Wednesday, September 30, 2020

നൈർമല്യം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 1

 നൈർമല്യം 

"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല."
മത്തായി 18 : 3

ഈശോയുടെ നിലപാടുകളിലെ വ്യതിരിക്തത അവിടുത്തെ ഓരോ വാക്കിലും പ്രകടമാണ്... നമ്മൾ കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ വിജയഗാഥ അനുകരിക്കാവുന്ന മാതൃകയായി പറഞ്ഞു കൊടുക്കുമ്പോൾ ഈശോ നമുക്ക് കുഞ്ഞുങ്ങളെ മാതൃകയായി നൽകി അടിസ്ഥാന നിലപാടിൽ തന്നെ വ്യത്യസ്തത  പുലർത്തുന്നു... 
ശിശുക്കൾ അടുത്തെത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു... 
കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടാൻ ഈശോയുടെ പക്കൽ എത്തിക്കുക എന്നതാണ് മുതിർന്നവരുടെ ധർമ്മം... 
ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്വപ്നമായ ദൈവരാജ്യത്തിൽ എത്തിച്ചേരാനുള്ള അടിസ്ഥാന യോഗ്യതയായി ശിശുസഹജമായ നൈർമല്യത്തെ ഈശോ അവതരിപ്പിക്കുന്നു... 
വളർന്നതിനൊപ്പം കളഞ്ഞ് പോയതും കൈമോശം വന്നതും എന്നിലെ നിഷ്കളങ്കതയായിരുന്നു എന്ന ദുഃഖസത്യം അംഗീകരിക്കാതെ തരമില്ല... 
നിഷ്കളങ്ക ഹൃദയർക്ക് സ്വർഗ്ഗത്തിലെ ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്ന നിതാന്തമായ ദൈവീക സത്യങ്ങളുടെ ആഴം അറിയാൻ കൊച്ചുത്രേസിയാ പുണ്യവതിയെ ഓർത്ത് ധ്യാനിച്ചാൽ മതി... 
വെറും ഇരുപത്തിനാല് വയസ് മാത്രം ഒരു കന്യകാലയത്തിന്റെ മതിൽ കെട്ടുകൾക്കുള്ളിൽ ജീവിച്ച് ആത്മീയ ശിശുത്വത്തെ കുറിച്ച് പഠിപ്പിച്ച് ഒരു ആയുസ്സ് മുഴുവൻ ധ്യാനിച്ചാൽ തീരാത്ത ആത്മീയ രഹസ്യങ്ങൾ വെളിപ്പെടുത്തി കടന്നു പോയ ഒരു സന്യാസിനി... 
വിശദ്ധരുടെ ഗണത്തിൽ മാത്രമല്ല അവൾ എണ്ണപ്പെടുന്നത്... 
വേദപാരംഗതയും കൂടിയാണ് നമ്മുടെ ചെറുപുഷ്പം... 
കത്തോലിക്കാതിരുസഭയിൽ മുപ്പത്താറോളം വേദപാരംഗതർ ഉണ്ട്... 
വി. അൻസലെം, വി. അഗസ്റ്റിൻ, വി. അൽഫോൻസ് ലിഗോരി, വി. തോമസ് അക്വിനാസ്, വി. കാതറിൻ ഓഫ് സിയന്ന, വി. അമ്മത്രേസ്യ, വി. യോഹന്നാൻ ക്രൂസ്... പരിചിതമായ ചില പേരുകൾ ഒരു താരതമ്യത്തിന് പരാമർശിച്ചതാണ്.... 

ഈശോയെ അങ്ങ് പറഞ്ഞത് പോലെ സർപ്പത്തിന്റെ വിവേകം നഷ്ടപ്പെടുത്താതെ പ്രാവിന്റെ നൈർമല്യം കാത്തുസൂക്ഷിക്കാൻ എന്നെ പഠിപ്പിക്കണമേ.... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, September 25, 2020

ഈശോയുടെ സ്വന്തം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 26

ഈശോയുടെ സ്വന്തം

"ഈശോ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ്‌ എന്‍െറ അമ്മയും സഹോദരരും."
ലൂക്കാ 8 : 21 

ഈശോയുടെ പ്രബോധനങ്ങളും ജീവിതരീതികളും ഓരോ ദിവസവും പുതുമ നിറഞ്ഞ ഉൾക്കാഴ്ചകൾ കൊണ്ട് നമ്മുടെ  തിരിച്ചറിവുകളെ ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ബന്ധങ്ങൾക്ക് ഈശോ പുതിയ നിർവചനം നൽകുന്നു... 
രക്തബന്ധത്തോളം ഉയരത്തിൽ മറ്റ് ചില ബന്ധങ്ങൾ ഈശോ പ്രതിഷ്ഠിക്കുന്നു... 
രക്ഷാകരകർമ്മത്തിലെ ഏറ്റവും പ്രധാന്യമേറിയ സമയങ്ങളിലെല്ലാം നിർണ്ണായകസാനിധ്യമായി മാറിയ പരിശുദ്ധ അമ്മയോട് അവിടുത്തേക്ക് ഉള്ള ബന്ധം തന്നെയാണ് ദൈവവചനം ശ്രവിച്ച് അത് പാലിക്കുന്നവരോടും ഈശോയ്ക്കുള്ളത് എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്... 
ദൈവവചനം ശ്രവിക്കാനും പഠിക്കാനും ധ്യാനിക്കാനും അത് പാലിക്കാനും പരിശ്രമിക്കുമ്പോൾ ഈശോയോടുള്ള അടുപ്പത്തിൽ വളരുകയാണ് നാം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, September 24, 2020

യഥാർത്ഥ പാരമ്പര്യം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 25

യഥാർത്ഥ പാരമ്പര്യം

"ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു."
മത്തായി 15 : 6 

യഹൂദ മതാത്മകതയുടെ ആന്തരികമായ ഒരു പ്രതിസന്ധിയെ ഈശോ തുറന്ന് കാണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു... 
ദൈവരാധനയെ മുഴുവൻ അനുഷ്ഠാനങ്ങളിലേക്കും ആചാരങ്ങളിലേക്കും ചുരുക്കാൻ ശ്രമിച്ച് പാരമ്പര്യത്തെ ദൈവത്തിനും ദൈവവചനത്തിനും മുകളിൽ പ്രതിഷ്ഠിച്ച് യഥാർത്ഥ ആത്മീയതയുടെ അടിസ്ഥാനമായ കാരുണ്യത്തിനും സ്നേഹത്തിനും എതിരെ തിരിഞ്ഞു നടക്കുകയും ചെയ്ത യഹൂദരുടെ കപടത ഈശോ തുറന്ന് കാണിക്കുന്നു... 
ദൈവവചനവും ദൈവകല്പനകളും കൈമാറുന്ന അടിസ്ഥാന മൂല്യങ്ങളായ കാരുണ്യവും നീതിയും സ്നേഹവും നിരാകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന ഇടങ്ങളിൽ ആത്മീയത അർത്ഥശൂന്യമാകുന്നു... 
കാരുണ്യം, സത്യം, നീതി, സ്നേഹം എന്നീ അടിസ്ഥാന മൂല്യങ്ങളെ കാർന്നു തിന്നുന്ന പാരമ്പര്യങ്ങളും അപകടകരം തന്നെ... 
ദൈവവചനം പഠിപ്പിക്കുകയും കൈമാറുകയും ആത്മീയ മൂല്യങ്ങളാകണം കൈമാറ്റം ചെയ്യപ്പെടുന്ന പാരമ്പര്യം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, September 22, 2020

തിരസ്‌ക്കരിക്കപ്പെട്ട അത്തിവൃക്ഷം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 23

തിരസ്‌ക്കരിക്കപ്പെട്ട അത്തിവൃക്ഷം

"വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും."
മത്തായി 21 : 22 

ഫലം നല്കാത്ത അത്തിവൃക്ഷത്തെ ഈശോ ശപിക്കുന്നതാണ് വചന വായനയുടെ പശ്ചാത്തലം... 
വായനയുടെ തലക്കെട്ട് പോലും അങ്ങനെയാണ്... 
അനുഗ്രഹിക്കാൻ മാത്രം ഭൂമിയിൽ അവതരിച്ചവൻ എന്തേ ശപിക്കുന്നതിന്റെ ശരീരഭാഷ സ്വീകരിക്കുന്നു? 
ഇളക്കൊഴുപ്പ് കാണിച്ച് ആകർഷിക്കുകയും അടുത്തെത്തുമ്പോൾ ഫലം ഇല്ലാതിരിക്കുകയും ചെയ്യുന്ന അപകടകരമായ കപടതയുടെ അവസ്ഥയായിരുന്നു അത്തിവൃക്ഷത്തിന്റേത്...
പുറം മോടികളിൽ അഭിരമിക്കുകയും ആത്മീയതയെ പ്രകടനങ്ങളിൽ ഒതുക്കുകയും ചെയ്യാൻ ശ്രമിക്കുമ്പോൾ ഞാനും അത്തിവൃക്ഷത്തിന്റെ അവസ്ഥയിൽ ആണ്... ഹൃദയം പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടാൻ സാധിക്കുമോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം... 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7
കപടത വച്ച് പുലർത്തിയാൽ ദൈവസന്നിധിയിൽ നിന്നും തിരസ്ക്കരിക്കപ്പെടും എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, September 21, 2020

ഭയപ്പെടുവിൻ

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 22

ഭയപ്പെടുവിൻ

"ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍."
മത്തായി 10 : 28 

എഴുതപ്പെട്ട ദൈവവചനം നൽകുന്ന ഏറ്റവും പ്രതീക്ഷാനിർഭരമയെ സന്ദേശം "ഭയപ്പെടേണ്ട " എന്നതാണ്... 
ഏതാണ്ട് മുന്നൂറ്റി അറുപത്തഞ്ച് പ്രാവശ്യം ഇതാവർത്തിക്കപ്പെടുന്നുണ്ട്... 
ഒരു പ്രതിസന്ധിയിലും ഭയപ്പെടേണ്ട എന്ന് ആശ്വസിപ്പിക്കുന്നവൻ തന്നെ ചിലതിനെ ഭയപ്പെടാനും പറഞ്ഞിട്ടുണ്ട് എന്നതാണ് നമ്മുടെ ജ്ഞാനധ്യാനം... 
ശരീരത്തേയെയും ആത്മാവിനെയും നരകത്തിനിരയാക്കാൻ കഴിയുന്ന സാത്താനെ ഭയപ്പെടണം എന്ന് തന്നെയാണ് ഈശോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.... 
ജീവിതത്തിലെ അനുദിനവ്യാപാരങ്ങൾ ആത്മനാശത്തിന് കാരണമാകുന്നതാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള വിവേചനാശക്തിയാണ് ഇന്ന് പരിശുദ്ധത്മാവിനോട് പ്രാർത്ഥിക്കുന്നത്... 
ജീവിതം ഒരു ആത്മീയ സമരം ആണ്... 
പൗലോസ് ശ്ലീഹ അത് വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്... 

"സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
...
രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്‍െറ വാള്‍ എടുക്കുകയും ചെയ്യുവിന്‍."
എഫേസോസ്‌ 6 : 10-17

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, September 20, 2020

പാപികളുടെ സ്നേഹിതൻ

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 21

പാപികളുടെ സ്നേഹിതൻ

"ഇതുകേട്ട്‌ ഈശോ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്‌ വൈദ്യനെക്കൊണ്ട്‌ ആവശ്യം."
മത്തായി 9 : 12 

ഈശോയിൽ കുറ്റം കണ്ടു പിടിക്കാൻ നിരന്തര പരിശ്രമം നടത്തിയിരുന്ന ഫരിസേയരുടെ ഒരു ആരോപണം അവിടുന്ന് ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ ആണ് എന്നതായിരുന്നു... 
ചുങ്കക്കാരെയും കുറവുള്ളവരെയും വിധിച്ചു തള്ളി അകറ്റി നിർത്തിയിരുന്ന സ്വയം ന്യായീകരണത്തിന്റെയും മഹത്വവൽക്കരണത്തിന്റെയും വഴികളിൽ നീങ്ങിയിരുന്ന ഫരിസയർക്ക് ചുങ്കക്കാരുടെയും പാപികളുടെയും അരികിൽ ഭക്ഷണത്തിനിരുന്ന ഈശോയെ മനസിലാക്കാൻ സാധിച്ചില്ല... 
കുറവുള്ളവരെ ചേർത്ത് നിർത്തുന്നതും മുറിവുള്ളവരെ സുഖപ്പെടുത്തുന്നതുമായ കരുണാർദ്രമായ ശുശ്രൂഷയാണ് അവിടുത്തെത് എന്ന് ഈശോ വ്യക്തമാക്കുന്നു... 
എന്റെ കുറവുകൾ ദൈവത്തിന്റെ തെരഞ്ഞെടുപ്പിന് തടസമല്ല എന്നാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്... 
കുറവുകളെ സദാപരിഹരിക്കുന്ന ഈശോയെ വിളിച്ചു പ്രാർത്ഥിച്ചാണ് വൈദികശ്രേഷ്ഠൻ വൈദികർത്ഥികളെ പൗരോഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുന്നത്... 
ഒരു ഓർമ്മപ്പെടുത്തലായി ചങ്കിലുണ്ടത്...
കുറവുകളെ സദാ പരിഹരിക്കുന്ന  ഈശോയുടെ കരുണ മാത്രമാണ് എന്റെ തെരെഞ്ഞെടുപ്പിന്റെ ആധാരം എന്ന് ഓരോ ദിവസവും കൂടുതൽ തിരിച്ചറിവുണ്ടാകുന്നു... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, September 18, 2020

അനുതാപം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 19

അനുതാപം

"അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
ലൂക്കാ 15 : 7

ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായം മുഴുവൻ മടങ്ങി വരവിന്റെ ഉപമകളാണ്... 
നഷ്ടപ്പെട്ട ആടിനെ കണ്ടു കിട്ടുമ്പോൾ ഇടയനുണ്ടാകുന്ന സന്തോഷം പോലെ നഷ്ടപ്പെട്ട മക്കൾ തിരികെ വരുമ്പോൾ പിതാവായ ദൈവം സന്തോഷിക്കുന്നു... 
എന്റെ അനുതാപം സ്വർഗ്ഗത്തിൽ  സന്തോഷം ജനിപ്പിക്കുന്നു എന്ന സത്യം ഒരു തിരിച്ചറിവാണ്... 
ജീവിതത്തിന്റെ സമഗ്രത കളഞ്ഞ് പോകാൻ ഇടയുള്ള സകല വഴികളിൽ നിന്നും ഒരു തിരിഞ്ഞു നടത്തം ജീവിതം ആവശ്യപ്പെടുന്നുണ്ട്... 
തന്നിഷ്ടങ്ങളുടെ മുൾക്കാടുകളിൽ കൊമ്പുടക്കികിടക്കുന്ന കുഞ്ഞാടിന്റെ അവസ്ഥ എന്റെ ആത്മീയ ജീവിതത്തിന്റെ നടുചേദം തന്നെയാണ്... 
ദൈവം ആഗ്രഹിക്കാത്തതും സ്വയം കണ്ടെത്തുന്നതുമായ ചില ഇഷ്ടങ്ങളുടെ കൂർത്തമുള്ളുകൾക്കിടയിൽ വേദനകൾ ഏറ്റു വാങ്ങുമ്പോൾ ആണ് തിരിച്ചറിവ് ഉണ്ടാകുന്നത്... 
ആരും രക്ഷിക്കാനില്ലാത്തതും സ്വയം രക്ഷപെടാനില്ലാത്തതുമായ മുൾക്കാടുകളിൽ കുടുങ്ങി കിടന്ന് നിലവിളിക്കുമ്പോൾ എന്നെ തേടി യഥാർത്ഥ രക്ഷകൻ വരും... 
സാക്ഷാൽ ഈശോ മിശിഹാ... 
പിന്നെ ജീവിതം അവിടുത്തെ കരങ്ങളിൽ ഭദ്രം.... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, September 17, 2020

അശുദ്ധത്മാക്കളെ അകറ്റുന്നവൻ

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 18

അശുദ്ധത്മാക്കളെ അകറ്റുന്നവൻ

"എല്ലാവരും അദ്‌ഭുതപ്പെട്ട്‌ പരസ്‌പരം പറഞ്ഞു: എന്തൊരു വചനമാണിത്‌! ഇവന്‍ അധികാരത്തോടും ശക്‌തിയോടും കൂടെ അശുദ്‌ധാത്‌മാക്കളോടു കല്‍പിക്കുകയും അവ വിട്ടു പോവുകയും ചെയ്യുന്നുവല്ലോ."
ലൂക്കാ 4 : 36

ദൈവരാജ്യത്തിന്റെ ആഗമനം ഈശോ പ്രാഘോഷിച്ചപ്പോൾ അവ അവിടുന്ന് പ്രകടമാക്കിയത് അടയാളങ്ങളിലൂടെയാണ്... 
സുവിശേഷങ്ങളിൽ കാണുന്ന അടയാളങ്ങൾ പ്രധാനമായും അഞ്ചാണ്... 

1. രോഗികളെ സൗഖ്യപ്പെടുത്തുക 
2. പ്രപഞ്ചശക്തികളുടെ മേൽ അധികാരം തെളിയിക്കുക 
3. മരിച്ചവരെ ഉയിർപ്പിക്കുക 
4. പിശാചുക്കളെ ബഹിഷ്കരിക്കുക 
5. പാപങ്ങൾ മോചിക്കുക 

മനുഷ്യജീവിതത്തിന്റെ സമഗ്രതയ്ക്ക് കൂച്ചുവിലങ്ങിടുന്ന ദുഷ്ടശക്തികളെ തോൽപ്പിക്കുന്ന ഈശോ കൂടെയുള്ളപ്പോൾ ഭയമരുത് എന്നാണ് ഇന്നത്തെ ജ്ഞാനധ്യാനം... 
ആവർത്തിച്ചുരുവിടാനും ഓർമ്മിച്ചുവയ്ക്കാനും ഒരു വചനം കൂടി ചേർത്ത് വായിക്കാം... 
"സമാധാനത്തിന്‍െറ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!"
റോമാ 16 : 20

ഈശോകൂടെയുണ്ട് എന്ന ഉറപ്പുണ്ടായിട്ടും അവിടുത്തെ സാനിധ്യം കൂടെയുണ്ടെങ്കിൽ ഒരു ദുഷ്ടശക്തിയും നമ്മെ ഉപദ്രവിക്കില്ല എന്ന അറിവുണ്ടായിട്ടും അറിഞ്ഞോ അറിയാതെയോ  ഉള്ളിൽ ഭയം സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്ന അപകടകരമായ ആത്മീയ ശൈലികളിൽ നിന്ന് സ്വയം പുറത്ത് കടക്കാനാണ് ശ്രമം... 
"കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌."
1 യോഹന്നാന്‍ 4 : 4

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, September 16, 2020

വിധി

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 17

വിധി

"അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്‌."
മത്തായി 25 : 45

ജീവിതത്തിന്റെ കണക്ക് കൊടുക്കാൻ നിത്യവിധിയാളനായ ഈശോയുടെ മുമ്പിൽ നിൽക്കേണ്ടി വരുന്ന അന്ത്യവിധി ദിനത്തെക്കുറിച്ച് ജ്ഞാനധ്യാനം ഓർമ്മിപ്പിക്കുന്നു...
വേദനിക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾക്ക് മുമ്പിൽ ഒരാൾ എടുക്കുന്ന നിലപാടുകൾ അയാളുടെ അന്ത്യവിധിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു... 
ഒരർത്ഥത്തിൽ നമ്മുടെ അവസാനത്തെ പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തായിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞു... 
വിശക്കുന്നവന് ആഹാരം കൊടുത്തും ദഹിക്കുന്നവന് കുടിക്കാൻ കൊടുത്തും ഒക്കെ കരുണാർദ്രമായ ജീവിതം കൊണ്ട് ഉത്തരം കൊടുത്ത് പൂരിപ്പിക്കേണ്ട ഒരു ചോദ്യപേപ്പർ ഉണ്ട് നമുക്ക്... 
കാരുണ്യം നിറഞ്ഞ നിലപാടുകൾ സ്വർഗ്ഗത്തിലേക്കുള്ള യാത്ര എളുപ്പമുള്ളതാക്കുന്നു... 
കാരുണ്യം വറ്റിയ നിലപാടുകൾ സ്വർഗ്ഗരാജ്യത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, September 15, 2020

വചനശക്തി

ജ്ഞാനധ്യാനം
സെപ്റ്റംബർ 16

വചനശക്തി

ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല."
മത്തായി 24 : 35 

നിലനിൽക്കുന്ന ഒരു ജീവിതം ലക്ഷ്യമാക്കിയുള്ള യാത്രയിലാണ് നാം... 
തെരെഞ്ഞെടുക്കപ്പെട്ടവരെ എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവം തന്റെ പുത്രൻ വഴി ഒരുമിച്ചു കൂട്ടുന്ന ദിവസത്തിൽ പേരെണ്ണപ്പെടും വിധം ജീവിക്കാൻ ശ്രമിക്കണം എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ ജ്ഞാനധ്യാനം... 
അധികം നിലനിൽപ്പില്ലാത്തതും ക്ഷയിച്ചു പോകുന്നതുമായ ഈ ലോകത്തെ നിരാകരിക്കാതെ തന്നെ നിലനിൽക്കുന്നവയെ ധ്യാനിക്കണം... 
തന്റെ പ്രിയപുത്രനെ ദൈവം അയച്ചു വിശുദ്ധീകരിച്ച ഈ ലോകത്തെ അക്ഷയമായ സ്വർഗ്ഗരാജ്യത്തിലേക്കുള്ള യാത്രയുടെ ഇടമായി കാണാം...
ഇവിടെ ആയിരിക്കുമ്പോളും സ്ഥിരം ആയിരിക്കേണ്ടേ ഇടം ഇതല്ല എന്ന് നിർബന്ധബുദ്ധിയോടെ സ്വയം ഓർമ്മിപ്പിക്കാം... 
നിലനിൽക്കുന്നവയെ മുന്നിൽ കണ്ടുള്ള പ്രയാണത്തിൽ കരുത്താകുന്ന മറ്റമില്ലാത്ത ദൈവവചനം ഉള്ളിൽ നിറക്കേണ്ടത് അനിവാര്യമാണ്... 
ദൈവവചനമായ ഈശോയെ, ക്ഷയിച്ചു പോകാത്ത സ്വർഗ്ഗരാജ്യത്തിലേക്കുള്ള യാത്രയിൽ അവിടുത്തെ വചനം അയച്ചു വഴി കാട്ടണമേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, September 11, 2020

സ്വർഗ്ഗരാജ്യം

ജ്ഞാനധ്യാനം
സെപ്റ്റംബർ 12

സ്വർഗ്ഗരാജ്യം

"സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയല്‍ വാങ്ങുകയുംചെയ്യുന്നു."
മത്തായി 13 : 44 

സ്വർഗ്ഗരാജ്യമെന്ന നിധി തേടുന്നവരുടെ വഴികളിൽ നിശ്ചയമായും ഉണ്ടാകുന്ന അലച്ചിലുകൾ കൃത്യമായി അവതരിപ്പിക്കുന്ന ഉപമകളിൽ കൂടി ഈശോ ദൈവരാജ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.... 
വയലിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിധി കണ്ടെത്തുമ്പോൾ ഉള്ളതെല്ലാം വിറ്റ് നിധിയുള്ള വയൽ സ്വന്തമാക്കുന്ന ഒരാൾ.... 
വിലയേറിയ ഒരു രത്നം കാണുമ്പോൾ ഉള്ളതെല്ലാം വിറ്റ് രത്നം സ്വന്തമാക്കുന്ന രത്നവ്യാപാരി... 
വയൽ വാങ്ങുന്നവനും രത്നവ്യാപരിക്കും ഉള്ള സമാനത രണ്ട് പേരും നഷ്ടങ്ങൾ ഏറ്റെടുത്തവരാണ് എന്നതാണ്... 
വിലയേറിയ ദൈവരാജ്യത്തിന് വേണ്ടി അലയുമ്പോൾ ചില നഷ്ടങ്ങൾ നിശ്ചയം... 
ഇഷ്ടങ്ങൾ നഷ്ടങ്ങളാക്കുന്ന  തപസ്സ് കൊണ്ട് നേടിയെടുക്കുന്ന നിധിയാണ്  ഈശോ രാജാവായുള്ള ദൈവരാജ്യം...

✍️  അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, September 9, 2020

ദൈവരാജ്യം

ജ്ഞാനധ്യാനം
സെപ്റ്റംബർ 10

ദൈവരാജ്യം

"ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്‌.
ലൂക്കാ 17 : 21

ഈശോയുടെ പ്രബോധനങ്ങളുടെ ലക്ഷ്യം ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുക എന്നതായിരുന്നു... 
ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട് എന്ന് ഈശോ പഠിപ്പിക്കുന്നു... 
പൗലോസ് ശ്ലീഹയുടെ വാക്കുകൾ കൂടി ചേർത്ത് വായിക്കാം... 
"കാരണം, ദൈവരാജ്യമെന്നാല്‍ ഭക്‌ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌."
റോമാ 14 : 17
മനുഷ്യർ ഒന്ന് ചേർന്ന് വസിക്കുന്ന ഇടങ്ങളിൽ ഉണ്ടാകേണ്ട ചില സവിശേഷതകൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളുടെ വചനഭാഷ്യമാണ്... 
നീതി നിഷ്ഠമായ നിലപാടുകൾ, സമാധാനപരമായ ആഭിമുഖ്യങ്ങൾ, പരിശുദ്‌ധാത്‌മാഭിഷേകം... 
ഇവ മൂന്നും കൃത്യമായ അനുപാത്തിൽ സമ്മേളിക്കുന്ന ജീവിതപരിസരങ്ങളിലാണ് ദൈവരാജ്യം രൂപപ്പെടുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, September 4, 2020

നീലക്കരസാരിയിലെ നിലാവെളിച്ചം !

നീലക്കരസാരിയിലെ നിലാവെളിച്ചം !

കൊൽക്കത്തയുടെ തെരുവുകളിലെ തൂപ്പു ജോലിക്കാരുടെ വസ്ത്രമായ നീലക്കര സാരിയും ക്രൂശിത രൂപവും  ധരിച്ചു ഈശോയുടെ കാരുണ്യത്തിന്റെ മുഖപത്രമായ മാറിയ ഒരു പാവം സന്യാസിനി... 
കരുണ നിറഞ്ഞ സ്നേഹം കൊണ്ട് കൊൽക്കത്തയുടെ തെരുവുകളിൽ  കനിവിന്റെ പുഴ ഒഴുക്കിയ ഒരു അമ്മ...
പ്രായോഗിക വാദികളുടെയും വിമർശകരുടെയും പരിഹാസങ്ങൾക്കു ജീവിച്ചിരുന്ന ദിനങ്ങളിലെ പോലെ തന്നെ ഇന്നും അമ്മ മറുപടി കൊടുക്കാൻ ഇടയില്ല...
ദൈവം സ്നേഹമാണ് എന്ന് എഴുതിയും പറഞ്ഞും പാതമോസ് ദ്വീപിലിരുന്ന് കണ്ണ് നിറച്ച  യോഹന്നാനെ പോലെ, കൊൽക്കൊത്തയുടെ  
പുണ്ണ്യവതിയുടെ മുഖത്തെ ചുളിവുകളിൽ കൂടി, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കണ്ണീർക്കങ്ങൾ ഒഴുകുന്നു...

അന്ത്യ വിധിയിൽ ഓരോ മനുഷ്യനും നേരിടേണ്ടി വരുന്ന ചോദ്യങ്ങളെ ഗൗരവമായി എടുത്തതുകൊണ്ടു മാത്രം ലോകം ഉള്ള കാലത്തോളം , ഈശോയുടെ കാരുണ്യത്തിന്റെ ജീവിക്കുന്ന ഉപമയായി, ആ അമ്മ ഓർമ്മിക്കപ്പെടും...
ചലം ഒഴുക്കുന്ന, പച്ച മാംസം മാത്രമായ മനുഷ്യക്കോലങ്ങളെ നെഞ്ചോട് ചേർത്ത് പരിചരിക്കുമ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളു: " ഈശോയുടെ സ്നേഹം എന്നെ നിർബന്ധിക്കുന്നു"...

"മുറിയപെടുന്നിടത്തെന്റെ യേശുവുണ്ട്, മുറിപ്പാടിൽ  യേശുവിൻ മുഖമുണ്ട്" എന്ന ഒരു പാട്ടുണ്ട്...
കൊൽക്കൊത്തയിലെ അമ്മയെ കുറിച്ച് എത്രയോ ശരിയാണത്...
ഈ വരികളെ ആവർത്തിച്ചു ഉറപ്പിക്കുന്നു അവരുടെ സന്യാസ ജീവിതത്തിന്റെ വിശുദ്ധി...
തെരേസ എന്ന നാമം നമുക്ക് എത്രയോ പ്രീയപെട്ടതാണ് !
ആവിലയിലെ തെരേസ, ലിസ്സ്യുവിലെ കുഞ്ഞു തെരേസ, ഇപ്പോൾ ഇതാ .... നമുക്ക് പ്രീയപ്പെട്ട, കൊൽക്കൊത്തയിലെ പാവങ്ങളുടെ അമ്മ തെരേസ, നീലക്കരസാരിയിലെ നിലാവെളിച്ചം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, September 3, 2020

നൈർമല്യം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 4

നൈർമല്യം

"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല."
മര്‍ക്കോസ്‌ 10 : 15

ഈശോയുടെ നിലപാടുകളിലെ വ്യതിരിക്തത അവിടുത്തെ ഓരോ വാക്കിലും പ്രകടമാണ്... നമ്മൾ കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ വിജയഗാഥ അനുകരിക്കാവുന്ന മാതൃകയായി പറഞ്ഞു കൊടുക്കുമ്പോൾ ഈശോ നമുക്ക് കുഞ്ഞുങ്ങളെ മാതൃകയായി നൽകി അടിസ്ഥാന നിലപാടിൽ തന്നെ വ്യത്യസ്തത പുലർത്തുന്നു... 
ശിശുക്കൾ അടുത്തെത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു... 
കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടാൻ ഈശോയുടെ പക്കൽ എത്തിക്കുക എന്നതാണ് മുതിർന്നവരുടെ ധർമ്മം... 
ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്വപ്നമായ ദൈവരാജ്യത്തിൽ എത്തിച്ചേരാനുള്ള അടിസ്ഥാന യോഗ്യതയായി ശിശുസഹജമായ നൈർമല്യത്തെ ഈശോ അവതരിപ്പിക്കുന്നു... 
വളർന്നതിനൊപ്പം കളഞ്ഞ് പോയതും കൈമോശം വന്നതും എന്നിലെ നിഷ്കളങ്കതയായിരുന്നു എന്ന ദുഃഖസത്യം അംഗീകരിക്കാതെ തരമില്ല... 
ഈശോയെ അങ്ങ് പറഞ്ഞത് പോലെ സർപ്പത്തിന്റെ വിവേകം നഷ്ടപ്പെടുത്താതെ പ്രാവിന്റെ നൈർമല്യം കാത്തുസൂക്ഷിക്കാൻ എന്നെ പഠിപ്പിക്കണമേ.... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, September 2, 2020

ഭാഗ്യമുള്ളവർ

ജ്ഞാനധ്യാനം
2020സെപ്റ്റംബർ 3

ഭാഗ്യമുള്ളവർ

"നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു."
മത്തായി 13 : 16

ഈശോയെ കാണാനും അവിടുത്തെ കേൾക്കാനും ലഭിച്ച ഭാഗ്യം അത്ര നിസ്സാരമല്ല എന്ന് സ്വയം ഒന്നോർമ്മിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് വചനധ്യാനം... 
Taken for granted എന്നൊരു ഇംഗ്ലീഷ് പദപ്രയോഗം ഉണ്ട്... 
അമൂല്യമായതും അതിശ്രേഷ്ഠമായതുമായ ചില യാഥാർഥ്യങ്ങൾ കൂടെക്കൂടെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അതിനെ നിസ്സാരവൽക്കരിക്കാൻ സാധ്യത ഏറെയാണ്... 
അമിതപരിചയം കൊണ്ട് അമൂല്യമായതിന്റെ വില കാണാൻ സാധിക്കാത്ത വിധം കണ്ണ് മൂടപ്പെടുന്ന ഒരു അപകടം ആത്മീയതയിൽ ഉണ്ട്... 
അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നവ കാണാനും കേൾക്കുന്നവ കേൾക്കാനും ആഗ്രഹിച്ചു എന്ന ഈശോയുടെ വാക്കുകൾ അത്ര ചെറുതല്ലാത്ത ആത്മഭാരം നൽകുന്നുണ്ട്... 
അനുദിനബലിയർപ്പണങ്ങളിൽ എന്നും അവിടുത്തെ കാണാൻ വചനവായനയുടെ ജ്ഞാനധ്യാനങ്ങളിൽ അവിടുത്തെ കേൾക്കാൻ ഒക്കെ ഭാഗ്യം സിദ്ധിച്ചത് അത്ര നിസ്സാരകാര്യമൊന്നുമല്ല !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, September 1, 2020

നാഥാ കൂടെ വസിച്ചാലും

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 2

നാഥാ കൂടെ വസിച്ചാലും

"അവര്‍ ഈശോയുടെ അടുത്തെത്തി, ലെഗിയോന്‍ ആവേ ശിച്ചിരുന്ന പിശാചുബാധിതന്‍ വസ്‌ത്രം ധരിച്ച്‌, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു."
മര്‍ക്കോസ്‌ 5 : 15

അശുദ്ധത്മാവ് ബാധിച്ച് സമനില തെറ്റിപ്പോയ ഒരാളെ വീണ്ടെടുക്കാനാണ് ഈശോ ഗ്യാരസേനരുടെ നാട്ടിൽ എത്തിയത്... 
ശവകുടിരങ്ങളിൽ അന്തിയുറങ്ങിയിരുന്ന, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന, സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യൻ !
ചങ്ങലകൾക്ക് പോലും പൂട്ടിയിടാനാവാത്തവിധം ഏതോ അന്ധകാരശക്തിയുടെ കൂച്ചുവിലങ്ങിലായിരുന്നു അയാൾ... 
ദുഷ്ടാരൂപിയുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു ഈശോ അയാളെ വീണ്ടെടുത്തു... 
അശുദ്ധത്മാവിന്റെ ആവേശത്താൽ സമനില നഷ്ടപ്പെട്ടവന് ഈശോ സുബോധം തിരികെനൽകുമ്പോൾ ജനക്കൂട്ടത്തിന്റെ പ്രതികരണം ദുഖകരമാണ്... 
എല്ലാ അന്ധകാരശക്തികളെയും ആട്ടിയോടിച്ച് രക്ഷ നൽകുന്ന ഈശോയോട് അവർ പറയുന്നു, " തങ്ങളുടെ പ്രദേശം വിട്ട് പോകണമെന്ന്. "
ഒരുവൻ സുബോധം വീണ്ടെടുത്തപ്പോൾ ഒരു നാടിന് മുഴുവൻ സുബോധം നഷ്ടപ്പെട്ടു !
ദൈവം രക്ഷകനായി ജീവിതത്തിൽ അവതരിക്കുമ്പോൾ എന്താണ് എന്റെ പ്രതികരണം? 
എമ്മാവൂസിലേക്ക് പോയ ശിഷ്യരാണ് മാതൃക... 
നാഥാ, കൂടെ വസിക്കണമേ എന്ന് പ്രാർത്ഥിച്ചവർ... 
ഗരസേനരുടെ അവിവേകത്തിൽ നിന്ന് എമ്മാവൂസിലെ ശിഷ്യരുടെ വിവേകത്തിലേക്ക് എത്താൻ ഇനി എത്ര ദൂരം ബാക്കിയുണ്ട്? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

നന്മ

ജ്ഞാനധ്യാനം
സെപ്റ്റംബർ 1

 നന്മ

"ഈശോ നിയമജ്‌ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത്‌ അ നുവദനീയമോ അല്ലയോ?
അവര്‍ നിശ്‌ശ ബ്‌ദരായിരുന്നു. ഈശോ അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു."
ലൂക്കാ 14 : 3-4

സാബത്തിൽ ജോലി ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പഠിപ്പിച്ച യഹൂദറബ്ബിമാർ ദൈവരാജ്യത്തിന്റെ അടയാളമായി ഈശോ പ്രവർത്തിച്ചിരുന്ന രോഗശാന്തികളെ വിമർശിച്ചിരുന്നു... 
രോഗവും പാപസാഹചര്യങ്ങളും വേട്ടയാടിയത് കൊണ്ട് ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുപോയവരെ വിമോചിപ്പിക്കാൻ ഇടവേളകളില്ലാതെ അധ്വാനിച്ച ഈശോയെപ്പോലും ചോദ്യം ചെയ്ത അധികാരവർഗ്ഗം... 
അവരുടെ മുമ്പിൽ വച്ച് തന്നെ സാബത്തിൽ മഹോദരരോഗിയെ ഈശോ സുഖപ്പെടുത്തി... 
ആത്മീയതയുടെ വെള്ള പൂശി പറയുന്നതും ചെയ്യുന്നതും എല്ലാം ശരിയാണ് എന്ന് സ്വയം വിചാരിച്ചിരുന്ന ഫരിസേയ പ്രമാണികളെ ഈശോ തിരുത്തി... 
നന്മ ചെയ്യാനും കരുണ കാണിക്കാനും സമയമോ കാലമോ ഒരിക്കലും തടസമാകരുത്.... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.