Friday, October 2, 2020

വിലയേറിയത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 3

വിലയേറിയത്

"വിലയേറിയ സുഗന്‌ധതൈലം നിറച്ച ഒരു വെണ്‍കല്‍പാത്രവുമായി ഒരു സ്‌ത്രീ ഈശോയെ സമീപിച്ചു. അവന്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം അവന്‍െറ ശിരസ്‌സില്‍ ഒഴിച്ചു.
ഇതു കണ്ട ശിഷ്യന്‍മാര്‍ കോപത്തോടെ പറഞ്ഞു: എന്തിന്‌ ഈ പാഴ്‌ചെലവ്‌?"
മത്തായി 26 : 7-8 

വിലയേറിയ സുഗന്ധതൈലം ഈശോയുടെ ശിരസ്സിൽ ഒഴിക്കുന്ന ഒരു സ്ത്രീ... 
ഇത് കണ്ട് ശിഷ്യർ കോപാകുലരാകുകയാണ്...
അവർക്കതൊരു പാഴ്ച്ചെലവായി തോന്നി... 
വിലയെറിയതൊക്കെ ദൈവത്തിന് സമർപ്പിക്കാനുള്ളതാണ് എന്നതാണ് ജ്ഞാനധ്യാനം...
ആൾക്കൂട്ടത്തിന്റെ പ്രതികരണം പലവിധത്തിലാകാം... 
എന്തിന് പാഴാക്കുന്നു എന്ന് പരിഹാസരൂപേണ ചോദ്യശരങ്ങൾ നേർക്കു വരുമ്പോളും സമർപ്പിക്കുന്നവരുടെ ഉള്ളിൽ ആനന്ദത്തിന്റെയും തൃപ്തിയുടെയും നിറവ് മാത്രം... 
വിലയേറിയ സമയം, കഴിവുകൾ, ആരോഗ്യം, സമ്പത്ത്, അറിവ് എല്ലാം ദൈവീക നിയോഗങ്ങൾക്കായി ചെലവഴിക്കുമ്പോൾ "എന്തിനാണ് ഈ പാഴ്ച്ചെലവ്? "എന്ന പരിഹാസം എത്രയോ തവണ കെട്ടിരിക്കുന്നു...
എന്നിട്ടും ഒന്നേ ഉള്ളൂ പ്രാർത്ഥന... 
വീണ്ടും ഈശോയുടെ നാമത്തിൽ അവിടുത്തെ നിയോഗങ്ങൾക്ക് വേണ്ടി സമർപ്പണത്തിന്റെ തോത് അണുവിട കുറയാതെ ആഴപ്പെടുത്തണം...
ഈശോയ്ക്ക് നൽകുന്നത് പാഴ്ച്ചെലവല്ല എന്ന തിരിച്ചറിവിന്റെ പ്രകാശത്തിൽ വ്യാപാരിക്കുമ്പോൾ പരിഹാസച്ചുവയുള്ള പ്രതികരണങ്ങൾക്ക് മീതെ ചവിട്ടി നടക്കാനും സമർപ്പണത്തിന്റെ വഴികൾ സ്നേഹപൂർണ്ണമാക്കാനും സാധിക്കുന്നു... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 1, 2020

കാവൽ മാലാഖ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 2

കാവൽ മാലാഖ

"ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
മത്തായി 18 : 11 

ആരെയും നിന്ദിക്കരുത് എന്നാണ് ജ്ഞാനധ്യാനം നൽകുന്ന തിരിച്ചറിവ്... 
വഴിതെറ്റിയ ആടിന്റെ ഉപമയിൽ ആരെയും നിന്ദിക്കരുത് എന്ന് സൂചന നൽകാൻ കാരണം എന്താകും? 
ഈശോയുടെ വാക്കുകളിൽ ഉത്തരം ഉണ്ട്... 
"ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ ഇഷ്‌ടപ്പെടുന്നില്ല."
മത്തായി 18 : 14
ഓരോ മനുഷ്യനും അത്രമേൽ വിലയുള്ളവരാണ്... 
അകറ്റി നിർത്തുകയും എഴുതിത്തള്ളുകയും ചെയ്യുന്നതിന് മുമ്പ് കുറഞ്ഞ പക്ഷം ദൈവം ഓരോരുത്തർക്കും കൊടുക്കുന്ന വിലയെങ്കിലും മനസിലാക്കാനുള്ള വിനയം സമ്പാദിക്കേണ്ടതുണ്ട്...
നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ് എന്ന്  പൗലോസ് ശ്ലീഹാ പറയുന്നതും ചേർത്ത് വായിക്കാം... 
അമൂല്യമായ വില ഓരോരുത്തർക്കും ഉള്ളത് കൊണ്ട് തന്നെ കാവലായി ദൂതന്മാരെ ദൈവം ഏർപ്പെടുത്തിയിട്ടുണ്ട്... 
സ്വർഗ്ഗത്തിൽ പിതാവിന്റെ മുഖം ദർശിച്ച് എനിക്ക് വേണ്ടി മാധ്യസ്ഥ്യം യാചിച്ച് അപകടവഴികളിൽ കാവൽ നൽകുന്ന എന്റെ കാവൽ ദൂതൻ... 
ഇന്ന് കാവൽമാലാഖായുടെ തിരുന്നാളാണ്... 
സ്വർഗ്ഗത്തിൽ പിതാവിന്റെ മുഖം ദർശിച്ച് എന്നെ കരുതുന്ന കാവൽ മാലാഖായേ, എന്നും കൂട്ടിന് കൂടെ വരണേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, September 30, 2020

നൈർമല്യം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 1

 നൈർമല്യം 

"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല."
മത്തായി 18 : 3

ഈശോയുടെ നിലപാടുകളിലെ വ്യതിരിക്തത അവിടുത്തെ ഓരോ വാക്കിലും പ്രകടമാണ്... നമ്മൾ കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ വിജയഗാഥ അനുകരിക്കാവുന്ന മാതൃകയായി പറഞ്ഞു കൊടുക്കുമ്പോൾ ഈശോ നമുക്ക് കുഞ്ഞുങ്ങളെ മാതൃകയായി നൽകി അടിസ്ഥാന നിലപാടിൽ തന്നെ വ്യത്യസ്തത  പുലർത്തുന്നു... 
ശിശുക്കൾ അടുത്തെത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു... 
കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടാൻ ഈശോയുടെ പക്കൽ എത്തിക്കുക എന്നതാണ് മുതിർന്നവരുടെ ധർമ്മം... 
ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്വപ്നമായ ദൈവരാജ്യത്തിൽ എത്തിച്ചേരാനുള്ള അടിസ്ഥാന യോഗ്യതയായി ശിശുസഹജമായ നൈർമല്യത്തെ ഈശോ അവതരിപ്പിക്കുന്നു... 
വളർന്നതിനൊപ്പം കളഞ്ഞ് പോയതും കൈമോശം വന്നതും എന്നിലെ നിഷ്കളങ്കതയായിരുന്നു എന്ന ദുഃഖസത്യം അംഗീകരിക്കാതെ തരമില്ല... 
നിഷ്കളങ്ക ഹൃദയർക്ക് സ്വർഗ്ഗത്തിലെ ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്ന നിതാന്തമായ ദൈവീക സത്യങ്ങളുടെ ആഴം അറിയാൻ കൊച്ചുത്രേസിയാ പുണ്യവതിയെ ഓർത്ത് ധ്യാനിച്ചാൽ മതി... 
വെറും ഇരുപത്തിനാല് വയസ് മാത്രം ഒരു കന്യകാലയത്തിന്റെ മതിൽ കെട്ടുകൾക്കുള്ളിൽ ജീവിച്ച് ആത്മീയ ശിശുത്വത്തെ കുറിച്ച് പഠിപ്പിച്ച് ഒരു ആയുസ്സ് മുഴുവൻ ധ്യാനിച്ചാൽ തീരാത്ത ആത്മീയ രഹസ്യങ്ങൾ വെളിപ്പെടുത്തി കടന്നു പോയ ഒരു സന്യാസിനി... 
വിശദ്ധരുടെ ഗണത്തിൽ മാത്രമല്ല അവൾ എണ്ണപ്പെടുന്നത്... 
വേദപാരംഗതയും കൂടിയാണ് നമ്മുടെ ചെറുപുഷ്പം... 
കത്തോലിക്കാതിരുസഭയിൽ മുപ്പത്താറോളം വേദപാരംഗതർ ഉണ്ട്... 
വി. അൻസലെം, വി. അഗസ്റ്റിൻ, വി. അൽഫോൻസ് ലിഗോരി, വി. തോമസ് അക്വിനാസ്, വി. കാതറിൻ ഓഫ് സിയന്ന, വി. അമ്മത്രേസ്യ, വി. യോഹന്നാൻ ക്രൂസ്... പരിചിതമായ ചില പേരുകൾ ഒരു താരതമ്യത്തിന് പരാമർശിച്ചതാണ്.... 

ഈശോയെ അങ്ങ് പറഞ്ഞത് പോലെ സർപ്പത്തിന്റെ വിവേകം നഷ്ടപ്പെടുത്താതെ പ്രാവിന്റെ നൈർമല്യം കാത്തുസൂക്ഷിക്കാൻ എന്നെ പഠിപ്പിക്കണമേ.... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, September 25, 2020

ഈശോയുടെ സ്വന്തം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 26

ഈശോയുടെ സ്വന്തം

"ഈശോ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ്‌ എന്‍െറ അമ്മയും സഹോദരരും."
ലൂക്കാ 8 : 21 

ഈശോയുടെ പ്രബോധനങ്ങളും ജീവിതരീതികളും ഓരോ ദിവസവും പുതുമ നിറഞ്ഞ ഉൾക്കാഴ്ചകൾ കൊണ്ട് നമ്മുടെ  തിരിച്ചറിവുകളെ ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ബന്ധങ്ങൾക്ക് ഈശോ പുതിയ നിർവചനം നൽകുന്നു... 
രക്തബന്ധത്തോളം ഉയരത്തിൽ മറ്റ് ചില ബന്ധങ്ങൾ ഈശോ പ്രതിഷ്ഠിക്കുന്നു... 
രക്ഷാകരകർമ്മത്തിലെ ഏറ്റവും പ്രധാന്യമേറിയ സമയങ്ങളിലെല്ലാം നിർണ്ണായകസാനിധ്യമായി മാറിയ പരിശുദ്ധ അമ്മയോട് അവിടുത്തേക്ക് ഉള്ള ബന്ധം തന്നെയാണ് ദൈവവചനം ശ്രവിച്ച് അത് പാലിക്കുന്നവരോടും ഈശോയ്ക്കുള്ളത് എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്... 
ദൈവവചനം ശ്രവിക്കാനും പഠിക്കാനും ധ്യാനിക്കാനും അത് പാലിക്കാനും പരിശ്രമിക്കുമ്പോൾ ഈശോയോടുള്ള അടുപ്പത്തിൽ വളരുകയാണ് നാം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, September 24, 2020

യഥാർത്ഥ പാരമ്പര്യം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 25

യഥാർത്ഥ പാരമ്പര്യം

"ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു."
മത്തായി 15 : 6 

യഹൂദ മതാത്മകതയുടെ ആന്തരികമായ ഒരു പ്രതിസന്ധിയെ ഈശോ തുറന്ന് കാണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു... 
ദൈവരാധനയെ മുഴുവൻ അനുഷ്ഠാനങ്ങളിലേക്കും ആചാരങ്ങളിലേക്കും ചുരുക്കാൻ ശ്രമിച്ച് പാരമ്പര്യത്തെ ദൈവത്തിനും ദൈവവചനത്തിനും മുകളിൽ പ്രതിഷ്ഠിച്ച് യഥാർത്ഥ ആത്മീയതയുടെ അടിസ്ഥാനമായ കാരുണ്യത്തിനും സ്നേഹത്തിനും എതിരെ തിരിഞ്ഞു നടക്കുകയും ചെയ്ത യഹൂദരുടെ കപടത ഈശോ തുറന്ന് കാണിക്കുന്നു... 
ദൈവവചനവും ദൈവകല്പനകളും കൈമാറുന്ന അടിസ്ഥാന മൂല്യങ്ങളായ കാരുണ്യവും നീതിയും സ്നേഹവും നിരാകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന ഇടങ്ങളിൽ ആത്മീയത അർത്ഥശൂന്യമാകുന്നു... 
കാരുണ്യം, സത്യം, നീതി, സ്നേഹം എന്നീ അടിസ്ഥാന മൂല്യങ്ങളെ കാർന്നു തിന്നുന്ന പാരമ്പര്യങ്ങളും അപകടകരം തന്നെ... 
ദൈവവചനം പഠിപ്പിക്കുകയും കൈമാറുകയും ആത്മീയ മൂല്യങ്ങളാകണം കൈമാറ്റം ചെയ്യപ്പെടുന്ന പാരമ്പര്യം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, September 22, 2020

തിരസ്‌ക്കരിക്കപ്പെട്ട അത്തിവൃക്ഷം

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 23

തിരസ്‌ക്കരിക്കപ്പെട്ട അത്തിവൃക്ഷം

"വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും."
മത്തായി 21 : 22 

ഫലം നല്കാത്ത അത്തിവൃക്ഷത്തെ ഈശോ ശപിക്കുന്നതാണ് വചന വായനയുടെ പശ്ചാത്തലം... 
വായനയുടെ തലക്കെട്ട് പോലും അങ്ങനെയാണ്... 
അനുഗ്രഹിക്കാൻ മാത്രം ഭൂമിയിൽ അവതരിച്ചവൻ എന്തേ ശപിക്കുന്നതിന്റെ ശരീരഭാഷ സ്വീകരിക്കുന്നു? 
ഇളക്കൊഴുപ്പ് കാണിച്ച് ആകർഷിക്കുകയും അടുത്തെത്തുമ്പോൾ ഫലം ഇല്ലാതിരിക്കുകയും ചെയ്യുന്ന അപകടകരമായ കപടതയുടെ അവസ്ഥയായിരുന്നു അത്തിവൃക്ഷത്തിന്റേത്...
പുറം മോടികളിൽ അഭിരമിക്കുകയും ആത്മീയതയെ പ്രകടനങ്ങളിൽ ഒതുക്കുകയും ചെയ്യാൻ ശ്രമിക്കുമ്പോൾ ഞാനും അത്തിവൃക്ഷത്തിന്റെ അവസ്ഥയിൽ ആണ്... ഹൃദയം പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടാൻ സാധിക്കുമോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം... 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7
കപടത വച്ച് പുലർത്തിയാൽ ദൈവസന്നിധിയിൽ നിന്നും തിരസ്ക്കരിക്കപ്പെടും എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, September 21, 2020

ഭയപ്പെടുവിൻ

ജ്ഞാനധ്യാനം
2020 സെപ്റ്റംബർ 22

ഭയപ്പെടുവിൻ

"ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍."
മത്തായി 10 : 28 

എഴുതപ്പെട്ട ദൈവവചനം നൽകുന്ന ഏറ്റവും പ്രതീക്ഷാനിർഭരമയെ സന്ദേശം "ഭയപ്പെടേണ്ട " എന്നതാണ്... 
ഏതാണ്ട് മുന്നൂറ്റി അറുപത്തഞ്ച് പ്രാവശ്യം ഇതാവർത്തിക്കപ്പെടുന്നുണ്ട്... 
ഒരു പ്രതിസന്ധിയിലും ഭയപ്പെടേണ്ട എന്ന് ആശ്വസിപ്പിക്കുന്നവൻ തന്നെ ചിലതിനെ ഭയപ്പെടാനും പറഞ്ഞിട്ടുണ്ട് എന്നതാണ് നമ്മുടെ ജ്ഞാനധ്യാനം... 
ശരീരത്തേയെയും ആത്മാവിനെയും നരകത്തിനിരയാക്കാൻ കഴിയുന്ന സാത്താനെ ഭയപ്പെടണം എന്ന് തന്നെയാണ് ഈശോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.... 
ജീവിതത്തിലെ അനുദിനവ്യാപാരങ്ങൾ ആത്മനാശത്തിന് കാരണമാകുന്നതാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള വിവേചനാശക്തിയാണ് ഇന്ന് പരിശുദ്ധത്മാവിനോട് പ്രാർത്ഥിക്കുന്നത്... 
ജീവിതം ഒരു ആത്മീയ സമരം ആണ്... 
പൗലോസ് ശ്ലീഹ അത് വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്... 

"സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
...
രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്‍െറ വാള്‍ എടുക്കുകയും ചെയ്യുവിന്‍."
എഫേസോസ്‌ 6 : 10-17

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.