Friday, October 23, 2020

ദൈവത്തിന്റെ ക്രിസ്തു

ജ്ഞാനധ്യാനം
2020 ഒക്ടോബർ 24

ദൈവത്തിന്റെ ക്രിസ്തു

"അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്‌? പത്രോസ്‌ ഉത്തരം നല്‍കി: നീ ദൈവത്തിന്‍െറ ക്രിസ്‌തു ആണ്‌."
ലൂക്കാ 9 : 20

തനിച്ച് പ്രാർത്ഥിക്കുകയായിരുന്ന ഈശോയുടെ കൂടെ ശിഷ്യരും ഉണ്ടായിരുന്നു...
തന്നെക്കുറിച്ച് പൊതുജനം മനസിലാക്കുന്നതും ശിഷ്യർ മനസിലാക്കുന്നതും എന്താണ് എന്നറിയാൻ അവിടുത്തേയ്ക്ക് ആഗ്രഹം...
ജനങ്ങൾ മനസിലാക്കിയത് സ്നാപകയോഹന്നാൻ, ഏലിയാ, പൂർവ്വപ്രവാചകരിൽ ഒരുവൻ എന്നൊക്കയാണ്...
കൂടെ നടക്കുന്ന ശിഷ്യരുടെ മനസ്സറിയാൻ അവിടുത്തേയ്ക്ക് ആഗ്രഹം...
പത്രോസിന്റെ മറുപടി കൃത്യമായിരുന്നു...
"ജീവനുള്ള ദൈവത്തിന്റെ മിശിഹാ"
പൊതുസമൂഹത്തിന്റെ തിരിച്ചറിവുകളെക്കാൾ വ്യക്തത ശിഷ്യരുടെ തിരിച്ചറിവുകൾക്കുണ്ടാകണം...
ദൈവത്തിന്റെ അഭിഷിക്തനായി ഈശോയെ തിരിച്ചറിയുന്നിടത്താണ് ശിഷ്യത്വം വിജയിക്കുന്നത്...
"ഞാൻ നിനക്കാരാണ്? " എന്ന ഈശോയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഉള്ള വളർച്ചയും പക്വതയുമാണ് ശിഷ്യത്വം..

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 21, 2020

ഒരുങ്ങിയിരുന്നവൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 22 

ഒരുങ്ങിയിരുന്നവൻ

"ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു."
മത്തായി 25 : 10

ഈശോയുടെ പ്രബോധനങ്ങളുടെയും അടയാളങ്ങളുടെയും പരമവും പ്രധാനവുമായ ലക്ഷ്യം ദൈവരാജ്യത്തിന്റെ ആഗമനം അറിയിക്കുക എന്നതായിരുന്നു...
അവിടുന്ന് ദൈവാരാജ്യത്തിന്റെ സവിശേഷതകൾ ലളിതമായ ഉപമകൾ വഴി അവതരിപ്പിക്കുന്നു...
ദൈവകൃപയുടെ എണ്ണ...
വിശ്വാസത്തിന്റെ വിളക്ക്...
സത്പ്രവർത്തികളുടെ വെളിച്ചം...
ഈ മൂന്നും കൃത്യമായ അനുപാതത്തിൽ ആത്മാവിൽ നിറയുമ്പോൾ ആണ് ഒരുക്കം പൂർത്തിയാകുന്നത്...
എപ്പോഴും ഒരുങ്ങിയിരിക്കുന്നവർക്കുള്ളതാണ് ദൈവരാജ്യം...
സി. എം. ഐ. സന്യാസക്കൂട്ടായ്മക്ക് തീരാവേദനയും ദുഃഖവും ബാക്കി വച്ച് ഒന്നും പറയാതെ ഒരു രാത്രിയുടെ ഇടവേളയിൽ ഞങ്ങളെ വിട്ട് പോയ സാജൻ അച്ചൻ ഒരുങ്ങിയിരുന്ന വിവേകമതിയായിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു...
അധ്യാപനത്തിന്റെ വഴികളിൽ ആവശ്യത്തിലേറെ തിരക്കുകൾ വന്ന് കൂടിയപ്പോഴും ദൈവകൃപയുടെ എണ്ണ വറ്റിപോകാതെ ശ്രദ്ധിച്ചിരുന്ന ഞങ്ങളുടെ സാജൻ അച്ചൻ...
ദൈവവിശ്വാസത്തിന്റെ വിളക്കിൽ ഒരു വിദ്യാലയത്തെയും അതിലുള്ള അധ്യാപകവിദ്യാർത്ഥിസുഹൃത്തുക്കളെയും ചേർത്ത് നിർത്തിയ സാജൻ അച്ചൻ...
സത്പ്രവർത്തികളുടെ വെളിച്ചം മറ്റാരെയുംകാൾ കൂടുതൽ ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ച് പുഞ്ചിരിച്ചു കടന്നു പോയ സാജൻ അച്ചൻ...
ഈശോയെ, ഒരുക്കം ഇല്ലാത്തത് കൊണ്ട് എനിക്ക് അങ്ങയെ കാണാൻ പറ്റാതെ പോയാൽ ജീവിക്കുന്നതും ഓടുന്നതും വെറുതെ ആകുമല്ലോ...
അതിനാൽ വേണ്ടത്ര ഒരുക്കം നൽകി അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 18, 2020

നിന്ദിക്കരുത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 19

നിന്ദിക്കരുത്

"ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
മത്തായി 18 : 10-11

ആരെയും നിന്ദിക്കരുത് എന്നതാണ് വചനവായനയുടെ സംഗ്രഹം...
നിന്ദിക്കരുത് എന്ന പ്രബോധനത്തോടൊപ്പം അതിന്റെ കൃത്യമായ കാരണങ്ങളും ഈശോ അവതരിപ്പിക്കുന്നു...
ഓരോരുത്തരുടെയും കാവൽദൂതന്മാർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ച് കൊണ്ടിരിക്കുന്നു...
കവലദൂതന്മാരെ ഏർപ്പെടുത്തി ദൈവം സംരക്ഷിക്കുന്ന ഒരു ജീവിതത്തിന് അവിടുന്ന് കൊടുക്കുന്ന വില വലുതാണ് എന്നത് കൊണ്ട് ആരെയും നിന്ദിക്കരുത്...
ദൈവം ഒരു വ്യക്തിക്ക് കൊടുക്കുന്ന വില തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ ജീവിതത്തിന് കുറച്ച് കൂടി അർത്ഥം കൈവരുന്നു...
അപരന്റെ കുറവുകൾ കണ്ണിൽ പെടുമ്പോൾ അത് അസ്വസ്ഥത നൽകാതിരിക്കാൻ ഒന്ന് രണ്ട് വഴികൾ മനസ്സിൽ ഉറപ്പിക്കാം...

1. സ്വന്തം കുറവുകളെക്കുറിച്ച് ഓർമ്മയുണ്ടാവുക

2. ദൈവം എന്റെ ജീവിതത്തിന് നൽകുന്ന വില അപരന്റെ ജീവിതത്തിനും നൽകുന്നു എന്ന് തിരിച്ചറിയുക...

ഈശോയേ...ഒരു വാക്കോ, നോട്ടമോ, പ്രവർത്തിയോ വഴി ആരെയും നിന്ദിക്കാൻ എന്നെ അനുവദിക്കരുതേ.....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 17, 2020

രക്ഷിക്കുന്ന വിശ്വാസം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 18

രക്ഷിക്കുന്ന വിശ്വാസം

"ഈശോ അവളോടു പറഞ്ഞു: മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
ലൂക്കാ 8 : 48

പ്രതിസന്ധികളുടെ നീർച്ചുഴിയിൽ വലയുന്നവർക്ക് ഈശോ ഉത്തരമാകുന്നതിന്റെ സുവിശേഷ സാക്ഷ്യമാണ് ജ്ഞാനധ്യാനം...
നീണ്ട പന്ത്രണ്ട് വർഷങ്ങൾ രക്തസ്രാവത്തിന്റെ പിടിയിൽ കഴിഞ്ഞ് കൂടി മാനസികമായും ശരീരികമായും നൊമ്പരങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു സ്ത്രീ...
ഉണ്ടായിരുന്ന സാമ്പാദ്യം മുഴുവൻ വൈദ്യന്മാർക്ക് കൊടുത്ത് ചികത്സ തേടിയവൾ...
സമ്പദ്യം തീർന്നു എന്നതല്ലാതെ രോഗത്തിൽ ഒട്ടുമേ കുറവുണ്ടായില്ല...
രക്തസ്രാവക്കാരി സമൂഹത്തിൽ നിന്ന് അകന്ന് ജീവിക്കേണ്ടവളാണ് എന്ന നിർബന്ധമുണ്ടായിരുന്ന  യഹൂദമതാത്മകതയുടെ കാർക്കശ്യ നിലപാടുകൾ കൂടി മനസ്സിലാകുമ്പോൾ ആ സ്ത്രീ കടന്നു പോകുന്ന ആത്മഭാരം ഊഹിക്കാനാകും...
ആർക്കും ഉത്തരം നൽകാനാകാത്ത ജീവിത പ്രതിസന്ധിയിൽ അവൾക്ക് ഈശോയേ ഓർമ്മ വന്നു...
തിക്കും തിരക്കുമുള്ള ജനക്കൂട്ടത്തിനിടയിൽ നടന്ന് നീങ്ങുന്ന ഈശോയുടെ വസ്ത്രാഞ്ചലത്തിൽ അവൾ തൊട്ടു...
ഈശോയുടെ സാമിപ്യത്തിൽ ജീവിതപ്രതിസന്ധികൾ ശൂന്യമാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നതിന്റെ കാഴ്ചയാണിത്...
ഈശോയുടെ പ്രതികരണം എത്ര ഭംഗിയുള്ളതാണ്!
"മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
വിശ്വാസം എന്ന ദാനം കൊണ്ട് ഈശോയോട് ഒട്ടിനിൽക്കുമ്പോൾ പ്രതിസന്ധികളുടെ മീതെ  നടന്ന് നീങ്ങാനുള്ള കൃപ ലഭിക്കുന്നു...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 15, 2020

ഇടയൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 16

ഇടയൻ

"അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന്‌ ഓടിയകലും."
യോഹന്നാന്‍ 10 : 5

പാലസ്തീനയുടെ ഭൂപ്രദേശത്തിന്റെ സവിശേഷതയും ആട് വളർത്തൽ ജീവിത വ്യാപാരമാക്കിയ ഇടയന്മാരുടെ മനസ്സും തിരിച്ചറിഞ്ഞ് ഈശോ സ്വയം ഇടയാനായി വെളിപ്പെടുത്തുന്നു...
താച്ചപ്പണി തൊഴിൽ ആയിരുന്നിട്ടും ശിഷ്യരിലധികവും മുക്കുവരായിരുന്നിട്ടും ഈശോ സ്വയം വിശേഷിപ്പിക്കുന്നത് ഇടയാനായിട്ടാണ്...
ഈശോയുടെ അനുഗാമികൾക്കുണ്ടാകേണ്ട നന്മകൾ ഇടയനെ വിടാതെ പിന്തുടരുന്ന ആടുകളിൽ നിന്ന് പഠിക്കാം...
അപരിചിതനെ അനുഗമിക്കാത്ത, അന്യരുടെ സ്വരം അറിയാത്തതിനാൽ അവരിൽനിന്ന് ഓടി അകലുന്ന ആടുകൾ...
സുവിശേഷമൂല്യങ്ങളുടെ നന്മയില്ലാത്ത അപരിചിതരെ തിരിച്ചറിയാൻ ഉള്ള വിവേകം പ്രാർത്ഥിക്കുന്നു...
ഈശോയുടെ സ്വരം ദൈവവചനമാണ്...
ആ സ്വരമല്ലാത്തതെല്ലാം, ആ സ്വരത്തിന്റെ അഭിഷേകം ഇല്ലാത്ത സ്വരങ്ങളെല്ലാം അപകടകരമാണ്...
അപരിചിതരെയും അന്യരെയും തിരിച്ചറിയാനും അകലം പാലിക്കാനും ആർജ്ജവത്വവും ആത്മബലവും ഇനിയും നേടേണ്ടിയിരിക്കുന്നു...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 14, 2020

വെളിപ്പെടുത്തേണ്ട സ്നേഹം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 15

വെളിപ്പെടുത്തേണ്ട സ്നേഹം

"ഈശോ പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും."
യോഹന്നാന്‍ 14 : 23

ഈശോയെ സ്നേഹിക്കുന്നു എന്നവകാശപ്പെടുന്നവർക്ക് അതിന്റെ യാഥാർഥ്യം പരിശോധിക്കാനുള്ള ഏകകം കണ്ടെത്താൻ സഹായിക്കുന്നതാണ് വചനഭാഗം...
ഈശോ ഒരു സമവാക്യം രൂപപ്പെടുത്തുന്നു...
സ്നേഹിക്കുക = വചനം പാലിക്കുക...
സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ പ്രത്യക്ഷത്തിൽ അത് പ്രകടമാകേണ്ട ഇടം ജീവിതം തന്നെയാണ്...
ഈശോയോടുള്ള സ്നേഹം പ്രകടമാക്കി തുടങ്ങുമ്പോൾ കൈവരുന്ന കൃപയും ജ്ഞാനധ്യാനത്തിന്റെ വിചാരമാണ്...
പിതാവിന്റെ സ്നേഹം തിരിച്ചറിയാൻ ഉൾക്കണ്ണ് 
തുറക്കപ്പെടുന്നു...
പിതാവിന്റെ സ്നേഹം, പുത്രന്റെ കൃപ, ദൈവാത്മാവിന്റെ സഹവാസം...
വചനം പാലിച്ചു സ്നേഹം പ്രകടമാക്കി തുടങ്ങുമ്പോൾ ദൈവീക വെളിപാടിന്റെ പൂർണ്ണതയായ ത്രീയേക ദൈവത്തിന്റെ വാസസ്ഥലമായി ജീവിതം മാറുന്നു...
ദൈവീക വെളിപാടുകളുടെ ഇടമായി ജീവിതം മാറാനുള്ള വഴിയാണ് വചന പാലനം....
ഈശോയേ, അങ്ങയുടെ വചനം പാലിച്ച് സ്നേഹം പ്രകടമാക്കാനുള്ള ആത്മബലം നൽകണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, October 13, 2020

അശുദ്‌ധാത്‌മാവ്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 14

അശുദ്‌ധാത്‌മാവ്

"അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്‌ടരായ മറ്റ്‌ ഏഴു അശുദ്‌ധാത്‌മാക്കളെക്കൂടി കൊണ്ടുവന്ന്‌ അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.
ലൂക്കാ 11 : 26

ആത്മീയ ജീവിതത്തിൽ ഒരാൾ അഭിമുഖികരിക്കേണ്ടി വരുന്ന പ്രതിസന്ധികൾ മുന്നിൽ കാണാൻ സഹായിക്കുന്ന ഈശോയുടെ പ്രബോധനമാണ് ജ്ഞാനധ്യാനവിചാരം...
വിശുദ്ധിയിലേക്കുള്ള വിളിയാണ് അടിസ്ഥാനമായി ക്രിസ്തീയ ജീവിതം...
വിശുദ്ധിക്ക് വേണ്ടി യത്നിക്കുന്നവർ വിശുദ്ധീകരിക്കപ്പെടാൻ സ്വയം സമർപ്പിക്കുമ്പോൾ അശുദ്ധിയുടെ തിന്മ വിതയ്ക്കുന്ന ദുഷ്ടാത്മാക്കൾ വീണ്ടും ആക്രമിക്കാൻ ഇടയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ആണ് വചന വായന...
എവിടെ നിന്നിറങ്ങി പോയോ അവിടേയ്ക്ക് തന്നെ തിന്മ പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നതാണ് തിരിച്ചറിവ്...
അതുകൊണ്ടാണ് ഈശോ മറ്റൊരവസരത്തിൽ ഇങ്ങനെ ഓർമ്മിപ്പിക്കുന്നത്...
"അവന്‍ പറഞ്ഞു: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല."
മര്‍ക്കോസ്‌ 9 : 29
നിരന്തരമായ പ്രാർത്ഥനയും പരിത്യാഗവും ആത്മാവിനെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കാൻ അനിവാര്യമാണ് എന്നതാണ് ഉള്ളിൽ പതിയേണ്ട പാഠം...
വിശുദ്ധിയിലേക്ക് വളരും തോറും പ്രലോഭനങ്ങളുടെ അളവ് കൂടും എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോളും പൗലോസ് അപ്പസ്തോലനെ ആശ്വസിപ്പിച്ച ദൈവാത്മാവ് ചെവിയിൽ മന്ത്രിക്കുന്നു...
എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. 
2 കോറിന്തോസ്‌ 12 : 9

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.