2020 ഡിസംബർ 14
നല്ല വൃക്ഷത്തിലെ നല്ല ഫലങ്ങൾ
"നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്."
ലൂക്കാ 6 : 45
ലളിതമായ രൂപകങ്ങൾ ഉപയോഗിച്ച് ആത്മീയ ജീവിതത്തിലെ അർത്ഥവത്തായ രഹസ്യങ്ങൾ കൈമാറുന്ന ഈശോയുടെ പ്രബോധനരീതി വീണ്ടും അത്ഭുതപ്പെടുത്തുന്നു...
ഒരു വ്യക്തിയുടെ നന്മ അളക്കപ്പെടുന്നത് അയാളുടെ സംസാരഭാഷയെക്കൂടി ആധാരമാക്കിയാണ് എന്നതാണ് ഈശോയുടെ പ്രബോധനം...
സംസാരഭാഷയിലും അനുദിനജീവിതവ്യാപാരങ്ങളിലും വികലതകൾ ഉള്ള എന്റെ ആത്മീയ ജീവിതം കുറേ അധികം തിരുത്തലുകൾക്ക് വിധേയമാകേണ്ടതുണ്ട്...
നന്മ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷമാകാത്ത ജീവിതത്തെ വിശേഷിപ്പിക്കാൻ ചീത്ത വൃക്ഷം എന്ന രൂപകമാണ് ഈശോ പരിചയപ്പെടുത്തുന്നത്...
ദിവസവും ആത്മീയ പരിസരങ്ങളിൽ വ്യാപാരിച്ചിട്ട് പോലും ചീത്ത വൃക്ഷം എന്ന സുവിശേഷവിശേഷണത്തിൽ നിന്നും അകലം പാലിക്കാൻ മാത്രം കുലീനത ജീവിതത്തിന് കൈവരുന്നില്ല എന്നതാണ് ഉള്ളിലെ ആത്മസംഘർഷം...
സംസാരഭാഷയുടെ വിശുദ്ധിക്ക് വേണ്ടിയാണെന്റെ പ്രയത്നം...
"കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. "
ജറെമിയാ 15 : 19
ഈശോയെ, പറഞ്ഞ വാക്കുകളുടെയും ചെയ്ത പ്രവർത്തികളുടെയും പേരിൽ ജീവിതത്തിന്റെ നന്മ അളക്കപ്പെടുമ്പോൾ നല്ല വൃക്ഷം എന്ന അഭിധാനത്തിന് യോഗ്യനാകത്തക്ക വിധം കുലീനമായി നടന്ന് നീങ്ങാൻ അങ്ങ് തന്നെ എന്റെ കരങ്ങൾ പിടിക്കണമേ
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment