Wednesday, August 19, 2020

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ

ജ്ഞാനധ്യാനം
ആഗസ്റ്റ് 20

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ

"മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45

ഈശോ ജീവിതത്തെ നോക്കിക്കാണുന്ന രീതി തന്നെ നമ്മൾ ശിഷ്യരുടേതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് !
ആദ്യ ശിഷ്യർ തുടങ്ങി നമ്മൾ വരെ എത്തി നിൽക്കുന്ന ശിഷ്യഗണങ്ങളുടെ നോട്ടം മുഴുവൻ മിക്കപ്പോഴും കസേരകളിലാണ്...
മഹത്വങ്ങളുടെ കസേരകളിൽ മാത്രം നോക്കുന്ന ശിഷ്യരാണ് ഈശോയുടെ വേദന... 
രാഷ്ട്രീയാധിപത്യങ്ങളുടെയും അധികാരങ്ങളുടെയും മൽപ്പിടുത്തങ്ങളിലേയ്ക്ക് ശിഷ്യത്വത്തെ ചുരുക്കാൻ ശ്രമിക്കുന്ന ശിഷ്യരോട് ഈശോ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു... 
"ഈശോ അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ."
(മര്‍ക്കോസ്‌ 10 : 42)
യജമാനത്വം പുലർത്തുന്ന അധികാരം സുവിശേഷത്തിന്റെ ആത്മാവല്ല എന്ന് വ്യക്തം !
മറ്റൊരർത്ഥത്തിൽ യജമാനത്വം പുലർത്തുന്നതും അധികാരം പ്രയോഗിക്കുന്നതും ദൈവത്തെ അറിയാത്തവരാണെന്ന് !
എന്തിനോട് ഈശോ നിരന്തരം യുദ്ധം പ്രഖ്യാപിച്ചുവോ, അതിനോടെല്ലാം കുറ്റബോധമില്ലാതെ സമരസപ്പെട്ട് ശിഷ്യത്വത്തിലെ ശുശ്രൂഷകൾ വച്ച് നാം ചതുരംഗക്കളി തുടരുന്നു... 
ഒന്നാമൻ, അധികാരം, യജമാനത്വം... എന്നീ വാക്കുകൾ ഒരിക്കലും ഈശോയുടെ നിഘണ്ടുവിൽ ഇല്ല എന്നത് പകൽ പോലെ വ്യക്തം... 
എന്നിട്ടും ശിഷ്യരെല്ലാം ഈശോയുടെ നിഘണ്ടുവിലില്ലാത്ത അതേ വാക്കുകൾ തേടിയുള്ള പരക്കംപാച്ചിലിലാണ്... 
അമ്മയെകൂട്ടി എത്തി ഉന്നതമായ ഇരിപ്പിടത്തിന് വേണ്ടി ശുപാർശ ചെയ്യിപ്പിച്ച യാക്കോബിനും യോഹന്നാനും കൊടുത്ത മറുപടി ശിഷ്യരുള്ള കാലത്തോളം അവർത്തിക്കപ്പെടും !
പൗരോഹിത്യത്തിന്റെ ആത്മാവ്, ശിഷ്യത്വത്തിന്റെ ആത്മാവ്, സന്യാസത്തിന്റെ ആത്മാവ്, സുവിശേഷത്തിന്റെ ആത്മാവ് ശുശ്രൂഷയും സേവനവുമാണ് എന്ന അടിസ്ഥാന പാഠത്തിൽ വെള്ളം ചേർക്കാനാണ് നമ്മൾ ശിഷ്യർ ഒന്നിച്ചു പോരാടുന്നതും മത്സരിക്കുന്നതും !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment