2️⃣0️⃣2️⃣0️⃣ *ജൂലൈ* 2️⃣
*വചനം*
"ആത്‌മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്."
യോഹന്നാന്‍ 6 : 63
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യ വചനങ്ങൾ ദൈവവചനത്തെ കുറിച്ചുള്ള ലളിതമായ നിർവ്വചനങ്ങൾ ആണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ ഇങ്ങനെ വായിക്കുന്നു,
"ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല." "ഉണ്ടാകട്ടെ" എന്ന് ദൈവവചനമാണ് പ്രപഞ്ചോൽപ്പത്തിക്ക് നിദാനമെന്ന് ഉല്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളിൽ നാം വായിക്കുന്നു.
ആദിയിൽ ദൈവത്തോടു കൂടെയായിരുന്ന ദൈവവചനമാണ് സൃഷ്ടിക്ക് കാരണമായതും ഈശോ എന്ന നാമം ധരിച്ചു മനുഷ്യനായി നമ്മുടെ ഇടയിൽ വസിച്ചതും.
"ഞാൻ നിങ്ങളോട് പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്."
യോഹന്നാൻ 6:63
ഈ തിരുവചനത്തിന്റെ ദൈവശാസ്ത്ര പിൻബലത്തിൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 103- ാം ഖണ്ഡിക സംശയലേശമന്യേ ഇങ്ങനെ പഠിപ്പിക്കുന്നു, " നമ്മുടെ കർത്താവീശോമിശിഹായുടെ തിരുശരീരം എന്നത് പോലെ തന്നെ തിരുസഭ തിരുവചനത്തെ വണങ്ങുകയും ആരാധിക്കുകുയും ചെയ്യുന്നു. " ആയതിനാൽ, രണ്ടായിരത്തിൽപരം വർഷങ്ങൾ നീണ്ട പാരമ്പര്യത്തിന്റെയും ദൈവശാസ്ത്ര ചിന്തകളുടെയും ദൈവവചന ധ്യാനത്തിന്റെയും പശ്ചാത്തലത്തിൽ അമ്മയായ തിരുസഭ നൽകുന്ന ഏറ്റവും മോനോജ്ഞമായ അറിവ് ഇതാണ്, "ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച ജീവിതമുണ്ടാകാൻ എന്റെ വിശ്വസജീവിതത്തിനു കൃപ ലഭിക്കുന്നത് ദൈവകൃപയുടെ അക്ഷയഖനിയായ ദൈവവചനത്തിൽ നിന്നാണ്."
നിത്യജീവനിലേക്ക് കാത്തു സംരക്ഷിക്കുന്നതും പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നതും വിശുദ്ധിയിൽ വ്യാപരിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നതും എഴുതപ്പെട്ട തിരു ലിഖിതങ്ങൾ ആണ്."
സഭയുടെ അത്യുന്നത സൂനഹദോസ് ആയ രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെ തീർഥാടക സഭ എന്നാണ് വിശേഷിപ്പിക്കുന്നത്. നാമെല്ലാവരും സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ഒരു തീർഥാടനത്തിൽ ആണ്. സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ഒരു വിശ്വാസിയുടെ യാത്രയിലെ വഴിവിളക്കും ചൂണ്ടുപലകയും ആണ് ദൈവവചനം. പാപത്തിന്റെ മാലിന്യത്തിൽ അകപ്പെടാതെ ജീവിതം വിശുദ്ധിയിലും നൈർമല്യത്തിലും കാത്തുസൂക്ഷിക്കാൻ വേണ്ട ആത്മീയ ഊർജ്ജം ഒരു വിശ്വാസിക്ക് ലഭിക്കുന്നത് ദൈവവചനധ്യാനത്തിൽ നിന്നാണ്.
ദൈവവചനം ഒരു വിശ്വാസിക്ക് സമ്മാനിക്കുന്ന വറ്റാത്ത അനുഗ്രഹത്തിന്റെ നന്മകൾ എന്തൊക്കെയാണ്?
1. *ദൈവവചനം ഒരു വിശ്വാസിക്ക് ജീവിതത്തിൽ അഭിവൃദ്ധിയും വിജയവും സമ്മാനിക്കുന്നു.*
ജോഷ്വ 1: 8 "ന്യായപ്രമാണഗ്രന്‌ഥം എപ്പോഴും നിന്‍െറ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്‌ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്‌ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. "
2. *ദൈവവചനം ഒരു വിശ്വാസിക്ക് പരിശുദ്ധാത്മാവിനെ പ്രകാശവും ദൈവീകമായ അറിവും സമ്മാനിക്കുന്നു.* സങ്കീര്‍ത്തനങ്ങള്‍ 119: 130, " അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു."
3. *ദൈവവചനം ഒരു വിശ്വാസിക്ക് പാപത്തിന്റെ മേൽ വിജയം നൽകുന്നു.* സങ്കീർത്തനം 119: 11, "അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു."
4. *ദൈവവചനം ഒരു വിശ്വാസിയെ വിശുദ്ധീകരിക്കുന്നു.*
" ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവർ ആയിരിക്കുന്നു."
യോഹന്നാൻ 15: 3
5. *ദൈവവചനം ശ്രവിക്കുമ്പോൾ ഒരു വിശ്വാസിയുടെ ഹൃദയത്തിൽ സ്നേഹവും വിശ്വാസവും ജ്വലിക്കുന്നു.* "വഴിയിൽ വെച്ച് അവൻ വിശുദ്ധ ലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മുടെ സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുരുന്നില്ലേ? "
ലുക്കാ 24: 32
ഈശോയെ, ധ്യാനിക്കുന്ന വചനങ്ങൾക്ക് മാംസം കൊടുക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ...
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
Very good initiative dear Augustine acha.
ReplyDelete