Wednesday, September 30, 2020

നൈർമല്യം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 1

 നൈർമല്യം 

"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല."
മത്തായി 18 : 3

ഈശോയുടെ നിലപാടുകളിലെ വ്യതിരിക്തത അവിടുത്തെ ഓരോ വാക്കിലും പ്രകടമാണ്... നമ്മൾ കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ വിജയഗാഥ അനുകരിക്കാവുന്ന മാതൃകയായി പറഞ്ഞു കൊടുക്കുമ്പോൾ ഈശോ നമുക്ക് കുഞ്ഞുങ്ങളെ മാതൃകയായി നൽകി അടിസ്ഥാന നിലപാടിൽ തന്നെ വ്യത്യസ്തത  പുലർത്തുന്നു... 
ശിശുക്കൾ അടുത്തെത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു... 
കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടാൻ ഈശോയുടെ പക്കൽ എത്തിക്കുക എന്നതാണ് മുതിർന്നവരുടെ ധർമ്മം... 
ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്വപ്നമായ ദൈവരാജ്യത്തിൽ എത്തിച്ചേരാനുള്ള അടിസ്ഥാന യോഗ്യതയായി ശിശുസഹജമായ നൈർമല്യത്തെ ഈശോ അവതരിപ്പിക്കുന്നു... 
വളർന്നതിനൊപ്പം കളഞ്ഞ് പോയതും കൈമോശം വന്നതും എന്നിലെ നിഷ്കളങ്കതയായിരുന്നു എന്ന ദുഃഖസത്യം അംഗീകരിക്കാതെ തരമില്ല... 
നിഷ്കളങ്ക ഹൃദയർക്ക് സ്വർഗ്ഗത്തിലെ ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്ന നിതാന്തമായ ദൈവീക സത്യങ്ങളുടെ ആഴം അറിയാൻ കൊച്ചുത്രേസിയാ പുണ്യവതിയെ ഓർത്ത് ധ്യാനിച്ചാൽ മതി... 
വെറും ഇരുപത്തിനാല് വയസ് മാത്രം ഒരു കന്യകാലയത്തിന്റെ മതിൽ കെട്ടുകൾക്കുള്ളിൽ ജീവിച്ച് ആത്മീയ ശിശുത്വത്തെ കുറിച്ച് പഠിപ്പിച്ച് ഒരു ആയുസ്സ് മുഴുവൻ ധ്യാനിച്ചാൽ തീരാത്ത ആത്മീയ രഹസ്യങ്ങൾ വെളിപ്പെടുത്തി കടന്നു പോയ ഒരു സന്യാസിനി... 
വിശദ്ധരുടെ ഗണത്തിൽ മാത്രമല്ല അവൾ എണ്ണപ്പെടുന്നത്... 
വേദപാരംഗതയും കൂടിയാണ് നമ്മുടെ ചെറുപുഷ്പം... 
കത്തോലിക്കാതിരുസഭയിൽ മുപ്പത്താറോളം വേദപാരംഗതർ ഉണ്ട്... 
വി. അൻസലെം, വി. അഗസ്റ്റിൻ, വി. അൽഫോൻസ് ലിഗോരി, വി. തോമസ് അക്വിനാസ്, വി. കാതറിൻ ഓഫ് സിയന്ന, വി. അമ്മത്രേസ്യ, വി. യോഹന്നാൻ ക്രൂസ്... പരിചിതമായ ചില പേരുകൾ ഒരു താരതമ്യത്തിന് പരാമർശിച്ചതാണ്.... 

ഈശോയെ അങ്ങ് പറഞ്ഞത് പോലെ സർപ്പത്തിന്റെ വിവേകം നഷ്ടപ്പെടുത്താതെ പ്രാവിന്റെ നൈർമല്യം കാത്തുസൂക്ഷിക്കാൻ എന്നെ പഠിപ്പിക്കണമേ.... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment