Monday, December 21, 2020

ദൈവമക്കൾ

ജ്ഞാനധ്യാനം
2020 ഡിസംബർ 22

ദൈവമക്കൾ

"തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി."
യോഹന്നാന്‍ 1 : 12

സ്നാപകയോഹന്നാൻ വെളിപ്പെടുത്തിയ വെളിച്ചമായ മിശിഹായെ സുവിശേഷം പരിചയപ്പെടുത്തുന്നു...
വെളിച്ചത്തിനെതിരെ കണ്ണടച്ച് സ്വയം ഇരുട്ടിലേയ്ക്ക് നടന്ന് നീങ്ങിയ ഒരു പറ്റം മനുഷ്യർ അന്നുണ്ടായിരുന്നു ( ഇന്നും ) എന്ന യാഥാർഥ്യം സുവിശേഷത്തിന്റെ ആദ്യവാക്യങ്ങളിൽ തന്നെ യോഹന്നാൻ കുറിക്കുന്നു...
"അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല."
യോഹന്നാന്‍ 1 : 11
ജീവന്റെ ഉറവിടവും വെളിച്ചത്തിന്റെ നിറവും സമസ്ത സൃഷ്ടികളുടെയും കാരണഭൂതനുമായ ദൈവവചനം മനുഷ്യനായി പിറന്ന് അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് സമ്മാനിക്കുന്ന അഭിഷേകവെളിച്ചം സ്വീകരിക്കാൻ വിനയമില്ലാതെ പോയ യഹൂദരുടെ ചരിത്രം ഇന്നും ആവർത്തിക്കപ്പെടുന്നു...
വചനം മനുഷ്യനായി പിറന്ന പുൽക്കൂട്ടിലേയ്ക്ക് എത്താൻ മാത്രം ആട്ടിടയന്മാരെപ്പോലെ വിനയവും ജ്ഞാനികളെപ്പോലെ അന്വേഷണത്തിന്റെ തുറവിയും ഉള്ളവർക്ക് ദൈവമക്കൾ എന്ന അഭിധാനം സ്വന്തമാക്കാം...
സ്വാർത്ഥതയുടെയും തന്നിഷ്ടങ്ങളുടേയും കണക്ക് പൂരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കൊട്ടാരങ്ങളുടെ സുരക്ഷിതത്വത്തിൽ സുഖം കണ്ടെത്തുന്ന ഹേറോദേസുമാർക്ക് പുൽക്കൂട്ടിൽ പിറന്ന ഉണ്ണി മിശിഹാ സ്വസ്ഥത കെടുത്തും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment