ജ്ഞാനധ്യാനം
ആഗസ്റ്റ് 29
സന്യാസത്തിലെ അതിഭൗതീക വാദത്തിനും അമിതമായ സങ്കീർണ്ണതകൾക്കും ലാളിത്യം എന്ന സുകൃതം കൊണ്ട് ദൈവം കൊടുക്കുന്ന ഉത്തരമാണ് " എവുപ്രാസ്യാമ്മ "
കണ്ണിലെ അണുബാധ നിയന്ത്രിക്കാൻ തക്ക ഔഷധ ഗുണമുള്ള ഒരു പൂവിന്റെ പേരാണ് " യൂഫ്രേഷ്യ " ( Euphrasia )
ശരിയാണത്...
മലിനമായ കാഴ്ചകൾ കണ്ട് കണ്ട് നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റിപോയവർക്കും കണ്ണിൽ അണുബാധ പിടിച്ചവർക്കും ഇനി ആ അമ്മയെ നോക്കാം...
കൊഴിഞ്ഞ പല്ലുള്ള മോണയും ചുക്കി ചുളിഞ്ഞ മുഖവും കാട്ടി ഒല്ലൂർ കാരി 'അമ്മ ചിരിക്കുന്നത് കാണുന്നില്ലേ?
നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് ചിരിയായി ഒഴുകുന്നത്...
പ്രാർത്ഥനയുടെയും ലാളിത്യത്തിന്റെയും നിർമല ജീവിതം നയിച്ച് ഈശോയുടെ സക്രാരിപ്പെട്ടിക്കു കാവലിരുന്നു ഒരു സ്ത്രീക്ക് എങ്ങനെ നിര്മലമായി ചിരിക്കാതിരിക്കാൻ ആവും?
നൈർമല്യവും ലാളിത്യവും നിറഞ്ഞ സന്യാസ വ്രത ശുദ്ധിയുടെ ജീവിത ശീലുകളിൽ അളവില്ലാത്ത ആനന്ദം കണ്ടെത്തിയ ആ പാവം അമ്മയുടെ കൂട്ടും പ്രാർത്ഥനയും നല്ലതല്ലേ? അതെ ...നിശ്ചയമായും !
പ്രാർത്ഥിക്കുന്ന 'അമ്മ എന്നൊക്കെ പ്രിയപ്പെട്ടവർ അവരെ വിളിച്ചിരുന്നു...
ഇങ്ങനെ നന്മ നിറഞ്ഞ വിശേഷണം നേടിയെടുക്കാൻ മാത്രം സ്നേഹം ഉള്ള മനുഷ്യരെ കൊണ്ട് ഭൂമി നിറഞ്ഞിരുന്നെങ്കിൽ !
പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരു തെല്ല് പരിഹാസത്തോടെ പറഞ്ഞതോർത്തു ചെറിയ വിറയൽ ( അധികം ആയുസ്സില്ല അതിന് .... ഞാൻ വീണ്ടും വളരെ പെട്ടന്ന് ബുദ്ധി കൊണ്ട് കൈ കഴുകി മാറും ) ...
" ഉടുപ്പിട്ട ചേട്ടന്മാർ "....
പ്രാർത്ഥിക്കുന്നവർ എന്നതൊഴികെ, എല്ലാ വിശേഷണവും നേടിയെടുക്കാൻ ശ്രമിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇനി ആ അമ്മയുടെ കൂട്ട് തേടാം...
വിശുദ്ധി നിറഞ്ഞവർ ഇല്ലാതെ പോകുന്നല്ലോ എന്ന് നെടുവീർപ്പെട്ട ചാവറപിതാവിന്റെ കൂനൻമാവിലെ സ്വപ്‌ന വീട്ടിൽ ചേർന്ന റോസാ എന്ന പെൺകുട്ടി ആ പിതാവിനോടൊത്തു തന്നെ ദൈവത്തെ മഹത്വപ്പെടുത്തി...
വത്തിക്കാനിൽ നടന്ന ഒരു ഔപചാരിക ചടങ്ങിൽ, പെട്ടന്ന് അവർ വിശുദ്ധരായതൊന്നുമല്ല...
വിശുദ്ധർ ആയി ജീവിച്ചത് കൊണ്ട് ലോകം അതിനെ അംഗീകരിച്ചു എന്ന് മാത്രം....
അമ്മേ ... എവുപ്രാസ്യാമ്മേ... സ്നേഹമില്ലായ്മയുടെ ചൂണ്ടക്കൊളുത്തിൽ പെട്ട് പോവാതെ, പീള കെട്ടിയ എന്റെ കണ്ണിൽ സ്നേഹത്തിന്റെ തീർത്ഥം തളിക്കാൻ ഈശോയോട് പറയുമോ?
"മരിച്ചാലും മരക്കില്ലാട്ടോ "
സ്നേഹപൂർവം,
No comments:
Post a Comment