*2️⃣0️⃣2️⃣0️⃣ജൂലൈ2️⃣2️⃣*
*നല്ല ഇടയന്റെ ആടുകൾ*
"എന്‍െറ ആടുകള്‍എന്‍െറ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു."
യോഹന്നാന്‍ 10 : 27
ചോദ്യശരങ്ങളുമായി മിക്കവാറും യഹൂദർ ഈശോയുടെ പിന്നാലെ കൂടിയിരുന്നു.
യഥാർത്ഥത്തിൽ അവിടുന്ന് മിശിഹാ ആണോ എന്നതാണ് അവരുടെ സംശയം. വാക്കുകളും പ്രവർത്തികളും വഴി അവിടുന്ന് അത് വെളിപ്പെടുത്തിയിട്ടും വിശ്വസിക്കാൻ അവർ കൂട്ടാക്കിയുമില്ല. ഇടയന്റെ സ്വരം ശ്രവിച്ച് ഇടയനോട് പറ്റി ചേർന്ന് നിൽക്കുന്ന വിനയമുള്ള ആടുകളെപ്പോലെ ഈശോയുടെ വാക്കുകൾ വിശ്വാസത്തോടെ കേൾക്കുന്ന ആടുകൾ ആകാൻ യഹൂദർക്ക് തടസമായിരുന്നത് അവരുടെ കപടതയും അഹന്തയുമായിരുന്നു. ഈശോ എന്ന നല്ല ഇടയന്റെ തൊഴുത്തിലെ ആടുകളാണ് നാം.
തൊഴിൽ കൊണ്ട് മരപ്പണിക്കാരനായിരുന്നിട്ടും ശിഷ്യർ മുക്കുവർ ആയിരുന്നിട്ടും അവിടുന്ന് സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെട്ടത് ഒരു ഇടയൻ ആയിട്ടാണ്.
കൊറോണ വൈറസ് ബാധ ഒരുപാട് ആത്മസംഘർഷങ്ങളുടെയും വൈഷമ്യങ്ങളുടെയും പരിസരം രൂപപ്പെടുത്തുമ്പോൾ ഈശോ എന്ന ഒരു നല്ല ഇടയൻ നമുക്കുണ്ട് എന്നതാണ് ഒരേ ഒരു ആശ്വാസം.
ഒന്നിനും കുറവുണ്ടാകാത്തവിധം സമൃദ്ധമായ പുൽത്തകിടിയിലേക്കും പ്രശാന്തമായ ജലാശയത്തിലേക്കും നയിക്കുന്ന ഒരിടയൻ...
മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ കൂടി യാത്ര ചെയ്യേണ്ടി വരുമ്പോളും കൂടെ നടന്ന് ബലപ്പെടുത്തുന്ന എന്റെ നല്ല ഇടയൻ...
എന്റെ ഈശോ...
അവിടുന്നിലുള്ള വിശ്വാസത്തിന്റെ ഊന്നുവടിയും ദണ്ഡും ആണ് ഒരേ ഒരു ഉറപ്പ്...
അതിസങ്കീർണ്ണമായ ഈ ജീവിതസാഹചര്യത്തിൽ ഈ വിശ്വാസത്തെ തേച്ചുമിനുക്കിയേ തീരൂ...
പരിപാലിച്ചു സംരക്ഷിക്കുന്ന ഒരു നല്ല ഇടയന്റെ തണലിൽ എല്ലാ പ്രതിസന്ധികളെയും നാം തോൽപ്പിക്കും...
ഹെബ്രായ ലേഖനത്തിലെ ഒരു വാക്യം സ്വയം ആശംസിച്ച് ആത്മവിശ്വാസം ബലപ്പെടുത്താം.
"ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്‍െറ ദൈവം നിത്യമായ ഉടമ്പടിയുടെ രക്‌തത്താല്‍
എല്ലാ നന്‍മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! "
ഹെബ്രായര്‍ 13 : 20
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment