Saturday, July 9, 2016

അമ്മക്കിളി !

കാതങ്ങൾക്കപ്പുറം ഇതുപോലെ ചില ദിനങ്ങളിൽ ആണ് അമ്മ മേരിയെ കാണാൻ സ്വർഗത്തിന്റെ ദൂതുമായി മാലാഖ വന്നത്...   
പിന്നെ പാവപ്പെട്ട ഒരു നസ്രത്തുകാരി പെണ്‍കുട്ടിയുടെ ഉദരത്തിൽ  ആത്മാവിന്റെ വെളിച്ചം വീശി ... 
അങ്ങനെ അവളുടെ ഗർഭപാത്രത്തിലെ സ്നേഹദ്രവത്തിൽ തത്തിക്കളിച്ചു ഒരു കുഞ്ഞു ജീവൻ തളിരിട്ടു ...
കുഞ്ഞിനെ ജീവന്റെ ഭാഗമാക്കി നിലനിർത്തിയ പുക്കിൾകൊടിയെന്ന  സ്നേഹച്ചരടിൽ കോർത്തിണക്കി,  ഗർഭപാത്രത്തിൽ  അവൾ കുഞ്ഞിനുള്ള  സക്രാരി  മെനഞ്ഞു... 
കുഞ്ഞിനെ ഭൂമിക്കു സമ്മാനിക്കാൻ കാലമായപ്പോൾ അവൾക്കു കിട്ടിയതോ കാലിതൊഴുത്തും  വയ്ക്കോൽ തൊട്ടിയും ...
സ്വര്ഗം ഭൂമിക്കു നല്കിയ ഏറ്റവും അഴകുള്ള സമ്മാനമായിരുന്നു ആ കുഞ്ഞ്...
രക്ഷകനായ  ആ കുഞ്ഞിനെ രൂപപെടുത്തിയ ക്ഷേത്രം അമ്മ മേരിയുടെ ഉടലായിരുന്നു...
എന്നിട്ട്  ആ കുഞ്ഞിനെ കാത്തിരുന്നതോ.... കാലിതൊഴുത്തും  വയ്ക്കോൽ തൊട്ടിയും ...
നോക്കണം ....ഒരു പാവപ്പെട്ട  തച്ചപ്പണിക്കാരൻ  നിറവയറുള്ള അയാളുടെ ഭാര്യയുമൊത്ത്  ഇടം തേടി അലയുന്നത് ...
ജന്മം കൊടുത്തത് മുതൽ നീണ്ട മുപ്പത്തിമൂന്നു വർഷങ്ങൾ മകനോടൊപ്പം അമ്മ നടത്തിയത് ഒരു കുരിശു യാത്ര തന്നെ...
അമ്മിഞ്ഞ കൊടുക്കുംപോളും കുളിപ്പിച്ച് തോർത്തുംപോളും, തന്റെ കുഞ്ഞിറെ ചുമലിൽ വീഴാൻ പോവുന്ന ഭാരമുള്ള കുരിശു  കണ്ടു അമ്മ എത്രയോ തവണ മിഴികൾ  നനച്ചിട്ടുണ്ടാവും? 
ശിമയോൻ പറഞ്ഞ "കുരിശു യാത്രയുടെ വാൾ "കുത്തിനോവിച്ച അമ്മയുടെ ഹൃദയം കാണുന്നില്ലേ? നിറയെ മുറിവുകളാണ് ...
 മകന്റെ കുരിശുയാത്ര മനസിൽ എറ്റു  വാങ്ങിയതിൻറെ മുറിപ്പാടുകൾ...
നമ്മുടെ ആബേൽ അച്ചൻ പാടിയതാണ് ശരി....
" കാൽവരി  മുന്നിലതാ , മറ്റൊരു ബലിപീഠം
ശിമയോനോതിയ വചനങ്ങൾ
സാർത്ഥകമാക്കിയ  ബലിപീഠം
വ്യാകുലയായൊരു  മാതാവിൻ 
വേദന തിങ്ങിയ ഹൃദയമതാ 
പാവനമാം ബലിയായ് വിടരുന്നു "
അമ്മേ, ഹൃദയത്തിൽ നിന്റെ മകന് വേണ്ടി  ബലിപീഠം തീർക്കുവാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ .

സ്നേഹപൂർവ്വം,
അഗസ്റ്റിൻ സി. എം. ഐ.

Image Courtesy : www.artcrimeillustrated.com

1 comment:

  1. ഹൃദയ സ്പർശ്ശിയായ ഒരു ചിന്ത എല്ലാവര്ക്കും ആയ്യി പങ്കുവച്ച പ്രിയ അഗസ്റ്റിന് പിന്നെ സ്നേഹത്തിന്റെ മാത്രം ഭാഷയിൽ എനിക്കി ഈ വരികൾ കാണിച്ചു തന്ന എന്റെ ഈ പ്രിയ സഹോദര നിന്ടെ പ്രയത്‌നം ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete