Sunday, December 20, 2020

വചനമായ ദൈവം

ജ്ഞാനധ്യാനം
2020 ഡിസംബർ 21

വചനമായ ദൈവം

"ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല."
യോഹന്നാന്‍ 1 : 5

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് തത്വശാസ്ത്ര വിചിന്തനങ്ങളുടെ സഹായത്തോടെ മനുഷ്യാവതാര രഹസ്യം അവതരിപ്പിക്കുന്നു...
തത്വശാസ്ത്രത്തിന്റെ ബൗദ്ധികമായ മണ്ഡലങ്ങളിൽ വ്യാപാരിക്കുന്നവർക്ക് കൂടി മനസിലാകുന്നതിനു വേണ്ടിയാകണം ആ കാലഘട്ടത്തിന്റെ പ്രബലമായ ചിന്താധാരയുടെ സഹായത്തോടെ യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്...
പ്രപഞ്ചോല്പത്തിയുടെ നിദാനമാണ് "ലോഗോസ്" എന്ന് വിശ്വസച്ചിരുന്ന ഗ്രീക്ക് തത്വശാസ്ത്രജ്ഞർക്ക് മനസിലാകുന്ന ഭാഷ സുവിശേഷകൻ തെരെഞ്ഞെടുത്തു...
സൃഷ്ടികളുടെ കാരണഭൂതനായ വചനം മനുഷ്യനാകുന്ന ദൈവീക രഹസ്യത്തെ വ്യാഖ്യാനിക്കാൻ പശ്ചാത്തലം ഒരുക്കുന്ന യോഹന്നാൻ വചനത്തിന് നൽകുന്ന വിശേഷണങ്ങളാണ് നമ്മുടെ ജ്ഞാനധ്യാനത്തിനാധാരം...

1. സമസ്ത സൃഷ്ടികളുടെയും ഉറവിടം
2. ജീവന്റെ നിദാനം
3. ഇരുളിന് കീഴടക്കാൻ സാധിക്കാത്ത വെളിച്ചം

വചനം മനുഷ്യനാകുമ്പോഴും സാവിശേഷതകൾക്ക് മാറ്റമില്ല എന്നതാണ് നമ്മുടെ സുവിശേഷം...
ഒരു അന്ധകാരത്തിനും കീഴടക്കാൻ സാധിക്കാത്ത, മൃതമായ ജീവിതാവസ്ഥകളിൽ ജീവൻ പകരുന്ന വചനം മനുഷ്യനായി കാലിത്തൊഴുത്തിൽ പിറക്കുമ്പോൾ അവിടുത്തെ മുന്നിൽ എത്താനുള്ള വിനയത്തിന് വേണ്ടിയാണെന്റെ പ്രാർത്ഥന...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment