*2️⃣0️⃣2️⃣0️⃣ജൂലൈ1️⃣6️⃣*
*ശുശ്രൂഷ*
"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ."
മത്തായി 20 : 28
സബദീപുത്രന്മാരായ യാക്കോബും യോഹന്നാനും ഈശോയുടെ രാജ്യത്തിൽ അവിടുത്തെ ഇടത്തും വലത്തും ഇരിക്കാനുള്ള വരം അമ്മയെക്കൊണ്ട് ഈശോയോട് ചോദിപ്പിക്കുന്നു. റോമാക്കാരുടെ ആധിപത്യത്തിൽ നിന്നും യഹൂദരെ മോചിപ്പിക്കുന്ന രാഷ്ട്രീയ വിമോചകനായി (Political Liberator ) വരാനിരുന്ന മിശിഹായെ കണ്ടിരുന്ന യഹൂദരുടെ പൊതുവായ കാഴ്ചപ്പാടിന്റെ സ്വാധീനത്തിൽ പെട്ടാണ് യാക്കോബും യോഹന്നാനും ഈ ചോദ്യം അമ്മയെക്കൊണ്ട് ഉന്നയിക്കുന്നത് എന്ന് തീർച്ചയാണ്.
ഈശോ പറയുന്ന മറുപടിയിലെ ഒരു വാക്യമാണ് നമ്മുടെ ജ്ഞാനധ്യാനത്തിനാധാരം.
"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനുമാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്" എന്ന വാക്യം അവിടുത്തെ ജീവിതനിയോഗം വ്യക്തമാക്കുന്നതാണ്. പൗരോഹിത്യ പരിശീലനത്തിൽ പഠനവിഷയമായിരുന്ന 'പൗരോഹിത്യത്തിന്റെ ദൈവശാസ്ത്രം' എന്ന പാഠ്യഭാഗത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന വചനം ഈ വചനമായിരുന്നു. ഈശോയെ അനുഗമിക്കുന്ന എല്ലാവരുടെയും വിശിഷ്യാ ഈശോയുടെ ശുശ്രൂഷാപൗരോഹിത്യത്തിൽ പങ്കുചേരുന്ന പുരോഹിതരുടെയും സമർപ്പിതജീവിതം തെരെഞ്ഞെടുത്തിരിക്കുന്നവരുടെയും ജീവിത നിയോഗം വെളിവാക്കുന്ന വചനമാണത്.
ശുശ്രൂഷയാണ് നമ്മുടെ ദൗത്യം.
കർമ്മല മാതാവിന്റെ പെരുന്നാൾ കൂടി പ്രാർത്ഥനയോടെ നാം ആഘോഷിക്കുന്നു.
നിത്യപുരോഹിതനായ ഈശോയുടെ അമ്മയും ആദ്യത്തെ ശിഷ്യയുമായ അമ്മയോളം ശുശ്രൂഷാജീവിതത്തിന്റെ ആഴം പറഞ്ഞു തരുന്ന ആരുമുണ്ടാവില്ല. എത്ര ഭംഗിയായിട്ടാണ് അമ്മയുടെ ശുശ്രൂഷാജീവിതത്തെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. "ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു."
(ലൂക്കാ 1 : 39)
ഈശോ ഉള്ളിലുള്ളവർക്ക് വേദനിക്കുന്നവരിലേക്ക് എത്തി ശുശ്രൂഷയുടെ കരങ്ങൾ നീട്ടാതിരിക്കാനാവില്ല എന്ന് അമ്മ പഠിപ്പിക്കുന്നു.
ഏലിയാ പ്രവാചകന്റെ കാലം മുതൽ കാർമ്മൽ മലയിൽ തപസ്സിലും പ്രാർത്ഥനയിലും കഴിഞ്ഞിരുന്ന താപസ്സരുടെ മാതൃകയിൽ 12 -ാം നൂറ്റാണ്ടിലാണ് നൈയാമികമായ ഘടനയോട് കൂടിയ ഒരു കർമ്മലീത്ത സന്യാസ സഭ ആരംഭിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള പ്രത്യേകഭക്തിയും ധ്യാനാത്മകജീവിതവുമായിരുന്നു അവരുടെ സവിശേഷതകൾ. പ്രതിസന്ധികളുടെ നടുവിൽ കർമ്മലീത്താസഭയുടെ ആറാം പ്രിയോർ ജനറൽ ആയിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്ക് കരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ മാതൃവാത്സല്യമായി കർമ്മലീത്തരുടെ കൂടെ എന്നും താൻ കൂടെയുണ്ടാവും എന്ന ഉറപ്പും സംരക്ഷകവചമായി ഉത്തരീയവും 1251 ജൂലൈ 16 ന് കൊടുത്തു എന്നാണ് ചരിത്രം. അമ്മ നൽകിയ വാഗ്ദാനം ഇതാണ്,
"ഇത് നിനക്കും കര്‍മ്മലീത്താക്കാര്‍ക്കും നല്‍കപ്പെടുന്ന വിശേഷ അനുഗ്രഹമാണ്. ഇത് ധരിച്ചുകൊണ്ട് മരിക്കുന്ന ഒരുവനും നിത്യമായ അഗ്നിയില്‍ സഹനമനുഭവിക്കേണ്ടതായി വരികയില്ല.”
ഉത്തരീയത്തിന്റെ സംരക്ഷണം നമ്മുടെ അവകാശമാണെന്ന് തിരിച്ചറിയാനും ഈശോയ്ക്ക് ജീവിതത്തെ പുനരർപ്പിക്കുവാനും നരകശിക്ഷയിൽ രക്ഷ നേടുവാനും ശുശ്രൂഷാജീവിതം വഴി ഈശോയെ മഹത്വപ്പെടുത്താനും കർമ്മല മാതാവ് നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ.
കർമ്മല മാതാവിന്റെ തിരുന്നാൾ മംഗളങ്ങൾ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment