Tuesday, September 1, 2020

നാഥാ കൂടെ വസിച്ചാലും

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 2

നാഥാ കൂടെ വസിച്ചാലും

"അവര്‍ ഈശോയുടെ അടുത്തെത്തി, ലെഗിയോന്‍ ആവേ ശിച്ചിരുന്ന പിശാചുബാധിതന്‍ വസ്‌ത്രം ധരിച്ച്‌, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു."
മര്‍ക്കോസ്‌ 5 : 15

അശുദ്ധത്മാവ് ബാധിച്ച് സമനില തെറ്റിപ്പോയ ഒരാളെ വീണ്ടെടുക്കാനാണ് ഈശോ ഗ്യാരസേനരുടെ നാട്ടിൽ എത്തിയത്... 
ശവകുടിരങ്ങളിൽ അന്തിയുറങ്ങിയിരുന്ന, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന, സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യൻ !
ചങ്ങലകൾക്ക് പോലും പൂട്ടിയിടാനാവാത്തവിധം ഏതോ അന്ധകാരശക്തിയുടെ കൂച്ചുവിലങ്ങിലായിരുന്നു അയാൾ... 
ദുഷ്ടാരൂപിയുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു ഈശോ അയാളെ വീണ്ടെടുത്തു... 
അശുദ്ധത്മാവിന്റെ ആവേശത്താൽ സമനില നഷ്ടപ്പെട്ടവന് ഈശോ സുബോധം തിരികെനൽകുമ്പോൾ ജനക്കൂട്ടത്തിന്റെ പ്രതികരണം ദുഖകരമാണ്... 
എല്ലാ അന്ധകാരശക്തികളെയും ആട്ടിയോടിച്ച് രക്ഷ നൽകുന്ന ഈശോയോട് അവർ പറയുന്നു, " തങ്ങളുടെ പ്രദേശം വിട്ട് പോകണമെന്ന്. "
ഒരുവൻ സുബോധം വീണ്ടെടുത്തപ്പോൾ ഒരു നാടിന് മുഴുവൻ സുബോധം നഷ്ടപ്പെട്ടു !
ദൈവം രക്ഷകനായി ജീവിതത്തിൽ അവതരിക്കുമ്പോൾ എന്താണ് എന്റെ പ്രതികരണം? 
എമ്മാവൂസിലേക്ക് പോയ ശിഷ്യരാണ് മാതൃക... 
നാഥാ, കൂടെ വസിക്കണമേ എന്ന് പ്രാർത്ഥിച്ചവർ... 
ഗരസേനരുടെ അവിവേകത്തിൽ നിന്ന് എമ്മാവൂസിലെ ശിഷ്യരുടെ വിവേകത്തിലേക്ക് എത്താൻ ഇനി എത്ര ദൂരം ബാക്കിയുണ്ട്? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment