ആഗസ്റ്റ് 30
പ്രാർത്ഥനയിൽ മടുക്കരുതേ
"ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ ഈശോ അവരോട് ഒരു ഉപമ പറഞ്ഞു."
ലൂക്കാ 18 : 1
ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ എല്ലാം പ്രാർത്ഥിച്ചു ശക്തി നേടി മാതൃക കാണിച്ച ഈശോ മടുപ്പ് തോന്നാതെ പ്രാർത്ഥിക്കണം എന്ന് കേൾവിക്കാരെ ഓർമ്മിപ്പിക്കാൻ ഒരു ഉപമ പറയുന്നു...
ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത നീതിരഹിതനായ ന്യായാധിപൻ പോലും വിധവയായ സ്ത്രീയ്ക്ക് നിർബന്ധിക്കപ്പെട്ടതിന്റെ പേരിൽ നീതി നടത്തികൊടുക്കുന്നു...
അങ്ങനെയെങ്കിൽ രാവും പകലും തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് പിതാവായ ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ എന്ന ചോദ്യം കൊണ്ടാണ് ഈശോ ഉപമയ്ക്ക് വിശദീകരണം നൽകുന്നത്...
നിന്റെ കണ്ണീർക്കണങ്ങൾ അവിടുന്ന് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് എന്ന സങ്കീർത്തനവചനവും ഓർമ്മിക്കാം...
ഒരു പ്രാർത്ഥനയും കേൾക്കപ്പെടാതെ പോകുന്നില്ല എന്ന ഉറപ്പ് ഈശോയുടെ നാവിൽ നിന്ന് തന്നെ കേൾക്കുമ്പോൾ എന്തൊരു സമാശ്വാസം ആണ്...
സുവിശേഷ വായന അവസാനിക്കുന്നത് ഈശോയുടെ വേദന നിറഞ്ഞ ഒരു ചോദ്യത്തോടെയാണ്...
"മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? "
ഈശോയെ, അങ്ങ് വീണ്ടും വരുമ്പോൾ എന്നിൽ വിശ്വാസം കണ്ടെത്തും വിധം ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment