Monday, July 27, 2020

വിശുദ്ധിയുടെ മറക്കുട

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ2️⃣8️⃣* 

*വിശുദ്ധിയുടെ മറക്കുട* 

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും."
യോഹന്നാന്‍ 12 : 24


നമ്മുടെ നാട്ടിലെ ഒരു പാവം പുണ്യവതിയുടെ ഓർമ്മ പെരുന്നാൾ ആണ്.
ലോകം ശ്രേഷ്ഠം എന്ന് കരുതുന്ന ഒന്നും ഇല്ലാത്ത ഒരു പാവം അമ്മ... നമ്മുടെ അൽഫോൻസാമ്മ...
അഴിയുന്ന  വിത്തിലേ പുതുജീവൻ ഉണ്ടാകൂ എന്ന് നമ്മുടെ കാലത്തോട് സൗമ്യമായി മന്ത്രിക്കുന്ന സ്നേഹനാളം...
മുറിയുന്ന മുളംതണ്ടിൽ വിരിയുന്ന സംഗീതം പോലെ വിശുദ്ധിയുടെ മറക്കുട തീർത്ത പുണ്യതീർത്ഥം...
അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ  ഒരു പുസ്തകം വായിക്കുകയായിരുന്നു ... 
ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ മതിൽക്കെട്ടിനുള്ളിൽ  മാത്രം ഒതുങ്ങിയ  ഒരായുസ്സിൻറെ മുഴുവൻ  വ്യഥകളും ഉൾപ്പോരുകളും  നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ്  ആ പുസ്തകം ..ബലിയായി തീരുന്ന ഒരു  കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം ... 

അവരുടെ നടുവിനെ  നീറ്റിയ വേദനകളും സഹനത്തിൻറെ വിയർപ്പുകളും ചുംബിച്ച കുരിശുകളും  നിശബ്ദ രാത്രികളിലെ  കണ്ണീരും ചേർന്നു പുസ്തകത്താളുകളെ ബലിയുടെ ഗന്ധമുള്ളതാക്കുന്നു  ....
റോമുളൂസച്ചൻറെ ഓർമ്മക്കുറിപ്പിൻറെ    പേര് ''സ്നേഹ ബലി  അഥവാ അൽഫോൻസാ ''...
ഇത്ര കണ്ടു സൗമ്യമായി വ്യസനങ്ങളെയും തേങ്ങലുകളെയും  നേരിട്ട ഒരായുസ്സിന്  സ്നേഹബലി എന്നല്ലാതെ  മറ്റെന്തുപേര്  നൽകും ?
കുറ്റപ്പെടുത്തലുകളും പരിഹാസ വാക്കുകളും തെറ്റിദ്ധാരണകളും വല്ലാതെ ഉലച്ചു കളഞ്ഞ ഒരു ജീവിതം... 
സ്വന്തം സന്യാസ കൂട്ടായ്മ പോലും വേണ്ട രീതിയിൽ മനസിലാക്കാതെ പോയതിന്റെ നൊമ്പരം ആത്മാവിൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പാവം പെൺകുട്ടി....

ആകപ്പാടെ അവളുടെ ആത്മാവിനെ ആശ്വസിപ്പിച്ചത് നമ്മുടെ വലിയ പ്രീയോരച്ചൻ ഇടയ്ക്കു ഒന്ന് രണ്ടു തവണ വന്നു കണ്ടതാണ്... സ്വപ്നത്തിൽ ചാവറ അച്ചനെ അയച്ചു ഈശോ അവളെ സാന്ത്വനപ്പെടുത്തി....
ആത്മാവിൽ ഏറ്റു വാങ്ങിയ മുറിവുകളുടെ ആഴം കണ്ടാൽ മതി, അമ്മയുടെ  സന്യാസത്തിന്റെ വിശുദ്ധി അറിയാൻ... 
അൽഫോൻസാമ്മയുടെ ശരീരത്തിലും മനസിലും നിറയെ പരിക്കുകളാണ്... ആത്മാവിനെ ശുദ്ധി ചെയ്യാൻ , ഈശോയ്ക്ക് വേണ്ടി അമ്മ ഏറ്റു വാങ്ങിയ കുരിശുകൾ...
അമ്മയുടെ മുറിവനുഭവങ്ങൾ അറിയുന്ന ആർക്കും ഒന്നേ പറയാനാകൂ.... 
കുരിശു ചുമന്ന ഈശോയോട് അമ്മയുടെ ആത്മാവ് ചേർന്നിരുന്നു.... 

അതെ.....കുരിശിലെ ഈശോയോട് ചേർന്ന് നിൽക്കുന്നതാണ്‌ ശരിക്കും സന്യാസം...
അത് മാത്രം ആണ് അമ്മ നമ്മെ പഠിപ്പിക്കുന്നത്... 
ഇടുങ്ങിയ വാതിലിൽ കൂടി കടക്കാനും.... നിലത്ത് വീണഴിയുന്ന ഗോതമ്പ് മണി ആകാനും....
നിലത്ത് വീണഴിയാത്ത എന്റെ സന്യാസം.... 
ഭൂമിക്കു കൊടുക്കാതെ പോകുന്ന ഹരിത ശോഭ.... അമ്മേ... പ്രാർത്ഥിക്കണെ..
കുറെ നാളുകൾ ആയി.... മനസ് നിറയെ അൽഫോൻസാമ്മയുടെ ഓർമ്മകൾ ആണ്...
കുരിശുമായി നടന്നു നീങ്ങുന്ന ഈശോ... 
പിന്നാലെ അടിമുടി ശരീരത്തിലും മനസിലും പരിക്കേറ്റു നമ്മുടെ അൽഫോൻസാമ്മ... 
വിശുദ്ധിയുടെ നിറക്കൂട്ട് തീർത്തു നമ്മുടെ അന്നക്കുട്ടി...
ഇത്രയും പരിക്കേറ്റ അമ്മയുടെ ആത്മാവിൽ നിറയെ ഈശോയുടെ സുഗന്ധം ആണ്....

 *She smells Christ...* 

ഗുരുനാഥയായ കന്യാസ്ത്രി അമ്മ എഴുതി തന്നു അമ്മ പറഞ്ഞു പഠിപ്പിച്ച ഒരു കുഞ്ഞു പ്രസംഗം ഉണ്ട്... അല്ഫോന്സാമ്മയെ കുറിച്ച്... " കുടമാളൂരിൽ മുട്ടത്തുപാടത്തു കുടുംബത്തിൽ യൗസേപ്പിന്റെയും മറിയാമ്മയുടെയും മകൾ ആയി 1910 ആഗസ്റ് 19 ന് നമ്മുടെ അന്നക്കുട്ടി ഭൂജാതയായി...."
ഓർമ്മകളിൽ ഏറ്റവും പ്രീയമുള്ള ജൂലൈ 28 അതാണ്....
മനുഷ്യരുടെ മുന്നിൽ നിൽകുമ്പോൾ ഉള്ള ഭീതി മാറിയ ദിനം... 
ഇന്നും മനുഷ്യരുടെ മുന്നിൽ നിൽക്കുമ്പോൾ കാണാമറയത്തു , വിശുദ്ധിയുടെ മറക്കുട തീർത്തു എന്റെ അമ്മ.... അൽഫോൻസാമ്മ... 
പ്രാർത്ഥിച്ചും വാക്കുകൾക്ക് ദൃഢത നൽകിയും കൂടെ നിൽക്കുന്ന നിലാവെളിച്ചം...

അമ്മയെ പോലെ സന്യാസത്തിന്റെ വഴികളിൽ നീങ്ങുമ്പോൾ മുറിവുകൾ ഏറ്റു വാങ്ങാൻ മടിക്കുന്ന എന്റെ ഒളിച്ചുകളി ഞാൻ അറിയുന്നു... 
സുഖത്തിനും സ്വസ്ഥതക്കും ഇട്ട വിളിപ്പേര് ഒന്നും അല്ലല്ലോ സന്യാസം...
അടിമുടി പരിക്കേറ്റ അൽഫോൺസാമ്മ ഒരു തിരുത്തൽ ശക്തി ആണ്... 
നമ്മുടെ രോഗാതുരമായ സന്യാസ സങ്കൽപ്പങ്ങൾക്ക്...

അൽഫോൻസാ എന്ന വിശുദ്ധിയുടെ മറക്കുട എന്റെ ആത്മാവിനെ അസ്വസ്ഥമാക്കുന്നു... 
കുരിശിൽ കിടക്കുന്നവനും എനിക്കും ഇടയിൽ ഒരു സമാനതയും ഇല്ലല്ലോ എന്നോർത്തിട്ട് കണ്ണ് നനയുന്നു....
അടിമുടി പരിക്കേറ്റവന്റെ പിന്നാലെ പോയിട്ടും മുറിപ്പെടാതെയും മുറിവേൽക്കാതെയും അതിനു തയ്യാറാകാതെയും ഞാൻ  ഇങ്ങനെ... രക്തസാക്ഷികൾ രക്തം കൊടുത്തു വാങ്ങിയ സഭയിൽ ഒരു തുള്ളി രക്തം പോലും ചിന്താതെ ഞാൻ....

ഈശോയേ.... എന്റെ അപൂർണ്ണതകളും പരിമിതികളും പോരായ്മകളും നിന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകാതെ ഇരിക്കട്ടെ.... 
അമ്മയുടെ കൂട്ട് എന്നെങ്കിലും ഒരിക്കൽ  ക്രൂശിതനോട് ചേരാൻ  ആത്മാവിനെ ബലപ്പെടുത്തും.... 
അമ്മേ... അല്ഫോൻസാമ്മേ.... അമ്മക്കിഷ്ടമുള്ള ആ പ്രാർത്ഥന ഒരിക്കൽക്കൂടി ഞങ്ങൾക്ക് വേണ്ടി ആവർത്തിക്കുമോ? 

"ഈശോയേ... 
അവിടുത്തെ തിരുഹൃദയത്തിലെ തിരുമുറിവിനുള്ളിൽ ഞങ്ങേലെ മറക്കണമേ..."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, July 21, 2020

നല്ല ഇടയന്റെ ആടുകൾ

 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ2️⃣2️⃣* 

 *നല്ല ഇടയന്റെ ആടുകൾ* 

"എന്‍െറ ആടുകള്‍എന്‍െറ സ്വരം ശ്രവിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു."
യോഹന്നാന്‍ 10 : 27

ചോദ്യശരങ്ങളുമായി മിക്കവാറും യഹൂദർ ഈശോയുടെ പിന്നാലെ കൂടിയിരുന്നു. 
യഥാർത്ഥത്തിൽ അവിടുന്ന് മിശിഹാ ആണോ എന്നതാണ് അവരുടെ സംശയം. വാക്കുകളും പ്രവർത്തികളും വഴി അവിടുന്ന് അത് വെളിപ്പെടുത്തിയിട്ടും വിശ്വസിക്കാൻ അവർ കൂട്ടാക്കിയുമില്ല. ഇടയന്റെ സ്വരം ശ്രവിച്ച് ഇടയനോട് പറ്റി ചേർന്ന് നിൽക്കുന്ന വിനയമുള്ള ആടുകളെപ്പോലെ ഈശോയുടെ വാക്കുകൾ വിശ്വാസത്തോടെ കേൾക്കുന്ന ആടുകൾ ആകാൻ യഹൂദർക്ക് തടസമായിരുന്നത് അവരുടെ കപടതയും അഹന്തയുമായിരുന്നു. ഈശോ എന്ന നല്ല ഇടയന്റെ തൊഴുത്തിലെ ആടുകളാണ് നാം. 
തൊഴിൽ കൊണ്ട് മരപ്പണിക്കാരനായിരുന്നിട്ടും ശിഷ്യർ മുക്കുവർ ആയിരുന്നിട്ടും അവിടുന്ന് സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെട്ടത് ഒരു ഇടയൻ ആയിട്ടാണ്. 
കൊറോണ വൈറസ് ബാധ ഒരുപാട് ആത്മസംഘർഷങ്ങളുടെയും വൈഷമ്യങ്ങളുടെയും പരിസരം രൂപപ്പെടുത്തുമ്പോൾ ഈശോ എന്ന ഒരു നല്ല ഇടയൻ നമുക്കുണ്ട് എന്നതാണ് ഒരേ ഒരു ആശ്വാസം. 

ഒന്നിനും കുറവുണ്ടാകാത്തവിധം സമൃദ്ധമായ പുൽത്തകിടിയിലേക്കും പ്രശാന്തമായ ജലാശയത്തിലേക്കും നയിക്കുന്ന ഒരിടയൻ... 
മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ കൂടി യാത്ര ചെയ്യേണ്ടി വരുമ്പോളും കൂടെ നടന്ന് ബലപ്പെടുത്തുന്ന എന്റെ നല്ല ഇടയൻ... 
എന്റെ ഈശോ... 
അവിടുന്നിലുള്ള വിശ്വാസത്തിന്റെ ഊന്നുവടിയും ദണ്ഡും ആണ് ഒരേ ഒരു ഉറപ്പ്... 
അതിസങ്കീർണ്ണമായ ഈ ജീവിതസാഹചര്യത്തിൽ ഈ വിശ്വാസത്തെ തേച്ചുമിനുക്കിയേ തീരൂ... 
പരിപാലിച്ചു സംരക്ഷിക്കുന്ന ഒരു നല്ല ഇടയന്റെ തണലിൽ എല്ലാ പ്രതിസന്ധികളെയും നാം തോൽപ്പിക്കും... 
ഹെബ്രായ ലേഖനത്തിലെ ഒരു വാക്യം സ്വയം ആശംസിച്ച് ആത്മവിശ്വാസം ബലപ്പെടുത്താം. 
"ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്‍െറ ദൈവം നിത്യമായ ഉടമ്പടിയുടെ രക്‌തത്താല്‍
എല്ലാ നന്‍മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! "
ഹെബ്രായര്‍ 13 : 20

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, July 17, 2020

അനുഗമിക്കുന്നവർ

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣8️⃣* 

 *അനുഗമിക്കുന്നവർ* 

"എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്‍െറ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും."
യോഹന്നാന്‍ 12 : 26

ഈശോയെ അനുഗമിക്കുന്നു എന്ന് അഭിമാനിക്കുന്ന നമുക്ക് ഈശോ ആഗ്രഹിക്കുന്നത് പോലെ അവിടുത്തെ അനുഗമിക്കാൻ സാധിക്കുന്നുണ്ടോ എന്ന് സ്വയം കണ്ടെത്താൻ സഹായകരമാകുന്ന സുവിശേഷഭാഗമാണിത്. 
ഗ്രീക്കുകാർ ഈശോയെ കാണാൻ എത്തുന്നതാണ് പശ്ചാത്തലം. 
ഗ്രീക്കുകാരുടെ അന്വേഷണം വിജ്ഞാനം തേടിയുള്ളതാണ് എന്നത് യവനസംസ്കാരം വെളിപ്പെടുത്തുന്ന സത്യമാണ്. 
ഈശോയെ കാണാൻ ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന ഗ്രീക്കുകാർ അവിടുത്തെ വിജ്ഞാനവൈഭവത്തെക്കുറിച്ച് കേട്ടിട്ട് തന്നെയാകും എത്തിയിട്ടുള്ളത്. 
എതിരാളികൾ പോലും വിസ്മയിക്കത്തക്കവിധത്തിൽ ജ്ഞാനം ഈശോയുടെ അധരങ്ങളിൽ നിന്ന് പുറപ്പെട്ടിരുന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 
വിജ്ഞാനം തേടിവന്നവർക്ക് ഈശോ നല്കുന്നതോ നിത്യജീവനെക്കുറിച്ചും ശിഷ്യത്വത്തെക്കുറിച്ചുമുള്ള ദൈവീകജ്ഞാനവും. 
ഈശോയെ അന്വേഷിക്കുകയും അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ മുമ്പിൽ അവിടുന്ന് വയ്ക്കുന്ന ചില മാനദണ്ഡങ്ങൾ സുവിശേഷം വ്യക്തമാക്കുന്നു. 

1. ഗോതമ്പ് മണി പോലെ നിലത്തുവീണഴിഞ്ഞാലേ ഈശോ ആഗ്രഹിക്കുന്ന ഫലങ്ങൾ ജീവിതം പുറപ്പെടുവിക്കൂ. 
അഴിയൽ നിഷേധാത്മകമോ സർഗ്ഗവാസനകളെ കുഴിച്ചു മൂടുന്നതോ അല്ല. 
പ്രാർത്ഥനയിലും തപസ്സിലും ഉപവാസത്തിലും വചനധ്യാനത്തിലും ആത്മീയ അന്വേഷണങ്ങളിലും ആതുര ശുശ്രൂഷയിലും അധ്യാപനത്തിലും സാമൂഹ്യസേവനത്തിലും എല്ലാം ഏർപ്പെടുന്നവർ സ്വന്തം സമയവും കഴിവുകളും ആരോഗ്യവും ഒരു തരത്തിലുള്ള അഴിയലിന് വിട്ടുകൊടുക്കുകയാണ്. 
നശിപ്പിക്കുന്ന അഴിയൽ അല്ലല്ലോ അത്. 
അനേകർക്ക് സന്തോഷവും സമാശ്വസവും നൽകാൻ നാം ഏറ്റെടുക്കുന്ന ആ അഴിയൽ നിത്യജീവിതത്തിലേക്കുള്ള വാതിലാണ്. 

2. അതിരുകടന്നതും അനുപാതമില്ലാത്തതുമായ സ്വയം സ്നേഹം അപകടമാണ്. ആത്മരതി എന്ന വാക്ക് അതിന്റെ അപകടം നന്നായി സൂചിപ്പിക്കുന്നു. സ്വന്തം സ്വാർത്ഥതയുടെ വിടവുകൾ പൂരിപ്പിക്കാനുള്ള യുദ്ധമായി ജീവിതം മാറാവുന്നതിന്റെ ദുഖകരമായ സാധ്യതയാണ് ഈശോ മുൻകൂട്ടി ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുന്ന ചെയ്തികളിലേയ്ക്ക് ബോധപൂർവം പ്രവേശിക്കാനുള്ള ക്ഷണമാണത്. 

3. "എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. "
ശുശ്രൂഷിക്കാൻ മനസ്സുള്ളവർ എന്നെ അനുഗമിച്ചാൽ മതി എന്നൊരു അർത്ഥവും ഈ വാക്യത്തിനുണ്ട്. വേദനിക്കുന്നവരോടും മുറിവേറ്റവരോടും സ്വയം സാധർമ്മ്യപ്പെടുത്തിയ ഈശോ "എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവൻ " എന്ന് പറയുമ്പോൾ മുറിവേറ്റവർക്ക് നൽകുന്ന സ്നേഹശുശ്രൂഷയാണ് ഈശോ അർത്ഥമാക്കുന്നത് എന്ന് തീർച്ച. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, July 16, 2020

പ്രതിഫലം

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣7️⃣* 

 *പ്രതിഫലം* 

"പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്‍െറ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്‍െറ പ്രതിഫലവും ലഭിക്കുന്നു."
മത്തായി 10 : 41

കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ് ഈശോ. നമ്മുടെ ബുദ്ധിയിൽ ചിട്ടപ്പെടുത്തുകയും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന കണക്കുകൾ സുവിശേഷങ്ങളിൽ പലയിടങ്ങളിൽ മാറ്റിയെഴുതപ്പെടുന്നുണ്ട്. 
99 നെ വിട്ടിട്ട് ഒന്നിനെ അന്വേഷിച്ചിറങ്ങുക... 
ആദ്യം വന്നവനും അവസാനം വന്നവനും ഒരേ കൂലി കൊടുക്കുക... 
കുരിശിൽ കിടന്ന് അവസാനനിമിഷം അനുതപിച്ച നല്ല കള്ളന് പറുദീസാ വാഗ്ദാനം ചെയ്യുക... 
നമ്മുടെ ബുദ്ധിയിൽ ചിട്ടപ്പെടുത്തിയ ഒരു ഏകകം കൊണ്ടും ഇതിന്റെ യുക്തി മനസിലാക്കാനാവില്ല... 
ഫ്രാൻസിസ് മാർപാപ്പ ഇടക്കൊക്കെ ഉപയോഗിക്കാറുള്ള ഒരു പദപ്രയോഗം കൊണ്ട് അത് കുറച്ചൊക്കെ മനസിലാകും... 
അജപാലനത്തിൽ പുലർത്തേണ്ട കരുണയെക്കുറിച്ച് പറയുമ്പോളാണ് അദ്ദേഹം അത് പരാമർശിക്കുന്നത്... 
The Logic of Mercy !
കാരുണ്യത്തിന്റെ യുക്തി... 
ഈശോയുടെ മനസ്സാണത്... 

സമാനമായ അന്തരാർത്ഥം ഉൾകൊള്ളുന്ന വചനവിചാരമാണ് ഇന്ന്.
"പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്‍െറ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്‍െറ പ്രതിഫലവും ലഭിക്കുന്നു."
പ്രവാചകനും പ്രവാചകനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നവനും നീതിമാനും നീതിമാനെ സ്നേഹപൂർവ്വം സ്വീകരിക്കുന്നവനും ഒരേ പ്രതിഫലം ലഭിക്കും എന്നാണ് സുവിശേഷഭാഷ്യം.
ബൈബിൾ വിജ്ഞാനീയത്തിന്റെ ഭാഷയിൽ ആരാണ് പ്രവാചകൻ? 
ആരാണ് നീതിമാൻ? 
ദൈവഹിതം മുഖം നോട്ടമില്ലാതെ ദൈവജനത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നവനാണ് പ്രവാചകൻ. 
ദൈവമനുഷ്യബന്ധങ്ങൾ വിള്ളലില്ലാതെ പരിപാലിക്കുന്നവനാണ് നീതിമാൻ. 
പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുക എന്നതിനർത്ഥം പ്രവാചകൻ വെളിപ്പെടുത്തി നൽകുന്ന ദൈവഹിതം സ്വീകരിക്കുക എന്നാണ്. 
നീതിമാനെ നീതിമാനായി സ്വീകരിക്കുക എന്നതിനർത്ഥം നീതിമാന്റെ നീതിബോധം സ്വന്തമാക്കുക എന്നാണ്. 
അങ്ങനെ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം പ്രവാചകനും നീതിമാനും വേണ്ടി ദൈവം കരുതി വച്ചിരിക്കുന്ന പ്രതിഫലം തന്നെയാണ്.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, July 15, 2020

ശുശ്രൂഷ

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣6️⃣* 

 *ശുശ്രൂഷ* 

"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ."
മത്തായി 20 : 28

സബദീപുത്രന്മാരായ യാക്കോബും യോഹന്നാനും ഈശോയുടെ രാജ്യത്തിൽ അവിടുത്തെ ഇടത്തും വലത്തും ഇരിക്കാനുള്ള വരം അമ്മയെക്കൊണ്ട് ഈശോയോട് ചോദിപ്പിക്കുന്നു. റോമാക്കാരുടെ ആധിപത്യത്തിൽ നിന്നും യഹൂദരെ മോചിപ്പിക്കുന്ന രാഷ്ട്രീയ വിമോചകനായി (Political Liberator ) വരാനിരുന്ന മിശിഹായെ കണ്ടിരുന്ന യഹൂദരുടെ പൊതുവായ കാഴ്ചപ്പാടിന്റെ സ്വാധീനത്തിൽ പെട്ടാണ് യാക്കോബും യോഹന്നാനും ഈ ചോദ്യം അമ്മയെക്കൊണ്ട് ഉന്നയിക്കുന്നത് എന്ന് തീർച്ചയാണ്. 
ഈശോ പറയുന്ന മറുപടിയിലെ ഒരു വാക്യമാണ് നമ്മുടെ ജ്ഞാനധ്യാനത്തിനാധാരം. 
"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനുമാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്" എന്ന വാക്യം അവിടുത്തെ ജീവിതനിയോഗം വ്യക്തമാക്കുന്നതാണ്. പൗരോഹിത്യ പരിശീലനത്തിൽ പഠനവിഷയമായിരുന്ന 'പൗരോഹിത്യത്തിന്റെ ദൈവശാസ്ത്രം' എന്ന പാഠ്യഭാഗത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന വചനം ഈ വചനമായിരുന്നു. ഈശോയെ അനുഗമിക്കുന്ന എല്ലാവരുടെയും വിശിഷ്യാ ഈശോയുടെ ശുശ്രൂഷാപൗരോഹിത്യത്തിൽ പങ്കുചേരുന്ന പുരോഹിതരുടെയും സമർപ്പിതജീവിതം തെരെഞ്ഞെടുത്തിരിക്കുന്നവരുടെയും ജീവിത നിയോഗം വെളിവാക്കുന്ന വചനമാണത്. 
ശുശ്രൂഷയാണ് നമ്മുടെ ദൗത്യം. 

കർമ്മല മാതാവിന്റെ പെരുന്നാൾ കൂടി പ്രാർത്ഥനയോടെ നാം ആഘോഷിക്കുന്നു. 
നിത്യപുരോഹിതനായ ഈശോയുടെ അമ്മയും ആദ്യത്തെ ശിഷ്യയുമായ അമ്മയോളം ശുശ്രൂഷാജീവിതത്തിന്റെ ആഴം പറഞ്ഞു തരുന്ന ആരുമുണ്ടാവില്ല. എത്ര ഭംഗിയായിട്ടാണ് അമ്മയുടെ ശുശ്രൂഷാജീവിതത്തെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. "ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു."
(ലൂക്കാ 1 : 39)
ഈശോ ഉള്ളിലുള്ളവർക്ക് വേദനിക്കുന്നവരിലേക്ക് എത്തി ശുശ്രൂഷയുടെ കരങ്ങൾ നീട്ടാതിരിക്കാനാവില്ല എന്ന് അമ്മ പഠിപ്പിക്കുന്നു. 

ഏലിയാ പ്രവാചകന്റെ കാലം മുതൽ കാർമ്മൽ മലയിൽ തപസ്സിലും പ്രാർത്ഥനയിലും കഴിഞ്ഞിരുന്ന താപസ്സരുടെ മാതൃകയിൽ 12 -ാം നൂറ്റാണ്ടിലാണ് നൈയാമികമായ ഘടനയോട് കൂടിയ ഒരു കർമ്മലീത്ത സന്യാസ സഭ ആരംഭിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള പ്രത്യേകഭക്തിയും ധ്യാനാത്മകജീവിതവുമായിരുന്നു അവരുടെ സവിശേഷതകൾ. പ്രതിസന്ധികളുടെ നടുവിൽ കർമ്മലീത്താസഭയുടെ ആറാം പ്രിയോർ ജനറൽ ആയിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്ക് കരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ മാതൃവാത്സല്യമായി കർമ്മലീത്തരുടെ കൂടെ എന്നും താൻ കൂടെയുണ്ടാവും എന്ന ഉറപ്പും സംരക്ഷകവചമായി ഉത്തരീയവും 1251 ജൂലൈ 16 ന് കൊടുത്തു എന്നാണ് ചരിത്രം. അമ്മ നൽകിയ വാഗ്ദാനം ഇതാണ്, 
"ഇത് നിനക്കും കര്‍മ്മലീത്താക്കാര്‍ക്കും നല്‍കപ്പെടുന്ന വിശേഷ അനുഗ്രഹമാണ്. ഇത് ധരിച്ചുകൊണ്ട് മരിക്കുന്ന ഒരുവനും നിത്യമായ അഗ്നിയില്‍ സഹനമനുഭവിക്കേണ്ടതായി വരികയില്ല.”
ഉത്തരീയത്തിന്റെ സംരക്ഷണം നമ്മുടെ അവകാശമാണെന്ന് തിരിച്ചറിയാനും ഈശോയ്ക്ക് ജീവിതത്തെ പുനരർപ്പിക്കുവാനും നരകശിക്ഷയിൽ രക്ഷ നേടുവാനും ശുശ്രൂഷാജീവിതം വഴി ഈശോയെ മഹത്വപ്പെടുത്താനും കർമ്മല മാതാവ് നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ. 

കർമ്മല മാതാവിന്റെ തിരുന്നാൾ മംഗളങ്ങൾ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, July 12, 2020

യോനായുടെ അടയാളം

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣3️⃣* 

 *യോനായുടെ അടയാളം* 

"നിനെവേനിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത്‌ എഴുന്നേറ്റ്‌ ഇതിനെ കുറ്റം വിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട്‌ അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!"
മത്തായി 12 : 41

നിയമജ്ഞരും ഫരിസേയരും പതിവ് സ്വഭാവം തുടരുകയാണ്. അവർക്ക് ഈശോയെ വാക്കിൽ കുടുക്കുകയോ അവിടുന്നിൽ കുറ്റം കണ്ടെത്തുകയോ വേണം. അതിനായി അടയാളം കാണണം എന്ന ആഗ്രഹം ഉന്നയിച്ചു കൊണ്ട് അവർ ഈശോയുടെ പിന്നാലെ കൂടി. 
"ദുഷിച്ചതും അവിശ്വസ്‌തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു എന്നാണ് ഈശോയുടെ പ്രതികരണത്തിന്റെ ആദ്യ ഭാഗം. 
സ്വന്തം സ്വാർത്ഥത നിറഞ്ഞ താല്പര്യങ്ങൾ പൂരിപ്പിക്കാൻ ദൈവത്തെ സ്വന്തം ഇഷ്ടങ്ങളുടെ ചട്ടക്കൂടിൽ ഒതുക്കാമെന്ന വ്യാമോഹം ഉള്ളിൽ കൊണ്ടുനടന്നവരെ "ദുഷിച്ചതും അവിശ്വസ്തവും" എന്നല്ലാതെ മറ്റെന്തു വിളിക്കാൻ? 
അടയാളം കാണാൻ ആഗ്രഹം തോന്നിയാൽ ഉടനെ ആ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കുന്ന ഒരു കൺകെട്ടുകാരനായി ഈശോ മിശിഹായെ കാണാൻ മാത്രം ദുഷിച്ചു പോയിരുന്നു അവർ. സ്വന്തം ആഗ്രഹങ്ങളുടെയും കൗതുകങ്ങളുടെയും പൂർത്തിക്കായി ഈശോയുടെ നാമത്തിൽ അടയാളങ്ങളാവശ്യപ്പെടുന്നവർ ഇന്നും കേൾക്കേണ്ട മറുപടി ഇത് തന്നെ ആയിരിക്കും. 
സാമാന്യം കാർക്കശ്യം നിറഞ്ഞ ഭാഷയിൽ തിരുത്തൽ കൊടുക്കുക മാത്രമല്ല അവിടുന്ന് ചെയ്തത്. 
എല്ലാ കാലങ്ങൾക്കും വേണ്ടി നൽകപ്പെട്ട അടയാളം ഒരിക്കൽ കൂടി അവിടുന്ന് വ്യക്തമാക്കി. 

യോനാ പ്രവാചകന്റെ അടയാളമാണ് ഒരേയൊരടയാളം എന്ന് ഈശോ ആവർത്തിക്കുന്നു. അനുതപിക്കുക്കയും പശ്ചാത്തപിക്കുകയും ചെയ്യുന്ന വ്യക്തികളോടും കുടുംബത്തോടും ദേശത്തോടും വിശ്വാസസമൂഹത്തോടും ദൈവം കരുണ കാണിക്കും എന്നതിന്റെ നിലനിൽക്കുന്ന അടയാളമാണ് യോനാ പ്രവാചകൻ. 
മനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദൈവകരുണയുടെയും അടയാളമാണ് യോനാ. "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍."
എന്ന് പറഞ്ഞാണ് അവിടുന്ന് ദൈവരാജ്യ പ്രഘോഷണം ആരംഭിച്ചത്. സുവിശേഷസന്ദേശത്തിന്റെ അന്തസത്തയായ മനസാന്തരവും ദൈവകരുണയും തന്നെയാണ് യോനായുടെ അടയാളം. 
മാനസാന്തരം എന്നതിന് ബൈബിൾ ഉപയോഗിക്കുന്ന പദങ്ങൾ ഗ്രീക്കിൽ മെറ്റെനോയിയ ( Metanoia - change of mind/ heart ) എന്നും ഹീബ്രുവിൽ ഷൂബ് ( Shub - turning to God) എന്നുമാണ്. 
മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെട്ട് ദൈവത്തിലേക്ക് അനുദിനം തിരിയാൻ യോനായുടെ അടയാളം സഹായിക്കട്ടെ.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, July 11, 2020

ഇടുങ്ങിയ വാതിൽ

🥭 *ജ്ഞാനധ്യാനം* 🥭

*2️⃣0️⃣2️⃣0️⃣ജൂലൈ1️⃣2️⃣* 

 *ഇടുങ്ങിയ വാതിൽ* 

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല."
ലൂക്കാ 13 : 24

ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ച് പ്രബോധനം നൽകി പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചു കൊണ്ട് ഈശോ ജെറുസലേമിലേക്ക് നടന്നു നീങ്ങുന്നു. യാത്രക്കിടയിൽ ഒരാളുടെ സംശയത്തിന് ഈശോ ഉത്തരം കൊടുക്കുന്നു. 
സംശയം ഇതാണ് : "കര്‍ത്താവേ, രക്‌ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ?" 
ചോദ്യത്തിനുള്ള ഉത്തരം നേരിട്ട് പറയാതെ രക്ഷ പ്രാപിക്കാനുള്ള വഴിയാണ് ഈശോ പറഞ്ഞ് കൊടുക്കുന്നത്. 
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല."
ഇടുങ്ങിയ വാതിലാണ് രക്ഷയിലേക്കുള്ള വഴി. 
ഇടുങ്ങിയ വാതിലിനെക്കുറിച്ച് മത്തായി സുവിശേഷകന്റെ വാക്കുകളിൽ ഈശോ വ്യക്തമാക്കുന്നത് കൂടി ചേർത്ത് വായിക്കാം. 
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്‌തൃതവും വഴി വിശാലവുമാണ്‌; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.
എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്‌. അതു കണ്ടെത്തുന്നവരോ ചുരുക്കം."
(മത്തായി 7 : 13-14)

എന്താണ് ഇടുങ്ങിയ വാതിൽ? 
ഇന്ദ്രിയ നിഗ്രഹം, ആത്മനിയന്ത്രണം, പ്രാർത്ഥനാ ജീവിതം, ഉപവാസം, തപസ്സ്... എല്ലാം ഇടുങ്ങിയ വാതിലാണ്. 
ഈ പ്രത്യേക സാഹചര്യത്തിൽ പ്രകൃതി സംരക്ഷണവും വ്യക്തി ശുചിത്വവും, പരിസര ശുചീകരണവും, കായികാധ്വാനവും എല്ലാം തപസ്സിന്റെ ഭാഗമാണ് എന്നതിൽ സംശയമില്ല. 
ഇടുങ്ങിയ വാതിൽ സ്വയം കണ്ടെത്തുകയും അതിലൂടെ പ്രവേശിച്ച് രക്ഷ നേടുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് നമ്മുടെ ധർമ്മം. 
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ 2015 - ാം ഖണ്ഡിക ശ്രദ്ധിക്കാം. 
"പരിപൂർണ്ണതയുടെ വഴി കുരിശിന്റെ വഴിയാണ്. പരിത്യാഗവും ആത്മീയസമരവുമില്ലാതെ വിശുദ്ധീകരണമില്ല."

തന്നിഷ്ടങ്ങളുടേയും താൻപോരിമയുടെയും വിശാലവും വിസ്തൃതവുമായ വാതിലും വഴിയും ജീവിതം കൊണ്ട് സ്വയം തെരഞ്ഞെടുത്തിട്ട് മരണ ശേഷം ഇടുങ്ങിയ വാതിലിൽ കൂടി പ്രവേശിക്കാമെന്നു വിചാരിക്കുന്നത് വ്യർത്ഥമാണ് എന്ന് വേണം മനസ്സിലാക്കാൻ. 
മനസാന്തരപ്പെടാനും തിരികെ വരാനും ഇടുങ്ങിയ വാതിൽ തെരെഞ്ഞെടുക്കാനുമുള്ള അവസരം ജീവൻ ഉള്ള കാലം മാത്രമേ ഉള്ളൂ എന്നതാണ് യാഥാർഥ്യം. 
വിശാലവും വിസ്തൃതവുമായ മാർഗ്ഗങ്ങളും വാതിലുകളും തേടി നടന്നവർ കേൾക്കേണ്ടി വരുന്ന മറുപടി വേദനാജനകമാണ്. 
"വീട്ടുടമസ്‌ഥന്‍ എഴുന്നേറ്റ്‌, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്‌, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ്‌ വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല."
(ലൂക്കാ 13 : 25)
വിശാലമായ വാതിലുകളിൽ കൂടി കടന്ന് വിസ്തൃതമായ വഴികളിൽ യാത്ര ചെയ്‌തെങ്കിലും ഈശോയുടെ നാമത്തിൽ വിരുന്നുകൾ നടത്തി ഭക്ഷിക്കാനും അവന്റെ പ്രബോധനങ്ങൾ കേട്ടിരിക്കാനും സമയം കണ്ടെത്തിയതിന്റെ അവകാശവാദം പറയുമ്പോളും അവന്റെ ഉത്തരത്തിന് മാറ്റമില്ല. 
"നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നു പോകുവിന്‍.
(ലൂക്കാ 13 : 27)
ഈശോയ്ക്ക് എന്നെ തിരിച്ചറിയാൻ എനിക്ക് അവിടുത്തോടുള്ള സമാനതകൾ കണ്ടെത്തേണ്ടതുണ്ട്. 
അവിടുത്തെ അടിസ്ഥാന സ്വഭാവസവിശേഷതകളായ കാരുണ്യവും കരുതലും സ്നേഹവും ജീവിതത്തിൽ സ്വാംശീകരിച്ചും പ്രാർത്ഥനയുടെയും തപസ്സിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഇടുങ്ങിയ വഴിയിൽ യാത്ര ചെയ്തും അവിടുത്തെ മുൻപിൽ എത്തുമ്പോൾ അവിടുന്നെന്നെ തിരിച്ചറിയും.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, July 10, 2020

എന്റെ സ്വന്തമല്ല

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣1️⃣* 

 *എന്റെ സ്വന്തമല്ല* 

"ഈശോ പറഞ്ഞു: എന്‍െറ പ്രബോധനം എന്‍െറ സ്വന്തമല്ല, എന്നെ അയച്ചവന്‍േറതത്ര.
അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍മനസ്സുള്ളവന്‍ ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും."
യോഹന്നാന്‍ 7 : 16-17

തന്റെ ഭൂമിയിലെ നിലനില്പിനെക്കുറിച്ചും ജീവിതനിയോഗത്തെക്കുറിച്ചും എത്ര കൃത്യതയാണ് ഈശോയ്ക്ക്. 
പറയുന്ന വാക്കുകളുടെയും ചെയ്യുന്ന പ്രവർത്തികളുടെയും പ്രേരകശക്തിയെക്കുറിച്ചുള്ള സ്വയാവബോധം ഈശോ വ്യക്തമാക്കുന്നു. 
പിതാവായ ദൈവത്തിന്റെ വാക്കുകളും പ്രവർത്തികളും വെളിപ്പെടുത്തുക എന്ന ദൗത്യം വേർപിരിക്കാനാവാത്തവിധം തന്റെ നിലനില്പിനോട് അഭേദ്യമായി ബന്ധപ്പെട്ടതാണ് എന്ന് ഈശോയ്ക്ക് തിരിച്ചറിവുണ്ടായിരുന്നു. 
"എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റുന്നതും അവന്റെ ജോലി പൂർത്തിയാക്കുന്നതുമാണ് എന്റെ ഭക്ഷണം" എന്ന് പറഞ്ഞ് മറ്റൊരവസരത്തിൽ ഈശോ അത് സൂചിപ്പിച്ചിട്ടുണ്ട്. 
ഭക്ഷിക്കുക എന്ന പ്രാഥമികാവശ്യമായ ജൈവചോദനയേക്കാൾ മീതെ പിതാവിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഈശോ പ്രാധാന്യം കൊടുത്തു. 
പിതാവിന്റെ ഇഷ്ടം വെളിപ്പെടുത്തുന്ന പ്രബോധനങ്ങളായിരുന്നു ഈശോയുടെ പ്രവാചകധർമ്മത്തിന്റെ ആധാരശില എന്ന് നാം തിരിച്ചറിയുന്നു. 

മാമോദീസ സ്വീകരിച്ച ഓരോ വിശ്വാസിയുടെയും രാജകീയ പൗരോഹിത്യത്തിൽ ഉള്ള പങ്കാളിത്തം ഈശോയുടെ രാജത്വത്തിലും പ്രവാചകധർമ്മത്തിലും പുരോഹിതശുശ്രൂഷയിലും ഉള്ള പങ്കാളിത്തമാണ് എന്ന് തിരുസഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖ വ്യക്തമാക്കുന്നുണ്ട്. പ്രവാചകധർമ്മത്തിൽ വ്യത്യസ്തങ്ങളായ രീതികളിൽ പങ്കാളികളാകുമ്പോൾ ദൈവഹിതം വെളിപ്പെടുത്തുന്ന വാക്കുകളും പ്രവർത്തികളും നമുക്കുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. 
എന്റെ വാക്കുകളും പ്രവർത്തികളും ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തെ വെളിപ്പെടുത്തുന്നു എന്ന് ചങ്കിൽ കൈ വച്ച് പറയാൻ ഉള്ള ആത്മബലം എന്നെങ്കിലും ഉണ്ടാകുമോ ആവോ?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, July 9, 2020

രക്ഷിക്കാത്ത അറിവ്

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣0️⃣* 

 *രക്ഷിക്കാത്ത അറിവ്* 

"അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ്‌ പക്‌ഷക്കാരോടൊത്ത്‌ അവന്‍െറ അടുത്ത്‌ അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്‍െറ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു."
മത്തായി 22 : 16

എതിരാളികൾക്ക് പോലും മതിപ്പുളവാകും വിധം സത്യവാനും ആരുടെയും മുഖം നോക്കാതെ നിർഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനാണ് ഈശോ. 
ഈ യാഥാർഥ്യത്തെക്കുറിച്ച് ഫരിസേയർക്കും അറിവുണ്ടായിരുന്നു എന്ന് സുവിശേഷവായന വ്യക്തമാക്കുന്നു. 
പക്ഷെ അവരുടെ അറിവ് അവർക്ക് രക്ഷയ്ക്ക് കരണമായില്ല എന്നതാണ് ദുഃഖസത്യം. 
അറിവിന്റെ കുറവല്ല അവർക്ക് കെണിയാകുന്നത് എന്ന് വ്യക്തം. 
വലിയ യാഥാർഥ്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിട്ടും ആ അറിവ് വ്യർത്ഥമായിപോകുന്നു എന്നുള്ളത് എത്രയോ ദുഖകരമാണ്. 
നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം ഏതാണ് എന്ന ഒരു ചോദ്യം സ്വയം ചോദിച്ചാൽ അതിന് കണ്ടെത്താവുന്ന ആത്മാർത്ഥമായ ഒരേ ഒരുത്തരം എന്തായിരിക്കും? 
എന്റെ വ്യക്തിജീവിതത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം പിതാവിന്റെ പ്രിയപുത്രനും ഏകരക്ഷകനുമായ ഈശോയും ഈശോയെക്കുറിച്ചുള്ള അറിവുമാണ് എന്ന് സംശയലേശമന്യേ നമുക്ക് ഏറ്റുപറയാനാകും. 
ഈശോയെക്കുറിച്ചുള്ള ദൈവീകസത്യങ്ങളുടെ അറിവാണ് നമ്മുടെ നമ്മുടെ ക്രിസ്തീയമായ നിലനിൽപ്പിന്റെ ആധാരം എന്നത് തർക്കമില്ലാത്ത സത്യമാണ്. 
ആ അറിവ് രക്ഷയ്ക്ക് കരണമാകുന്നവിധം വിവിധ സാഹചര്യങ്ങളിൽ ജീവിക്കാനാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയാണ് നമ്മുടെ ധർമ്മം. 

ഫരിസേയരുടെ അറിവ് എന്ത് കൊണ്ട് അവർക്ക് രക്ഷയ്ക്ക് കരണമായില്ല എന്ന് കൂടി കണ്ടെത്തുമ്പോൾ ജ്ഞാനധ്യാനം അർത്ഥപൂർണ്ണമാകുന്നു. സുവിശേഷവായനയിൽ ഫരിസേയരോടുള്ള ഈശോയുടെ പ്രതികരണം ഒന്ന് ശ്രദ്ധിക്കാം. " അവരുടെ ദുഷ്‌ടത മനസ്‌സിലാക്കിക്കൊണ്ട്‌ ഈശോ പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്‌ഷിക്കുന്നതെന്ത്‌? "
ദുഷ്ടതയും കപടതയും ഉള്ളിൽ വച്ച് കൊണ്ട് ദൈവാന്വേഷണത്തിൽ ഏർപ്പെടുന്നത് വിഫലമായ അധ്വാനമായി മാറും എന്ന് ഇതോർമ്മിപ്പിക്കുന്നു. 
ദുഷ്ടതയും കപടതയും ഉള്ളിലുള്ളപ്പോൾ എത്ര ഉന്നതമായ അറിവും കെണിയായി മാറുന്നു എന്നതാണ് നമുക്കുള്ള പാഠം. 
കപടതയും ദുഷ്ടതയും ഉള്ളിൽ നിന്നും എടുത്തെറിഞ്ഞു തുടങ്ങുമ്പോൾ അറിവ് അനുഭവത്തിന് വഴി മാറുന്നു.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, July 8, 2020

നിലവിളി

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 9️⃣

 *നിലവിളി* 

"നിശ്‌ശബ്‌ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട്‌ പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ!"
മര്‍ക്കോസ്‌ 10 : 48

ഈശോ കടന്നു പോകുന്നു എന്നറിഞ്ഞപ്പോൾ അന്ധയാചകനായ ബെർതിമേയൂസ് കരഞ്ഞു നിലവിളിക്കുന്നു, "ദാവീദിന്‍െറ പുത്രനായ ഈശോയെ, എന്നില്‍ കനിയണമേ!" നിലവിളിച്ചു പ്രാർത്ഥിക്കുന്നവനെ കാണാതെ പോകാൻ ഈശോയ്ക്കാകില്ല എന്ന് സുവിശേഷം അവർത്തിച്ചുറപ്പിക്കുന്നു. 
നഷ്ടപ്പെട്ടു പോയ കാഴ്ചയാണ് ബെർത്തിമേയൂസിന്റെ സങ്കടകാരണം. 
നഷ്ടപ്പെട്ടു പോയ കാഴ്ച തിരികെ തരാൻ കഴിവുള്ളവൻ വഴിയരികിൽ കൂടി നടന്ന് നീങ്ങുന്നു എന്ന് തിരിച്ചറിയുമ്പോൾ കാഴ്ച തിരികെ കിട്ടാൻ വേണ്ടി ബെർത്തിമേയൂസ് നിലവിളിക്കുന്നു. 
മനസ്സ് മടുക്കാതെ നിലവിളിച്ചുള്ള പ്രാർത്ഥന തുടരാൻ പ്രേരകമാണ് ബെർത്തിമേയൂസിന്റെ നിലവിളി. 

"നിശ്‌ശബ്‌ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട്‌ പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ!"
കണ്ണിലെ വെട്ടം കെട്ടുപോയവന്റെ ദുഃഖം ജനക്കൂട്ടത്തിനറിയില്ലല്ലോ. 
ആരൊക്കെ നിശ്ശബ്ദരായിരിക്കാൻ പറഞ്ഞാലും ഒരു ശകാരത്തിനും തടയാനാവാത്ത വിധം അവന്റെ പ്രാർത്ഥനയുടെ ശബ്ദം ഉയർന്നു തന്നെ നിന്നു. 
നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ഉച്ചത്തിൽ നിലവിളിച്ചു പ്രാർത്ഥിച്ച് ബെർത്തിമേയൂസ് കർത്താവിന്റെ കരുണ നേടിയെടുത്തു. 
ദൈവവിശ്വസികളുടെ നിലവിളിക്കുന്ന പ്രാർത്ഥന കാണുന്ന ജനക്കൂട്ടം പുറത്താക്രോശിക്കുന്നുണ്ട്.
നിശ്ശബ്ദരാക്കാൻ ആണ് ശ്രമം. 
പക്ഷെ, നിലവിളിച്ചു പ്രാർത്ഥിച്ചു കർത്താവിന്റെ കരുണ നേടിയെടുക്കുന്ന ആരുടെയൊക്കെയോ സുകൃതം എല്ലാ ആക്രോശങ്ങളെയും കീഴടക്കുന്നു. 
നിലവിളിച്ചുള്ള പ്രാര്ഥനയെക്കുറിച്ച് ധ്യാനിക്കുമ്പോൾ ഈശോയും നിലവിളിച്ചു പ്രാർത്ഥിച്ചിരുന്നു എന്ന് ഓർമ്മിച്ച് പ്രാർത്ഥന തുടരാം. 
"തന്‍െറ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളുംയാചനകളും സമര്‍പ്പിച്ചു. അവന്‍െറ ദൈവഭയംമൂലം അവന്‍െറ പ്രാര്‍ഥന കേട്ടു."
ഹെബ്രായര്‍ 5 : 7

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, July 7, 2020

സ്വർഗ്ഗത്തിന്റെ സന്തോഷം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 8️⃣

 *സ്വർഗ്ഗത്തിന്റെ സന്തോഷം* 

"അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ ദൈവത്തിന്‍െറ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
ലൂക്കാ 15 : 10

ലുക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായം മുഴുവൻ മടങ്ങിവരവിന്റെയും വീണ്ടെടുക്കലിന്റെയും ഉപമകളാണ്. 
കാണാതായ ആടും കളഞ്ഞു പോയ നാണയവും ഇറങ്ങിപ്പോയ മകനും ആയിരുന്ന ഇടങ്ങളിൽ വലിയ ശൂന്യത രൂപപ്പെടുത്തി. 
കളഞ്ഞു പോകലിന്റെയും നഷ്ടപ്പെടലിന്റെയും ദുഃഖം അത്ര ചെറുതല്ല. അത് കൊണ്ട് തന്നെ ആടിനെ നഷ്ടപ്പെട്ട ഇടയനും നാണയം കളഞ്ഞു പോയ സ്ത്രീയും മകനെ നഷ്ടപ്പെട്ട അപ്പനും കാത്തിരിപ്പിൽ മാത്രമല്ല, അന്വേഷണത്തിലും കൂടി ആണ്. 
കാരണം, അവർ വിലപ്പെട്ടത് കളഞ്ഞു പോകുന്നവരുടെ ആത്മനൊമ്പരത്തിലാണ്. വിലപ്പെട്ടത് കളഞ്ഞു പോയപ്പോൾ പടിയിറങ്ങിയ ആനന്ദം തിരികെ ലഭിക്കുന്നത് കളഞ്ഞു പോയത് തിരികെ കിട്ടുമ്പോളാണ്.
കാത്തിരുന്ന് സ്വയം വേദനിക്കുന്നവരുടെ ആത്മനൊമ്പരം കാണാതെ പോകുമ്പോൾ മടങ്ങിപ്പോക്ക് അസാധ്യമാകുന്നു. 
കാത്തിരിക്കുന്ന പിതാവിന്റെ നെഞ്ചിടിപ്പ് ഉള്ളിൽ തട്ടി തുടങ്ങുമ്പോൾ തിരികെ പോകാത്തതിരിക്കാൻ പറ്റാത്ത വിധം ജീവിതം നൈർമല്യം നിറഞ്ഞതാകുന്നു. 

ഓരോ മടങ്ങി വരവിലും സ്വർഗ്ഗം സന്തോഷിക്കുന്നു എന്നതാണ് ഈശോ പറയുന്ന സുവിശേഷത്തിന്റെ കാതൽ. കൈമോശം വന്നു പോയ സുവിശേഷമൂല്യങ്ങളിലേയ്ക്ക് വീണ്ടും മടങ്ങി പോകണം. 
വീട്‌ വിട്ടിറങ്ങുന്ന മകനും മകനെ നഷ്ടപ്പെട്ട വീട്ടുകാർക്കും ഒരുപോലെ സ്വസ്ഥത നഷ്ടപ്പെടുന്നു എന്ന യാഥാർഥ്യമാണ് വീട്ടിലേക്കുള്ള മടങ്ങിവരവിന് മകനെ പ്രേരിപ്പിക്കുന്നത്. വീട്ടിലെ ആനന്ദം പുറത്തെവിടെയും കിട്ടില്ല എന്ന ബോധോദയത്തിൽ നഷ്ടപ്പെടുത്തി കളഞ്ഞതിനെയോർത്ത് മനസ്സ് വിങ്ങുന്നു. 
അപ്പോഴും പ്രതീക്ഷ അസ്തമിക്കുന്നില്ല. 
ഒരുപക്ഷെ, വീട് വിട്ടിറങ്ങി അലഞ്ഞതിന്റെ വൈഷമ്യങ്ങൾ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം മുഖം വിരൂപമാക്കപ്പെട്ടിട്ടും തിരിച്ചറിയാൻ സാധിക്കുന്ന ഒരാൾ ഉണ്ട് എന്നത് എത്രയോ ആശ്വാസദായകമാണ്. 
നഷ്ടപെട്ട നാണയം തിരികെ ലഭിച്ചപ്പോൾ സ്ത്രീ സന്തോഷിക്കുന്നത് പോലെ പടിയിറങ്ങിപ്പോയ മക്കളുടെ മടങ്ങി വരവിൽ സന്തോഷിക്കുന്ന സ്വർഗ്ഗത്തിലെ പിതാവിന്റെ മനസ്സ് കണ്ടു തുടങ്ങുമ്പോൾ സുവിശേഷമൂല്യങ്ങളിലേയ്ക്ക് മടങ്ങിപ്പോക്ക് എളുപ്പമാകുന്നു.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, July 6, 2020

വെളിച്ചം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 7️⃣

 *വെളിച്ചം* 

"ഈശോ അവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത്‌ പറയുടെ കീഴിലോകട്ടിലിന്‍െറ അടിയിലോ വയ്‌ക്കാനാണോ? പീഠത്തിന്‍മേല്‍ വയ്‌ക്കാനല്ലേ?"
മര്‍ക്കോസ്‌ 4 : 21

പ്രകാശം പകരുന്ന ഒരു വിളക്ക് ആരും കാണാത്ത ഇടങ്ങളിൽ മൂടി വയ്ക്കാനുള്ളതല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വെളിച്ചമായി സ്വയം പ്രകാശിക്കണം എന്ന് ധ്യാനിക്കാൻ ഈശോ നമ്മെ പ്രചോദിപ്പിക്കുന്നു. 
വിശ്വാസം, സ്നേഹം, ക്ഷമ, കാരുണ്യം, സത്പ്രവർത്തികൾ... 
എല്ലാം പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട വിളക്ക് പോലെ പ്രകാശിക്കേണ്ടതാണ്. 
അന്ധകാരം അകറ്റുക എന്ന അതിശ്രേഷ്ഠമായ ധർമമാണ് വിളക്കിനുള്ളത്. 
പറയുടെയോ കട്ടിലിന്റെയോ കീഴെ വയ്ക്കപ്പെട്ട ഒരു വിളക്കുപോലെ സ്വയം പ്രകാശിച്ച് തനിയെ കത്തിയമരുക എന്നതല്ല ക്രിസ്തീയ ജീവിതം എന്ന് തിരിച്ചറിയേണ്ടതുണ്ട്. 
മറിച്ച്, അത് പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട ഒരു വിളക്ക് പോലെ മറ്റുള്ളവർക്ക് വേണ്ടി പ്രകാശിക്കേണ്ടതാണ്. 
അപരനുമായി ബന്ധപ്പെട്ട സുകൃതം നിറഞ്ഞതും പ്രകാശം പരത്തുന്നതുമായ ഒരു നിലനില്പിന്റെ പൂർണ്ണതയാണ് ക്രിസ്തീയ ജീവിതം. 
പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട വിളക്കിന്റെ സാധ്യത വെളിവാക്കുന്നതും അത് തന്നെ. 
ക്രിസ്തീയതയുടെ പരോന്മുഖ നിലനിൽപ്പിനെ ധ്യാനിക്കുമ്പോൾ, അമ്മയുടെ അമ്മിഞ്ഞ കുഞ്ഞിന് വേണ്ടി ശരീരം സ്വയം രൂപപ്പെടുത്തുന്നതും അത് കുഞ്ഞിന് പോഷകമാകുമ്പോൾ അമ്മയുടെ ശരീരവും മനസ്സും നിർവൃതി പൂകുന്നതും വളരെ നല്ല ഉദാഹരണമാണ്. 
കുഞ്ഞ് മുലപ്പാൽ കുടിക്കാത്ത സാഹചര്യം കുഞ്ഞിനേക്കാൾ അമ്മയ്ക്കാണ് അപകടം. 
സമാനമാണ് പീഠത്തിന്മേൽ പ്രകാശിക്കുന്ന വിളക്കാകേണ്ട എന്റെ ക്രിസ്തീയനിലനിൽപ്പും. 
കൂദാശാസ്വീകരണം, വചനധ്യാനം, പ്രാർത്ഥനകൾ, ബലിയർപ്പണങ്ങൾ... 
എല്ലാം എന്നിൽ രൂപപ്പെടുത്തുന്ന വിശുദ്ധമായ പോഷകങ്ങൾ സ്വയം നിലനിൽപ്പിനും രക്ഷയ്ക്കും വേണ്ടി മാത്രമുള്ളതല്ല എന്ന് സാരം. 
മറ്റാരുടെയോ ജീവിതം കൂടി പ്രകാശിതമാകും വിധം തെളിഞ്ഞു പ്രകാശിക്കാൻ നമുക്കാവുന്നുണ്ടോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം. 
വെളിച്ചം പകരുന്ന വാക്കുകളും പ്രവർത്തികളും കൊണ്ട് മറ്റുള്ളവരെ പടുത്തുയർത്താൻ സാധിക്കുമ്പോളാണ് പ്രകാശം പരത്തേണ്ട നിലനിൽപ്പ് അർത്ഥപൂർണ്ണമാകുന്നത്. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, July 5, 2020

വാക്ക്

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 6️⃣

 *വാക്ക്* 

"നിന്‍െറ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍െറ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും."
മത്തായി 12 : 37


ഹൃദയത്തിന്റെ പ്രതിഫലനമാണ് വാക്ക്. 
വാക്ക് ഹൃദയത്തെ വെളിപ്പെടുത്തുന്നു എന്നും പറയാം. ജീവിതവൃക്ഷത്തിന്റെ ഫലം പ്രകടമായി അടയാളപ്പെടുത്തുന്നവയാണ് പറയുന്ന വാക്കുകൾ.
നന്മയുടെയും കൃപയുടെയും ഭണ്‍ഡാരം ഉള്ളിൽ സൂക്ഷിക്കുന്നവർക്കേ നല്ല വാക്കുകൾ പറയാനാകൂ. 
വില കെട്ട വാക്കുകൾ ഉപയോഗിക്കുന്നവരെ തിന്മയുടെ ഭണ്‍ഡാരത്തില്‍ നിന്നും തിന്മ പുറപ്പെടുവിക്കുന്ന ദുഷ്ടൻ എന്നാണ് ഈശോ വിളിക്കുന്നത്. 
പൊതുവെ പറയുന്നത് പ്രവർത്തികൾ വിധിക്കപ്പെടും എന്നാണല്ലോ. 
ഈശോ ആ കാഴ്ചപ്പാട് തിരുത്തി എഴുതുന്നു. 
പറയുന്ന ഓരോ വ്യർത്ഥ വാക്കിനും കണക്ക് കൊടുക്കേണ്ടി വരുമത്രെ. 
ഒരാൾ കുറ്റം വിധിക്കപ്പെടുമ്പോളും നീതീകരിക്കപ്പെടുമ്പോളും അതിന്റെ ഏകകമായി മാറുന്നത് അയാൾ പറഞ്ഞ വാക്കുകൾ ആയിരിക്കും എന്നത് ഉള്ളിൽ തറയ്ക്കേണ്ട യാഥാർഥ്യമാണ്. 

എത്രയോ വാക്കുകൾ ജീവിതത്തിൽ ഉപയോഗിച്ചിട്ടുണ്ടാവും. 
ഒരു കണക്കെടുപ്പിന് മുതിരുമ്പോൾ സ്വയം ലജ്ജിതനാകുന്നു. 
വില കേട്ടതും വ്യർത്ഥമായതുമായ വാക്കുകൾ എത്രയോ പ്രാവശ്യം സംഭാഷണത്തിന്റെ ഭാഗമായിരിക്കുന്നു. 
പരിഹാസവാക്കുകൾ, അപവാദവാക്കുകൾ, കുത്തുവാക്കുകൾ, മേൽക്കോയ്‌മയുടെ വാക്കുകൾ, മുറിപ്പെടുത്തുന്ന വാക്കുകൾ... എന്നിങ്ങനെ വ്യർത്ഥമായ സംഭാഷണ രീതിയിൽ നിന്നും മോചനം ആത്മീയ വളർച്ചയിൽ അനിവാര്യമാണ് എന്ന് സ്വയം തിരിച്ചറിയുന്നു. 
വാക്കുകളെ 
വിശുദ്ധീകരിക്കുന്നവരുടെ സാധ്യത കൂടി മനസ്സിൽ കുറിച്ചിടാം. 

"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍െറ നാവുപോലെയാകും."
ജറെമിയാ 15 : 19 b

ഈശോയെ, എന്റെ ഹൃദയത്തെ നന്മയുടെ ഭണ്‍ഡാരമാക്കി രൂപാന്തരപ്പെടുത്തണമേ. 
നന്മയുടെ ഭണ്‍ഡാരത്തില്‍ നിന്നും മറ്റുള്ളവരെ പടുത്തുയർത്തുകയും വേദനിക്കുന്നവരുടെ മുറിവുണക്കുകയും ചെയ്യുന്ന കൃപ നിറഞ്ഞ വാക്കുകൾ എനിക്ക് പുറപ്പെടുവിക്കാനാകട്ടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, July 4, 2020

പശ്ചാത്താപം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 5️⃣

 *പശ്ചാത്താപം* 

ഈശോ പറഞ്ഞു, "അല്ല എന്നു ഞാന്‍ പറയുന്നു. പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും."
ലൂക്കാ 13 : 3

വ്യാഖ്യാനത്തിന്റെ കൃത്യതയ്ക്കും ധ്യാനവിചിന്തനങ്ങളുടെ ഏകോപനത്തിനും വേണ്ടി സുവിശേഷവചനവായനയിൽ കണ്ടെത്തിയ തലക്കെട്ടുകൾ വ്യതിയാനങ്ങളില്ലാതെ നമുക്ക് സ്വീകരിക്കാം 

1. *പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം* 

"ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്‌തംകൂടി പീലാത്തോസ്‌ കലര്‍ത്തിയ വിവരം, ആ സമയത്ത്‌ അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു"
ലൂക്കാ 13 : 1

"ഗലീലിക്കാരുടെ ബലികളിൽ പീലാത്തോസ് രക്തം കലർത്തി " എന്ന പരാമർശത്തെക്കുറിച്ചുള്ള ചരിത്രപരമായ നിഗമനങ്ങൾ അറിയേണ്ടതുണ്ട്. 

a. ) ഗരസീം മലയിൽ ആരാധിക്കാൻ എത്തിയ സമരിയാക്കാരെ പീലാത്തോസ് കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചുള്ള പരാമർശമാകാം ഇത്. 

b. ) വിശുദ്ധ നഗരമായ ജറുസലേമിൽ സീസറിന്റെ പ്രതിമകൾ പീലാത്തോസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചപ്പോൾ യഹൂദർ നടത്തിയ കലാപത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള പരാമർശമാകാം. 

c. ) ജെറുസലേം ദേവാലയത്തിൽ തീർത്ഥാടനത്തിനായി എത്തിയ യഹൂദരെ പീലാത്തോസ് വധിച്ചതിനെക്കുറിച്ചുള്ള പരാമർശമാകാം 

d. ) ജെറുസലേം ദേവാലയത്തിലെ നേർച്ച ഉപയോഗിച്ച് കുടിവെള്ളപദ്ധതി ആവിഷ്‌ക്കരിക്കാൻ പീലാത്തോസ് തീരുമാനം എടുത്തതിനെതിരെ പീലാത്തോസിന്റെ സൈന്യത്തോട് ഏറ്റുമുട്ടിയപ്പോൾ മരിച്ചവരെക്കുറിച്ചുള്ള പരാമർശമാണിത്. 

"അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?"
ലൂക്കാ 13 : 4

സീലോഹ കുളത്തിന് സമീപം തെക്കുകിഴക്കേ മതിലിൽ സ്ഥാപിതമായിരുന്ന ഗോപുരമാണ് സൂചിപ്പിക്കപ്പെടുന്നത്. 
യഹൂദവിപ്ലവകാലത്ത് സംഘർഷഭരിതമായ സ്ഥലമായിരുന്നു ഇത്. സീലൊഹാ ജലസഭരണിക്കുവേണ്ടിയുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട 18 യഹൂദരെക്കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. 

ഈ രണ്ട് സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട് വധിക്കപ്പെട്ടവർ അവരുടെ പാപത്തിന്റെ ഫലമായ ദുരന്തവും ദൈവശിക്ഷയും ഏറ്റുവാങ്ങിയതാണ് എന്ന് യഹൂദർ വിശ്വസിച്ചിരുന്നു. സ്വയം നീതിമാന്മാരാണ് എന്ന് ചമഞ്ഞുകൊണ്ട് അപരന്റെ വേദനകളെ ദൈവശിക്ഷയായി വ്യാഖ്യാനിക്കുന്ന വികലമായ കാഴ്ചപ്പാട് ഈശോ തിരുത്തുന്നു. 

പാപം അതിന്റെ സ്വാഭാവികപരിണിതഫലമായ വേദനകൾ വിളിച്ചു വരുത്തും എന്ന സത്യം മറന്ന് അതിനെ ദൈവശിക്ഷയായി വ്യാഖ്യാനിക്കുന്നതാണ് ഈശോ തിരുത്തുന്നത്. "പാപത്തിന്റെ വേതനം മരണമാണ് " എന്ന് വിശുദ്ധ പൗലോസ് എഴുതുന്നുമുണ്ട്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പിന്റെ സ്വാഭാവിക പരിണിതഫലം മാത്രമാണത്. 

"പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും."
എന്നാണ് ഈശോ പറയുന്നത്. 
പാപം കൊണ്ടുവരുന്ന ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള മറുമരുന്നാണ് അനുതാപവും പശ്ചാത്താപവും. 
"നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും."
1 യോഹന്നാന്‍ 1 : 9
എന്നാൽ പശ്ചാത്താപമില്ലായ്മ നാശം ക്ഷണിച്ചു വരുത്തും എന്ന് ഈശോ പറയുന്നു. പാപത്തെക്കാൾ അപകടകരമാണ് അനുതാപമില്ലായ്‌മ എന്നത് ഗൗരവത്തിൽ ധ്യാനിക്കേണ്ടതുണ്ട്. 
The problem of our age is not sin, but the loss of sense of sin. 

2. *ഫലം തരാത്ത അത്തിവൃക്ഷം* 

ഫലം കാത്തിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ജ്ഞാനധ്യാനം ഒന്ന് കൂടി ഓർമ്മിച്ചെടുക്കാം. ഫലം തരാത്ത അത്തിവൃക്ഷത്തിനു പോലും ഒരു വർഷം ആയുസ്സ് നീട്ടിക്കൊടുത്ത ദൈവം പശ്ചാത്തപിക്കുന്നവരെ കാത്തിരുന്ന് കരുണ ചൊരിയുന്ന സ്നേഹസമ്പന്നനായ പിതാവാണ് എന്ന സുവിശേഷസത്യം മറക്കാതിരിക്കാം. 

3. *കൂനുള്ള സ്ത്രീക്ക് സൗഖ്യം* 

ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെ ഈശോ പോരാടുന്നു. 
ദൈവകല്പനകൾക്ക് വ്യാഖ്യാനങ്ങളായി 613 ഉപകല്പനകൾ യഹൂദ റബിമാർ എഴുതി ചേർത്തിരുന്നു (മിഷ്ന - യഹൂദ പാരമ്പര്യത്തിന്റെ എഴുതപ്പെട്ട വാമൊഴികൾ). 
സാബത്തിൽ ജോലി ചെയ്യരുത് എന്നതും അതിലൊരുപകല്പനയാണ്. 
ദൈവാരാധനക്കും പരോപകാരത്തിനും വചനധ്യാനത്തിനുമുള്ള വിശുദ്ധ ദിനമാണ് സാബത്ത് എന്നത് മറന്നിട്ട് നിയമപാലനത്തിന്റെ വൈകാരികതൃപ്തി തേടി അലഞ്ഞ യഹൂദ റബ്ബിമാർക്കുള്ള തിരുത്താണ്‌ സാബത്തിൽ ഈശോ കൊടുക്കുന്ന സൗഖ്യം. 
18 വർഷങ്ങളായി നിവർന്നു നിൽക്കാൻ സാധിക്കാതെ വളഞ്ഞു പോയ ഒരുവളെ ഈശോ നിവർത്തി നിർത്തി. 
കരുണ കാണിക്കാനും സൗഖ്യം പകരാനും സമയമോ ദിവസമോ തടസമല്ല എന്ന് ഈശോ തെളിയിക്കുന്നു. 

ഈശോയെ, പശ്ചാത്താപത്തിന്റെ കൃപകളും ഫലം പുറപ്പെടുവിക്കാനുള്ള വഴികളും അങ്ങേയ്ക്കും അങ്ങയുടെ സുവിശേഷത്തിനും വേണ്ടി നിവർന്നു നിൽക്കാനുള്ള ധൈര്യവും ഞങ്ങൾക്കും നൽകണമേ.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, July 3, 2020

ഹൃദയം കാണുന്ന ദൈവം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 4️⃣

 *ഹൃദയം കാണുന്ന ദൈവം* 

"ഈശോ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു."
മര്‍ക്കോസ്‌ 12 : 43

നിയമജ്ഞർക്കെതിരെ ഈശോയുടെ വിമർശനശബ്ദം ഉയരുന്നതും ഈശോയുടെ മനസ്സും ഹൃദയവും കവർന്ന് ദരിദ്രയായ വിധവ രണ്ട് ചെമ്പ് തുട്ടുകൾ ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതും വചനവായനയിൽ നാം കണ്ടെത്തുന്നു. 
വ്യത്യസ്തങ്ങളായതും പരസ്പരം ബന്ധമില്ലാത്തതുമായ സംഭവങ്ങളായി അവ കാണപ്പെടുന്നെങ്കിലും രണ്ട് വിവരണങ്ങളുടെയും സന്ദേശം ഒന്ന് തന്നെയാണ്. നിയമജ്ഞരുടെയും ഫരിസേയരുടെയും ഹൃദയത്തിലെ കപടതയുടെ പുഴുക്കുത്തുകൾ കണ്ട് ഈശോ തന്റെ പ്രവാചകധീരതയുടെ ശബ്ദം മുഴക്കുന്നു. തിന്മയോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ചവന്റെ ധീരതയാണ് അവിടുത്തെ വാക്കുകളിൽ നിഴലിക്കുന്നത്. 

"ഈശോ ഇങ്ങനെ പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്‌ഞരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതു സ്‌ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും
സിനഗോഗുകളില്‍ മുഖ്യസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു.
എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയുംചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്‌ഷാവിധി ലഭിക്കും."
മര്‍ക്കോസ്‌ 12 : 38-40

പഴയ നിയമ വിശുദ്ധ ഗ്രന്ഥങ്ങൾ എഴുതി സൂക്ഷിക്കുകയും നിയമങ്ങൾക്ക് വ്യാഖ്യാനം കൊടുക്കുകയും ചെയ്തിരുന്ന നിയമപണ്ഡിതരെക്കുറിച്ചാണ് ഈശോ ഇത് പറഞ്ഞത് എന്ന് ഓർക്കണം. ദൈവത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതും എഴുതിക്കൂട്ടിയതും വ്യാഖ്യാനങ്ങൾ നൽകിയതും ദൈവപ്രീതിക്ക് കരണമായില്ല എന്നത് എത്രയോ ദുഖകരമാണ് !
സ്വന്തം സ്വാർത്ഥതയുടെ അതിർവരമ്പുകൾ കൂട്ടി മുട്ടിക്കാൻ ദൈവത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച നിയമപണ്ഡിതരുടെ അപഹാസ്യമായ നിലപാടുകൾ ഈശോ തിരുത്തി എഴുതുന്നു. ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെയാണ് ഈശോ ശബ്‌ദിക്കുന്നത്. 
ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടുക എന്നതാണ് പ്രധാനം. 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7

തൊട്ടടുത്ത വിവരണത്തിൽ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെ കൂടുതൽ പ്രകടമായ രീതിയിൽ ഈശോ വെളിപ്പെടുത്തുന്നു. ധനത്തിന്റെ സമൃദ്ധിയിൽ നിന്നും നിക്ഷേപം നടത്തിയ ധനവാന്മാരെക്കാൾ രണ്ട് ചെമ്പ് തുട്ടുകളുടെ നിസ്സാരത കൊണ്ട് പോലും ഈശോയുടെ ഹൃദയം കവർന്ന ഒരു പാവം വിധവയെ ഈശോ വാക്കുകൾ കൊണ്ട് പുകഴ്ത്തുമ്പോൾ ആദ്യവിവരണത്തിൽ മനസിലാക്കിയത് വീണ്ടും അവർത്തിച്ചുറപ്പിക്കാനാകുന്നു. 

"ഈശോ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌."
ലൂക്കാ 16 : 15

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, July 2, 2020

ദുക്റാന

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 3️⃣

 *ദുക്റാന* 

കുഞ്ഞുന്നാളിൽ ഒരു വേദപാഠഅധ്യാപിക വേദപാഠക്ലാസ്സിൽ ചോദ്യോത്തരം ആയി പറഞ്ഞ് തന്ന ഒരു അറിവ് വളരെ അമൂല്യമായ ജീവിത യാഥാർഥ്യമായി നാം ഓർമ്മയിൽ സൂക്ഷിക്കുന്നതാണ്. 

ചോദ്യം: നാം എന്തിനാണ് ഭൂമിയിൽ ആയിരിക്കുന്നത്? 

ഉത്തരം: ദൈവത്തെ അറിഞ്ഞും സ്നേഹിച്ചും അവിടുത്തെ കല്പനകൾ കാത്തും തിരികെ സ്വർഗത്തിൽ എത്തിച്ചേരാൻ... (നമ്മുടെ Youcat ന്റെ ആദ്യ ചോദ്യോത്തരവും ഇത് തന്നെ ) 

സ്വർഗ്ഗരാജ്യം എന്ന നിത്യസമ്മാനത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന തീർത്ഥാടക സഭ ആയിട്ടാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ തിരുസഭയെകുറിച്ചുള്ള "ജനതകളുടെ പ്രകാശം " എന്ന പ്രമാണരേഖ തിരുസഭയെ പരിചയപ്പെടുത്തുന്നത്...
സ്വർഗ്ഗമാണ് നമ്മുടെ ലക്ഷ്യം, നിത്യജീവനാണ് നമ്മുടെ സ്വപ്നം. 
എന്താണ് നിത്യജീവൻ? 
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍."
യോഹന്നാന്‍ 17 : 3

ഈശോയെ അറിയുന്നത് ആണ് നിത്യജീവൻ... 
ആഴമേറിയ ബന്ധത്തെ ( ഭാര്യാഭർത്തൃ ബന്ധം ഉൾപ്പെടെ ) സൂചിപ്പിക്കാനും ബൈബിൾ അറിയുക എന്ന പദം ഉപയോഗിക്കുന്നുണ്ട്...
ഈശോയോടുള്ള ആഴമേറിയ ബന്ധത്തിനും പുനരർപ്പണത്തിനും പ്രാപ്തമാക്കുന്ന ദൈവീകസത്യങ്ങളുടെ അറിവ് എന്ന് കൂടി "അറിവ്" എന്ന വാക്കിന് അർത്ഥം ഉണ്ടാകും... 
ഇത്രയും ദീർഘമായ ഈ ആമുഖവിചാരം ഗൗരവപ്രാധാന്യമുള്ള ചില ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് നയിക്കുന്നതാണ്‌. 

നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം ഏതാണ് എന്ന ഒരു ചോദ്യം സ്വയം ചോദിച്ചാൽ അതിന് കണ്ടെത്താവുന്ന ആത്മാർത്ഥമായ ഒരേ ഒരുത്തരം എന്തായിരിക്കും? 
എന്റെ വ്യക്തിജീവിതത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം പിതാവിന്റെ പ്രിയപുത്രനും ഏകരക്ഷകനുമായ ഈശോയും ഈശോയെക്കുറിച്ചുള്ള അറിവുമാണ് എന്ന് സംശയലേശമന്യേ നമുക്ക് ഏറ്റുപറയാനാകും. 
ഈശോയെക്കുറിച്ചുള്ള ദൈവീകസത്യങ്ങളുടെ അറിവാണ് നമ്മുടെ നമ്മുടെ ക്രിസ്തീയമായ നിലനിൽപ്പിന്റെ ആധാരം എന്നത് തർക്കമില്ലാത്ത സത്യമാണ്. ഈശോയെക്കുറിച്ചുള്ള അറിവിന്റെ ശ്രേഷ്ഠത സ്വയം ഓർമ്മിപ്പിക്കാൻ പൗലോസ് അപ്പസ്തോലന്റെ വാക്കുകളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് കുറിച്ചിട്ട ചില വചനങ്ങൾ ഓർമ്മിച്ചെടുക്കാം. 

"നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ട തില്ലെന്നു ഞാന്‍ തീരുമാനിച്ചു."
1 കോറിന്തോസ്‌ 2 : 2

"ഇവ മാത്രമല്ല, എന്‍െറ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌."
ഫിലിപ്പി 3 : 8

"സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌."
കൊളോസോസ്‌ 2 : 2

നിത്യജീവനിലേക്ക് നയിക്കുന്ന ഈശോയെക്കുറിച്ചുള്ള അറിവിന്റെ ഇടമുറിയാത്ത കൈമാറ്റ വഴികളുടെ ഉറവിടം തേടിയുള്ള യാത്ര ചെന്നെത്തുന്നത്
അപ്പസ്തോലന്മാരിൽ ഒരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമാ ശ്ലീഹായിലാണ്. അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം എന്ന് ഹൃദയം കൊണ്ട് വിശ്വസിച്ച് അധരം കൊണ്ടേറ്റുപറഞ്ഞത് രക്തം കൊണ്ട് തോമാശ്ലീഹാ അടയാളപ്പെടുത്തിയ വിശ്വാസപ്രഘോഷണത്തിന്റെ ഓർമ്മപെരുന്നാളിലാണ് നാം !
നമ്മുടെ വിശ്വാസപ്പിറവിയുടെ ഓർമ്മദിനമാണ് നാളെ !
പ്രിയപ്പെട്ടവരുടെ മരണയോർമ്മ ശ്രാദ്ധമെന്ന് പേര് വിളിച്ചാണ് നാം ആചരിക്കുന്നത്. ഈശോയിലുള്ള വിശ്വാസത്തിലും അറിവിലും നമ്മെ ജ്ഞാനസ്നാനപ്പെടുത്തിയ തോമാശ്ലീഹാ എന്ന പിതാവിന്റെ ശ്രാദ്ധമാണ് നമുക്ക് ദുക്റാന !
A. D. 52 നും 72 നും ഇടയിൽ ഉയിരെടുത്ത വിശ്വാസനാളത്തിന്റെ തിരുശേഷിപ്പുകളുടെ അവശേഷിപ്പുകൾ ഏഴരപള്ളികൾ എന്ന പേരിൽ മലയിൽ ഉയർത്തപ്പെട്ട പട്ടണം പോലെ പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട വിളക്ക് പോലെ ഉയർന്നു നിൽക്കുന്നു. 
കൊല്ലവും കൊടുങ്ങല്ലൂരും കോക്കമംഗലവും കോട്ടക്കാവും നിരണവും നിലക്കലും പാലയൂരും ചായലും മാർത്തോമാ നസ്രാണി സഭയുടെ വിശ്വാസോൽപ്പത്തിയുടെ തറവാട് വീടുകളാണ്. 
എഴുതപ്പെട്ട ദൈവവചനം പരിചയപ്പെടുത്തുന്ന തോമാശ്ലീഹായുടെ ഹൃദയഭാവങ്ങൾ കണ്ടെത്താനാണ് നമ്മുടെ ശ്രമം. 

സമാന്തര സുവിശേഷങ്ങളിൽ അപ്പസ്തോലന്മാരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരാമർശത്തിൽ തോമസ് എന്ന പേര് മാത്രമാണ് നാം കണ്ടെത്തുന്നത്... 
എന്നാൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ അതീവ പ്രാധാന്യമുള്ള മൂന്നിടങ്ങളിൽ തോമാശ്ലീഹായെ നാം കണ്ടുമുട്ടുന്നു.
അളന്നു തൂക്കിയും കാച്ചിക്കുറുക്കിയും ഒക്കെയാണ് താൻ സുവിശേഷം എഴുതാൻ വാക്കുകൾ ഉപയോഗിച്ചത് എന്ന് യോഹന്നാൻ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്...

"ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്‍െറ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌."
യോഹന്നാന്‍ 20 : 30-31

മറ്റു സുവിശേഷകന്മാർ എഴുതാൻ വിട്ടുപോയ കാര്യങ്ങൾ മാത്രം കാച്ചിക്കുറുക്കിയ വാക്കുകളിൽ അവതരിപ്പിക്കുന്ന വിശുദ്ധ യോഹന്നാൻ മൂന്ന് വിവരണങ്ങളിൽ ഒരിടത്ത് തോമാശ്ലീഹായുടെ ഒരു പ്രസ്താവനയും വേറൊരിടത്ത് ഒരു ചോദ്യവും മറ്റൊരിടത്ത് ഒരു പ്രഘോഷണവും ഉൾപ്പെടുത്താൻ കാരണം എന്താകാം? 
വരും തലമുറ ഈശോ ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നതിനും നിത്യജീവൻ പ്രാപിക്കേണ്ടതിനും വേണ്ടിയാണ് തോമാശ്ലീഹായെക്കുറിച്ചുള്ള മൂന്നും പരാമർശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് യോഹന്നാന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. 

 *ഒന്നാമതായി* തോമസ് പ്രത്യക്ഷപ്പെടുന്നത് ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പാണ്. കല്ലെറിഞ്ഞു കൊല്ലാൻ കാത്തിരിക്കുന്ന യഹൂദരുടെ നടുവിലേക്ക് പോകാൻ തയ്യാറാകുന്ന ഈശോയുടെ കൂടെ പോകാൻ തയ്യാറാകുന്ന തോമസ്. സ്നേഹിതന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് ഈശോ പറയുന്നതിനും മുമ്പേ ഈശോയുടെ മനസ്സറിയുന്ന തോമസ്. അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം എന്ന പ്രസ്താവന ധീരനായ ശിഷ്യന്റെ നിലപാടാണ്. 
വിശ്വസത്തിനു വേണ്ടി, വിശ്വസിക്കുന്ന ഗുരുവിനു വേണ്ടി, വിശ്വസിക്കുന്ന സത്യങ്ങൾക്ക് വേണ്ടി ജീവനർപ്പിക്കാൻ തയ്യാറാകുന്ന ഒരു ശിഷ്യന്റെ നിലപാട്. 

 *രണ്ടാമതായി* , കൃത്യത നിറഞ്ഞ ചോദ്യമുന്നയിക്കുന്ന തോമസ്. 
ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാൻ നേരമായി എന്ന് ഈശോ അറിയിക്കുമ്പോൾ "നീ എവിടേക്ക് പോകുന്നു എന്നറിഞ്ഞു കൂടാ, പിന്നെ വഴി എങ്ങനെ അറിയും? " എന്ന ചോദ്യം കൊണ്ട് "വഴിയും സത്യവും ജീവനും ഞാനാണ് " എന്ന ഈശോയുടെ ഉത്തരം വാങ്ങിയെടുത്ത തോമസ്. 
The right question from St. Thomas paved the way direct christological response from the Lord. 
ആഴമേറിയ ചില അന്വേഷണങ്ങൾക്ക് ആത്മീയതയിൽ വലിയ സ്ഥാനമുണ്ട് എന്നർത്ഥം. 
ദർശനവീട്, പുണ്യസങ്കേതം, തപസുഭവനം - ദൈവത്തെ അന്വേഷിക്കുന്നവരുടെ കൂട്ടം. 
"എന്നാല്‍, അവിടെവച്ച്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെണ്ടത്തും."
നിയമാവര്‍ത്തനം 4 : 29
ആത്മീയമായ അന്വേഷണങ്ങളെ ഊർജ്ജിതപ്പെടുത്താൻ തോമാശ്ലീഹാ നമുക്ക് പ്രചോദനമാണ്. 

 *മൂന്നാമതായി* , വിശ്വസപ്രഘോഷണം നടത്തുന്ന തോമസ്. 
ഉയിർപ്പിനു ശേഷം തോമസിന്റെ അഭാവത്തിൽ ഈശോ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ പരിഭവവും പരാതിയും കലർന്ന ഒരു സ്നേഹശാഠ്യം കൊണ്ട് ഈശോയുടെ ഹൃദയം കീഴടക്കിയ തോമസ്. 
മുറിഞ്ഞ വിലാവ് കാണിച്ചാണ് ഈശോ തോമസിനെ വീണ്ടെടുക്കുന്നത്. മുറിവേറ്റ ദൈവത്തെ കണ്ടവൻ നിലവിളിച്ചു, "എന്റെ കർത്താവേ, എന്റെ ദൈവമേ !"
രാജാരാധന ( Emperor Cult) നിലനിന്നിരുന്ന കാലത്താണ് യോഹന്നാൻ ഇതെഴുതുന്നത്. ഒന്നുകിൽ രാജാവിനെ ആരാധിക്കണം അല്ലെങ്കിൽ രാജാവ് പറയുന്ന വിഗ്രഹത്തെ ആരാധിക്കണം പോലും !
ഈ പശ്ചാത്തലത്തിൽ യോഹന്നാൻ തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണത്തെ അവതരിപ്പിക്കുമ്പോൾ അതൊരു വിശ്വാസസമൂഹത്തിന്റെ തന്നെ വിശ്വാസ പ്രഘോഷണമാണ്. തങ്ങൾക്ക് വേണ്ടി മുറിവേറ്റ മിശിഹായാണ് തങ്ങളുടെ ദൈവം എന്നും ആ ദൈവത്തിനു മാത്രമാണ് തങ്ങളുടെ ആരാധനയെന്നും പ്രഖ്യാപിക്കുന്ന ഒരു വിശ്വാസസമൂഹത്തിന്റെ ധീരതയാണ് "എന്റെ കർത്താവെ, എന്റെ ദൈവമേ " എന്ന തോമാശ്ലീഹായുടെ പ്രഘോഷണം. 
മുറിവേറ്റ മിശിഹായെ ആരാധിക്കാനും മുറിവേറ്റ മനുഷ്യരെ പരിചരിക്കാനും തോമാശ്ലീഹാ ഒരു പ്രേരകശക്തിയാണ്. 

"അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" എന്ന ഒരു പ്രസ്താവന, "നീ എവിടേക്ക് പോകുന്നു എന്നറിഞ്ഞു കൂടാ, പിന്നെ വഴി എങ്ങനെ അറിയും?" എന്ന ഒരു ചോദ്യം, "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന ഒരു പ്രഘോഷണം... 
ഇത് മതി നമ്മുടെ വിശ്വാസത്തിന്റെ പിതാവിനെ അറിയാനും സ്നേഹിക്കാനും... 

ഈശോയെ, തോമാശ്ലീഹായെപ്പോലെ അങ്ങേക്ക് വേണ്ടി മരിക്കാനുള്ള ധീരതയും ദൈവീകസത്യങ്ങൾ കണ്ടെത്തുന്ന അന്വേഷണങ്ങൾ നടത്താനുള്ള കൃപയും ബലിപീഠത്തിൽ മുറിയപ്പെടുന്ന അങ്ങയുടെ ശരീരരക്തങ്ങൾ കണ്ട് വിശ്വാസം പ്രഘോഷിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ !

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, July 1, 2020

വചനം

 🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂലൈ* 2️⃣

 *വചനം* 

"ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌."
യോഹന്നാന്‍ 6 : 63

വിശുദ്ധ യോഹന്നാന്റെ  സുവിശേഷത്തിലെ ആദ്യ വചനങ്ങൾ ദൈവവചനത്തെ കുറിച്ചുള്ള ലളിതമായ നിർവ്വചനങ്ങൾ ആണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ ഇങ്ങനെ വായിക്കുന്നു,  

"ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.

സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല." "ഉണ്ടാകട്ടെ" എന്ന് ദൈവവചനമാണ് പ്രപഞ്ചോൽപ്പത്തിക്ക് നിദാനമെന്ന് ഉല്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളിൽ നാം വായിക്കുന്നു.

ആദിയിൽ ദൈവത്തോടു കൂടെയായിരുന്ന ദൈവവചനമാണ് സൃഷ്ടിക്ക് കാരണമായതും ഈശോ എന്ന നാമം ധരിച്ചു മനുഷ്യനായി നമ്മുടെ ഇടയിൽ വസിച്ചതും. 


"ഞാൻ നിങ്ങളോട് പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്." 
യോഹന്നാൻ 6:63
ഈ തിരുവചനത്തിന്റെ ദൈവശാസ്ത്ര പിൻബലത്തിൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 103- ാം ഖണ്ഡിക സംശയലേശമന്യേ ഇങ്ങനെ പഠിപ്പിക്കുന്നു, " നമ്മുടെ കർത്താവീശോമിശിഹായുടെ തിരുശരീരം എന്നത് പോലെ തന്നെ തിരുസഭ തിരുവചനത്തെ വണങ്ങുകയും ആരാധിക്കുകുയും ചെയ്യുന്നു. " ആയതിനാൽ, രണ്ടായിരത്തിൽപരം വർഷങ്ങൾ നീണ്ട പാരമ്പര്യത്തിന്റെയും ദൈവശാസ്ത്ര ചിന്തകളുടെയും ദൈവവചന ധ്യാനത്തിന്റെയും  പശ്ചാത്തലത്തിൽ അമ്മയായ തിരുസഭ നൽകുന്ന ഏറ്റവും മോനോജ്ഞമായ അറിവ് ഇതാണ്, "ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച ജീവിതമുണ്ടാകാൻ  എന്റെ വിശ്വസജീവിതത്തിനു കൃപ ലഭിക്കുന്നത് ദൈവകൃപയുടെ അക്ഷയഖനിയായ ദൈവവചനത്തിൽ നിന്നാണ്."

നിത്യജീവനിലേക്ക് കാത്തു സംരക്ഷിക്കുന്നതും പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നതും വിശുദ്ധിയിൽ വ്യാപരിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നതും എഴുതപ്പെട്ട തിരു ലിഖിതങ്ങൾ ആണ്." 

സഭയുടെ അത്യുന്നത സൂനഹദോസ് ആയ രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെ തീർഥാടക സഭ എന്നാണ് വിശേഷിപ്പിക്കുന്നത്. നാമെല്ലാവരും സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ഒരു തീർഥാടനത്തിൽ ആണ്. സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ഒരു വിശ്വാസിയുടെ യാത്രയിലെ വഴിവിളക്കും ചൂണ്ടുപലകയും  ആണ് ദൈവവചനം. പാപത്തിന്റെ മാലിന്യത്തിൽ അകപ്പെടാതെ ജീവിതം വിശുദ്ധിയിലും നൈർമല്യത്തിലും കാത്തുസൂക്ഷിക്കാൻ വേണ്ട ആത്മീയ ഊർജ്ജം ഒരു വിശ്വാസിക്ക് ലഭിക്കുന്നത് ദൈവവചനധ്യാനത്തിൽ നിന്നാണ്. 

ദൈവവചനം ഒരു വിശ്വാസിക്ക് സമ്മാനിക്കുന്ന വറ്റാത്ത അനുഗ്രഹത്തിന്റെ നന്മകൾ എന്തൊക്കെയാണ്?  


1. *ദൈവവചനം ഒരു വിശ്വാസിക്ക് ജീവിതത്തിൽ അഭിവൃദ്ധിയും വിജയവും സമ്മാനിക്കുന്നു.* 
ജോഷ്വ 1: 8 "ന്യായപ്രമാണഗ്രന്‌ഥം എപ്പോഴും നിന്‍െറ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്‌ധിക്കണം. അതിനെക്കുറിച്ച്‌ രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്‌ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. "

2. *ദൈവവചനം ഒരു വിശ്വാസിക്ക് പരിശുദ്ധാത്മാവിനെ പ്രകാശവും ദൈവീകമായ അറിവും സമ്മാനിക്കുന്നു.* സങ്കീര്‍ത്തനങ്ങള്‍ 119: 130, " അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക്‌ അത്‌ അറിവു പകരുന്നു." 

3. *ദൈവവചനം ഒരു വിശ്വാസിക്ക് പാപത്തിന്റെ മേൽ വിജയം നൽകുന്നു.* സങ്കീർത്തനം 119: 11, "അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു."

4. *ദൈവവചനം ഒരു വിശ്വാസിയെ വിശുദ്ധീകരിക്കുന്നു.* 
" ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവർ ആയിരിക്കുന്നു."
യോഹന്നാൻ 15: 3

5. *ദൈവവചനം ശ്രവിക്കുമ്പോൾ ഒരു വിശ്വാസിയുടെ ഹൃദയത്തിൽ സ്നേഹവും വിശ്വാസവും ജ്വലിക്കുന്നു.* "വഴിയിൽ വെച്ച് അവൻ വിശുദ്ധ ലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മുടെ സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുരുന്നില്ലേ? " 
ലുക്കാ 24: 32

ഈശോയെ, ധ്യാനിക്കുന്ന വചനങ്ങൾക്ക് മാംസം കൊടുക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.