2020 ഡിസംബർ 13
സ്നാപക യോഹന്നാൻ
"കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു."
ലൂക്കാ 1 : 66
വന്ധ്യത ദൈവശാപമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന ഒരു കാലത്ത് മക്കളില്ലാത്തതിന്റെ ആത്മനൊമ്പരം ഏറ്റുവാങ്ങേണ്ടി വന്നവരായിരുന്നു എലിസബത്തും ഭർത്താവ് സഖറിയയും...
ലൂക്കാ സുവിശേഷകൻ അവരെ വിവരിക്കുന്നത് "നീതിനിഷ്ഠരും കല്പനകൾ കുറ്റമറ്റവിധം പാലിക്കുന്നവരും " എന്നാണ്...
ദൈവസന്നിധിയിൽ നീതിപൂർവ്വം വർത്തിച്ചിട്ടും ദൈവം ഒരു കുറവ് അവരുടെ ജീവിതത്തിൽ അവശേഷിപ്പിച്ചു...
അവിടുത്തെ പദ്ധതികൾ നമുക്കാഗ്രഹ്യമാണ്...
ജീവിച്ചിരുന്ന സമൂഹം എലിസബത്തിന്റെ വന്ധ്യതയെ ദൈവശിക്ഷയായി വ്യാഖ്യാനിച്ചപ്പോൾ ദൈവം അവളെ രക്ഷകന് വഴിയൊരുക്കുന്നവന്റെ അമ്മയാകാൻ തെരെഞ്ഞെടുത്തു...
കാലങ്ങളായി ആരും അറിയാതെ ഉള്ളിൽ സൂക്ഷിക്കുന്ന എന്റെ സങ്കടങ്ങൾ തീർക്കുന്ന കണ്ണീർകണങ്ങളിൽ ദൈവപരിപാലനയുടെ മഴവില്ല് തെളിയുന്നത് കാണുന്നു...
എന്റെ കുറവുകൾ പോലും ദൈവം അവിടുത്തെ പദ്ധതികൾ പൂർത്തിയാക്കാനുള്ള നിമിത്തമാക്കി മാറ്റുന്നു...
"ദൈവം കരുണാപൂർവ്വം നൽകിയ സമ്മാനം" എന്നർത്ഥം വരുന്ന യോഹന്നാന് എലിസബത്ത് ജന്മം നൽകുമ്പോൾ ഭർത്താവ് സഖറിയ മൗനത്തിലായിരുന്നു...
പുരോഹിത ശുശ്രൂഷ നടത്തുമ്പോൾ ലഭിച്ച വെളിപാട് പോലും വിശ്വസിക്കാൻ സാധിക്കാത്ത വിധം കണ്ണുകൾ മൂടപ്പെട്ടിരുന്നത് കൊണ്ട് ദൈവം അയാളെ മൗനത്തിലേയ്ക്ക് വിളിച്ചതാണ്...
ദൈവീകപദ്ധതികൾ തിരിച്ചറിയാൻ മാത്രം പക്വത നേടാൻ മൗനം ആണ് ഏറ്റവും നല്ല ഔഷധം...
കുഞ്ഞിന് പേരിടുന്ന സമയമായപ്പോൾ സഖറിയ എന്ന പേര് നൽകേണ്ട പാരമ്പര്യം തെറ്റിച്ചുകൊണ്ട് യോഹന്നാൻ എന്ന പേര് മതി എന്നായി എലിസബത്ത്...
ഊമനായിരുന്നിട്ടും എലിസബത്തിന്റെ മനസ്സിൽ ദൈവം തോന്നിപ്പിച്ച "യോഹന്നാൻ " എന്ന പേര് പോലും തിരിച്ചറിയാൻ മാത്രം സഖറിയയുടെ ഉൾക്കണ്ണ് തുറക്കപ്പെട്ടു...
ഇപ്പോൾ ഇരുവർക്കുമറിയാം ദൈവം കരുണപൂർവ്വം സമ്മാനിച്ച കുഞ്ഞിനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത് എന്ന്...
നീതിനിഷ്ഠരും കല്പനകളിൽ കുറ്റമറ്റവിധം വ്യാപരിക്കുന്നവരുമായ
ദമ്പതികൾക്ക് കുറവുകൾ ഉണ്ടെങ്കിലും അവരുടെ മക്കൾ "പരിശുദ്‌ധാത്‌മാവിൽ നിറഞ്ഞവരും ദൈവത്തിന്റെ കരം കൂടെയുള്ളവരും ആകുന്നു " എന്നതാണ് ജ്ഞാനനധ്യാനം...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
Inspirational thoughts.
ReplyDeleteThanks 😊
Nice thoughts 👌
ReplyDeleteNice
ReplyDelete