2020 ഒക്ടോബർ 13
എതിരാളി
"എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു."
ലൂക്കാ 11 : 23
ദൈവരാജ്യത്തിന്റെ ആഗമനം ഈശോ പ്രാഘോഷിച്ചപ്പോൾ അവ അവിടുന്ന് പ്രകടമാക്കിയത് അടയാളങ്ങളിലൂടെയാണ്...
സുവിശേഷങ്ങളിൽ കാണുന്ന അടയാളങ്ങൾ പ്രധാനമായും അഞ്ചാണ്...
1. രോഗികളെ സൗഖ്യപ്പെടുത്തുക
2. പ്രപഞ്ചശക്തികളുടെ മേൽ അധികാരം തെളിയിക്കുക
3. മരിച്ചവരെ ഉയിർപ്പിക്കുക
4. പിശാചുക്കളെ ബഹിഷ്കരിക്കുക
5. പാപങ്ങൾ മോചിക്കുക
മനുഷ്യജീവിതത്തിന്റെ സമഗ്രതയ്ക്ക് കൂച്ചുവിലങ്ങിടുന്ന ദുഷ്ടശക്തികളെ തോൽപ്പിക്കുന്ന ഈശോ കൂടെയുള്ളപ്പോൾ ഭയമരുത്...
ഈശോ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത് പിശാചുക്കളുടെ തലവനായ ബെൽസബൂലിനെ കൊണ്ടാണ് എന്ന യൂദന്മാരുടെ വിവരക്കേടിന് അവിടുന്ന് മറുപടി കൊടുക്കുന്നു...
കൂടെ നിൽക്കാത്തവൻ എതിരാളിയാണ് എന്ന അടിസ്ഥാന വിവേകത്തിന്റെ സാമാന്യ യുക്തിയിൽ അവിടുന്ന് തന്റെ പ്രബോധനം മികവുള്ളതും ലളിതവുമാക്കുന്നു...
ഈശോയുടെ കൂടെ ആയിരിക്കാനും ഈശോയുടെ കൂടെ ശേഖരിക്കാനും ജീവിതം സമർപ്പിച്ചിട്ട് അവിടുത്തോട് കൂടെ ആയിരിക്കാൻ മടി കാണിക്കുന്നതും അവിടുത്തോട് കൂടെ ശേഖരിക്കാൻ പരാജയപ്പെടുന്നതും അപകടകരമായ സൂചനകളാണ്...
കൂടെ ആയിരിക്കാൻ സാധിക്കാത്തവൻ എതിരാളിയായി എണ്ണപ്പെടും...
ഈശോയുടെ എതിരാളി ദുഷ്ടശക്തിയായ പിശാചാണ്...
ഈശോയുടെ എതിരാളി എന്റെയും എതിരാളിയാകുന്നിടത്താണ് ഞാൻ ഈശോയുടെ കൂടെ ആകുന്നത്...
ഈശോയെ, ദുഷ്ടശക്തികളെ എതിർത്തു തോൽപ്പിക്കാൻ അങ്ങ് കൂടെ ഉണ്ടാവണമേ....
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment