ആഗസ്റ്റ് 24
പ്രാർത്ഥന
"ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു."
ലൂക്കാ 6 : 12
സുവിശേഷത്തിൽ ഈശോയുടെ ഭൗമീക ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ അതീവ സ്നേഹ സാന്ദ്രമായ ഒന്നാണ് പ്രാർത്ഥിക്കുന്ന ഈശോയെക്കുറിച്ചുള്ളത്. മനുഷ്യനായി അവതരിച്ച ദൈവവചനമായ ഈശോയും പ്രാർത്ഥിച്ചിരുന്നു എന്നത് എത്ര സുന്ദരമായ വായനയും ഓർമ്മയും തിരിച്ചറിവുമാണ്. ഈശോയുടെ പ്രാർത്ഥനയുടെ ആഴം ഒറ്റ വാക്യത്തിൽ വ്യക്തമാകുന്നത് ഹെബ്രായ ലേഖന കർത്താവാണ്.
"തന്‍െറ ഐഹികജീവിതകാലത്ത് ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍െറ ദൈവഭയംമൂലം അവന്‍െറ പ്രാര്‍ഥന കേട്ടു."
ഹെബ്രായര്‍ 5 : 7
പിതാവിനോടൊത്തായിരിക്കാൻ ഈശോ നേരം കണ്ടെത്തി എന്നതിനെക്കുറിച്ചാണ് നമ്മുടെ ധ്യാനം.
ചിലപ്പോൾ മലമുകളിൽ, മറ്റുചിലപ്പോൾ വിജനതയിൽ, വേറെ ചിലപ്പോൾ മരുഭൂമിയിൽ അതിരാവിലെയും രാത്രിനേരങ്ങളിൽ വൈകിയും ഒക്കെ ഈശോ പ്രാർത്ഥിക്കാൻ നേരം കണ്ടെത്തിയിരുന്നു.
പിതാവിനോടൊത്തായിരുന്ന നേരമായിരുന്നു ഈശോയുടെ ഊർജ്ജസ്രോതസ്സ് എന്ന് തിരിച്ചറിയാൻ അധികം വിഷമമില്ല.
ഈശോയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സുവിശേഷത്തിൽ അവതരിപ്പിക്കപ്പെടുന്നത് പ്രാർത്ഥനയോട് ബന്ധപ്പെടുത്തിയാണ്.
മാമോദീസയ്ക്ക് മുമ്പും അപ്പസ്തോലന്മാരെ തെരെഞ്ഞെടുക്കുന്നതിനു മുമ്പും രൂപാന്തരീകരണ വേളയിലും ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് മുമ്പും ഗത്സെമെൻ തോട്ടത്തിലെ ആത്മസംഘർഷത്തിലും കുരിശിൽ കിടന്നും ഒക്കെ പ്രാർത്ഥിക്കുന്ന ഈശോ നമുക്ക് എന്നും മാതൃകയും വെല്ലുവിളിയുമാണ്. പ്രാർത്ഥനയുടെ ആത്മബലം തന്നെയാണ് ഈശോയുടെ ഊർജസ്രോതസ്സ് എന്നത് സംശയമില്ലാത്ത സത്യമാണ്.
ഏകാന്തതയിൽ തനിച്ചായിരുന്ന് പിതാവിനോട് സംസാരിക്കുമ്പോൾ ജീവിതത്തിന് കൈവരുന്ന ഫലപ്രാപ്തി സുവിശേഷത്തിലെ വചനങ്ങൾ നന്നായി വ്യക്തമാക്കുന്നുണ്ട്. പ്രാർത്ഥനയുടെ കരുത്തിൽ ജീവിതം ഉറപ്പിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ഇന്നെന്റെ ജ്ഞാനധ്യാനം.
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment