2020 സെപ്റ്റംബർ 4
നൈർമല്യം
"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല."
മര്‍ക്കോസ് 10 : 15
ഈശോയുടെ നിലപാടുകളിലെ വ്യതിരിക്തത അവിടുത്തെ ഓരോ വാക്കിലും പ്രകടമാണ്... നമ്മൾ കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ വിജയഗാഥ അനുകരിക്കാവുന്ന മാതൃകയായി പറഞ്ഞു കൊടുക്കുമ്പോൾ ഈശോ നമുക്ക് കുഞ്ഞുങ്ങളെ മാതൃകയായി നൽകി അടിസ്ഥാന നിലപാടിൽ തന്നെ വ്യത്യസ്തത പുലർത്തുന്നു...
ശിശുക്കൾ അടുത്തെത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു...
കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടാൻ ഈശോയുടെ പക്കൽ എത്തിക്കുക എന്നതാണ് മുതിർന്നവരുടെ ധർമ്മം...
ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്വപ്നമായ ദൈവരാജ്യത്തിൽ എത്തിച്ചേരാനുള്ള അടിസ്ഥാന യോഗ്യതയായി ശിശുസഹജമായ നൈർമല്യത്തെ ഈശോ അവതരിപ്പിക്കുന്നു...
വളർന്നതിനൊപ്പം കളഞ്ഞ് പോയതും കൈമോശം വന്നതും എന്നിലെ നിഷ്കളങ്കതയായിരുന്നു എന്ന ദുഃഖസത്യം അംഗീകരിക്കാതെ തരമില്ല...
ഈശോയെ അങ്ങ് പറഞ്ഞത് പോലെ സർപ്പത്തിന്റെ വിവേകം നഷ്ടപ്പെടുത്താതെ പ്രാവിന്റെ നൈർമല്യം കാത്തുസൂക്ഷിക്കാൻ എന്നെ പഠിപ്പിക്കണമേ....
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment