*2️⃣0️⃣2️⃣0️⃣ജൂലൈ1️⃣1️⃣*
*എന്റെ സ്വന്തമല്ല*
"ഈശോ പറഞ്ഞു: എന്‍െറ പ്രബോധനം എന്‍െറ സ്വന്തമല്ല, എന്നെ അയച്ചവന്‍േറതത്ര.
അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍മനസ്സുള്ളവന്‍ ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും."
യോഹന്നാന്‍ 7 : 16-17
തന്റെ ഭൂമിയിലെ നിലനില്പിനെക്കുറിച്ചും ജീവിതനിയോഗത്തെക്കുറിച്ചും എത്ര കൃത്യതയാണ് ഈശോയ്ക്ക്.
പറയുന്ന വാക്കുകളുടെയും ചെയ്യുന്ന പ്രവർത്തികളുടെയും പ്രേരകശക്തിയെക്കുറിച്ചുള്ള സ്വയാവബോധം ഈശോ വ്യക്തമാക്കുന്നു.
പിതാവായ ദൈവത്തിന്റെ വാക്കുകളും പ്രവർത്തികളും വെളിപ്പെടുത്തുക എന്ന ദൗത്യം വേർപിരിക്കാനാവാത്തവിധം തന്റെ നിലനില്പിനോട് അഭേദ്യമായി ബന്ധപ്പെട്ടതാണ് എന്ന് ഈശോയ്ക്ക് തിരിച്ചറിവുണ്ടായിരുന്നു.
"എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റുന്നതും അവന്റെ ജോലി പൂർത്തിയാക്കുന്നതുമാണ് എന്റെ ഭക്ഷണം" എന്ന് പറഞ്ഞ് മറ്റൊരവസരത്തിൽ ഈശോ അത് സൂചിപ്പിച്ചിട്ടുണ്ട്.
ഭക്ഷിക്കുക എന്ന പ്രാഥമികാവശ്യമായ ജൈവചോദനയേക്കാൾ മീതെ പിതാവിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഈശോ പ്രാധാന്യം കൊടുത്തു.
പിതാവിന്റെ ഇഷ്ടം വെളിപ്പെടുത്തുന്ന പ്രബോധനങ്ങളായിരുന്നു ഈശോയുടെ പ്രവാചകധർമ്മത്തിന്റെ ആധാരശില എന്ന് നാം തിരിച്ചറിയുന്നു.
മാമോദീസ സ്വീകരിച്ച ഓരോ വിശ്വാസിയുടെയും രാജകീയ പൗരോഹിത്യത്തിൽ ഉള്ള പങ്കാളിത്തം ഈശോയുടെ രാജത്വത്തിലും പ്രവാചകധർമ്മത്തിലും പുരോഹിതശുശ്രൂഷയിലും ഉള്ള പങ്കാളിത്തമാണ് എന്ന് തിരുസഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖ വ്യക്തമാക്കുന്നുണ്ട്. പ്രവാചകധർമ്മത്തിൽ വ്യത്യസ്തങ്ങളായ രീതികളിൽ പങ്കാളികളാകുമ്പോൾ ദൈവഹിതം വെളിപ്പെടുത്തുന്ന വാക്കുകളും പ്രവർത്തികളും നമുക്കുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
എന്റെ വാക്കുകളും പ്രവർത്തികളും ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തെ വെളിപ്പെടുത്തുന്നു എന്ന് ചങ്കിൽ കൈ വച്ച് പറയാൻ ഉള്ള ആത്മബലം എന്നെങ്കിലും ഉണ്ടാകുമോ ആവോ?
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment