ബലികൾ !
ജീവിതത്തിലെ ചുരുങ്ങിയ ദിനങ്ങളോട് അഗാധമായ ധ്യാനവും സ്നേഹവും തോന്നി തുടങ്ങുമ്പോഴാണ് ജീവിതത്തെ അതിൻറെ എല്ലാ ഭാവഭേദങ്ങളോടും കൂടെസ്വീകരിക്കാനാവുന്നത്.. ഈശോയെ കാണാനെത്തിയ യവനർക്ക് അവൻ കൊടുത്ത ജീവിത ദർശനം പ്രത്യാശ നിറഞ്ഞ ധ്യാനത്തിലേക്കുള്ള കിളി വാതിലാണ് ..ഗോതമ്പുമണി നിലത്തു വീണു അഴിയുന്നില്ലെങ്കിൽ അതു ഫലം പുറപ്പെടുവിക്കയില്ല ,അഴിയുന്നെങ്കിലോ അതു ഏറെ ഫലം പുറപ്പെടുവിക്കും .(യോഹ 12/ 24 ). ഗോതമ്പു മണി നിലത്തു വീഴുന്നതും അഴിയുന്നതും ഒക്കെ ജീവൻറെ സമൃദ്ധിക്ക് വേണ്ടിയാണ് ...
നിലത്തു വീണഴിയുന്ന ആ ധ്യാനമണിക്ക് മീതെ ദൈവകൃപയുടെ ഒരു മഴപെയ്ത്തുണ്ടാവുന്നു .. ഒടുവിൽ ഈ വിത്തിൽ ജീവൻറെ ഒരു നാമ്പ് മുള പൊന്തുന്നു ...ഹരിത ശുദ്ധിയുടെ കതിർ മണി പോലെ നിറയെകതിർ മണികളുണ്ടാവുന്നു ..പിന്നീടെപ്പോഴോ കാരുണ്യത്തിൻറെ കനിവൂറുന്ന ഒരു സന്ധ്യയിൽ ആരുടെയൊക്കെയോ വിശപ്പിന് അതു അന്നമാവുന്നു. ആ ധാന്യമണിയുടെ ഹരിത സമൃദ്ധിക്ക് പിന്നിലെ ബലി പോലെ ഓരോ ചെറുജീവിതത്തിനു പിന്നിലും എത്രയോ ബലികൾ!...
ചില സങ്കടങ്ങൾ കൊണ്ടു മനസിൽ വല്ലാതെ ഇരുട്ടു മൂടിയ ഒരു രാവിൽ ഗുരുതുല്യനായ ഒരാൾക്ക് കത്തെഴുതി ; മറുപടി ഇങ്ങനെയായിരുന്നു '' നാഡീ ഞരമ്പുകളിലെ യുദ്ധം രക്തം ചിന്തുന്ന വേദനയാണ്എങ്കിലും ഈശോയെ മാത്രം തിരഞ്ഞെടുക്കുക . ഈശോയ്ക്ക് പിന്നാലെ പോവുക എന്നാൽ ബലിയാവുക എന്നർത്ഥം ". ക്രിസ്തു ഉറക്കം നഷ്ട പ്പെടുത്തിയിട്ടുള്ള ആർക്കും ലഭിക്കാവുമെന്ന മറുപടിയാണിത് .. കൽക്കട്ടയിലെ അമ്മ പറയും "Give to the Lord until it pinches you." ഇടനെഞ്ചിലെ നോവിൻറെ ഘനമാണ് , ഒരാളുടെ ക്രിസ്തു ബോധത്തിന്റെ അളവ് കോൽ എന്നു സാരം ...
അസ്സീസിയിലെ ഫ്രാൻസിസിൽ സംഭവിച്ചതിതാണ് , ഇന്നലെ വരെ ജീവിതചര്യയുടെ ഭാഗമായിരുന്ന ചങ്ങാതി ക്കൂട്ടങ്ങളും പഠനോപചാരങ്ങളും സമ്പന്നനായ അപ്പൻറെ സുഹൃത്തുക്കളും ഒന്നും ഇനി ആനന്ദ വിഷയമാവുന്നില്ല. അവയൊക്കെ മനം മടുപ്പിക്കുന്ന വഴിയോര കാഴ്ചകൾ മാത്രം ..പടയോട്ടങ്ങളിൽ പങ്കു ചേർന്നു പേര് നേടാൻ അസ്സീസി വിട്ട ഈ ചെറുപ്പക്കാരനെ യാത്രയുടെ ഇട വഴികളിലെപ്പോഴോ ക്രിസ്തു കീഴടക്കിയിരുന്നു ..അസ്സീസിയുടെ ഇടുങ്ങിയ വീഥികളിൽ പാതി രാവുകളിൽ നൃത്തം ചവിട്ടിയും പാട്ടു പാടിയും ഉല്ലസിച്ചിരുന്നവൻ
'' സ്നേഹമേ, സ്നേഹിക്കപ്പെടാതെ പോയ സ്നേഹമേ ..എന്നൊക്കെപറഞ്ഞു ദൈവത്തിനായി കവിത ചൊല്ലി തുടങ്ങിയിരിക്കുന്നു ...
അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ ഒരു പുസ്തകം വായിക്കുകയായിരുന്നു .ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ മതിൽക്കെട്ടിനുള്ളിൽ മാത്രം ഒതുങ്ങിയ ഒരായുസ്സിൻറെ മുഴുവൻ വ്യഥകളും ഉൾപ്പോരുകളും നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ് ആ പുസ്തകം ..ബലിയായി തീരുന്ന ഒരു കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം .. അവരുടെ നടുവിനെ നീറ്റിയ വേദനകളും സഹനത്തിൻറെ വിയർപ്പുകളും ചുംബിച്ച കുരിശുകളും നിശബ്ദ രാത്രികളിലെ കണ്ണീരും ചേർന്നു പുസ്തകത്താളുകളെ ബലിയുടെ ഗന്ധമുള്ളതാക്കുന്നു ... റോമുളൂസച്ചൻറെ ഓർമ്മക്കുറിപ്പിൻറെ പേര് ''സ്നേഹ ബലി അഥവാ അൽഫോൻസാ ''...ഇത്ര കണ്ടു സൗമ്യമായി വ്യസനങ്ങളെയും തേങ്ങലുകളെയും നേരിട്ട ഒരായുസ്സിന് സ്നേഹബലി എന്നല്ലാതെ മറ്റെന്തുപേര് നൽകും ?..
''ആഞ്ഞൂസ് ദേയി'' യിലെ പുരോഹിതന് ഈശോക്ക് പിന്നാലെ പോവുന്ന ആരുടെയും ഉള്ളുരുക്കങ്ങളുടെ നിഴലുണ്ട് ".. തീർത്തും നിരാലംബരായവർ.. സ്വന്തമെന്നു അവകാശപ്പെടാൻ ആരാണുള്ളത് ?... നാലു മീറ്ററോളം നീളം വരുന്ന അങ്കിക്കുള്ളിൽ ഉൾത്താപമൊക്കെയും ,രാത്രിയുടെ നിശബ്ദ യാമങ്ങളിൽ വിയർപ്പും നെടുവീർപ്പും രക്തവും കണ്ണീരുമായി ഉരുകിയൊലിച്ചു തളം കെട്ടി നിൽക്കുന്നതും ആരു കാണാൻ ? നിമിഷങ്ങളിൽ അവരനുഭവിക്കുന്ന പച്ചയായ മനുഷ്യൻറെ ഹൃദയ വേദനകൾ ''...''(ആഞ്ഞൂസ് ദേയി-പള്ളിത്തോട്)
വാതിലുകളില്ലാത്ത വഴിയമ്പലത്തിൻറെ വിജനമായ മുറ്റത്തു ഒരാൾ പോലും കൂട്ടിനില്ലാതെ തനിച്ചു നിൽക്കുന്ന യാത്രികനെ പ്പോലെ ഒറ്റപ്പെടുന്നവരുടെ വ്യസനങ്ങൾക്കു എന്തു ദാർശനിക വ്യാഖ്യാനം കൊണ്ട് നമ്മൾ എന്തു ഉത്തരം കൊടുക്കും ? ...കനൽ വഴികൾ ബലി വഴിയി ലെ എന്ന് മനസ്സിനോട് പറഞ്ഞു തുടങ്ങുമ്പോൾ നെഞ്ചിൽ അളവില്ലാത്ത ആനന്ദം പരക്കും .....To is to love and love is to get worm out.
ആത്മ ദുഖത്തിൻറെ നനവുള്ള ഒരു ജീവചരിത്ര കുറിപ്പിൻറെ മുഖക്കുറിയിൽ എം . ടി സംഗ്രഹിച്ചതിങ്ങനെയാണ് ,ദാരുണമായ പീഡകൾ എറ്റു വാങ്ങാൻ വിധിക്കപെട്ടവരു ടെയെല്ലാം ആകാശങ്ങളിൽ , ഇന്നല്ലെങ്കിൽ നാളെ കത്തിനിൽക്കേണ്ട നക്ഷത്ര വിളക്കുകളുടെ കണ്ണീർ പുരണ്ട മന്ദഹാസം ഈ ഓർമ്മകളിലാകെ കോരി ചൊരിയുന്നു '' വേദനകൾക്കും വിഷമങ്ങൾക്കും അപ്പുറം ജീവൻ എന്ന വലിയ ദാനത്തിന്റെ വഴികളിലെവിടെയോ മഹത്വത്തിൻറെ സ്വർഗ്ഗ കാഴ്ചകൾ കാത്തിരിപ്പുണ്ട്.പ്രത്യാശയുടെ പ്രതിസ്പന്ദനം മനസിനെ പ്രഭാമയമാക്കുന്നു ..
തന്റെ കൊച്ചു മകളോടൊപ്പം അച്ഛൻ അമ്പല പറമ്പിലൂടെ നടന്നു പോവു കയാണ് .. വഴിയോരത്തുള്ള കടയിൽ നിന്നു അച്ഛൻ അവൾക്കായി നിറയെ വളകൾ വാങ്ങി ...പൂരപ്പറമ്പിലേക്കു പോവുമ്പോൾ ആൾ കൂട്ടം വല്ലാതെ ഞെരുക്കുന്നുണ്ട് ..തിരക്കിൽ പെട്ടു പോവാതെ അച്ഛൻ അവളെ മുറുക്കി ചേർത്തു പിടിക്കുന്നുണ്ട് ..പിടിത്തം മുറുകുന്നതിനനുസരിച്ചു കയ്യിലെ വളകളും ഓരോന്നായി ഉടയുന്നു താനും ..വാവക്കൊരു സംശയം, അച്ഛൻ വാങ്ങി തന്ന വളകൾ എന്തിനാ അച്ഛൻ തന്നെ ഉടക്കുന്നത് ?.. വാവയോട് അച്ഛൻറെ മറുപടി ''വളകൾ ഉടഞ്ഞാലെന്താ പിടിത്തം മുറുകുന്നുണ്ടല്ലോ ?...പ്രിയമെന്നു കരുതി ഞാൻ താലോലിച്ചു വന്നിരുന്ന എന്റെ ആടയാഭരങ്ങളൊക്കെ ഉടച്ചു വലിയ നിയോഗങ്ങൾക്കായി എന്നെ പരുവപ്പെടുത്തുന്ന അത്യുന്നതന്റെ മഹാ കരുണ്ണ്യത്തിനു മുമ്പിൽ ശിരസ്സു താഴുന്നു ..
കയ്പുനിറഞ്ഞ ഒരായുസ്സിന്റെ മുഴുവൻ കെടുതികളെയും ഓർമ്മിച്ചെടുക്കു ന്ന സന്ധ്യയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കുറിക്കുന്നതിത്ര മാത്രം '' എന്നെ സ്വന്തമാക്കാൻ വേണ്ടി എൻറെ ദൈവം എനിക്കുണ്ടായിരുന്നവരെയല്ലാം എന്നിൽ നിന്നകറ്റി '' ജീവിതത്തിലെ എല്ലാ അനുഭവങ്ങൾക്ക് പിന്നിലും മറഞ്ഞിരിക്കുന്നതു ദൈ വത്തിന്റെ കാര്ങ്ങൾ തന്നെ .. എന്തും എൻറെ മനസിൽ എത്തും മുൻപേ ദൈവത്തിന്റെ മനസിൽ എത്തിയിരുന്നു എന്നു സാരം
''ദൈവത്തെ അന്വേഷിക്കുന്നവരൊക്കെ അവനെ കണ്ടെത്തുന്നു . കണ്ടെത്തുന്നവരൊക്കെ അവനെ സ്നേഹിക്കുന്നു .. സ്നേഹിക്കുന്നവരെയൊക്കെ അവൻ തകർക്കുന്നു '' എന്നു കസൻദ്സാക്കീസ് കുറിച്ചത് എത്രെയോ ശരിയാണ് ജീവിതാന്വേഷണം നമ്മെ എത്തിക്കുന്നത് അളവില്ലാത്ത അലച്ചിലുകളും ഉറക്കമില്ലാത്ത രാവുകളിലുമാകാം... ഒരു ദാർശനിക വ്യാഖ്യാനവും നമ്മെ സാന്ത്വനിപ്പിക്കാൻ ഇടയില്ല ..
പിന്നെ കൂരിരുട്ടിൽ നിറങ്ങു വെട്ടം പോലെ ഒരു അസ്സീസിയിലെ ഫ്രാൻസിസും അൽഫോസാമ്മയും ജോൺ പോൾ പാപ്പയും ബലി ജീവിതത്തിലെ കനൽ വഴികളിൽ നമ്മെ ധൈര്യപ്പെടുത്തിയേക്കാം.. ഭൂമിയിലെ ഒരു ദുരന്തത്തിനും ഉള്ളിലെ ദൈവത്തെ നശിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചമായി ...തിരുസഭയുടെ പൂമുഖത്തിണ്ണയിൽ നിറഞ്ഞു കത്തുന്ന നിലവിളക്കുകൾക്കു വന്ദനം ...
അൽഫോൻസാമ്മയുടെ സജീവമായ ഓർമ്മകൾക്ക്...
ഈ അക്ഷരങ്ങൾക്കു ജീവനേകുന്ന ചെറുപുഷ്പ്പത്തിന്...
.
സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.
touching thoughts about alphonsa...
ReplyDelete