തോളം കാത്തിരിക്കുന്ന അനുസരണമാണ് ശരിക്കും അഭിഷേകം... 

ഈശോയെ, എന്റെ എല്ലാ വിശപ്പുകൾക്കും മീതെ അവിടുത്തെ ഇഷ്ടം പ്രതിഷ്ഠിക്കാൻ എന്നെ സഹായിക്കണമേ... 
സ്വയം താഴ്ന്നു കൊടുക്കുന്നതും സഹനങ്ങളേറ്റെടുക്കുന്നതും അഭിഷേകമാണെന്ന തിരിച്ചറിവ് നൽകണമേ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, June 18, 2020

തിരുഹൃദയം

 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣9️⃣

*തിരുഹൃദയം* 

"എന്നാല്‍, പടയാളികളിലൊരുവന്‍ അവന്‍െറ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു."
യോഹന്നാന്‍ 19 : 34

അവസാനതുള്ളി രക്തവും സ്നേഹിതർക്കുവേണ്ടി ചിന്തിയ ആത്മസമർപ്പണത്തിന്റെ അടയാളം... 
ദൈവകൃപയുടെയും കരുണയുടെയും നിലയ്ക്കാത്ത പ്രവാഹം... 
പ്രാരഭകൂദാശകളായ മാമ്മോദിസായുടെയും വിശുദ്ധ കുർബാനയുടെയും ഉറവയും ഉറവിടവും... 
സ്നേഹത്തിന്റെ കൂദാശയും രക്ഷയുടെ അടയാളവുമായ തിരുസഭയുടെ പ്രഭവകേന്ദ്രം... 
ഈശോയുടെ തിരുഹൃദയം... 

സ്നേഹത്തിന് ഇനിയും പുതിയ നിർവ്വചനങ്ങൾ കൊടുത്ത് ജീവിതം കുറച്ച് കൂടി ശുദ്ധി ചെയ്യണം എന്നുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലാണ് തിരുഹൃദയം... 
കരുണയും അനുകമ്പയും ആർദ്രതയും നിറഞ്ഞ ആഭിമുഖ്യങ്ങളാണ് ഈശോയുടെ തിരുഹൃദയത്തിന്റെ പരമവും പ്രധാനവുമായ സവിശേഷതകൾ...
വിവിധങ്ങളായ സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും നെരിപ്പോടിൽ നീറുന്നവർക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും സുരക്ഷിതമായ അഭയകേന്ദ്രമാണ് ഈശോയുടെ തിരുഹൃദയം... 
ജനക്കൂട്ടത്തോട് ഈശോയ്ക്ക് തോന്നിയ "അനുകമ്പ"യും അന്ധരായ വഴി യാത്രക്കാരോട് തോന്നിയ "ഉള്ളലിവും" എല്ലാം തിരുഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന കൃപാസമൃദ്ധിയുടെ അടയാളമാണ്... 
ദൈവത്തിന്റെ സ്വഭാവസവിശേഷതകളെ വിവരിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ഹീബ്രു പദങ്ങൾ "Hesed, Hnn, Rahamim" എന്നൊക്കെയാണ്... 
കരുണാർദ്രമായ സ്നേഹം, അനുകമ്പാർദ്രമായ സ്നേഹം എന്നൊക്കെയാണതിനർത്ഥം... 
The unbounded mercy and compassionate love of God is manifested in the Sacred Heart of Jesus. 

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം."
മത്തായി 11 : 28-29

ഏത് സംഘർഷങ്ങളിലും ഓടിയടുക്കാനും അഭയം പ്രാപിക്കാനും ഒരു സുരക്ഷിതസങ്കേതം ഉണ്ട് എന്നതാണ് തിരുഹൃദയത്തിരുന്നാളിന്റെ സുവിശേഷം...
തിരുഹൃദയത്തിൽ അഭയം പ്രാപിച്ചു ഈശോയുടെ കരുണയിൽ സ്വയം ശുദ്ധി ചെയ്യുന്നവർ കരുണ നിറഞ്ഞ നിലപാടുകൾ കൊണ്ട് നീതി അനുഷ്‌ഠിക്കേണ്ടതുണ്ട് എന്ന് മറന്നു കൂടാ... 
10000 താലന്ത് കടപ്പെട്ട എന്റെ കടമിളച്ചു നൽകിയ ഈശോയുടെ കരുണയാണ് ജീവിതത്തിന്റെ നിലനിൽപ്പിനാധാരം എന്ന് അതിവേഗം മറന്ന് വെറും 100 ദനാറ കടപ്പെട്ടവനെ കൂച്ചുവിലങ്ങിടുന്ന എന്റെ കരുണ വറ്റിപ്പോയ നിലപാടുകൾ അവിടുത്തെ നീതിയുടെ തുലാസിൽ അളക്കപ്പെടുമെന്ന തിരിച്ചറിവും തിരുഹൃദയം നൽകുന്നു... 
ഈശോ പറഞ്ഞത് പരിശുദ്ധാത്മാവ് വീണ്ടും ഓർമ്മിപ്പിക്കുന്നു, "നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍."
ലൂക്കാ 6 : 36

തിരുഹൃദയസ്‌നേഹത്തിന്റെ മഹിമയോർത്ത് എഴുതിയ ഗാനത്തിന്റെ വരികൾ വീണ്ടും ഓർമ്മയിൽ നിറയുന്നു... 

സ്നേഹാമൃതം പൊഴിയും തിരുഹൃദയം 
മുറിവിൽ ജ്വാല തെളിയും തിരുഹൃദയം 
കാരുണ്യ പുഴയൊഴുകും തിരുഹൃദയം 
ഈശോ തൻ ഹൃദയം തിരുഹൃദയം 

മേനി തകർന്നിട്ടും തളരാതെ നീങ്ങി നീ 
സൗഖ്യത്തിൻ കൂടാരം തീർത്തു 
ചോര പൊടിഞ്ഞിട്ടും മനം പതറാതെ നീ 
ആത്മാവിൽ അൾത്താര തീർത്തു  

മുറിവുകളേറ്റിട്ടും മുറിപ്പെടുത്താതെ നീ 
നീക്കുമെൻ മുറിവുണക്കി 
ഹൃദയ രക്തത്തിൽ കഴുകിയെൻ ജീവിതം 
കനിവിന്റെ കുർബാനയാക്കൂ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, June 17, 2020

വചനവിത്ത്

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣8️⃣

 *വചനവിത്ത്* 

"നല്ല നിലത്തു വീണതോ, വചനം കേട്ട്‌, ഉത്‌കൃഷ്‌ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്‌ ക്‌ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്‌."
ലൂക്കാ 8 : 15


വലിയ ദൈവീകരഹസ്യങ്ങളെ ലളിതമായ ഉപമകൾ വഴി കേൾവിക്കാരെ പ്രബുദ്ധരാക്കിയ നല്ല ഒരധ്യാപകനായിരുന്നു ഈശോ. ഒരേ സമയം അവൻ പ്രവാചകനും പുരോഹിതനും രാജാവുമാണ് എന്ന ദൈവശാസ്ത്രവിചിന്തനം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കും. 
പ്രവാചകധർമത്തിന്റെ സവിശേഷവും പ്രകടവുമായ അടയാളമാണ് പ്രബോധനം. 
ദൈവീകരഹസ്യങ്ങളുടെ ജ്ഞാനം ലളിതമായ ഉപമകൾ വഴി കൈ മാറുമ്പോൾ ഈശോ പ്രവാചകധർമം പൂർത്തിയാക്കുകയും ദൈവഹിതം മനുഷ്യരെ അറിയിക്കികയുമാണ്. 
ദൈവവചനത്തെ വിത്തിനോടുപമിച്ച് ഈശോ പറഞ്ഞ ഉപമയുടെ വ്യാഖ്യാനവും ഈശോ തന്നെ നൽകിയത് കൊണ്ട് ധ്യാനം എളുപ്പമുള്ളതാകുന്നു... 

വചനവിത്ത് വീഴാൻ സാധ്യതയുള്ള നാലിടങ്ങളുടെ സ്വഭാവസവിശേഷതയാണ് ഈശോ വ്യാഖ്യാനിച്ചു നൽകുന്നത്... 
പല വ്യക്തികളിൽ സംഭവിക്കുന്ന ആത്മസംഘർഷങ്ങളുടെയും ആന്തരികപ്രതിസന്ധികളുടെയും പര്യായങ്ങളായി വിത്ത് വീഴുന്ന നാലിടങ്ങൾ - വഴി, പാറ, മുൾച്ചെടികൾ, നല്ല നിലം - വ്യാഖ്യാനിച്ചു മനസിലാക്കുന്നത് ഭേദപ്പെട്ട ധ്യാനരീതി തന്നെ ആണ്... 

ഒരു വ്യക്തിയിൽ തന്നെ സംഭവിക്കാൻ സാധ്യതയുള്ള വ്യത്യസ്തങ്ങളായ ആന്തരികപ്രതിസന്ധികളുടെയും ആത്മസംഘർഷങ്ങളുടെയും വിവിധങ്ങളായ നാല് ഭാവമാറ്റങ്ങളായാണ് നാലിടങ്ങളെ - വഴി, പാറ, മുൾച്ചെടികൾ, നല്ല നിലം - നാം മനസിലാക്കാൻ ശ്രമിക്കുന്നതും പ്രാർത്ഥിച്ചു ധ്യാനിക്കാൻ സമയം കണ്ടെത്തുന്നതും.
വഴിയും പാറയും മുൾച്ചെടിയും എന്നിലെ ഇടറിപോകുന്ന ആത്മസംഘർഷങ്ങളുടെ ഇടങ്ങളാണ്... 
വഴിയും മുൾച്ചെടിയും ബാഹ്യമായ പ്രതിസന്ധികളുടെ സൂചനകളാണ്...
പിശാച് വന്ന് ഹൃദയങ്ങളിൽ നിന്ന് വചനം കൊത്തിയെടുത്തുകൊണ്ടുപോകുന്ന വഴിയാകുന്നുണ്ട് പലപ്പോഴും എന്റെ ഹൃദയം... 
ജീവിത ക്ലേശങ്ങള്‍, സമ്പത്ത്‌, സുഖഭോഗങ്ങള്‍ എന്നിവയാകുന്ന മുൾച്ചെടികൾ ഞെരുക്കി കളയുന്ന നിലവും എന്റെ ഹൃദയത്തിലെ ഞെരുക്കപ്പെടുന്നതും പിച്ചിച്ചീന്തപ്പെടുന്നതുമായ നിലക്കാത്ത ഉൾപ്പോരുകളുടെ സംഘർഷഭൂമിയാണ്...
പാറപോലുള്ള എന്റെ ഹൃദയനിലവും വചനവിത്തിന്റെ എന്നിലുള്ള വളർച്ച തടയുന്നതാണ്... 
ആംത്മീയതയുടെ വേരോട്ടം ആഴത്തിൽ അല്ലാത്തത് കൊണ്ട് വചനവിത്തിന്റെ വേരോട്ടം സാധ്യമാകാത്ത എന്റെ ബലഹീനതയുടെ പാറക്കെട്ടുകൾ... 

നിലക്കാത്ത ഉൾപ്പോരുകളോടും ആന്തരീകസംഘർഷങ്ങളോടും പടപൊരുതി വീണും എഴുന്നേറ്റും ഉള്ള എന്റെ ഈ ആത്മീയയാത്ര വചനവിത്തിന്‌ വളരാൻ അനുകൂലപരിസരം രൂപപ്പെടുത്തുന്ന സംശുദ്ധവും നിർമ്മലവുമായ ഹൃദയനിലത്തേക്കാണ്... 

ഈശോയെ, ഉത്‌കൃഷ്ടവും നിർമ്മലവുമായ ഹൃദയനിലമാക്കി എന്നെ രൂപാന്തരപ്പെടുത്തണമേ... 
ക്ഷമയോടെ കാത്തിരുന്ന് ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഹൃദയനിലത്തിലേക്കുള്ള വളർച്ച എനിക്ക് നൽകണമേ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, June 16, 2020

സാക്ഷ്യം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣7️⃣

 *സാക്ഷ്യം* 

"അവര്‍ ആ സ്‌ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്‍െറ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണുയഥാര്‍ഥത്തില്‍ ലോക രക്‌ഷകന്‍ എന്ന്‌ മനസ്‌സിലാക്കുകയും ചെയ്‌തിരിക്കുന്നു."
യോഹന്നാന്‍ 4 : 42

ഈശോയെ രക്ഷകനായി അംഗീകരിച്ചേറ്റുപറഞ്ഞ ഒരു സമരിയാക്കാരിയുടെ സാക്ഷ്യം മുഖാന്തിരം ഒരു ഗ്രാമം മുഴുവൻ ഈശോയുടെ രക്ഷണീയ ദൗത്യത്തെ ഏറ്റുപറയുന്ന മനോഹരമായ വിവരണത്തിന് അസാധാരണമായ ചാതുരി ഉണ്ട്... 
അളന്നു തൂക്കിയും കാച്ചിക്കുറുക്കിയും ഒക്കെയാണ് താൻ സുവിശേഷം എഴുതാൻ വാക്കുകൾ ഉപയോഗിച്ചത് എന്ന് യോഹന്നാൻ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്...

"ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്‍െറ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌."
യോഹന്നാന്‍ 20 : 30-31

ഈശോയിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ നേടാൻ സഹായകരമാകുന്ന അവശ്യം വേണ്ട വാക്കുകൾ കൊണ്ട് സുവിശേഷം എഴുതിയ യോഹന്നാൻ ഒരു അധ്യായം മുഴുവൻ ഈശോയും സമരിയക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണത്തെ വിവരിക്കാൻ വേണ്ടി മാറ്റി വച്ചിരിക്കുന്നു... 
സുവിശേഷത്തിലെ ഏറ്റവും ദീർഘമായ ഈ സംഭാഷണം 42 വാചകങ്ങളിൽ ആണ് സുവിശേഷകൻ അവതരിപ്പിക്കുന്നത്... 
ശരീരത്തിന്റെ വഴിതെറ്റിയ കാമനകൾക്ക് കീഴ്‌പെട്ടുപോയ ഒരുവൾ... 
സമരിയാക്കാരി ഒന്നിലധികം പുരുഷന്മാരെ തേടി അലഞ്ഞവൾ ആണ് എന്ന് ഒറ്റ വായനയിൽ വ്യക്തമാണ്... 
ആർക്കും ശമിപ്പിക്കാനാവാത്ത അവളുടെ ദാഹത്തെയും മോഹത്തെയും ഒരുപോലെ നിത്യജീവന്റെ ജലം നൽകി ഈശോ ശമിപ്പിച്ചു... 
എസക്കിയേൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിച്ചത് പൂർത്തിയാകുന്നതുപോലെ... 
ദേവാലയബലിപീഠത്തിന്റെ അടിയിൽ നിന്നൊഴുകുന്ന ജലം ഒഴുകി ഒഴുകി കെട്ടിക്കിടക്കുന്ന ജലത്തെ ശുദ്ധമാക്കുന്നപോലെ സിക്കാറിലെ കിണറ്റിൻ കരയിൽ ഇരിക്കുന്ന നസ്രായനീശോ അശുദ്ധിയുടെ അഴുക്കുചാലിൽ കിടക്കുന്ന ഒരുവളെ ചേർത്തു പിടിച്ചു പരിശുദ്ധാത്മാവാകുന്ന നിത്യജീവന്റെ ജലം നൽകി വിശുദ്ധീകരിച്ചു... 

"ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന്‌ അതിനെ ശുദ്‌ധജലമാക്കുന്നു."
എസെക്കിയേല്‍ 47 : 8

ഒരു സമരിയക്കാരിയോട് എന്നല്ല, ഒരു സ്ത്രീയോട് പോലും പൊതുനിറത്തിൽ സംസാരിക്കാൻ യഹൂദപുരുഷന് വിലക്കുണ്ടായിരുന്ന സാമൂഹ്യപശ്ചാത്തലം മറക്കരുത്... 
ഒരുവളെ വീണ്ടെടുക്കാൻ ഉള്ള ദൈവത്തിന്റെ വഴികൾ... 
ശിഷ്യന്മാർ അടുത്ത ഗ്രാമത്തിൽ പോയി ഭക്ഷണം വാങ്ങി തിരിച്ചു വരാൻ എടുത്ത സാമാന്യം ദീർഘമായ ഒരു സമയം അവളോട് സംസാരിച്ചും പരിശുദ്ധാത്മനിറവിനായി അവളെ ഒരുക്കിയും ഈശോ പിതാവിന്റെ ഇഷ്ടം നിറവേറ്റി... 

"എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34

ഇത് ഈശോ പറഞ്ഞത് സമരിയക്കാരിയെ വീണ്ടെടുത്ത ശേഷമാണ്... 
ജാതി, വർഗ്ഗ, വർണ്ണ, വർണ്ണ വ്യതിയാനങ്ങലില്ലാതെ എല്ലാവർക്കും പരിശുദ്ധാത്മാവിനെ നൽകാൻ ആഗ്രഹിക്കുന്ന പിതാവിന്റെ ഇഷ്ടവും പുത്രന്റെ ദൗത്യവും പ്രകടമാണ് ഇവിടെ... 

ഈശോയോട് സംവദിച്ചിരുന്നപ്പോൾ ഹൃദയത്തിൽ നിറഞ്ഞ പരിശുദ്ധാത്മാഭിഷേകത്തിൽ അടുത്ത ഗ്രാമത്തിലേക്ക് അവൾ പോകുകയാണ്... 
ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ട്‌ അങ്ങിങ്ങായി അലഞ്ഞു നടന്നവൾ ഇതാ രക്ഷകനായ ഈശോയെ പ്രഘോഷിക്കുന്ന സാക്ഷിയായി മാറിയിരിക്കുന്നു... 

ഈശോയെ, നിന്നോട് സംവദിക്കുന്ന നേരങ്ങളിൽ എനിക്കുണ്ടാകുന്ന രൂപാന്തരീകരണം വഴി അനേകർ നിന്നെ അറിയാൻ കാരണമാകട്ടെ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

ദുഷ്പ്രേരണ

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣6️⃣

 *ദുഷ്പ്രേരണ* 

"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത്‌ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്‍െറ ആഴത്തില്‍ താഴ്‌ത്തപ്പെടുകയായിരിക്കും."
മത്തായി 18 : 6

ആഴമേറിയ ചില യാഥാർഥ്യങ്ങൾ പരിചയപ്പെടുത്തുകയും ആത്മീയ സത്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ ഈശോ കാർക്കശ്യം നിറഞ്ഞ ഭാഷ ഉപയോഗിക്കുന്ന ചുരുക്കം ചില വചനഭാഗങ്ങളിൽ ഒന്നാണിത്... 
കച്ചവടത്തിന്റെയും കമ്പോളത്തിന്റെയും സ്വാർത്ഥലാഭങ്ങൾ പൂരിപ്പിക്കാൻ ദേവാലയത്തിന്റെ പരിശുദ്ധി വച്ച് വിലപേശിയ യഹൂദ മതനേതാക്കളെ കയറുകൊണ്ട് ചാട്ട ഉണ്ടാക്കി പുറത്താക്കുമ്പോൾ പൊതുവെ കാർക്കശ്യം നിറഞ്ഞ ശരീരഭാഷയാണ് ഈശോയ്ക്ക്... ജീവിതത്തോട് ബന്ധമില്ലാത്ത കപടമായ മതാത്മകതയുടെ അപകടവഴികളിൽ യാത്ര ചെയ്ത യഹൂദന്മാരായ ഫരിസേയപ്രമാണികളോടും നിയമജ്ഞരോടും സംസാരിക്കുമ്പോഴും കാർക്കശ്യം നിറഞ്ഞ ഭാഷയിൽ ഈശോ അവരുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നുണ്ട്... 
ദുഷ്പ്രേരണ നൽകുക എന്ന ഗൗരവതരമായ തെറ്റിനെക്കുറിച്ച് പ്രതിപാദിക്കുമ്പോളും ഈശോയുടെ ഭാഷാശൈലി കഠിനമാണ്... 
"ചെറിയവർക്ക് ദുഷ്പ്രേരണ നൽകുന്നതിനെക്കാൾ നല്ലത് കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തുന്നതാണ് " എന്നത് ആഴമേറിയ ധ്യാനമർഹിക്കുന്ന വചനമാണ്... 
'ചെറിയവർ' ആരാണ്? 
വിശ്വാസത്തിൽ ചെറിയവർ, വിജ്ഞാനത്തിൽ ചെറിയവർ, വിശുദ്ധിയിൽ ചെറിയവർ, പ്രായത്തിൽ ചെറിയവർ, കഴിവുകളിൽ ചെറിയവർ... 
അങ്ങനെ ആരുമാകാം 'ചെറിയവർ'... 
ദുഷ്പ്രേരണ നൽകുന്നതിലെ ഗൗരവതരമായ വീഴ്ച കാണിക്കാൻ ഈശോ പറയുന്നത് ശ്രദ്ധിക്കണം... 
"കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുന്നത് ആയിരിക്കും കൂടുതൽ നല്ലത് " എന്ന്... 
ചെറിയവർക്ക് ഇടർച്ചയുണ്ടാക്കുന്നതും ദുഷ്പ്രേരണ നൽകുന്നതും കരഞ്ഞു മനസ്താപപ്പെട്ട് പൊറുതി അപേക്ഷിക്കേണ്ട വലിയ വീഴ്ചകൾ തന്നെ... 
പാപഹേതുവാകുന്ന അവയവം ചൂഴ്ന്നെടുക്കാൻ ഒക്കെ ഈശോ പറയുമ്പോൾ അത് ലിഖിതവ്യാഖ്യാനത്തിനേക്കാൾ മറ്റെന്തോ ആത്മീയ അർത്ഥം ഉള്ളതാണ്...
പാപസാഹചര്യങ്ങളെ വേദനയോടെ തന്നെ ഒഴിവാക്കണം എന്ന് തന്നെയാണതിനർത്ഥം... നോട്ടം പിശകുമ്പോൾ കണ്ണിനെ നിയന്ത്രിക്കുന്നത് കണ്ണ് ചൂഴ്ന്നെടുക്കുന്നതുപോലെ വേദന നിറഞ്ഞതാകാം... 
യാത്രകൾ പിഴക്കുമ്പോൾ കാല്പാദങ്ങളെ നിയന്ത്രിക്കുന്നത് കാൽ മുറിച്ചു മാറ്റുന്ന വേദന സമ്മാനിക്കാം... 
വേദന നിറഞ്ഞതാണെങ്കിലും, ഈ ആത്മീയ അച്ചടക്കങ്ങൾ, നിയന്ത്രണങ്ങൾ, ആത്മസംയമനം, പരിഹാരങ്ങൾ നമ്മെ നിത്യജീവനിലേക്ക് നയിക്കുന്നതായിരിക്കും എന്നതാണ് സമാശ്വാസവചനം... 

ഈശോയെ, എന്റെ ജീവിതത്തിന്റെ കുറവ് കണ്ട് ആരും ഇടറിപ്പോകാൻ അനുവദിക്കരുതേ... 
ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ആത്മസംയമനത്തിന്റെ വഴി തെരഞ്ഞെടുത്തതും നിത്യജീവനിലേക്ക് നടന്നടുക്കാൻ എന്നെ പരിശീലിപ്പിക്കണമേ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, June 13, 2020

അഴുകാത്ത നാവുള്ള വിശുദ്ധ അന്തോനീസ്

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣3️⃣

അഴുകാത്ത നാവുള്ള വിശുദ്ധ അന്തോനീസ് 

"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്‍െറ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍െറ നാവുപോലെയാകും. അവര്‍ നിന്‍െറ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല."
ജറെമിയാ 15 : 19

ദൈവവചന പ്രഘോഷണത്തിനുവേണ്ടി ജീവിതം ആത്മാർപ്പണം ചെയ്ത അഴുകാത്ത നാവുള്ള വിശുദ്ധ അന്തോനീസിന്റെ ഓർമ്മയാചരണമാണിന്ന്... 
എഴുതപ്പെട്ട ദൈവവചനത്തിന്റെ കൃപാവചസ്സുകൾ നാവിൽ സൂക്ഷിച്ചു സദാസമയം അത് ധ്യാനിച്ചു പ്രഘോഷിച്ച വിശുദ്ധന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് അഴുകാത്ത നാവുള്ള വിശുദ്ധൻ എന്ന വിശേഷണം...
വിശുദ്ധ അന്തോനീസിനെ ഓർമിക്കുമ്പോൾ നാവിന്റെ വിശുദ്ധീകരണമാണ് നമ്മുടെ ധ്യാനം...
സംസാരശുദ്ധിയുടെ അഭിഷേകത്തിനു വേണ്ടിയാണ് നമ്മുടെ പ്രാർത്ഥന... 

നാവിന്റെ ദുരുപയോഗത്തിൽ ചോർന്നു പോകാൻ സാധ്യതയുള്ളത് കൃപയുടെ നിറവാണ്... 

1. സംസാരത്തിലെ പിഴവ് സ്വന്തം വീഴ്ചയ്ക്ക് കാരണമാകുന്നു

"പാപിയുടെ പതനത്തിനു കാരണംഅവന്‍െറ ചുണ്ടുകളാണ്‌; ചീത്ത പറയുന്നവന്‍െറയും അഹങ്കാരിയുടെയും വീഴ്‌ചയ്‌ക്കു കാരണം നാവുതന്നെ."
പ്രഭാഷകന്‍ 23 : 8

ദൈവം കരുതി വച്ചിരിക്കുന്ന കൃപാവരത്തിന്റെ സമൃദ്ധി നഷ്ടമാകാനും ആത്മീയ ജീവിതം ശുഷ്കിച്ചു പോകാനും കാരണമായി എന്റെ നാവ് മാറാൻ ഉള്ള അപകടകരമായ സാധ്യത മറക്കാൻ പാടില്ല... 
വിലയില്ലാത്ത വാക്കുകൾ നാവിനെ ഭരിച്ചാൽ നാവ് വഴി തന്നെ കൃപ ചോർന്നു പോകും എന്നത് ദുഃഖസത്യമാണ്... 

2. നാവിന്റ ദുരുപയോഗം അപരനെ വീഴ്ത്തുന്നു 

ഭൂമിയിൽ ഇന്നോളം നടന്നിട്ടുള്ള യുദ്ധഭൂമികളിൽ പൊലിഞ്ഞു പോയ ജീവനുകളെക്കാൾ അധികമാണ് അപവാദപ്രചാരണങ്ങളും പരിഹാസസരങ്ങളും കുറ്റപ്പെടുത്തലുകളും തേജോവധവും വഴി വീണു പോയിട്ടുള്ളത്... 
വാൾത്തലയെക്കാൾ അപകടകരമാണ് നാവിന്റെ പരിഹാസസരങ്ങളും അപവാദപ്രചാരണങ്ങളും... 

"വാള്‍ത്തല അനേകരെ വീഴ്‌ത്തിയിട്ടുണ്ട്‌; നാവുകൊണ്ട്‌ വീഴ്‌ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്‌."
പ്രഭാഷകന്‍ 28 : 18

ദൈവവചനത്തിന്റെ കൃപകളും അഭിഷേകവും കൊണ്ട് നാവിനെ ശുദ്ധീകരിക്കാൻ പാദുവായിലെ വിശുദ്ധ അന്തോനീസ് വെല്ലുവിളിക്കുന്നു... 
ഏശയ്യാ പ്രവാചകന്റെ സങ്കടം അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ് എന്നതായിരുന്നു... 
കരഞ്ഞു നിലവിളിച്ചപ്പോൾ സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ടെടുത്ത കനൽ പ്രവാചകന്റെ നാവിൽ സ്പർശിച്ചിട്ട് പറഞ്ഞു, "നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു, നിന്റെ മാലിന്യം നീക്കപ്പെട്ടു."
പൗരസ്ത്യ ദൈവശാസ്ത്രവീക്ഷണത്തിൽ, സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് എടുത്ത ഈ കനൽ ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണ്... 
സംസാരത്തിലെ മാലിന്യങ്ങളെ ഏരിയിച്ചില്ലാതാക്കുന്ന 'സ്വർഗ്ഗത്തിന്റെ തീക്കട്ട'... 
സംസാരശുദ്ധിയുടെ ചൂട് നൽകുന്ന 'ബലിപീഠത്തിലെ തീക്കട്ട'... 
വിശുദ്ധ കുർബാന... 
ഈശോയെ സ്വീകരിക്കുന്ന നാവിൽ കൃപാവചസ്സുകൾ ഇനിയും നിറയേണ്ടിയിരിക്കുന്നു... 

സങ്കീർത്തകനോട് ചേർന്ന് ഇങ്ങനെ പ്രാർത്ഥിക്കാം... 

"കര്‍ത്താവേ, എന്‍െറ നാവിനുകടിഞ്ഞാണിടണമേ! എന്‍െറ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ"
സങ്കീര്‍ത്തനങ്ങള്‍ 141 : 3

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, June 11, 2020

വിശ്വാസം എന്ന ദൈവീകപുണ്യം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣2️⃣

 *വിശ്വാസം എന്ന ദൈവീകപുണ്യം* 

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്‌."
യോഹന്നാന്‍ 6 : 47

തന്നിൽ വിശ്വസിക്കുന്നവർക്ക് ഈശോ വാഗ്ദാനം ചെയ്യുന്ന അതിശ്രേഷ്ഠമായ സമ്മാനമാണ് നിത്യജീവൻ... 
വിശ്വാസം എന്ന വാക്കിന് ബൈബിൾ ഉപയോഗിക്കുന്ന ഹീബ്രു പദം "Emunah" എന്നതാണ്... 
"ആമേൻ" എന്ന സുറിയാനി വാക്കും വിശ്വാസത്തിന്റെ ആഴമേറിയ പ്രത്യുത്തരത്തെ സൂചിപ്പിക്കുന്നതാണ്... 
പരിപൂർണ സമർപ്പണം, അർപ്പണം, അനുസരിക്കുന്ന വിധേയത്വം എന്നൊക്കെ ആണ് വിശ്വാസത്തിന്റെ ദൈവശാസ്ത്ര വ്യാഖ്യാനം... 
വിശ്വാസത്തിന്റെ വഴികളിൽ യാത്ര ചെയ്യുന്നവർക്ക് എഴുതപ്പെട്ട ദൈവവചനം വാഗ്ദാനം ചെയ്യുന്ന കൃപകളാണ് നമ്മുടെ ധ്യാന വിചാരം... 

1. *വിശ്വസിക്കുന്നവർക്ക് പൊള്ളൽ ഏൽക്കില്ല* 

ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്‌നിയില്‍നിന്നു രക്‌ഷിക്കപ്പെട്ടു."
1 മക്കബായര്‍ 2 : 59

ഏകസത്യ ദൈവത്തെ ആരാധിച്ചതിന്റെ പേരിൽ രാജാവിനെ വണങ്ങാത്തത്തിന്റെ പേരിൽ തീച്ചൂളയിൽ എറിയപ്പെട്ട മൂന്ന് യുവാക്കൾ അഗ്നിയുടെ പൊള്ളൽ ഏൽക്കാതെ രക്ഷപെട്ടത് അവരുടെ ആഴത്തിലുള്ള വിശ്വാസം കൊണ്ടായിരുന്നു... 
പ്രതിസന്ധികളുടെയും ഒറ്റപെടലിന്റെയും പരിഹാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും തീച്ചൂളയിൽ പൊള്ളൽ ഏൽക്കാതെ രക്ഷപെടാൻ ഉള്ള പ്രതിവിധി ദൈവവിശ്വാസം എന്ന പുണ്യമാണ്... 

2. *വിശ്വസിക്കുന്നവർക്ക് തിന്മയുടെ പോറൽ ഏൽക്കില്ല* 

"അപ്പോള്‍ രാജാവ്‌ അത്യധികം സന്തോഷിച്ച്‌, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്‍െറ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട്‌ അവന്‌ ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല."
ദാനിയേല്‍ 6 : 23

ദൈവത്തിൽ ആശ്രയിച്ച ദാനിയേലിനു ഒരു പോറൽ പോലും ഏറ്റില്ല എന്നാണ് എഴുതപ്പെട്ട തിരുലിഖിത ഭാഷ്യം... 
പ്രലോഭനങ്ങളുടെയും സഹനങ്ങളുടെയും ഞെരുക്കങ്ങളുടെയും സിംഹക്കുഴികൾ ആത്മീയ യാത്രയിൽ ആർക്കും അന്യമല്ല... 
എവിടെ വീണാലും ആരെറിഞ്ഞാലും ഒരു പോറൽ പോലും ഏൽക്കാതെ കാത്തുപാലിക്കുന്ന ദൈവപരിപാലന അനുഭവിക്കാൻ വിശ്വാസം എന്ന സുകൃതം കൂടിയേ തീരൂ.... 

3. *വിശ്വസിക്കുന്നവർ മുങ്ങിത്താഴില്ല* 

"അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്‌? നിങ്ങള്‍ക്കു വിശ്വാസമില്ലേ?"
മര്‍ക്കോസ്‌ 4 : 40

പ്രതിസന്ധികളുടെയും പരിഹാസസരങ്ങളുടെയും അപ്രതീക്ഷിത അനുഭവങ്ങളുടെയും തിരയിളക്കത്തിലും കൊടുങ്കാറ്റിലും മുങ്ങി താഴ്ന്നു പോകാതെ പിടിച്ചു നിർത്തുന്ന സുകൃതമാണ് വിശ്വാസം...

അപ്പസ്തോലന്മാർ പ്രാർത്ഥിച്ചതുപോലെ നമുക്കും പ്രാർത്ഥിക്കാം, " അപ്പോള്‍ അപ്പസ്‌തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!"
ലൂക്കാ 17 : 5

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, June 10, 2020

വിശുദ്ധ കുർബാന

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣1️⃣

 *വിശുദ്ധ കുർബാന* 

ലോകാവസാനത്തോളം മനുഷ്യരുടെ കൂടെ ആയിരിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹമാണ് വിശുദ്ധ കുർബാന... 
വിശുദ്ധ കുർബാന എന്ന സ്നേഹകൂദാശയെ ദിവ്യകാരുണ്യം എന്നാണ് നമ്മൾ വിളിക്കുന്നത്... 
ദൈവത്തിന്റെ കാരുണ്യം നിറഞ്ഞു തുളുമ്പുന്ന സ്നേഹകൂദാശ... 
വിശുദ്ധ കുർബാന... 
വിശുദ്ധ കുര്ബാനയോട് ചേർന്ന് നിൽക്കുമ്പോൾ ഒരു വ്യക്തിക്ക് കൈവരുന്ന സ്വർഗീയ കൃപകളെക്കുറിച്ചാണ് നമ്മുടെ ധ്യാനം... 

1. *വിശുദ്ധീകരിക്കുന്ന വിശുദ്ധകുർബാന* 

ഏശയ്യാ ദീർഘദർശി കണ്ട ദർശനം ഓർമ്മിക്കാം... 
സ്വർഗ്ഗത്തിൽ ദൈവത്തെ 'പരിശുദ്ധൻ, പരിശുദ്ധൻ' പാടി സ്തുതിക്കുന്ന സെറാഫുകൾ... 
അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ് എന്ന് കരഞ്ഞു നിലവിളിക്കുന്ന ഏശയ്യാ... 
ഉടനെ സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ടെടുത്ത കനൽ പ്രവാചകന്റെ നാവിൽ സ്പർശിച്ചിട്ട് പറഞ്ഞു, "നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു, നിന്റെ മാലിന്യം നീക്കപ്പെട്ടു."
പൗരസ്ത്യ ദൈവശാസ്ത്രവീക്ഷണത്തിൽ, സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് എടുത്ത ഈ കനൽ ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണ്... 
മലങ്കര ആരാധനക്രമത്തിൽ വിശുദ്ധ കുർബാന നൽകുമ്പോൾ വൈദികൻ പറയുന്നത്, 'വിശുദ്ധ കുർബാന എന്ന തീക്കട്ട വിശ്വാസിക്ക് നൽകപ്പെടുന്നു.'
പാപത്തിന്റെ മാലിന്യങ്ങളെ ഏരിയിച്ചില്ലാതാക്കുന്ന 'സ്വർഗ്ഗത്തിന്റെ തീക്കട്ട'... 
വിശുദ്ധിയുടെ ചൂട് നൽകുന്ന 'ബലിപീഠത്തിലെ തീക്കട്ട'... 
വിശുദ്ധ കുർബാന... 
പൗരസ്ത്യ വേദപാരംഗതനും സുറിയാനി മല്പാനുമായ വിശുദ്ധ അപ്രേം പറയുന്നത് പോലെ, 'Eucharist is the new burning coal of the New Testament.'

2. *നിത്യജീവൻ നൽകുന്ന വിശുദ്ധ കുർബാന* 

"എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും."
യോഹന്നാന്‍ 6 : 54

വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് ഈശോ വാഗ്ദാനം ചെയ്ത സമ്മാനമാണ് നിത്യജീവൻ... 
രോഗികൾക്ക് വിശുദ്ധ കുർബാന എത്തിച്ചു കൊടുക്കുമ്പോൾ, അതിനെ 'തിരുപാഥേയം' എന്നാണ് വിളിക്കുന്നത്... 
സ്വർഗത്തിലേക്കുള്ള യാത്രയിൽ ആത്മീയ ഊർജ്ജം പകരുന്ന ദിവ്യകാരുണ്യം... 

3. *നവീകരിക്കുന്ന വിശുദ്ധ കുർബാന* 

എമ്മാവൂസ് യാത്രയാണ് ധ്യാനം... 
രണ്ടുപേർ എമ്മാവൂസിലേക്കുള്ള യാത്രയിൽ ആണ്... 
കണ്ണുകൾ മൂടപ്പെട്ടവർ, ഹൃദയം മന്ദീഭവിച്ചവർ, മുഖത്ത് മ്ലാനതയുടെ ഇരുട്ട് കൂടിയവർ... 
യാത്ര മദ്ധ്യേ ഒരു അപരിചിതനെപ്പോലെ ഈശോയും കൂടെ കൂടി... 
വഴിയിൽ വച്ച് അവൻ വചനം വ്യാഖ്യാനിച്ചു, അപ്പം മുറിച്ചു കൊടുത്തു... 
പിന്നെ, കണ്ണുകൾ തുറക്കപ്പെട്ടു, ഹൃദയം ജ്വലിച്ചു, മുഖത്ത് പ്രസാദം തിരികെ വന്നു... 
നിരാശയുടെയും ഒറ്റപ്പെടലിന്റെയും തെറ്റിദ്ധാരണയുടെയും നോവ് ഉള്ളിൽ പേറി വേദനിക്കുമ്പോൾ മന്ദീഭവിച്ച ഹൃദയവും മൂടപ്പെട്ട കണ്ണുകളും മ്ലാനത മൂടിയ മുഖവുമായി ദിവ്യകാരുണ്യത്തിനരികെ നമുക്ക് ഇരിക്കാം...
കണ്ണുകൾ തുറക്കപ്പെടും, ഹൃദയം ജ്വലിക്കും, മുഖം പ്രകാശിക്കും... തീർച്ച... 

ദിവ്യകാരുണ്യത്തിന്റെ അരികെ ഇരുന്ന് ഇരുന്ന് കേരള സഭയെ പ്രകാശിപ്പിച്ച വലിയ പ്രിയോർ അച്ചന്റെ വാക്കുകൾ ഓർത്ത് അവസാനിപ്പിക്കാം... 
കൂനൻമാവിലെ സന്യാസിനിമാർക്ക് ഒരു പെസഹാ വ്യാഴാഴ്ച എഴുതിയ കത്താണ്... 
"എന്റെ ഹൃദയത്തോടൊപ്പം എന്നോടൊപ്പം ജനിച്ചവരായ നിങ്ങളുടെ ഹൃദയങ്ങളെയും ഈശോയുടെ പെട്ടകത്തിൽ വച്ചു പൂട്ടി. ഇനി ഉയിർപ്പ് വരെ അവിടെ പാർത്തു കൊള്ളുക."

നമുക്കും ഹൃദയം ഈശോയുടെ സക്രാരിയിൽ വച്ച് പൂട്ടാം... 
കണ്ണുകൾ തുറക്കപ്പെടട്ടെ... 
ഹൃദയം ജ്വലിക്കട്ടെ... 
മുഖം പ്രകാശിക്കട്ടെ....


✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, June 7, 2020

പാപമോചനം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣7️⃣

"ഈശോ അവളോടു പറഞ്ഞു: നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
ലൂക്കാ 7 : 50

 *പാപമോചനം*
 
ഇടറിപ്പോയ വഴികളുടെ മുഴുവൻ ഭാരവും കണ്ണീരായി ഒഴുക്കി ഈശോയുടെ പാദങ്ങൾ കഴുകി തലമുടി കൊണ്ട് തുടച്ചു പാദങ്ങളിൽ ഉമ്മ കൊടുക്കുന്ന ഒരു സ്ത്രീ ലൂക്കായുടെ സുവിശേഷത്തിലെ സജീവ സാന്നിധ്യം ആണ്... 
ഫരിസയ പ്രമാണിയായ ശിമെയോന്റെ വീട്ടിലെ അത്താഴവിരുന്നാണ് പശ്ചാത്തലം... 
പട്ടണത്തിലെ പാപിനിയായ ഒരുവൾ എന്നാണ് അവൾക്കുള്ള വിശേഷണം... 
" 'ഏത് തരക്കാരി ആണ് ഇവൾ' എന്ന് ഇവൻ അറിയുന്നില്ലേ? " എന്നുള്ള ശിമെയോന്റെ സ്വഗതം പറച്ചിൽ അവളെ സമൂഹം വില കുറച്ച് കണ്ടു എന്ന് വ്യക്തമാക്കുന്നു...
സ്വന്തം ബലഹീനതയുടെ ഇടർച്ചകളും വഴിതെറ്റിപോയ ഓർമ്മകളും സമൂഹത്തിന്റെ പരിഹാസശരങ്ങളും കുത്തുവാക്കുകളും കൂടെ തെറ്റിലേർപ്പെട്ടവരുടെ ഉൾപ്പെടെയുള്ള വിധിവാചകങ്ങളും സദാചാര പോലീസുകാരുടെ വിചാരണകളും അവളുടെ ആത്മാഭിമാനത്തെ വല്ലാതെ ക്ഷതപ്പെടുത്തിയിട്ടുണ്ട്... 
ഒരു സ്ത്രീ എന്ന നിലയിൽ കൈമോശം വന്ന് പോയ ശരീരശുദ്ധിയും അവളുടെ ആത്മാവിനെ വ്രണപ്പെടുത്തിയിട്ടുണ്ട്... 
എല്ലാ ഭാരങ്ങളും ഇറക്കി വയ്ക്കാൻ ഒരിടം തേടി അലയുകയായിരുന്നു... 
ഈശോ വിരുന്നിനു വന്ന വീട്ടിൽ അങ്ങനെ ആണവൾ എത്തിയത്... 
നസ്രായനായ ഈശോ മിശിഹായുടെ പാന്തികത്തിൽ കിട്ടുന്ന സ്വസ്ഥതയും സമാശ്വാസവും വേറെ എവിടെ കിട്ടാൻ? 

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും."
മത്തായി 11 : 28-29

കരഞ്ഞു തീർത്തു പാപങ്ങൾ ഇറക്കി വച്ചു കൈ മോശം വന്ന വിശുദ്ധി വീണ്ടെടുക്കുന്ന ഒരു ആത്മാവിന്റെ ശുദ്ധീകരണവഴിയുടെ കുമ്പസാരക്കൂടായി മാറി ശിമെയോന്റെ വീട്...
"ഈശോ അവളോടു പറഞ്ഞു: നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
ലൂക്കാ 7 : 50

ഈശോയുടെ ഈ വാക്കുകളിൽ നിഴലിക്കുന്ന സംരക്ഷണത്തിന്റെ ആശ്വാസം തിരിച്ചറിഞ്ഞ അവൾ തിരികെ പോകുന്നത് പാപിനി ആയിട്ടല്ല.... വിശുദ്ധ ആയിട്ടാണ്... കാരണം അവൾ പാപമോചാധികാരമുള്ള നസ്രായനായ ഈശോയെ കണ്ടെത്തി കഴിഞ്ഞു... 
ഇടേക്കെപോഴോ ഈശോ ശിമെയോനോട് പറഞ്ഞ കാര്യങ്ങൾ ഓർമ്മിക്കുന്നത് അർത്ഥവത്താണ്... 
"അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട്‌ അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു."
ലൂക്കാ 7 : 47

അധികസ്നേഹമാണ് പാപമോചനത്തിനുള്ള എളുപ്പവഴി... 
ദൈവകരുണ സ്വീകരിച്ചു പാപമോചനം പ്രാപിക്കുന്നവർക്ക് അധികം സ്നേഹിക്കാനും കടപ്പാടുണ്ട്...

ഈശോയെ, ഇടറിപ്പോയ വഴികളുടെ ഓർമ്മകളും ആത്മനൊമ്പരവുമായി നിന്റെ മുന്നിലിരുന്നു ഞാൻ കരയാം... 
പാപിനിയോട് പറഞ്ഞത് പോലെ എന്നോടും
"സമാധാനത്തോടെ പോവുക" എന്നൊന്ന് നീ ആവർത്തിക്കുമോ?

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, June 6, 2020

ദൈവഹിതം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣6️⃣

"ഈശോ മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക."
യോഹന്നാന്‍ 6 : 29

*ദൈവഹിതം*

ദൈവഹിതമനുസരിച്ചു ജീവിതം ക്രമപ്പെടുത്തുമ്പോൾ ഒരു വ്യക്തിക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ ആണ് ധ്യാനവിഷയം...

1. *ഈശോയോടുള്ള ബന്ധം ദൃഢമാകുന്നു*

"ദൈവത്തിന്‍െറ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ്‌ എന്‍െറ സഹോദരനും സഹോദരിയും അമ്മയും."
മര്‍ക്കോസ്‌ 3 : 35

ഈശോയുമായുള്ള സഹോദര്യത്തിലേക്കും ആഴമുള്ള ബന്ധത്തിലേക്കും വളരാൻ സാധിക്കുന്നത് ദൈവഹിതപ്രകാരം ജീവിതം ക്രമപ്പെടുത്തുമ്പോൾ ആണ്...

2. *പ്രാർത്ഥനകൾ കേൾക്കപ്പെടുന്നു*

ദൈവം പാപികളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍െറ പ്രാര്‍ഥന ദൈവം ശ്രവിക്കുന്നു.
യോഹന്നാന്‍ 9 : 31

പ്രാർത്ഥനകൾ കേൾക്കപ്പെടാനും ദൈവഹിതം തെരയുന്ന ഒരു മനസ്സ് വേണം...

3. *സ്വർഗ്ഗരാജ്യത്തിന്‌ യോഗ്യരാകുന്നു*

"കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക."
മത്തായി 7 : 21

ദൈവഹിതപ്രകാരമുള്ള യാത്രയാണ് സ്വർഗത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കി തരുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, June 4, 2020

വചനശുശ്രൂഷയിലെ രോഗശാന്തി

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ*0️⃣5️⃣ 0️

 *വചനശുശ്രൂഷയിലെ  രോഗശാന്തി* 

"ഈശോ പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതെല്ലാം ചെന്ന്‌ യോഹന്നാനെ അറിയിക്കുക. കുരുടന്‍മാര്‍ കാണുന്നു; മുടന്തന്‍മാര്‍ നടക്കുന്നു; കുഷ്‌ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു."
ലൂക്കാ 7 : 22

'വരാനിരിക്കുന്ന മിശിഹാ നീ തന്നെയോ?' എന്ന് ഈശോയോട് ചോദിക്കാൻ പറഞ്ഞ് സ്നാപകയോഹന്നാൻ തന്റെ ശിഷ്യരെ ഈശോയുടെ പക്കലേക്ക് അയക്കുന്നു... 
സ്നാപകനാണോ ശിഷ്യർക്കാണോ ഈ സംശയം ഉണ്ടായത് എന്ന് വ്യകതമല്ല... 
സ്നാപകന്റെ സംശയം തന്റെ ശിഷ്യർ വഴി ഈശോയെ അറിയിക്കുന്നതാകാം... 
അല്ലെങ്കിൽ, ശിഷ്യരുടെ സംശയം മാറ്റാൻ അവരെ ഈശോയുടെ പക്കലേക്ക് സ്നാപകൻ പറഞ്ഞ് വിടുന്നതും ആകാം... 
അതിന്റെ വിശദാംശങ്ങളെക്കാൾ ഈശോയുടെ മറുപടി ആണ് നമ്മുടെ ധ്യാനവിചാരം... 

"ഈശോ പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതെല്ലാം ചെന്ന്‌ യോഹന്നാനെ അറിയിക്കുക. കുരുടന്‍മാര്‍ കാണുന്നു; മുടന്തന്‍മാര്‍ നടക്കുന്നു; കുഷ്‌ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു."
ലൂക്കാ 7 : 22

ഈശോയുടെ ജീവിതനിയോഗവും ദൗത്യവും ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു... 
ഈശോയുടെ പ്രഥമവും പ്രധാനവുമായ ദൗത്യമായ ദൈവാരാജ്യസ്ഥാപനത്തിന്റെ സവിശേഷമായ അടയാളങ്ങൾ അഞ്ച് തലങ്ങളിൽ ഉണ്ട് എന്നത് ആർക്കും നിഷേധിക്കാനാവാത്ത ദൈവശാസ്ത്ര വ്യാഖ്യാനം ആണ്... 

1. രോഗികളെ സുഖപ്പെടുത്തി 
2. പിശാചുക്കളെ ബഹിഷ്കരിച്ചു 
3. പ്രപഞ്ചശക്തികളുടെമേൽ അധികാരം തെളിയിച്ചു 
4. മരിച്ചവരെ ഉയിർപ്പിച്ചു 
5. പാപങ്ങൾ മോചിച്ചു 

മുകളിൽ പ്രസ്താവിച്ച അഞ്ച് കാര്യങ്ങൾ ഈശോയുടെ ദൈവരാജ്യവേലയുടെ സവിശേഷമായ അടയാളങ്ങളാണ് എന്ന സത്യത്തിൽ സുവിശേഷം വായിക്കുന്ന ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല...

ഈശോയുടെ ദൗത്യം ഈ ഭൂമിയിൽ തുടരേണ്ടതും രക്ഷയുടെ അടയാളമായി നില കൊള്ളേണ്ടതും തിരുസഭയാണ് എന്ന് ജനതകളുടെ പ്രകാശം എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ രേഖപ്പെടുത്തുന്നു... 

പൗരോഹിത്യത്തെക്കുറിച്ചുള്ള വത്തിക്കാൻ കൗൺസിൽ ഡിക്രി (Presbyterorum Ordinis) രണ്ടാം അധ്യായം മുഴുവൻ പരാമർശിക്കുന്നത് പുരോഹിതരുടെ മൂന്ന് ദൗത്യങ്ങളെക്കുറിച്ച് ആണ്... 

a. സുവിശേഷം പ്രഘോഷിക്കുക 
b. കൂദാശകൾ പരികർമ്മം ചെയ്യുക 
c. ദൈവജനത്തെ ആത്മീയമായി രൂപപ്പെടുത്തുക 

തിരുസഭയുടെ പൗരോഹിത്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പഠനങ്ങളിൽ പുരോഹിതന് ഈ മൂന്ന് ദൗത്യങ്ങൾ മാത്രമേ ഉള്ളൂ... 
ഈശോയുടെ ദൈവരാജ്യസംസ്ഥാപന ദൗത്യത്തിൽ ശുശ്രൂഷപൗരോഹിത്യം വഴി പങ്ക് ചേരുന്നവരുടെ പരമവും പ്രധാനവുമായ ദൗത്യം സുവിശേഷ പ്രഘോഷണവും പ്രബോധനവും ആണ് എന്നതിൽ എതിരഭിപ്രായമുണ്ടാവുകയില്ല... 
താരതമ്യേന ദീർഘമായ ഈ ആമുഖം ഒരു യാഥാർഥ്യത്തെക്കുറിച്ച് പരാമർശിക്കാൻ ആണ്.... 
ഈശോ തന്റെ ദൈവരാജ്യസംസ്ഥാപനത്തിന്റെ അടയാളങ്ങൾ ഇന്നും തിരുസഭയിലെ വചനശുശ്രൂഷകളിൽ കൂടി തുടരുന്നു എന്ന യാഥാർഥ്യം... 

തിരുസഭയിലെ വചനശുശ്രൂഷയിൽ നടക്കുന്ന അടയാളങ്ങളെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും അത്ര നല്ലതല്ലാത്ത ഭാഷയിൽ പരിഹാസരൂപേണ അവതരിപ്പിച്ച ഒരു "കത്തനാരുടെ" തന്നെ പ്രഭാഷണം സഭാവിരോധികൾ എല്ലാവരും കൂടി ചേർന്ന് വൈറൽ ആക്കി തന്നിട്ട് അധികം നാളായില്ല... 
തിരുസഭാധ്യക്ഷൻമാർ അംഗീകരിച്ച വചനശുശ്രുഷകളിൽ നടക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും തട്ടിപ്പാണ് എന്ന് വിളിച്ചു പറയുന്നതിൽ വലിയ അജ്ഞത ഉണ്ട് എന്ന് മുകളിൽ പ്രസ്താവിച്ച സഭാപ്രബോധനങ്ങൾ തന്നെ വ്യക്തമാക്കും... 
വചനശുശ്രൂഷയിൽ നടക്കുന്ന രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാൻ പാടില്ലാത്ത മഹാ അപരാധമായി ചിത്രീകരിക്കാൻ അസാമാന്യ തൊലിക്കട്ടി വേണം !

വചനശുശ്രൂഷയിൽ രക്ഷകനായ ഈശോയുടെ നാമത്തിൽ രോഗശാന്തികളും അത്ഭുതങ്ങളും നടക്കുന്നതിനെ പരിഹസിക്കാൻ കാരണം അജ്ഞത ആണ് എന്ന് താഴെവിശദീകരിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കും... 

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും സഹനങ്ങളും രോഗങ്ങളും ഇല്ലാത്തപ്പോൾ വചനശുശ്രൂഷയിലെ അത്ഭുതങ്ങളെക്കുറിച്ച് പരിഹസിക്കുമ്പോൾ കേൾക്കാൻ നല്ല രസമായിരിക്കും... 
നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ എന്തെങ്കിലും ഒരു രോഗമോ വേദനയോ വരട്ടെ... 
പരിഹസിക്കുന്നവർ പോലും പ്രാർത്ഥിച്ചു പോകും... രോഗസൗഖ്യത്തിനു വേണ്ടി ! 

പ്രാർത്ഥിക്കുമ്പോൾ രോഗസൗഖ്യങ്ങൾ സംഭവിക്കുന്നതും അത്ഭുതങ്ങൾ സംഭവിക്കുന്നതിനെയും അധിക്ഷേപിക്കുന്ന തരത്തിലും എല്ലാം തട്ടിപ്പാണ് എന്നത് പോലെയും അവതരിപ്പിക്കുന്നതിൽ തെറ്റുകൾ ഉണ്ട് എന്നാണ് പഠിച്ചിട്ടുള്ള സഭാപ്രബോധനങ്ങളുടെ വെളിച്ചത്തിൽ എന്റെ വ്യക്തിപരമായ അഭിപ്രായം...

സുവിശേഷങ്ങളിൽ ഈശോ ചെയ്തതായി 37 അത്ഭുതങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്... 

അപ്പസ്തോലപ്രവർത്തനങ്ങളിൽ ശിഷ്യന്മാർ വഴി ഈശോ പ്രവർത്തിച്ച 16 അത്ഭുതങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്...

കത്തോലിക്കാസഭയിൽ ഒരാളെ വിശുദ്ധനായി / വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് അത്ഭുതങ്ങൾ ആ വ്യക്തിയുടെ മധ്യസ്ഥതയിൽ നടന്നിരിക്കുന്നു എന്ന് തെളിയപ്പെടേണ്ടതുണ്ട്... 

"അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ്‌ അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു."
മര്‍ക്കോസ്‌ 16 : 20

ഈ വചനം സഭയുടെ ദൈവവചനശുശ്രൂഷകളിൽ ഇന്നും പൂർത്തിയാകുന്നുണ്ട്... 
സിറോ മലബാർ സഭയുടെ പട്ടം നൽകൽ ശുശ്രൂഷയുടെ ഏറ്റവും പ്രധാന കൈവെപ്പ് പ്രാർത്ഥനയിൽ മെത്രാൻ വൈദികവിദ്യാർത്ഥിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പ്രധാനകാര്യം " രോഗികളുടെ മേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്താൻ ഉള്ള കൃപ" ആണ്... 
ആ കൃപയിൽ ശരണപെട്ടു പ്രാർത്ഥിക്കുമ്പോൾ രോഗങ്ങൾക്ക് സൗഖ്യം കിട്ടുന്നതിനെ അധിക്ഷേപിക്കുന്നതിനെ സുവിശേഷം വായിച്ചവർക്കോ സഭയുടെ പ്രബോധനങ്ങൾ അറിഞ്ഞവർക്കോ പൗരോഹിത്യത്തിന്റെ ദൗത്യം മനസിലാക്കിയവർക്കോ ഒരിക്കലും അംഗീകരിക്കാൻ ആവില്ല... 
ഇനി പറയൂ...
തിരുസഭയുടെ വചനശുശ്രൂഷകളിൽ ഈശോയുടെ ദൈവരാജ്യസംസ്ഥാപനത്തിന്റെ അടയാളങ്ങളായ രോഗസൗഖ്യം നടക്കുന്നത് അങ്ങനെ അങ്ങ് പരിഹസിക്കേണ്ട കാര്യമാണോ? 
തൽക്കാലം സുവിശേഷവും സഭാപ്രബോധബങ്ങളും പട്ടം നൽകൽ ശുശ്രൂഷയിലെ പ്രാർത്ഥനകളും ഒക്കെ വിശ്വസിക്കാൻ ആണിഷ്ടം... 

ഇനി ആരെങ്കിലും ദൈവവചനശുശ്രൂഷയെ സ്വാർത്ഥലാഭത്തിനു വേണ്ടി ഉപയോഗിച്ചാൽ അവരുടെ തെറ്റിന് ഈശോ മറുപടി കൊടുക്കട്ടെ... 

സത്യസന്ധമായി നിർവഹിക്കപ്പെടുന്ന ദൈവവചനശുശ്രൂഷകൾ ദൈവമഹത്വത്തിനായി ഇനിയും വളരട്ടെ... 

ദൈവത്തിന് മഹത്വം കൊടുക്കാനും ദൈവവചന പ്രഘോഷണം വഴി ഈശോയുടെ ദൈവാരാജ്യവേല തിരുസഭയോട് ചേർന്ന് നിന്ന് തുടരാൻ ഉള്ള വിനയം വചനപ്രഘോഷകർക്കും ധ്യാനകേന്ദ്രങ്ങൾക്കും ലഭിക്കട്ടെ !

രോഗസൗഖ്യങ്ങൾ വഴിയും പിശാചുക്കളുടെ ബഹിഷ്കരണം വഴിയും തിരുസഭയുടെ കൂദാശകളിലൂടെയും വചന ശുശ്രൂഷകളിലൂടെയും ദൈവരാജ്യ വേല തുടരാൻ ബലഹീനനായ പുരോഹിതരെ തെരഞ്ഞെടുത്ത ഏക രക്ഷകനായ കർത്താവീശോമിശിഹായ്ക്ക് എന്നും മഹത്വമുണ്ടാകട്ടെ....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

നിസ്സംഗതയുടെ മറുപദമല്ല ക്ഷമ

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣4️⃣


 *നിസ്സംഗതയുടെ മറുപദമല്ല ക്ഷമ* 

"എന്‍െറ പിതാവിന്‍െറ ആലയം നിങ്ങള്‍ കച്ചവടസ്‌ഥലമാക്കരുത്‌."
(യോഹന്നാന്‍ 2 : 16)

പൊതുവെ വളരെ ശാന്തനും സൗമ്യനുമായി പ്രത്യക്ഷപ്പെടുന്ന ഈശോ കയറു കൊണ്ട് ചമ്മട്ടി ഉണ്ടാക്കി നാണയമാറ്റക്കാരെയും കച്ചവടക്കാരെയും അടിച്ചു പുറത്താക്കി... 
ഞാൻ ശാന്തശീലനും "വിനീതഹൃദയനുമാകയാൽ നിങ്ങൾ എന്നിൽ നിന്ന് പടിക്കുവിൻ" എന്നരുളിചെയ്തവൻ പ്രവാചകധീരതയോടെ ദേവാലയത്തിന്റെ പരിശുദ്ധിക്ക് യോജിക്കാത്തവിധം വ്യാപാരിച്ചവർക്കെതിരെ ആഞ്ഞടിച്ചു... 
തിന്മ കാണുമ്പോൾ മിണ്ടാതെ വായടച്ചിരിക്കുന്നത് സൗമ്യതയും ക്ഷമയുമായി കരുതുന്നവർക്ക് ഒരു തിരുത്താണിത്... 
പാപത്തോടും തിന്മയോടും സന്ധിയില്ലാസമരം പ്രഖ്യാപിച്ചവന് ചിലപ്പോൾ ചമ്മട്ടി എടുക്കേണ്ടതായി വരുന്നു... 
തിന്മക്ക് വളരാൻ വളം വച്ച് കൊടുക്കുന്ന നിസ്സംഗതയും അപകടകരമായ മൗനവും ക്ഷമ ആയി വ്യാഖ്യാനിച്ചും ന്യായീകരിച്ചും പ്രവാചകദൗത്യത്തിൽ നിന്ന് ഒഴിഞ്ഞു മാറരുതേ...
ക്ഷമയും നിസ്സംഗതയും വല്ലാതെ കൂട്ടികലർത്തുന്നു നമ്മൾ... 
ക്രൈസ്തവ ക്ഷമയിൽ തിന്മ തിന്മയാണെന്ന് പറയാനുള്ള ആർജ്ജവത്വം കൂടി ഉൾച്ചേർന്നിട്ടുണ്ട്... 
ക്രൈസ്തവക്ഷമയിൽ വിശ്വാസസംരക്ഷണം(Defending of Faith ) കൂടി നിഴലിക്കുന്നുണ്ട്... 

നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്ന കുറച്ച് യാഥാർഥ്യങ്ങൾ ഉണ്ട്.... 

ഒളിച്ചിരുന്ന് സഭക്കെതിരെ സൈബർ ആക്രമണം നടത്തുന്ന വർഗീയ ശക്തികളുടെയും സാത്താന്റെ കാവലാൾ പടകളുടെയും തിന്മയും പകയും രൗദ്രരൂപം പൂണ്ട് അതിന്റെ മൂർദ്ധന്യതയിൽ എത്തി നിൽക്കുന്നു... 

പെരുംനുണയനും ആദിമുതൽ കൊലപാതകിയുമായ ലൂസിഫർ ("പിശാചാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല...കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌."
യോഹന്നാന്‍ 8 : 44)
ഒരു സന്യാസിനിയുടെ വേഷത്തിൽ ഉറഞ്ഞു തുള്ളൽ തുടരുന്നു... 
("അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ."
2 കോറിന്തോസ്‌ 11 : 14)

ലൈംഗിക അടിമകൾ ആക്കി പെൺകുട്ടികളെ ലവ്ജിഹാദിന്റെ ഇരയാക്കി മാറ്റുന്ന കപട തന്ത്രങ്ങൾ തുടരുന്ന വർഗീയ ശക്തികൾ ആഴത്തിൽ വേര്‌ പാകിയിരിക്കുന്നു... 

മതാന്തരസംവാദത്തിന്റെയും മതമൈത്രിയുടെയും വെള്ള പൂശലുകളിൽ ക്രിസ്‌തീയ വിശ്വാസം അതിന്റെ തനിമയിൽ പങ്കുവക്കപ്പെടാതെ പോകുന്നു... 

അപകടകരവും നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നതുമായ നിസ്സംഗതയും നിശ്ശബ്ദതയും ന്യായീകരിക്കാനാവുന്നതല്ല എന്ന് അത്ര ചെറുതല്ലാത്ത കുറ്റബോധത്തോടെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... 
കാരണം, തിന്മകളോടും അസത്യങ്ങളോടും സന്ധി ചേരൽ അല്ല ക്രൈസ്തവ ക്ഷമ.... 

ദേവാലയം ശുദ്ധീകരിക്കുന്ന ഈശോയുടെ ധീരതയെ "ബൈബിൾ വെളിച്ചത്തിന്റെ കവചം " എന്ന പുസ്തകത്തിൽ ഒരു ഹൈന്ദവ സാഹിത്യകാരനായ കെ. പി. അപ്പൻ രേഖപ്പെടുത്തുന്നതിങ്ങനെയാണ്, "ശാന്തനായ ക്രിസ്തു താർശീശ് കപ്പലുകളെ തച്ചുടക്കുന്ന കിഴക്കൻ കാറ്റായി മാറി. പാപത്തോട് പോരാടുന്നതിൽ പ്രാണത്യാഗത്തോളം എതിർത്തു നിന്നവന്റെ ധീരതയാണത്. സാമൂഹിക ജീവിതം കവർച്ചക്കാരുടെ ഗുഹയായി മാറുമ്പോൾ അതിനെ ശുദ്ധീകരിക്കുന്നവർക്ക് ക്രിസ്തുവിന്റെ മുഖമാണ്. "

ഇതൊക്ക പൊതു കാര്യങ്ങൾ... 

ഇനി വ്യക്തി ജീവിതത്തിലേക്ക്... 

ഈശോ എപ്പോളൊക്കെയാണ് പൊതുവെ പരുഷമായ ഭാഷയും ശൈലിയും സ്വീകരിച്ചിട്ടുള്ളത്? 
അത്, ദേവാലയത്തിന്റെ പരിശുദ്ധി കളഞ്ഞു പോയപ്പോളും പാവങ്ങളുടെ ഇടം അപഹരിക്കപ്പെട്ടപ്പോളും കപടമായ ഭക്തി (ജീവിത ബന്ധിയല്ലാത്ത ആരാധന) വച്ച് പുലർത്തിയപ്പോളും ആണ്...

ജെറുസലേം ദേവാലയത്തിൽ വിജാതീയർക്ക് ആരാധന നടത്താൻ നിശ്ചയിക്കപ്പെട്ട സ്ഥലത്താണ് നാണയ മാറ്റം നടന്നത്... 
അവിടെ ഈശോ ചമ്മട്ടി ഉണ്ടാക്കി അതിന് കാരണക്കാരായവരെ പ്രഹരമേല്പിച്ചു...
"പാവങ്ങളെ വേദനിപ്പിക്കരുത്, അവരുടെ കരച്ചിൽ ദൈവസന്നിധിയിൽ എത്തുകയും അത് നിങ്ങൾക്കെതിരെ നിലവിളിക്കുകയും ചെയ്യും" എന്ന് നമ്മുടെ വിശുദ്ധ ചാവറ പിതാവ് മുൻകൂട്ടി ഓർമ്മിപ്പിച്ചത് വെറുത അല്ല... 

ഹൃദയം ചേർത്ത് വയ്ക്കാതെ പ്രാർത്ഥിക്കുന്നതും മറ്റുള്ളവരെ കാണിക്കാൻ ഉപവസിക്കുന്നതും കാണപ്പെടുന്നതിനു വേണ്ടി ദാനധർമ്മം നടത്തുന്നതും ഒക്കെ സ്വന്തം സ്വാർത്ഥത പൂരിപ്പിക്കാൻ കണ്ടെത്തുന്ന പ്രകടനങ്ങൾ അല്ലാതെ മറ്റെന്താണ്? 
ഇത്തരം കപടതയ്‌ക്കെതിരെയാണ് ഈശോ പ്രവാചകധീരതയോടെ ഒറ്റയാൾ പോരാട്ടം നടത്തിയത്... 

ദേവാലയത്തിന്റെ പരിശുദ്ധി കളഞ്ഞു പോകുന്നിടങ്ങളിൽ അവൻ ചമ്മട്ടി കൊണ്ട് പ്രഹരമേല്പിക്കുകയും ചെയ്തു... 
ശരീരമാകുന്ന ദേവാലയം, കുടുംബമെന്ന ദേവാലയം, സഭ ആകുന്ന ദേവാലയം, പൗരോഹിത്യമെന്ന ദേവാലയം, സന്യാസം എന്ന ദേവാലയം...
എവിടെയൊക്കെ പരിശുദ്ധിക്ക് കുറവുണ്ടോ, അവിടെയെല്ലാം അവൻ ചമ്മട്ടി കൊണ്ട് പ്രഹരമേല്പിക്കും... 

ഈശോയെ, പ്രഹരമേല്പിച്ചിട്ടാണെങ്കിലും വേണ്ടില്ല... 
ഞങ്ങളുടെ പരിശുദ്ധി തിരികെ തരണമേ... 
നിന്റെ ശരീരമാകുന്ന സഭയെന്ന ദേവാലയത്തിന്റെ പരിശുദ്ധിക്ക് കളങ്കമേൽപ്പിക്കാൻ നടത്തുന്ന സംഘടിത നീക്കങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ധീരത ഞങ്ങൾക്ക് നൽകണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, June 2, 2020

ദൈവരാജ്യം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣3️⃣

"വേറൊരുപമ ഈശോ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം....
മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം."
(മത്തായി 13 : 31, 33)

ദൈവരാജ്യം 


മനുഷ്യമനസിന് എത്രയും വേഗം ഗ്രഹിക്കാൻ സാധിക്കുന്ന ലളിതമായ ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ദൈവാരാജ്യത്തെക്കുറിച്ചുള്ള രഹസ്യം ഈശോ അനാവരണം ചെയ്തത്...
ജീവിച്ചിരുന്ന നാടായ പാലസ്തീനയുടെ ഭൂപ്രദേശസവിശേഷതകളോട് ചേർന്ന് പോകുന്ന കൗതുകം ജനിപ്പിക്കുന്ന ലളിതമായ ഉപമകളിലൂടെ ഈശോ സംസാരിക്കുന്നു... 
കുഞ്ഞുങ്ങളുടെ മനസ്സ് മനസിലാക്കുന്ന അധ്യാപകനെപ്പോലെ അവിടുന്ന് മുക്കുവരായ ശിഷ്യർക്ക് മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയിൽ ദൈവാരാജ്യമെന്ന വലിയ രഹസ്യം വെളിപ്പെടുത്തുന്നു.... 

"വയലിൽ പാകിയ കടുകുമണി..."

ഈശോ തന്നെ വിശദീകരണവും വ്യാഖ്യാനവും നൽകുന്നു... 
വേറൊരു വിശദീകരവും വ്യാഖ്യാനവും ഈശോ നൽകുന്ന വ്യാഖ്യാനത്തോളം വരില്ലല്ലോ... 

"അത്‌ എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്‌; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന്‌ അതിന്‍െറ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു."
മത്തായി 13 : 32

വളരെ ചെറുതാണെങ്കിലും നിലത്ത് വീണഴിഞ്ഞു ഇല്ലാതായി ചെടിയായി വളർന്ന് മരമായിതീർന്ന് ആകാശപ്പറവകൾക്ക് ചേക്കേറാൻ ഇടം ഒരുക്കുന്ന ഒരു കടുകുമണി പോലെ ദൈവരാജ്യം... 

ജീവിതത്തിന്റെ കയ്പനുഭവങ്ങളിലും പാപത്തിന്റെ ചൂണ്ടക്കൊളുത്തിലും പെട്ട് തകർന്ന് അലയുന്ന ജീവിതങ്ങൾക്ക് ചേക്കേറാൻ ഒരിടമുണ്ട്...
ദൈവം രാജാവായി വാഴുന്ന ദൈവരാജ്യം...
അവതരിച്ച ദൈവവചനമായ ഈശോയുടെ തിരുഹൃദയം...
"അവിടുന്ന്‌ അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി."
(വെളിപാട്‌ 21 : 4)
ദുഖമോ മുറവിളിയോ ഇല്ലാതെ പരിശുദ്ധാത്മാവിന്റെ നിറവിൽ ഈശോയുടെ നെഞ്ചിൽ അഭയം കണ്ടെത്തുന്ന ജീവിതം... 
ദൈവരാജ്യജീവിത ക്രമം... 

"മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പ്..."

ഫെർമെന്റഷൻ എന്ന പ്രക്രിയയുടെ ആന്തരികമാറ്റങ്ങൾ ചിന്തിക്കാനാവുമോ? 
കാഴ്ച്ചയിൽ പ്രകടമല്ലെങ്കിലും പ്രത്യക്ഷമല്ലെങ്കിലും അല്പം പുളിപ്പ് മുഴുവൻ മാവിനെയും പുളിപ്പിക്കുന്ന രാസമാറ്റം രൂപാന്തരീകരണസ്വഭാവമുള്ളതാണ്... 
വചനധ്യാനവും സ്നേഹജീവിതവും  പരിശുദ്ധാത്മനിറവും കൂദാശകളുടെ അഭിഷേകവും കൊണ്ട് പരിശുദ്ധിയുടെ പുളിപ്പിൽ സ്വയം വ്യാപാരിക്കാനും അനേകരെ സുവിശേഷ സ്നേഹം കൊണ്ട് പുളിപ്പിക്കാനും സജ്ജമാകുന്നവരുടെ ഇടം...
ദൈവരാജ്യം...

ഈശോയെ, കടുകുമണി പോലെ ഞങ്ങളുടെ ദൈവാരാജ്യസ്വപ്നങ്ങളെ വളർത്തണമേ... 
പരിശുദ്ധിയുടെ പുളിപ്പ് കൊണ്ട് ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

കാഴ്ച

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣2️⃣

"മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട്‌ ജനക്കൂട്ടം അവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന്‌ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു."
(മത്തായി 20 : 31)

 *കാഴ്ച* 

കാഴ്ച നഷ്ടപ്പെട്ട രണ്ടുപേർ... 
വഴിയരികിൽ ആണ് ഇരിപ്പും കിടപ്പും... 
കാഴ്ച മങ്ങിയതിന്റെ ഇരുട്ട് മാത്രമായിരുന്നില്ല അവരെ ഭാരപ്പെടുത്തിയത്... 
പ്രകാശം അന്യമായിപ്പോയപ്പോൾ കുത്തിനോവിച്ച മനോവ്യഥയുടെയും ആത്മസംഘർഷത്തിന്റെയും ഇരുട്ടായിരുന്നു അതിഭീകരം...
വഴിയിലൂടെ ഈശോ കടന്നു പോകുന്നു എന്നറിഞ്ഞപ്പോൾ പ്രത്യാശയുടെ വെളിച്ചം ആത്മാവിൽ പതിച്ചു... 
അടഞ്ഞു പോയ കണ്ണ് തുറക്കാൻ, കളഞ്ഞു പോയ കാഴ്ച തിരികെ തരാൻ കഴിവുള്ള ദൈവപുത്രൻ നടന്നു നീങ്ങുന്ന വഴിയരികിൽ ഇരിക്കുന്നതിനും വേണം ഒരു ഭാഗ്യം !
ഈശോയുടെ പദചലങ്ങൾ കെട്ട കുരുടരുടെ ഉള്ള് കലങ്ങിയ തീരാവ്യഥ പ്രാർത്ഥനയായി പുറത്ത് വന്നു... 

"യേശു ആ വഴി കടന്നുപോകുന്നെന്നു കേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ട്‌ അന്‌ധന്‍മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ!"
(മത്തായി 20 : 30)

വിശ്വാസത്തോടെ നിലവിളിച്ചു പ്രാർത്ഥിക്കുന്നവരോട് "യുക്തി" യിൽ കേമന്മാർ എന്ന് സ്വയം അവകാശപ്പെടുന്ന ജനക്കൂട്ടത്തിന്റെ സ്ഥിരമുള്ള മറുപടിയാണ്, "നിശ്ശബ്ദരാവുക" എന്നത്... 
അതിവിടെയും ആവർത്തിച്ചു...
നിശ്ശബ്ദരായിരിക്കാൻ പറയുന്നവർക്ക് കണ്ണിലെ വെട്ടം നഷ്ടപ്പെട്ടവരുടെ വേദന അറിയില്ല എന്ന് മാത്രമല്ല, മങ്ങിപ്പോയ കാഴ്ച തിരികെ കൊടുക്കാനും ആവില്ല... 
എന്നിട്ടും വെറുതെ കിടന്ന് കാറുകയാണ്, "നിശ്ശബ്ദരായിരിക്കൂ" എന്ന് പറഞ്ഞ്.... 
കാറുന്ന യുക്തിവാദികൾ കാറിക്കൊണ്ടിരിക്കട്ടെ... 
നമുക്ക് വിശ്വാസത്തിന്റെ നിലവിളികൾ തുടർന്ന് കൊണ്ടിരിക്കാം... 

"മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട്‌ ജനക്കൂട്ടം അവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന്‌ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു."
(മത്തായി 20 : 31)

നടന്നു നീങ്ങുമ്പോൾ കേൾക്കുന്ന നിലവിളി ശ്രദ്ധിക്കാതെ ഈശോ ഒരിക്കലും നടപ്പ് തുടർന്നിട്ടില്ലല്ലോ... 
നടന്നു നീങ്ങുമ്പോൾ കേൾക്കുന്ന നിലവിളി ഈശോയുടെ ഉള്ളിൽ  അലിവൂറുന്ന അനുകമ്പ ജനിപ്പിക്കും... 
പതിവ് പോലെ അവൻ അവിടെ നിന്നു... അവരെ വിളിച്ചു തിരക്കി, "ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?"
(മത്തായി 20 : 32)
ഞാൻ ആഗ്രഹിക്കുന്നത് ചെയ്തു തരാൻ ആഗ്രഹിക്കുന്ന ദൈവം... 
എന്റെ ഇഷ്ടങ്ങൾ സ്വന്തം ഇഷ്ടമായി മാറ്റുന്ന ദൈവം... 
ഈശോ മിശിഹാ... 


ഉള്ളലിഞ്ഞ്‌ കണ്ണുകളിൽ തൊട്ട് കാഴ്ചയുടെ വെട്ടം തിരികെ നൽകുമ്പോൾ വിശ്വസിച്ചു നിലവിളിക്കുന്നവരെ  ഉള്ളലിഞ്ഞ്‌ തൊടുന്നവനാണ് അവൻ എന്ന് വീണ്ടും വെളിപ്പെടുത്തുകയായിരുന്നു..


ഈശോ ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.
(മത്തായി 20 : 34)

ഈശോയെ, നിശ്ശബ്ദരായിരിക്കാൻ പറയുന്ന ജനക്കൂട്ടത്തെ നിലവിളിക്കുന്ന വിശ്വാസം കൊണ്ട് ചെറുത്ത്‌ തോല്പിക്കാൻ വരം നൽകണമേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.