*2️⃣0️⃣2️⃣0️⃣ജൂലൈ1️⃣3️⃣*
*യോനായുടെ അടയാളം*
"നിനെവേനിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത് എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട് അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!"
മത്തായി 12 : 41
നിയമജ്ഞരും ഫരിസേയരും പതിവ് സ്വഭാവം തുടരുകയാണ്. അവർക്ക് ഈശോയെ വാക്കിൽ കുടുക്കുകയോ അവിടുന്നിൽ കുറ്റം കണ്ടെത്തുകയോ വേണം. അതിനായി അടയാളം കാണണം എന്ന ആഗ്രഹം ഉന്നയിച്ചു കൊണ്ട് അവർ ഈശോയുടെ പിന്നാലെ കൂടി.
"ദുഷിച്ചതും അവിശ്വസ്‌തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു എന്നാണ് ഈശോയുടെ പ്രതികരണത്തിന്റെ ആദ്യ ഭാഗം.
സ്വന്തം സ്വാർത്ഥത നിറഞ്ഞ താല്പര്യങ്ങൾ പൂരിപ്പിക്കാൻ ദൈവത്തെ സ്വന്തം ഇഷ്ടങ്ങളുടെ ചട്ടക്കൂടിൽ ഒതുക്കാമെന്ന വ്യാമോഹം ഉള്ളിൽ കൊണ്ടുനടന്നവരെ "ദുഷിച്ചതും അവിശ്വസ്തവും" എന്നല്ലാതെ മറ്റെന്തു വിളിക്കാൻ?
അടയാളം കാണാൻ ആഗ്രഹം തോന്നിയാൽ ഉടനെ ആ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കുന്ന ഒരു കൺകെട്ടുകാരനായി ഈശോ മിശിഹായെ കാണാൻ മാത്രം ദുഷിച്ചു പോയിരുന്നു അവർ. സ്വന്തം ആഗ്രഹങ്ങളുടെയും കൗതുകങ്ങളുടെയും പൂർത്തിക്കായി ഈശോയുടെ നാമത്തിൽ അടയാളങ്ങളാവശ്യപ്പെടുന്നവർ ഇന്നും കേൾക്കേണ്ട മറുപടി ഇത് തന്നെ ആയിരിക്കും.
സാമാന്യം കാർക്കശ്യം നിറഞ്ഞ ഭാഷയിൽ തിരുത്തൽ കൊടുക്കുക മാത്രമല്ല അവിടുന്ന് ചെയ്തത്.
എല്ലാ കാലങ്ങൾക്കും വേണ്ടി നൽകപ്പെട്ട അടയാളം ഒരിക്കൽ കൂടി അവിടുന്ന് വ്യക്തമാക്കി.
യോനാ പ്രവാചകന്റെ അടയാളമാണ് ഒരേയൊരടയാളം എന്ന് ഈശോ ആവർത്തിക്കുന്നു. അനുതപിക്കുക്കയും പശ്ചാത്തപിക്കുകയും ചെയ്യുന്ന വ്യക്തികളോടും കുടുംബത്തോടും ദേശത്തോടും വിശ്വാസസമൂഹത്തോടും ദൈവം കരുണ കാണിക്കും എന്നതിന്റെ നിലനിൽക്കുന്ന അടയാളമാണ് യോനാ പ്രവാചകൻ.
മനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദൈവകരുണയുടെയും അടയാളമാണ് യോനാ. "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍."
എന്ന് പറഞ്ഞാണ് അവിടുന്ന് ദൈവരാജ്യ പ്രഘോഷണം ആരംഭിച്ചത്. സുവിശേഷസന്ദേശത്തിന്റെ അന്തസത്തയായ മനസാന്തരവും ദൈവകരുണയും തന്നെയാണ് യോനായുടെ അടയാളം.
മാനസാന്തരം എന്നതിന് ബൈബിൾ ഉപയോഗിക്കുന്ന പദങ്ങൾ ഗ്രീക്കിൽ മെറ്റെനോയിയ ( Metanoia - change of mind/ heart ) എന്നും ഹീബ്രുവിൽ ഷൂബ് ( Shub - turning to God) എന്നുമാണ്.
മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെട്ട് ദൈവത്തിലേക്ക് അനുദിനം തിരിയാൻ യോനായുടെ അടയാളം സഹായിക്കട്ടെ.
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment