Thursday, July 2, 2020

ദുക്റാന

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 3️⃣

 *ദുക്റാന* 

കുഞ്ഞുന്നാളിൽ ഒരു വേദപാഠഅധ്യാപിക വേദപാഠക്ലാസ്സിൽ ചോദ്യോത്തരം ആയി പറഞ്ഞ് തന്ന ഒരു അറിവ് വളരെ അമൂല്യമായ ജീവിത യാഥാർഥ്യമായി നാം ഓർമ്മയിൽ സൂക്ഷിക്കുന്നതാണ്. 

ചോദ്യം: നാം എന്തിനാണ് ഭൂമിയിൽ ആയിരിക്കുന്നത്? 

ഉത്തരം: ദൈവത്തെ അറിഞ്ഞും സ്നേഹിച്ചും അവിടുത്തെ കല്പനകൾ കാത്തും തിരികെ സ്വർഗത്തിൽ എത്തിച്ചേരാൻ... (നമ്മുടെ Youcat ന്റെ ആദ്യ ചോദ്യോത്തരവും ഇത് തന്നെ ) 

സ്വർഗ്ഗരാജ്യം എന്ന നിത്യസമ്മാനത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന തീർത്ഥാടക സഭ ആയിട്ടാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ തിരുസഭയെകുറിച്ചുള്ള "ജനതകളുടെ പ്രകാശം " എന്ന പ്രമാണരേഖ തിരുസഭയെ പരിചയപ്പെടുത്തുന്നത്...
സ്വർഗ്ഗമാണ് നമ്മുടെ ലക്ഷ്യം, നിത്യജീവനാണ് നമ്മുടെ സ്വപ്നം. 
എന്താണ് നിത്യജീവൻ? 
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍."
യോഹന്നാന്‍ 17 : 3

ഈശോയെ അറിയുന്നത് ആണ് നിത്യജീവൻ... 
ആഴമേറിയ ബന്ധത്തെ ( ഭാര്യാഭർത്തൃ ബന്ധം ഉൾപ്പെടെ ) സൂചിപ്പിക്കാനും ബൈബിൾ അറിയുക എന്ന പദം ഉപയോഗിക്കുന്നുണ്ട്...
ഈശോയോടുള്ള ആഴമേറിയ ബന്ധത്തിനും പുനരർപ്പണത്തിനും പ്രാപ്തമാക്കുന്ന ദൈവീകസത്യങ്ങളുടെ അറിവ് എന്ന് കൂടി "അറിവ്" എന്ന വാക്കിന് അർത്ഥം ഉണ്ടാകും... 
ഇത്രയും ദീർഘമായ ഈ ആമുഖവിചാരം ഗൗരവപ്രാധാന്യമുള്ള ചില ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് നയിക്കുന്നതാണ്‌. 

നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം ഏതാണ് എന്ന ഒരു ചോദ്യം സ്വയം ചോദിച്ചാൽ അതിന് കണ്ടെത്താവുന്ന ആത്മാർത്ഥമായ ഒരേ ഒരുത്തരം എന്തായിരിക്കും? 
എന്റെ വ്യക്തിജീവിതത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം പിതാവിന്റെ പ്രിയപുത്രനും ഏകരക്ഷകനുമായ ഈശോയും ഈശോയെക്കുറിച്ചുള്ള അറിവുമാണ് എന്ന് സംശയലേശമന്യേ നമുക്ക് ഏറ്റുപറയാനാകും. 
ഈശോയെക്കുറിച്ചുള്ള ദൈവീകസത്യങ്ങളുടെ അറിവാണ് നമ്മുടെ നമ്മുടെ ക്രിസ്തീയമായ നിലനിൽപ്പിന്റെ ആധാരം എന്നത് തർക്കമില്ലാത്ത സത്യമാണ്. ഈശോയെക്കുറിച്ചുള്ള അറിവിന്റെ ശ്രേഷ്ഠത സ്വയം ഓർമ്മിപ്പിക്കാൻ പൗലോസ് അപ്പസ്തോലന്റെ വാക്കുകളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് കുറിച്ചിട്ട ചില വചനങ്ങൾ ഓർമ്മിച്ചെടുക്കാം. 

"നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ട തില്ലെന്നു ഞാന്‍ തീരുമാനിച്ചു."
1 കോറിന്തോസ്‌ 2 : 2

"ഇവ മാത്രമല്ല, എന്‍െറ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌."
ഫിലിപ്പി 3 : 8

"സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌."
കൊളോസോസ്‌ 2 : 2

നിത്യജീവനിലേക്ക് നയിക്കുന്ന ഈശോയെക്കുറിച്ചുള്ള അറിവിന്റെ ഇടമുറിയാത്ത കൈമാറ്റ വഴികളുടെ ഉറവിടം തേടിയുള്ള യാത്ര ചെന്നെത്തുന്നത്
അപ്പസ്തോലന്മാരിൽ ഒരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമാ ശ്ലീഹായിലാണ്. അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം എന്ന് ഹൃദയം കൊണ്ട് വിശ്വസിച്ച് അധരം കൊണ്ടേറ്റുപറഞ്ഞത് രക്തം കൊണ്ട് തോമാശ്ലീഹാ അടയാളപ്പെടുത്തിയ വിശ്വാസപ്രഘോഷണത്തിന്റെ ഓർമ്മപെരുന്നാളിലാണ് നാം !
നമ്മുടെ വിശ്വാസപ്പിറവിയുടെ ഓർമ്മദിനമാണ് നാളെ !
പ്രിയപ്പെട്ടവരുടെ മരണയോർമ്മ ശ്രാദ്ധമെന്ന് പേര് വിളിച്ചാണ് നാം ആചരിക്കുന്നത്. ഈശോയിലുള്ള വിശ്വാസത്തിലും അറിവിലും നമ്മെ ജ്ഞാനസ്നാനപ്പെടുത്തിയ തോമാശ്ലീഹാ എന്ന പിതാവിന്റെ ശ്രാദ്ധമാണ് നമുക്ക് ദുക്റാന !
A. D. 52 നും 72 നും ഇടയിൽ ഉയിരെടുത്ത വിശ്വാസനാളത്തിന്റെ തിരുശേഷിപ്പുകളുടെ അവശേഷിപ്പുകൾ ഏഴരപള്ളികൾ എന്ന പേരിൽ മലയിൽ ഉയർത്തപ്പെട്ട പട്ടണം പോലെ പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട വിളക്ക് പോലെ ഉയർന്നു നിൽക്കുന്നു. 
കൊല്ലവും കൊടുങ്ങല്ലൂരും കോക്കമംഗലവും കോട്ടക്കാവും നിരണവും നിലക്കലും പാലയൂരും ചായലും മാർത്തോമാ നസ്രാണി സഭയുടെ വിശ്വാസോൽപ്പത്തിയുടെ തറവാട് വീടുകളാണ്. 
എഴുതപ്പെട്ട ദൈവവചനം പരിചയപ്പെടുത്തുന്ന തോമാശ്ലീഹായുടെ ഹൃദയഭാവങ്ങൾ കണ്ടെത്താനാണ് നമ്മുടെ ശ്രമം. 

സമാന്തര സുവിശേഷങ്ങളിൽ അപ്പസ്തോലന്മാരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരാമർശത്തിൽ തോമസ് എന്ന പേര് മാത്രമാണ് നാം കണ്ടെത്തുന്നത്... 
എന്നാൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ അതീവ പ്രാധാന്യമുള്ള മൂന്നിടങ്ങളിൽ തോമാശ്ലീഹായെ നാം കണ്ടുമുട്ടുന്നു.
അളന്നു തൂക്കിയും കാച്ചിക്കുറുക്കിയും ഒക്കെയാണ് താൻ സുവിശേഷം എഴുതാൻ വാക്കുകൾ ഉപയോഗിച്ചത് എന്ന് യോഹന്നാൻ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്...

"ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്‍െറ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌."
യോഹന്നാന്‍ 20 : 30-31

മറ്റു സുവിശേഷകന്മാർ എഴുതാൻ വിട്ടുപോയ കാര്യങ്ങൾ മാത്രം കാച്ചിക്കുറുക്കിയ വാക്കുകളിൽ അവതരിപ്പിക്കുന്ന വിശുദ്ധ യോഹന്നാൻ മൂന്ന് വിവരണങ്ങളിൽ ഒരിടത്ത് തോമാശ്ലീഹായുടെ ഒരു പ്രസ്താവനയും വേറൊരിടത്ത് ഒരു ചോദ്യവും മറ്റൊരിടത്ത് ഒരു പ്രഘോഷണവും ഉൾപ്പെടുത്താൻ കാരണം എന്താകാം? 
വരും തലമുറ ഈശോ ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നതിനും നിത്യജീവൻ പ്രാപിക്കേണ്ടതിനും വേണ്ടിയാണ് തോമാശ്ലീഹായെക്കുറിച്ചുള്ള മൂന്നും പരാമർശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് യോഹന്നാന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. 

 *ഒന്നാമതായി* തോമസ് പ്രത്യക്ഷപ്പെടുന്നത് ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പാണ്. കല്ലെറിഞ്ഞു കൊല്ലാൻ കാത്തിരിക്കുന്ന യഹൂദരുടെ നടുവിലേക്ക് പോകാൻ തയ്യാറാകുന്ന ഈശോയുടെ കൂടെ പോകാൻ തയ്യാറാകുന്ന തോമസ്. സ്നേഹിതന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് ഈശോ പറയുന്നതിനും മുമ്പേ ഈശോയുടെ മനസ്സറിയുന്ന തോമസ്. അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം എന്ന പ്രസ്താവന ധീരനായ ശിഷ്യന്റെ നിലപാടാണ്. 
വിശ്വസത്തിനു വേണ്ടി, വിശ്വസിക്കുന്ന ഗുരുവിനു വേണ്ടി, വിശ്വസിക്കുന്ന സത്യങ്ങൾക്ക് വേണ്ടി ജീവനർപ്പിക്കാൻ തയ്യാറാകുന്ന ഒരു ശിഷ്യന്റെ നിലപാട്. 

 *രണ്ടാമതായി* , കൃത്യത നിറഞ്ഞ ചോദ്യമുന്നയിക്കുന്ന തോമസ്. 
ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാൻ നേരമായി എന്ന് ഈശോ അറിയിക്കുമ്പോൾ "നീ എവിടേക്ക് പോകുന്നു എന്നറിഞ്ഞു കൂടാ, പിന്നെ വഴി എങ്ങനെ അറിയും? " എന്ന ചോദ്യം കൊണ്ട് "വഴിയും സത്യവും ജീവനും ഞാനാണ് " എന്ന ഈശോയുടെ ഉത്തരം വാങ്ങിയെടുത്ത തോമസ്. 
The right question from St. Thomas paved the way direct christological response from the Lord. 
ആഴമേറിയ ചില അന്വേഷണങ്ങൾക്ക് ആത്മീയതയിൽ വലിയ സ്ഥാനമുണ്ട് എന്നർത്ഥം. 
ദർശനവീട്, പുണ്യസങ്കേതം, തപസുഭവനം - ദൈവത്തെ അന്വേഷിക്കുന്നവരുടെ കൂട്ടം. 
"എന്നാല്‍, അവിടെവച്ച്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെണ്ടത്തും."
നിയമാവര്‍ത്തനം 4 : 29
ആത്മീയമായ അന്വേഷണങ്ങളെ ഊർജ്ജിതപ്പെടുത്താൻ തോമാശ്ലീഹാ നമുക്ക് പ്രചോദനമാണ്. 

 *മൂന്നാമതായി* , വിശ്വസപ്രഘോഷണം നടത്തുന്ന തോമസ്. 
ഉയിർപ്പിനു ശേഷം തോമസിന്റെ അഭാവത്തിൽ ഈശോ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ പരിഭവവും പരാതിയും കലർന്ന ഒരു സ്നേഹശാഠ്യം കൊണ്ട് ഈശോയുടെ ഹൃദയം കീഴടക്കിയ തോമസ്. 
മുറിഞ്ഞ വിലാവ് കാണിച്ചാണ് ഈശോ തോമസിനെ വീണ്ടെടുക്കുന്നത്. മുറിവേറ്റ ദൈവത്തെ കണ്ടവൻ നിലവിളിച്ചു, "എന്റെ കർത്താവേ, എന്റെ ദൈവമേ !"
രാജാരാധന ( Emperor Cult) നിലനിന്നിരുന്ന കാലത്താണ് യോഹന്നാൻ ഇതെഴുതുന്നത്. ഒന്നുകിൽ രാജാവിനെ ആരാധിക്കണം അല്ലെങ്കിൽ രാജാവ് പറയുന്ന വിഗ്രഹത്തെ ആരാധിക്കണം പോലും !
ഈ പശ്ചാത്തലത്തിൽ യോഹന്നാൻ തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണത്തെ അവതരിപ്പിക്കുമ്പോൾ അതൊരു വിശ്വാസസമൂഹത്തിന്റെ തന്നെ വിശ്വാസ പ്രഘോഷണമാണ്. തങ്ങൾക്ക് വേണ്ടി മുറിവേറ്റ മിശിഹായാണ് തങ്ങളുടെ ദൈവം എന്നും ആ ദൈവത്തിനു മാത്രമാണ് തങ്ങളുടെ ആരാധനയെന്നും പ്രഖ്യാപിക്കുന്ന ഒരു വിശ്വാസസമൂഹത്തിന്റെ ധീരതയാണ് "എന്റെ കർത്താവെ, എന്റെ ദൈവമേ " എന്ന തോമാശ്ലീഹായുടെ പ്രഘോഷണം. 
മുറിവേറ്റ മിശിഹായെ ആരാധിക്കാനും മുറിവേറ്റ മനുഷ്യരെ പരിചരിക്കാനും തോമാശ്ലീഹാ ഒരു പ്രേരകശക്തിയാണ്. 

"അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" എന്ന ഒരു പ്രസ്താവന, "നീ എവിടേക്ക് പോകുന്നു എന്നറിഞ്ഞു കൂടാ, പിന്നെ വഴി എങ്ങനെ അറിയും?" എന്ന ഒരു ചോദ്യം, "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന ഒരു പ്രഘോഷണം... 
ഇത് മതി നമ്മുടെ വിശ്വാസത്തിന്റെ പിതാവിനെ അറിയാനും സ്നേഹിക്കാനും... 

ഈശോയെ, തോമാശ്ലീഹായെപ്പോലെ അങ്ങേക്ക് വേണ്ടി മരിക്കാനുള്ള ധീരതയും ദൈവീകസത്യങ്ങൾ കണ്ടെത്തുന്ന അന്വേഷണങ്ങൾ നടത്താനുള്ള കൃപയും ബലിപീഠത്തിൽ മുറിയപ്പെടുന്ന അങ്ങയുടെ ശരീരരക്തങ്ങൾ കണ്ട് വിശ്വാസം പ്രഘോഷിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ !

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment